Saturday, March 22, 2014

വീണ്ടും ചുവക്കാന്‍ തൃശൂര്‍

ഗ്രൂപ്പുപോരില്‍ നില്‍ക്കക്കള്ളിയില്ലാതെ സിറ്റിങ് എംപി പി സി ചാക്കോ ഭയന്നോടിയ ലോക്സഭാ മണ്ഡലം എന്ന നിലയിലാണ് ഇപ്പോള്‍ തൃശൂര്‍ ശ്രദ്ധേയമായിരിക്കുന്നത്. പി സി ചാക്കോയെ തൃശൂരില്‍നിന്ന് കെട്ടുകെട്ടിച്ചതിന്റെ ആഹ്ലാദം ഐ ഗ്രൂപ്പുകാര്‍ ശരിക്കും ആഘോഷിക്കുന്നു. എന്നാല്‍, മനസ്സില്ലാ മനസ്സോടെ ചാലക്കുടിയില്‍നിന്ന് തൃശൂരിലെത്തിയ എ ഗ്രൂപ്പുകാരനായ കെ പി ധനപാലനെ സ്വാഗതംചെയ്തത് തൃശൂര്‍ പട്ടണത്തിലാകെ നിറഞ്ഞ പോസ്റ്റര്‍- "വരത്തന്മാര്‍ ഇനി തൃശൂരിലേക്ക് വേണ്ട". പി സി ചാക്കോക്കെതിരെ ഐ ഗ്രൂപ്പുകാര്‍ നേരത്തെ നടത്തിയ പോസ്റ്റര്‍ പ്രചാരണം എറണാകുളം ജില്ലക്കാരനായ കെ പി ധനപാലനുംകൂടിയുള്ളതായി മാറിയത് യാദൃച്ഛികം. ഐ ഗ്രൂപ്പിന്റെ തട്ടകമായ തൃശൂരില്‍ കെ പി ധനപാലനെ സ്ഥാനാര്‍ഥിയാക്കിയതിലെ അമര്‍ഷവും കത്തിപ്പുകയുന്നു. കഴിഞ്ഞതവണ നഷ്ടമായ തൃശൂര്‍ ഇടതുപക്ഷത്തേക്ക് തിരിച്ചുവരുന്നതിന്റെ ശക്തമായ സൂചനകളാണെങ്ങും.

തിളക്കമാര്‍ന്ന പൊതുജീവിതത്തിനും ആദര്‍ശദീപ്തമായ കാഴ്ചപ്പാടുകള്‍ക്കും ഉടമയായ സി എന്‍ ജയദേവനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. രണ്ടാംതവണയാണ് തൃശൂരില്‍നിന്ന് ലോക് സഭയിലേക്ക് ജനവിധി തേടുന്നത്. ഒല്ലൂര്‍ എംഎല്‍എയും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന ജയദേവന്‍ സിപിഐ ജില്ലാ സെക്രട്ടറിയാണ്. തൃശൂരിന്റെ നാട്ടിടങ്ങളില്‍പ്പോലും സുപരിചിതനാണ് ജയദേവന്‍. രാഷ്ട്രീയ എതിരാളികള്‍ക്കുപോലും മറിച്ചൊന്നും പറയാനില്ലാത്ത ജയദേവന്റെ സ്ഥാനാര്‍ഥിത്വം ശത്രുപാളയത്തെ നിരായുധരാക്കി. പുരോഗമന, ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ക്ക് ആഴത്തില്‍ വേരോട്ടമുള്ള പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് തൃശൂര്‍. കൂടുതല്‍ തവണയും കമ്യൂണിസ്റ്റുകാരെ ലോക്സഭയിലെത്തിച്ച മണ്ഡലം. കെ കരുണാകരനെയും കെ മുരളീധരനെയുമടക്കം തറപറ്റിച്ച് തെരഞ്ഞെടുപ്പു ചരിത്രത്തില്‍ ഇടംനേടിയ തൃശൂര്‍ ഇക്കുറി തികഞ്ഞ രാഷ്ട്രീയപോരാട്ടത്തിലൂടെ എല്‍ഡിഎഫിനെ വിജയിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. തൃശൂര്‍പട്ടണത്തെ മെട്രോ നഗരമാക്കുമെന്ന മുന്‍ എംപിയുടെ വാഗ്ദാനം പാഴായത്, തൊഴില്‍-വ്യവസായ മുരടിപ്പും റെയില്‍വേ അവഗണനയും കോള്‍വികസനം, സയന്‍സ് സിറ്റി തുടങ്ങിയവ അട്ടിമറിച്ചതും എല്‍ഡിഎഫ് മുഖ്യ പ്രചാരണവിഷയമാക്കുന്നു. തൃശൂര്‍ നഗരത്തില്‍ കോണ്‍ഗ്രസ് ഗ്രൂപ്പുപോരില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടതിനെപ്പറ്റി മറുപടി പറയാനാകാതെ കോണ്‍ഗ്രസ് നേതൃത്വം കുഴങ്ങുന്നു. സ്വന്തം പാര്‍ടിയിലെ മാത്രമല്ല, കത്തോലിക്കാസഭയുടേതടക്കം പരസ്യമായ വിമര്‍ശങ്ങളേറ്റുവാങ്ങിയാണ് പരാജയഭീതിയോടെ പി സി ചാക്കോ തൃശൂരില്‍നിന്ന് ഒളിച്ചോടിയത്. ഹൈക്കമാന്‍ഡില്‍ തന്റെ സ്വാധീനം ഉപയോഗിച്ച് ചാലക്കുടിയില്‍നിന്ന് കെ പി ധനപാലനെ തൃശൂരിലേക്ക് കെട്ടിയേല്‍പ്പിക്കുകയായിരുന്നു. താന്‍ തൃശൂര്‍ ആഗ്രഹിച്ചതല്ലെന്നും ചാക്കോ തന്നെ ചതിക്കുകയായിരുന്നുവെന്നുമാണ് കെ പി ധനപാലന്‍ പറയുന്നത്.

തൃശൂര്‍ ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ ധനപാലന്‍ സന്ദര്‍ശിച്ചപ്പോഴും ചാക്കോ തൃശൂരിന്റെ വികസനത്തില്‍ ഒട്ടും ശ്രദ്ധിച്ചില്ലെന്ന പഴി ധനപാലന് കേള്‍ക്കേണ്ടി വന്നു. ആര്‍ച്ച് ബിഷപ്പിനെ അനുനയിപ്പിക്കാന്‍ ഉമ്മന്‍ചാണ്ടിയെ പിന്നീട് ബിഷപ്സ് ഹൗസിലേക്ക് കൊണ്ടുപോയെങ്കിലും തൃശൂരിന്റെ വികസനത്തില്‍ യുഡിഎഫ് ഒന്നും ചെയ്തില്ലെന്ന നിലപാടില്‍ ആര്‍ച്ച് ബിഷപ് ഉറച്ചുനിന്നു. കഴിഞ്ഞതവണ 25,150 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പി സി ചാക്കോ വിജയിച്ചത്. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നേടിയ ആധിപത്യം യുഡിഎഫിന്റെ സ്ഥിതി കൂടുതല്‍ മോശമാക്കി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി ശ്രീശനാണ് ഇക്കുറി ബിജെപി സ്ഥാനാര്‍ഥി. ആം ആദ്മി പാര്‍ടി സ്ഥാനാര്‍ഥിയായി എഴുത്തുകാരി സാറാ ജോസഫും രംഗത്തുണ്ട്.

വി എം രാധാകൃഷ്ണന്‍ ദേശാഭിമാനി

No comments:

Post a Comment