Friday, September 25, 2020

ഡൽഹി കലാപക്കേസിന്റെ കുറ്റപത്രത്തിൽ ബൃന്ദ കാരാട്ടിന്റെ പേരും ; മറനീക്കി സംഘപരിവാര്‍ അജൻഡ

 ഡൽഹി കലാപക്കേസ്‌  കുറ്റപത്രത്തില്‍ ബൃന്ദ കാരാട്ട്, ആനി രാജ, കവിത കൃഷ്‌ണൻ, സൽമാൻ ഖുർഷിദ്‌,  ഉദിത്‌രാജ്‌,  പ്രശാന്ത്‌ ഭൂഷൺ, ഹർഷ്‌ മന്ദർ, ഗൗഹർ റാസ എന്നിവരും

വടക്കുകിഴക്കൻ ഡൽഹി കലാപക്കേസിന്റെ  കുറ്റപത്രത്തിൽ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം ബൃന്ദ കാരാട്ടിന്റെ പേരും ഉൾപ്പെടുത്തി ഡല്‍ഹി പൊലീസ്. പൗരത്വ നിയമ ഭേദഗതി ചോദ്യംചെയ്തുള്ള പ്രക്ഷോഭങ്ങളാണ്‌ കലാപകാരണമെന്ന സംഘപരിവാർ ഭാഷ്യം അനുസരിച്ചാണ് പൊലീസ് നീക്കം. വംശഹത്യയ്‌ക്ക് പരസ്യആഹ്വാനംചെയ്ത ബിജെപി നേതാക്കളെ സംരക്ഷിച്ചുകൊണ്ടാണ് പ്രക്ഷോഭകരെയും സാമൂഹ്യപ്രവര്‍ത്തകരെയും പ്രതിക്കൂട്ടിലാക്കുന്നത്.

സിപിഐ ദേശീയ എക്‌സിക്യൂട്ടീവ്‌ അംഗം ആനി രാജ, സിപിഐ എംഎൽ–-ലിബറേഷൻ പൊളിറ്റ്‌ബ്യൂറോ അംഗം കവിത കൃഷ്‌ണൻ, മുതിർന്ന കോൺഗ്രസ്‌ നേതാവും മുൻകേന്ദ്രമന്ത്രിയുമായ സൽമാൻ ഖുർഷിദ്‌,  ബിജെപി വിട്ട  മുൻഎംപി ഉദിത്‌രാജ്‌,  പ്രമുഖ അഭിഭാഷകൻ പ്രശാന്ത്‌ ഭൂഷൺ, സാമൂഹ്യപ്രവർത്തകൻ ഹർഷ്‌ മന്ദർ, ശാസ്‌ത്രജ്ഞൻ ഗൗഹർ റാസ എന്നിവരുടെ പേരും കുറ്റപത്രത്തിലുണ്ട്.

കോൺഗ്രസ്‌ മുൻ കൗൺസിലർ ഇസ്രത്‌ ജഹാനും മറ്റൊരു സാക്ഷിയും മൊഴി നൽകിയെന്ന പേരിലാണ്‌  നേതാക്കളുടെ പേരുകൾ കുറ്റപത്രത്തിൽ ചേർത്തത്‌.  നേതാക്കൾ സർക്കാരിനെതിരെ പ്രകോപനപരമായി പ്രസംഗിച്ചുവെന്നും സമരം ദീർഘകാലം മുന്നോട്ടുകൊണ്ടുപോകാൻ ആവശ്യപ്പെട്ടെന്നും ‌ ഇസ്രത്‌ ജഹാൻ മൊഴി നൽകിയതായി ‌ കുറ്റപത്രത്തിൽ പറയുന്നു.

സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പ്രൊഫ. ജയതി ഘോഷ്‌, പ്രൊഫ. അപൂർവാനന്ദ, രാഹുൽ റോയ്‌,  യോഗേന്ദ്ര യാദവ്‌ എന്നിവരുടെ പേരുകൾ കേസിലെ അനുബന്ധ കുറ്റപത്രത്തിൽ ഉള്‍പ്പെടുത്തിയിരുന്നു. ഇതിന്‌‌ പിന്നാലെയാണ്‌ ബൃന്ദയടക്കമുള്ളവരുടെ പേരുകൾ  ചേർത്തത്‌.

പ്രതികളുടെ മൊഴി എന്ന പേരിലാണ്‌ യെച്ചൂരി അടക്കമുള്ളവരെ ഉൾപ്പെടുത്തിയത്. എന്നാൽ, മൊഴി എന്ന നിലയിൽ കോടതിയിൽ നൽകിയ രേഖകളുടെ പല പേജുകളിലും പ്രതികൾ ഒപ്പിടാൻ വിസമ്മതിച്ചുവെന്നും രേഖപ്പെടുത്തിയിട്ടുണ്ട്‌. ഇതേ രീതിയിൽ പേര്‌ പരാമർശിക്കപ്പെട്ട ജെഎൻയു മുൻവിദ്യാർഥി ഉമർ ഖാലിദിനെ പിന്നീട്‌ പ്രതിയാക്കുകയും അറസ്‌റ്റുചെയ്‌ത്‌ ജയിലിൽ അടയ്‌ക്കുകയും ചെയ്‌തു.

ആക്രമണങ്ങൾക്ക്‌ പരസ്യആഹ്വാനംചെയ്‌ത ബിജെപി നേതാക്കൾക്കെതിരെ ‌ നടപടി ഇല്ല. വിദ്വേഷ പ്രസംഗങ്ങളുടെ  ദൃശ്യങ്ങൾ അടക്കം പുറത്തുവന്നിട്ടും പൊലീസ്‌ അവരെ സംരക്ഷിക്കുന്ന നിലപാടിലാണ്‌.

കുറ്റപത്രമല്ല; ചതിപത്രം: ബൃന്ദ

പൊലീസ്‌ കോടതിയിൽ നൽകിയത്‌ കുറ്റപത്രമല്ല, ചതി പത്രമാണെന്ന്‌ ബൃന്ദ കാരാട്ട്‌ പറഞ്ഞു. കലാപത്തിന്‌ യഥാർഥത്തിൽ ഉത്തരവാദികളായവരെ രക്ഷിക്കാനാണ്‌ ശ്രമം. ആഭ്യന്തരമന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ഡൽഹി പൊലീസ്‌ ജനങ്ങളെ വഞ്ചിക്കുകയാണ്‌.  സത്യം അറിയാനുള്ള അവകാശം  നിഷേധിക്കുന്നു. സർക്കാരിനെതിരെ പ്രതിഷേധിക്കുന്ന മതനിരപേക്ഷവാദികളെ മോശക്കാരായി ചിത്രീകരിക്കുന്നു. ഇത്‌ ജനാധിപത്യവിരുദ്ധമാണ്‌. ജനദ്രോഹനയങ്ങൾക്കെതിരായ പ്രതിഷേധം അടിച്ചമർത്താനുള്ള സർക്കാർ ശ്രമം വിലപ്പോകില്ല–-ബൃന്ദ ‘ദേശാഭിമാനി’യോട്‌ പറഞ്ഞു.

സർക്കാരിനെതിരെയാണ്‌ പ്രസംഗിച്ചതെന്നും സർക്കാർ പ്രകോപിതരായെങ്കിൽ തനിക്കൊന്നും ചെയ്യാൻ കഴിയില്ലെന്നും പ്രശാന്ത്‌ ഭൂഷൺ പറഞ്ഞു. കെട്ടുകണക്കിനു പേപ്പറുകളിൽ കുറ്റപത്രം തയ്യാറാക്കിയിട്ട്‌ കാര്യമില്ലെന്നും കുറ്റപത്രം വസ്‌തുനിഷ്ഠവും തെളിവുകളുടെ അടിസ്ഥാനത്തിലുള്ളതും ആയിരിക്കണമെന്ന്‌ സൽമാൻ ഖുർഷിദ്‌ പറഞ്ഞു. പൗരത്വഭേദഗതി നിയമത്തിനെതിരായ നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്നും അതേസമയം ആക്രമണങ്ങൾക്ക്‌ ആരെയും പ്രേരിപ്പിച്ചിട്ടില്ലെന്നും ഗൗഹർ റാസ പ്രതികരിച്ചു.

സാജൻ എവുജിൻ

ജെഎൻയുവില്‍ എത്തിയതോ ദീപികയുടെ കുറ്റം ; ചോദ്യംചെയ്യാന്‍ എന്‍സിബി

സുശാന്ത്‌സിങ് രജ്‌പുത്തിന്റെ ദുരൂഹമരണത്തില്‍ കേസ്‌ ബോളിവുഡിലെ ലഹരി‌ ഉപയോഗത്തിലേക്ക്‌ വഴിമാറിയതോടെ, മോഡിസര്‍ക്കാരിന്റെ വിമര്‍ശകരായ താരങ്ങളെ തെരഞ്ഞുപിടിച്ച് വേട്ടയാടുന്നതായി ആക്ഷേപം. എബിവിപിയുടെ വിദ്യാര്‍ഥിവേട്ട അപലപിച്ച് ജനുവരിയില്‍ ജെഎൻയു ക്യാമ്പസ് സന്ദര്‍ശിച്ച പ്രമുഖതാരം ദീപിക പദുകോണിനെ നർക്കോട്ടിക്‌സ്‌ കൺട്രോൾ ബ്യൂറോ ‌(എൻസിബി‌) ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. ബോളിവുഡിലെ ബിജെപി ശബ്ദമായി മാറിയ കങ്കണാ റണൗട്ടും സംഘപരിവാർ അനുകൂല വാർത്താചാനല്‍ റിപ്പബ്ലിക്ക്‌ ടിവിയും ദീപികയെ ലക്ഷ്യമിട്ട് രം​ഗത്ത് എത്തിയതിനു പിന്നാലെയാണ് എന്‍സിബി ഇടപെടല്‍. ദീപിക 2017ൽ മാനേജർ കരിഷ്‌മാപ്രകാശുമായി നടത്തിയ വാട്സാപ്‌ ചാറ്റിന്റേത് എന്ന പേരില്‍ ചില സ്‌ക്രീൻഷോട്ടുകളും പുറത്തുവന്നു.

ലഹരിമരുന്നിന്‌ അടിമയായിരുന്നെന്ന്‌ മാർച്ചിൽ കങ്കണ വെളിപ്പെടുത്തിയെങ്കിലും ഇതിനെക്കുറിച്ച് എൻസിബി അന്വേഷിക്കുന്നില്ല. ബിജെപിെക്ക്‌ അനുകൂല നിലപാട്‌ സ്വീകരിക്കുന്ന കങ്കണക്ക്‌ വൈ കാറ്റഗറി സുരക്ഷയാണ്‌ കേന്ദ്രം ഒരുക്കിയത്‌.

2017ലെ  വാട്സാപ്‌ ചാറ്റിന്റെ പേരിൽ ദീപികയെ  ചോദ്യംചെയ്യാൻ വിളിപ്പിച്ചത് രാഷ്ട്രീയനീക്കമാണെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ വിമർശമുയരുന്നു. കർഷകദ്രോഹബില്ലുകൾക്ക്‌ എതിരെ രാജ്യത്ത് ശക്തമായ വികാരം ഉയരുമ്പോള്‍ മുഖ്യധാരാ മാധ്യമങ്ങള്‍ ഇക്കാര്യം ചര്‍ച്ചചെയ്യുന്നത് ഒഴിവാക്കാനുള്ള നീക്കമാണ് കേന്ദ്രം നടത്തുന്നതെന്ന വിമര്‍ശവുമുണ്ട്.

No comments:

Post a Comment