Thursday, March 27, 2014

അഴിമതി വളരുന്നത് ചങ്ങാത്ത മുതലാളിത്തത്തണലില്‍: സീതാറാം യെച്ചൂരി

ചങ്ങാത്ത മുതലാളിത്തത്തെ പ്രോത്സാഹിപ്പിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ തിരുത്താതെ 2ജി അഴിമതിപോലുള്ള കുംഭകോണങ്ങള്‍ അവസാനിപ്പിക്കാനാകില്ലെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു. അഴിമതിക്കെതിരെ ആര് ശബ്ദമുയര്‍ത്തിയാലും നല്ലതാണെന്ന് ആം ആദ്മി പാര്‍ടിയുടെ പ്രചാരണം സംബന്ധിച്ച ചോദ്യത്തോട് യെച്ചൂരി പ്രതികരിച്ചു. എന്നാല്‍ സാമ്പത്തികനയം, വര്‍ഗീയത എന്നീ വിഷയങ്ങളില്‍ എഎപി നിലപാട് വ്യക്തമാക്കണം- യെച്ചൂരി ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സിപിഐ എം പ്രസിദ്ധീകരിച്ച ലഘുലേഖകള്‍ പ്രകാശനം ചെയ്യുകയായിരുന്നു യെച്ചൂരി. 2ജി, കല്‍ക്കരിപ്പാടം അഴിമതി ഇടതുപക്ഷം നേരത്തെ ഉയര്‍ത്തിക്കാട്ടിയതാണ്. പ്രകൃതിവാതക അഴിമതിയുടെ പല വിവരങ്ങളും എഎപിക്ക് നല്‍കിയത് സിപിഐ എമ്മാണ്. അവര്‍ ഇത് ഉപയോഗിക്കുന്നതില്‍ വിരോധമില്ല; സ്വാഗതാര്‍ഹവുമാണ്. അഴിമതിക്കെതിരെ ഇടതുപക്ഷം നടത്തുന്ന പ്രചാരണം കണ്ടില്ലെന്ന് നടിക്കുന്ന മാധ്യമങ്ങള്‍ എഎപിക്ക് വന്‍പ്രാധാന്യം നല്‍കുന്നു. അഴിമതിവിരുദ്ധപ്രസ്ഥാനം സുസ്ഥിരമായി മുന്നോട്ടുകൊണ്ടുപോകാനാകണം. നൈമിഷിക വികാരങ്ങളില്‍ രൂപംകൊള്ളുന്ന പ്രസ്ഥാനങ്ങള്‍ നിലനില്‍ക്കില്ല. ജയപ്രകാശ് നാരായണന്റെ "സമ്പൂര്‍ണ വിപ്ലവം" ഇങ്ങിനെ അസ്തമിച്ചതാണ്.

നിലവിലുള്ള ലോക്പാല്‍ നിയമം അഴിമതി തടയാന്‍ പര്യാപ്തമല്ല. സ്വകാര്യമേഖലയെയും പിപിപി പദ്ധതികളെയും പുറത്തുനിര്‍ത്തിയുള്ള ലോക്പാല്‍ നിയമത്തിന് അഴിമതിയുടെ ഉറവിടം തടയാനാകില്ല. രാജ്യം ഭരിച്ച കോണ്‍ഗ്രസിതര മുന്നണികളെല്ലാം തെരഞ്ഞെടുപ്പിനുശേഷം നിലവില്‍വന്നതാണ്. ബദല്‍നയം നടപ്പാക്കാന്‍ ശേഷിയുള്ള ബദല്‍മുന്നണിയാണ് അധികാരത്തില്‍ വരേണ്ടത്. ദരിദ്രജനവിഭാഗങ്ങള്‍ക്കുള്ള സബ്സിഡി വെട്ടിക്കുറയ്ക്കുകയും കോര്‍പറേറ്റുകള്‍ക്ക് സൗജന്യങ്ങള്‍ നല്‍കുകയുമാണ് സര്‍ക്കാര്‍. പ്രതിവര്‍ഷം അഞ്ച് ലക്ഷം കോടിയുടെ നികുതിയിളവാണ് കോര്‍പറേറ്റുകള്‍ക്ക് നല്‍കിയത്. നിയമപരമായ നികുതിയെങ്കിലും പിരിച്ചെടുക്കാന്‍ തയ്യാറായിരുന്നെങ്കില്‍ ഓരോ വര്‍ഷവും ഇത്രയും പണം രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് വിനിയോഗിക്കാന്‍ കഴിഞ്ഞേനെയെന്നും യെച്ചൂരി പറഞ്ഞു.

deshabhimani

No comments:

Post a Comment