Thursday, March 27, 2014

സഹകരണ ബാങ്ക് മിച്ചഫണ്ട് കവരാന്‍ ശ്രമം

തിരു: ശമ്പളവും പെന്‍ഷനും നല്‍കാന്‍ സഹകരണബാങ്കുകളുടെ മിച്ചഫണ്ടില്‍ സര്‍ക്കാര്‍ കൈകടത്തുന്നു. ജില്ല-സംസ്ഥാന സഹകരണബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുള്ള മിച്ചഫണ്ട് പിന്‍വലിച്ച് ട്രഷറിയിലേക്ക് മാറ്റാന്‍ സഹകരണബാങ്കുകളെ സര്‍ക്കാര്‍ നിര്‍ബന്ധിക്കുന്നു. സഹകരണവകുപ്പിലെ ഉദ്യോഗസ്ഥരെ ഉപയോഗിച്ച്് സംഘങ്ങളെ ഭീഷണിപ്പെടുത്താനും തുടങ്ങി. ഇത് സഹകരണസ്ഥാപനങ്ങളുടെ സ്തംഭനത്തിനും തകര്‍ച്ചയ്ക്കും കാരണമാകും.

ബുധനാഴ്ച മന്ത്രിസഭാ യോഗത്തില്‍ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് ധനമന്ത്രി കെ എം മാണി വിശദീകരിച്ചു. തുടര്‍ന്ന് ട്രഷറിയില്‍ പണമെത്തിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെടുകയായിരുന്നു. ഇതിനുശേഷമാണ് സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് ധനമന്ത്രി അവകാശപ്പെട്ടത്. ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി വകുപ്പ് സെക്രട്ടറിമാരുടെ അടിയന്തരയോഗം വിളിച്ചു. തൊഴില്‍വകുപ്പിന്റെ കീഴിലെ ക്ഷേമനിധി ബോര്‍ഡുകളുടെ കൈവശമുള്ള 1,200 കോടിയില്‍പ്പരം രൂപ ട്രഷറിയിലേക്ക് മാറ്റുന്നതിന് കര്‍ശന നടപടി സ്വീകരിക്കണമെന്ന് നിര്‍ദേശിച്ചു.

സഹകരണസംഘങ്ങളുടെ മിച്ചഫണ്ട് ട്രഷറിയില്‍ നിക്ഷേപിച്ചാല്‍ ആവശ്യാനുസരണം തിരികെ ലഭിക്കുമെന്നതിന് ഒരു ഉറപ്പുമില്ല. സര്‍ക്കാരിന്റെ സാമ്പത്തികസ്ഥിതി ഭദ്രമായാല്‍ മാത്രമേ സംഘങ്ങള്‍ക്ക് പണവും പലിശയും ലഭിക്കൂ. ഇടപാടുകാര്‍ ആവശ്യപ്പെടുന്നതിനുസരിച്ച് നിക്ഷേപം മടക്കിനല്‍കാന്‍ കഴിയാതെവരുന്നത് സംഘങ്ങളെ തകര്‍ച്ചയിലേക്ക് നയിക്കും. സഹകരണസംഘങ്ങളുടെ നിക്ഷേപകര്‍ക്ക് അനുവദിക്കുന്ന പലിശ, മിച്ചഫണ്ട് നിക്ഷേപത്തിന് ജില്ലാസഹകരണ ബാങ്കുകള്‍ നല്‍കുന്നു. ട്രഷറി നിക്ഷേപത്തിന് മുന്നുമാസം മുതല്‍ ഒരുവര്‍ഷംവരെ കാലാവധിക്ക് 7.25 ശതമാനം പലിശയാണ് ലഭിക്കുക. മുന്നു ശതമാനംവരെ പലിശ നഷ്ടവും സംഘങ്ങള്‍ സഹിക്കേണ്ടിവരും.

സംസ്ഥാനത്തെ സാമ്പത്തികസ്ഥിതി ഗുരുതരമായി തുടരുകയാണ്. വികസനപ്രവര്‍ത്തനങ്ങളാകെ നിലയ്ക്കുകയാണ്. ശമ്പളവും പെന്‍ഷനുമടക്കം വൈകുമോ എന്ന ആശങ്കയുണ്ട്. പ്രതിമാസ ശരാശരി ചെലവ് 4,400 കോടി രൂപയാണ്. ഇതിന്റെ ഇരട്ടിയെങ്കിലും ഖജനാവിലുണ്ടെങ്കിലേ വര്‍ഷാന്ത്യത്തിലെ ചെലവുകളടക്കം നിര്‍വഹിക്കാനാകൂ. സര്‍ക്കാര്‍ വകുപ്പുകളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയുമടക്കം പദ്ധതിവിഹിതം തടഞ്ഞും അടിയന്തര ചെലവുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയും ധനവകുപ്പ് നടത്തിയ രക്ഷാപ്രവര്‍ത്തനമെല്ലാം പരാജയപ്പെട്ടിരിക്കയാണ്.

ജി രാജേഷ് കുമാര്‍

ഗ്രാമീണ വായ്പാമേഖലയെ തകര്‍ക്കും

കണ്ണൂര്‍: സാമ്പത്തിക പ്രതിസന്ധിയിലായ സര്‍ക്കാര്‍ സഹകരണ ബാങ്കുകളിലെ നിക്ഷേപത്തില്‍ കണ്ണുവച്ചത് ഗ്രാമീണ ജീവിതത്തെ തകിടം മറിക്കും. കാര്‍ഷിക- ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള വായ്പകള്‍ക്ക് ജനങ്ങള്‍ മുഖ്യമായും ആശ്രയിക്കുന്നത് സഹകരണ ബാങ്കുകളെയാണ്. നിക്ഷേപ സമാഹരണത്തിലൂടെ സഹകരണ സ്ഥാപനങ്ങള്‍ സമാഹരിക്കുന്ന ഫണ്ടില്‍ നല്ലൊരു പങ്കും ഗ്രാമീണര്‍ക്കാണ് വായ്പയായി നല്‍കുന്നത്്. വിദ്യാഭ്യാസ-ഭവന വായ്പകളും നല്‍കുന്നുണ്ട്്.

സഹകരണ ബാങ്കുകളിലെ ഫണ്ട് സര്‍ക്കാര്‍ ട്രഷറികളിലേക്ക് മാറ്റാനുള്ള നീക്കം വന്‍ പ്രതിഷേധമാണുണ്ടാക്കിയിരിക്കുന്നത്. ദേശസാല്‍കൃത-ന്യൂജനറേഷന്‍ ബാങ്കുകളില്‍നിന്ന് വ്യത്യസ്തമായി ഗ്രാമീണസമ്പാദ്യം അതാതിടത്ത് തന്നെ ഉപയോഗിക്കപ്പെടുന്നുവെന്നതാണ് സഹകരണ ബാങ്കുകളുടെ പ്രധാന മേന്മ. സര്‍ക്കാരിന്റെ പുതിയ നിര്‍ദേശം പ്രാവര്‍ത്തികമായാല്‍ സാധാരണക്കാര്‍ക്ക് എളുപ്പത്തില്‍ ലഭിക്കാവുന്ന വായ്പാ സാധ്യതയാണ് ഇല്ലാതാവുക.

സര്‍ക്കാര്‍ നിര്‍ദേശപ്രകാരം സഹകരണ വകുപ്പിന്റെ വിവിധ തലങ്ങളിലുള്ള ഓഫീസുകളില്‍നിന്ന് സഹകരണ ബാങ്ക് ഉദ്യോഗസ്ഥരെ ഫോണില്‍ വിളിച്ച് നിക്ഷേപം ട്രഷറിയില്‍ അടയ്ക്കാന്‍ ആവശ്യപ്പെടുകയാണ്. 11 ശതമാനം പലിശയാണ് വാഗ്ദാനം ചെയ്യുന്നത്്. സാമ്പത്തിക പ്രതിസന്ധി മറികടക്കാര്‍ സര്‍ക്കാര്‍ ഗ്യാരണ്ടിയില്‍ പൊതുമേഖലാ ബാങ്കുകളില്‍നിന്നും ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളില്‍നിന്നും ഫണ്ട് ശേഖരിക്കാവുന്നതാണ്്. ഇതിനുപകരം തൊഴിലാളി ക്ഷേമനിധികളെയാണ് സംസ്ഥാന സര്‍ക്കാര്‍ പിഴിഞ്ഞുകൊണ്ടിരുന്നത്. എന്നാല്‍ സഹകരണ ബാങ്കുകള്‍ക്കെതിരായ നീക്കം അസാധാരണവും കടുത്ത പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതുമാണ്.

deshabhimani

No comments:

Post a Comment