Wednesday, March 26, 2014

മുഖ്യമന്ത്രി പരസ്യമായി മാപ്പു പറയണം: സിപിഐ എം

പശ്ചിമഘട്ട സംരക്ഷണ വിഷയത്തില്‍ നവംബര്‍ 13ലെ വിജ്ഞാപനമാണ് ആത്യന്തികമായി നിലനില്‍ക്കുകയെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ഹരിതട്രിബ്യൂണല്‍ മുമ്പാകെ ആവര്‍ത്തിച്ച് വ്യക്തമാക്കിയ സാഹചര്യത്തില്‍ കേരള ജനതയെ തുടര്‍ച്ചയായി കബളിപ്പിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പരസ്യമായി മാപ്പ് പറയണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. എന്നാല്‍, ഇതിനു പകരം ജനങ്ങളെ വീണ്ടും കബളിപ്പിക്കാന്‍ കഴിയുമോയെന്നാണ് ഉമ്മന്‍ചാണ്ടിയുടെ പരീക്ഷണം.

വിജ്ഞാപനം കേരളത്തിന് ബാധകമല്ലെന്ന് മുഖ്യമന്ത്രി പറയുന്നത് കബളിപ്പിക്കല്‍ തുടരുമെന്ന് പ്രഖ്യാപിക്കുന്നതിന് തുല്യമാണ്. കസ്തൂരിരംഗന്‍ വിഷയത്തില്‍ മുഖ്യമന്ത്രി പറഞ്ഞതൊക്കെ അസത്യമായിരുന്നുവെന്ന്് വ്യക്തമായി. തെരഞ്ഞെടുപ്പ് പ്രഖ്യാപനദിവസം അര്‍ധരാത്രി വാര്‍ത്താസമ്മേളനം നടത്തി ഓഫീസ് മെമ്മോറാണ്ടം സ്റ്റാറ്റ്യൂട്ടറി നിയമത്തിനു മേലെയാണെന്നു പറയാന്‍പോലും മുഖ്യമന്ത്രി മുതിര്‍ന്നു. അടുത്ത ദിവസം പരിസ്ഥിതി സെക്രട്ടറിതന്നെ മുഖ്യമന്ത്രിയെ തിരുത്തി. അസത്യം പറഞ്ഞ് വോട്ട് നേടാന്‍ നോക്കുകയല്ല, സത്യം ജനങ്ങളോട് തുറന്നുപറഞ്ഞ് കേരളത്തെ ഒറ്റക്കെട്ടാക്കി നിര്‍ത്തി പ്രശ്നപരിഹാരമുണ്ടാക്കാനും പൊതുതാല്‍പര്യം സംരക്ഷിക്കാനുമാണ് മുഖ്യമന്ത്രി ശ്രമിക്കേണ്ടത്. കേരളത്തിന്റെ പൊതുതാല്‍പര്യം മുന്‍നിര്‍ത്തി മുഖ്യമന്ത്രി ജനവഞ്ചന അവസാനിപ്പിക്കണം. ഇല്ലെങ്കില്‍ കേരളം കനത്ത വില നല്‍കേണ്ടിവരും. നവംബര്‍ 13ലെ വിജ്ഞാപനം കോടതിക്കു മുന്നില്‍ മാര്‍ഗനിര്‍ദേശരേഖയായി നിലനില്‍ക്കുന്നു. അതാണ് അടിസ്ഥാനമെന്ന് പറഞ്ഞ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം നല്‍കിയ സത്യവാങ്മൂലവും നിലനില്‍ക്കുന്നു.

വിജ്ഞാപനപ്രകാരം ഗുജറാത്തിലെ താപ്തി മുതല്‍ തമിഴ്നാട്ടിലെ കന്യാകുമാരിവരെ ആറു സംസ്ഥാനങ്ങളിലെ 4,156 വില്ലേജുകള്‍ പരിസ്ഥിതിലോലമാണ്. ഇതില്‍ കേരളത്തിലെ 123 വില്ലേജുകളുമുണ്ട്. 1986ലെ പരിസ്ഥിതി സംരക്ഷണ നിയമത്തിലെ 5(4), 4(5) വകുപ്പുകള്‍ പ്രകാരം നിയമസാധുതയുള്ള വിജ്ഞാപനം സംസ്ഥാനവുമായി ആലോചിക്കുകപോലും ചെയ്യാതെ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ കേന്ദ്രത്തിന് അധികാരം നല്‍കുന്നതാണ്. ഈ വിജ്ഞാപനം റദ്ദാക്കിയിട്ടില്ലെന്നിരിക്കെ ഇതു പ്രസക്തമല്ലെന്ന വാദത്തിന് എന്ത് അടിസ്ഥാനമാണുള്ളതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഈ വിജ്ഞാപനത്തിനാണ് സാധുതയുള്ളതെന്ന് വനം പരിസ്ഥിതി മന്ത്രാലയം തിങ്കളാഴ്ചയും കോടതിയെ അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ ആദ്യമായല്ല ഈ നിലപാടെടുക്കുന്നത്.

കേസില്‍ ഫെബ്രുവരി 13ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറലും ഇതുതന്നെ പറഞ്ഞു. ജനുവരി 16ന് വനം-പരിസ്ഥിതി വകുപ്പ് അഭിഭാഷക നീലം റാത്തോഡും ഈ നിലപാടാണ് സ്വീകരിച്ചത്. അപ്പോഴൊക്കെ മുഖ്യമന്ത്രി ഒരു പ്രശ്നവും ഇല്ലെന്ന് ആവര്‍ത്തിച്ചു. നവംബര്‍ 13ലെ വിജ്ഞാപനം നിലനില്‍ക്കുന്നതിനാല്‍ പിന്നീടിറക്കിയ കരട് വിജ്ഞാപനങ്ങളുടെ നിയമസാധുത പരിശോധിക്കണമെന്നാണ് കോടതി തിങ്കളാഴ്ച പറഞ്ഞത്. കോടതി പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ കോടതിയോടുപോലും ആലോചിക്കാതെ ഇടയ്ക്കിടെ വിജ്ഞാപനമിറക്കാന്‍ ആര് അധികാരം നല്‍കിയെന്നും ഒരു സംസ്ഥാനത്തിന് മാത്രമായി എന്ത് ഭേദഗതിയെന്നും കോടതി ആരാഞ്ഞു. ഒക്ടോബര്‍ 19നും നവംബര്‍ 1നും ഡിസംബര്‍ 20നും മാര്‍ച്ച് 4നും മാര്‍ച്ച് 10നുമൊക്കെ കേന്ദ്രം ഓരോ ഉത്തരവുകള്‍ ഇറക്കി. ഇവയാകട്ടെ പലതും പരസ്പരവിരുദ്ധവുമാണ്. എന്നാല്‍, നവംബര്‍ 13 ലെ വിജ്ഞാപനത്തിനേ സാധുതയുള്ളുവെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ പിന്നീടിറങ്ങിയവയ്ക്ക് കടലാസിന്റെ വിലപോലുമില്ലാതായി. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ജനങ്ങളെ വഞ്ചിക്കാനുള്ള അടവാണിത്. ഇതുകൊണ്ടൊന്നും മലയോരജനതയെ കബളിപ്പിക്കാനാവില്ലെന്ന വസ്തുത മുഖ്യമന്ത്രി ഓര്‍ക്കണമെന്നും പ്രസ്താവനയില്‍ പറഞ്ഞു.

deshabhimani

1 comment: