സിബിഐയുടെ വിശ്വാസ്യതയും അന്തസ്സും അഗാധ ഗർത്തത്തിൽ പതിച്ചത് ഒന്നാം മോഡിസർക്കാരിന്റെ കാലത്ത്. അന്നത്തെ സിബിഐ ഡയറക്ടർ അലോക് വർമയും സ്‌പെഷ്യൽ ഡയറക്ടർ രാകേഷ് അസ്‌താനയും തമ്മിലുള്ള പോരും കേന്ദ്രസർക്കാർ ഇടപെട്ട രീതിയും ലോകത്തിനു മുന്നിൽ ഇന്ത്യക്ക് നാണക്കേടായി. അർധരാത്രി കേന്ദ്രസേന സിബിഐ ആസ്ഥാനം വളഞ്ഞ് പുതിയ ഡയറക്ടറെ അവരോധിക്കുന്നത് വരെയെത്തി കാര്യങ്ങള്‍. അങ്ങനെ മോഡിസർക്കാർ കെട്ടിയിറക്കിയ ഡയറക്ടർ എം നാഗേശ്വരറാവുവാണ് ഈയിടെ സ്വാമി അഗ്‌നിവേശിനെ മരണാനന്തരം അവഹേളിച്ചത്.
പ്രധാനമന്ത്രി മോഡിയുടെയും അന്നത്തെ ബിജെപി അധ്യക്ഷൻ അമിത്‌ഷായുടെയും വിശ്വസ്‌തനായ അസ്‌താനയെ സിബിഐ ഡയറക്ടറാക്കാൻ 2016ൽ സർക്കാർ ശ്രമിച്ചു. അസ്‌താനയുടെ സീനിയര്‍ ആർ കെ ദത്തയെ ആഭ്യന്തരമന്ത്രാലയത്തിലേക്ക് മാറ്റി. അസ്‌താനയെ സിബിഐ ആക്ടിങ് ഡയറക്ടറാക്കി. ഇതിനെതിരായ കേസ് സുപ്രീംകോടതി പരിഗണിക്കുന്നതിനു മുമ്പ് കേന്ദ്രം അന്നത്തെ ഡൽഹി പൊലീസ് മേധാവി അലോക് വർമയെ സിബിഐ ഡയറക്ടറാക്കി.
അസ്‌താനയെ സ്‌പെഷ്യൽ ഡയറക്ടറായി നിയമിക്കാനുള്ള ഫയൽ 2018ല്‍ കേന്ദ്ര വിജിലൻസ് കമീഷൻ(സിവിസി) പരിഗണിക്കവെ വർമ രഹസ്യ കുറിപ്പ് നൽകി. സാമ്പത്തികതട്ടിപ്പ് കേസിൽപെട്ട ഗുജറാത്ത് കമ്പനിയുടെ ഉടമകളിൽനിന്ന് അസ്‌താന കോഴ വാങ്ങിയെന്ന് കത്തില്‍ വെളിപ്പെടുത്തി. വർമയുടെ എതിർപ്പ് മറികടന്ന് സിവിസി അസ്‌താനയെ നിയമിച്ചു.
ബിസിനസുകാരനായ സതീഷ് സനയിൽനിന്ന് വർമ രണ്ട് കോടി രൂപ കോഴ വാങ്ങിയെന്ന് വെളിപ്പെടുത്തി അസ്താന പരാതി നൽകി. സിബിഐ ഇക്കാര്യം നിഷേധിച്ചു. മാത്രമല്ല അസ്‌താനയുടെ ആറ് അഴിമതിക്കേസ് അന്വേഷണത്തിലാണെന്നും വെളിപ്പെടുത്തി. പിന്നാലെ വ്യാജരേഖ ചമച്ചതിന് അസ്‌താനയുടെ വിശ്വസ്‌തനായ ഡിവൈഎസ്‌പി ദേവേന്ദർകുമാറിനെ അറസ്‌റ്റുചെയ്‌തു. ഇതോടെ ഇരുവരോടും അവധിയിൽ പോകാൻ സിവിസി നിര്‍ദേശിച്ചു. രാത്രി കേന്ദ്രസർക്കാർ ഉന്നതതല യോഗം ചേർന്ന് ആർഎസ്‌എസ് ബന്ധമുള്ള എം നാഗേശ്വരറാവുവിനെ താൽക്കാലിക ഡയറക്ടറായി കെട്ടിയിറക്കി.
ആർഎസ്‌എസ് വിളിച്ചു; സിബിഐ വന്നു ; യുഡിഎഫ് സഹായത്തോടെ കേന്ദ്ര സർക്കാർ കേരളത്തിൽ നടപ്പാക്കുന്നത് ആർഎസ്‌എസ് ദേശീയ അജണ്ട
സിബിഐയെ ദുരുപയോഗിച്ച് യുഡിഎഫ് സഹായത്തോടെ കേന്ദ്ര സർക്കാർ കേരളത്തിൽ നടപ്പാക്കുന്നത് ആർഎസ്‌എസ് ദേശീയ അജണ്ട. 2018ൽ ആന്ധ്രയിലെ കർണൂലിൽ നടന്ന ആർഎസ്‌എസ് ചിന്തൻ ബൈഠക്കും 2018ൽ അടൂരിൽനടന്ന ആർഎസ്‌എസ് പ്രാന്തീയ കാര്യകാരി ബൈഠകും എൽഡിഎഫ് സർക്കാരിനെ ഏതുവിധേനയും അട്ടിമറിക്കണമെന്ന് നിർദ്ദേശിച്ചിരുന്നു.
പൗരത്വ നിയമ ഭേദഗതിയിൽ സംസ്ഥാന സർക്കാരിന്റെ പ്രതിഷേധം ദേശീയ തലത്തിൽ ചർച്ചയായതാണ്. സർക്കാരിനെതിരായ നീക്കത്തിന്റെ ഭാഗമായി ആർഎസ്‌എസ് തലവൻ മോഹൻ ഭാഗവത് അടുത്ത കാലത്ത് നിരവധി തവണ കേരളത്തിലെത്തിയിരുന്നു. വടക്കാഞ്ചേരി ഭവന സമുച്ചയം നിർമാണത്തിന്റെ ഭാഗമായി യുഎഇ ആസ്ഥാനമായ റെഡ്‌ക്രസന്റ് കരാർ നൽകിയ യൂണിടെക്, കമീഷൻ നൽകിയ വിഷയത്തിലാണ് അനിൽ അക്കര എംഎൽഎയുടെ പരാതിയിൽ സിബിഐ അന്വേഷണം. കോൺഗ്രസ് എംഎൽഎയുടെ പരാതിയിൽ അതിവേഗമാണ് സിബിഐ എത്തിയത്.
നേരത്തെ ഖുർആൻ ഇറക്കുമതി ചെയ്‌ത വിഷയത്തിൽ യുഡിഎഫ് കൺവീനറായിരുന്ന ബെന്നി ബഹനാൻ കേന്ദ്രത്തിന് പരാതി നൽകിയിരുന്നു. അതിലും ഇഡി, കസ്‌റ്റംസ് ഇടപെടൽ അതിവേഗമുണ്ടായി. സർക്കാരിനെതിരെ ഒന്നും കിട്ടിയില്ലെങ്കിലും പരമാവധി പുകമറ ഉണ്ടാക്കുക എന്നാണ് ലക്ഷ്യം. ലീഗ്–-കോൺഗ്രസ്–-ബിജെപി നേതാക്കൾ തമ്മിലുണ്ടാക്കിയ രഹസ്യ ധാരണയാണ് ഇതിനെല്ലാം പിന്നിൽ.
കമീഷൻ കൈപ്പറ്റിയത് ബിജെപിക്കാരൻ
യുഎഇ കോൺസുലേറ്റിന്റെ നിർമാണ പ്രവർത്തനങ്ങളുടെ കരാർ ലഭിച്ച യൂണിടെക് കമീഷൻ നൽകിയത് ബിജെപി പ്രവർത്തകനായ സന്ദീപ് നായർക്ക്. ഈ പണം നൽകിയതാകട്ടെ യുഎഇ കോൺസുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥനും. ഈ ഉദ്യോഗസ്ഥന് ബാങ്ക് വഴിയാണ് യൂണിടെക് പണം നൽകിയത്. സ്വർണക്കടത്ത് അന്വേഷണ ഏജൻസികൾ തന്നെ ഇക്കാര്യം വ്യക്തമാക്കി. ഈ പണമിടപാടിൽ എവിടെയും സർക്കാരോ ലൈഫ് മിഷനോ ഇല്ല. ഇത് മറച്ച്‌വച്ചാണ് കമീഷൻ ഇടപാടിലേക്ക് സർക്കാരിനെയും ലൈഫിനെയും മാധ്യമങ്ങൾ വലിച്ചിഴയ്‌ക്കുന്നത്.
തന്റെ ലോക്കറിൽനിന്ന് കണ്ടെത്തിയ പണം യൂണിടെക്കിൽനിന്ന് കമീഷൻ ലഭിച്ചതാണെന്ന് സ്വപ്‌ന മൊഴി നൽകിയിരുന്നു. ഇത് തെറ്റാണെന്നും കമീഷൻ ലഭിച്ചത് സന്ദീപ് നായർക്കാണെന്നുമാണ് അന്വേഷണ സംഘം വ്യക്തമാക്കിയത്.
സർക്കാർ വിദേശ സഹായ നിയന്ത്രണ നിയമം (എഫ്‌സിആർഎ) ലംഘിച്ചതായി ചില മാധ്യമങ്ങൾ ആരോപിക്കുന്നു. വടക്കാഞ്ചേരി ഭവന സമുച്ചയവുമായി ബന്ധപ്പെട്ട് സർക്കാരോ ലൈഫോ പണം വാങ്ങുകയോ നൽകുകയോ ചെയ്‌തിട്ടില്ല.
റഷീദ‌് ആനപ്പുറം
കെഎംഎംഎൽ അഴിമതിയും സിബിഐക്ക് വേണ്ട
സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടും ചവറയിലെ കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിലെ (കെഎംഎംഎൽ)400 കോടിയുടെ അഴിമതി സിബിഐ അന്വേഷിക്കണമെന്ന ആവശ്യം കേന്ദ്രം നിരസിച്ചു. പൊതുമേഖലയിൽ കേരളത്തിന്റെ അഭിമാനമായ സ്ഥാപനത്തിലെ അഴിമതി അന്വേഷിക്കാൻ 2008 ഫെബ്രുവരി 20, ജൂൺ 13, 2009 ജനുവരി ഒന്ന് എന്നീ തീയതികളിൽ മൂന്നുതവണയാണ് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്തെഴുതിയത്. .
ഉമ്മൻചാണ്ടി മുഖ്യമന്ത്രിയും പി കെ കുഞ്ഞാലിക്കുട്ടി വ്യവസായ മന്ത്രിയുമായിരുന്ന കാലത്ത് കെഎംഎംഎല്ലിൽ നടന്ന വികസന പദ്ധതിയിലായിരുന്നു അഴിമതി. മൂന്നുഘട്ടമായുള്ള പദ്ധതിയിൽ രണ്ടും മൂന്നും ഘട്ടത്തെക്കുറിച്ചായിരുന്നു ആരോപണം. പദ്ധതിയുടെ കൺസൾട്ടന്റായി കേന്ദ്രപൊതുമേഖലാ സ്ഥാപനമായ മെക്കോണിനെയാണ് നിശ്ചയിച്ചത്. 760 കോടി രൂപയുടെ പദ്ധതിക്കുള്ള കരാർ 2004 ജനുവരി 29ന് നിലവിൽ വന്നു. എന്നാൽ, 2006ൽ വിശദപദ്ധതി റിപ്പോർട്ട് സമർപ്പിച്ചപ്പോൾ ഇത് 1113.42 കോടിയായി. ശാസ്ത്രീയ അടിത്തറ ഇല്ലാതെയും അധികതുകയ്‌ക്ക് അനുമതി വാങ്ങാതെയും ഇതിനിടെ കുറെയേറെ പ്രവൃത്തിയും നടത്തി. ഇതിനെതിരെ ട്രേഡ് യൂണിയനുകൾ രംഗത്തുവന്നു. സിഎജി റിപ്പോർട്ടിലും ക്രമക്കേട് കണ്ടെത്തി.
തുടർന്നുവന്ന എൽഡിഎഫ് സർക്കാർ വിശദപഠനത്തിനുശേഷം പദ്ധതി റദ്ദാക്കി. ലോകായുക്ത നിർദേശപ്രകാരം നടത്തിയ വിജിലൻസ് അന്വേഷണത്തിൽ അന്താരാഷ്ട്ര ഇടപാടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് സിബിഐ അന്വേഷണത്തിന് സർക്കാർ ശുപാർശ ചെയ്തത്. ഇത് ആവശ്യമില്ലെന്ന് 2008 ജൂലൈ 30ന് കേന്ദ്രആഭ്യന്തര മന്ത്രാലയം കേരളത്തെ അറിയിച്ചു. വിജിലൻസ് അന്വേഷണം നടക്കുന്നു, കരാറിൽ ഏർപ്പെട്ട കമ്പനികൾ കോടതിയെ സമീപിച്ചാൽ കോടതിയലക്ഷ്യമാകും, ദേശീയവും അന്തർദേശീയവുമായ ഗൂഢാലോചന നടന്നതായി കാണുന്നില്ല എന്നിവയാണ് ആവശ്യം നിരസിക്കാൻ കേന്ദ്രം കാരണമായി പറഞ്ഞത്.
No comments:
Post a Comment