Sunday, September 27, 2020

രാം മാധവടക്കം പുറത്ത്; ബിജെപിയില്‍ ഷാ ഭരണം, ഭീഷണിയായവരെ വെട്ടി

 ന്യൂഡൽഹി > ആർഎസ്‌എസിൽനിന്ന്‌ എത്തിയ മുതിർന്ന നേതാവ്‌ രാം മാധവ്‌ അടക്കം പല പ്രമുഖരെയും തഴഞ്ഞ്‌ ബിജെപി കേന്ദ്രനേതൃത്വത്തിൽ അഴിച്ചുപണി. ജെ പി നഡ്ഡ അധ്യക്ഷനായി ഒമ്പതാംമാസമുള്ള നേതൃമാറ്റത്തില്‍ അമിത്‌ ഷായ്‌ക്ക്‌ ഭീഷണിയായേക്കാവുന്ന നേതാക്കളെ വെട്ടിമാറ്റി. കൂറുമാറ്റക്കാര്‍ക്ക് പരി​ഗണന കിട്ടി. കോണ്‍​ഗ്രസ് വിട്ടെത്തിയ അബ്ദുള്ളക്കുട്ടിയെ ദേശീയ ഉപാധ്യക്ഷപദവിയിൽ വാഴിച്ചു. തൃണമൂൽ വിട്ടെത്തിയ മുകുൾ റോയി ഉപാധ്യക്ഷനായി.

ആർഎസ്‌എസുമായി കൂടിയാലോചിക്കാതെ അമിത്‌‌ ഷായുടെ വിശ്വസ്‌തർക്ക് പരി​ഗണന നല്‍കിയുള്ള അഴിച്ചുപണിയില്‍ ബിജെപിക്കുള്ളില്‍ ശക്തമായ വിമര്‍ശമുയരുന്നു. രാം മാധവിനു പുറമെ പി മുരളീധർ റാവു, സരോജ്‌ പാണ്ഡെ, അനിൽ ജയിൻ തുടങ്ങിയവർ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന്‌ പുറത്താക്കപ്പെട്ടപ്പോൾ ശിവ്‌രാജ്‌ സിങ്‌ ചൗഹാൻ, ഉമ ഭാരതി, പ്രഭാത്‌ ഝാ, വിനയ്‌ സഹസ്രബുദ്ധെ, ഓംപ്രകാശ്‌ മാഥൂർ, ശ്യാം ജജു, അവിനാശ്‌റായ്‌ ഖന്ന തുടങ്ങിയ പ്രമുഖർ വൈസ്‌ പ്രസിഡന്റ്‌ സ്ഥാനത്തുനിന്ന്‌ തെറിച്ചു. യുവമോർച്ച അധ്യക്ഷപദവിയിൽനിന്ന്‌ പൂനം മഹാജനെ മാറ്റി തീവ്രവർഗീയവാദിയും മോഡി ഭക്തനുമായ തേജസ്വി സൂര്യയെ നിയമിച്ചു.

ഏതാനും വർഷമായി അമിത്‌ ഷായുമായി ഇടഞ്ഞുനിൽക്കുകയാണ്‌ രാം മാധവ്‌. വടക്കുകിഴക്കൻ മേഖലകളിലും കശ്‌മീരിലും രാം മാധവ്‌ നടത്തുന്ന ഇടപെടലാണ്‌ ഷായെ ക്ഷുഭിതനാക്കിയത്‌.പല വിദേശനയതന്ത്രപ്രതിനിധികളുമായും ‌രാം മാധവിനുള്ള സൗഹൃദവും ഷാ ഇഷ്ടപ്പെടുന്നില്ല. രാം മാധവുമായുള്ള അടുപ്പമാണ്‌ ദക്ഷിണേന്ത്യന്‍ നേതാവായ മുരളീധർ റാവുവിന് വിനയായത്.

എം പ്രശാന്ത‌്

ബിജെപി ദേശീയ ഭാരവാഹിപട്ടികയിൽനിന്ന്‌ കുമ്മനം, കൃഷ്‌ണദാസ്‌ ഔട്ട്‌

തൃശ്ശൂർ > ബിജെപി ദേശീയ ഭാരവാഹിപട്ടികയിൽനിന്ന്‌ മുതിർന്ന നേതാവ്‌ കുമ്മനം രാജശേഖരനെയടക്കം വെട്ടി. കേരളത്തിലെ ആർഎസ്‌എസിനെയും കുമ്മനത്തെയും കൃഷ്‌ണദാസ്‌ പക്ഷത്തെയും നിലംപരിശാക്കി  കേന്ദ്ര സഹമന്ത്രി വി മുരളീധരൻ കളിച്ച കളിയിൽ സംസ്ഥാന ബിജെപി രാഷ്ട്രീയം കലങ്ങിമറിയും. കോൺഗ്രസിൽ നിന്ന്‌ ഇന്നലെ മാത്രം പാർടിയിലെത്തിയ അബ്ദുള്ളക്കുട്ടി ദേശീയ ഉപാധ്യക്ഷനായപ്പോൾ ടോം വടക്കൻ വക്താവുമായി. സംസ്ഥാനത്തുനിന്ന്‌ മറ്റൊരാളും പച്ചതൊട്ടില്ല.

കേരളത്തിലെ ആർഎസ്‌എസിനും പി കെ കൃഷ്‌ണദാസ്‌ പക്ഷത്തിനും കനത്ത തിരിച്ചടി നൽകുക എന്ന ലക്ഷ്യത്തോടെയായിരുന്നു മുരളീധരന്റെ നീക്കം. കേന്ദ്രത്തിൽ തന്റെ സ്വാധീനത്തെ ചോദ്യം ചെയ്യാൻ മറ്റൊരാൾ വേണ്ട  എന്ന ലക്ഷ്യമാണ്‌ ഈ നീക്കത്തിന്‌ പിന്നിൽ. കേരളത്തിലെ ആർഎസ്‌എസിന് അനഭിമതനായ ബി എൽ സന്തോഷ്‌ ദേശീയ സംഘടനാ ജനറൽ സെക്രട്ടറിയായി തുടരുന്നതും മുരളീധരന്‌ സഹായകമാണ്‌.

സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞ്‌ നിൽക്കുന്ന  ശോഭ സുരേന്ദ്രനും രക്ഷയില്ലാത്ത അവസ്ഥയാണ്‌. കെ സുരേന്ദ്രൻ പ്രസിഡന്റായതിന്‌ ശേഷം ചാനൽ ചർച്ചയിൽ നിന്നുപോലും ശോഭ വിട്ടുനിൽക്കുകയാണ്‌. മിസോറാമിൽ നിന്ന്‌ മടങ്ങിയ കുമ്മനത്തിന്‌ ദേശീയ ഭാരവാഹിപട്ടികയിലെങ്കിലും ഇടംകൊടുക്കുമെന്ന്‌  ആർഎസ്‌എസ്‌‌ പ്രതീക്ഷിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ ജയിച്ചാലും തോറ്റാലും കേന്ദ്രത്തിൽ മന്ത്രിയാക്കാമെന്ന്‌ പറഞ്ഞാണ്‌  ഗവർണർസ്ഥാനത്ത്‌ നുന്ന്‌ കുമ്മനത്തെ കൊണ്ടുവന്നത്‌.  ഒടുവിൽ കടിച്ചതും പിടിച്ചതുമില്ലാത്ത അവസ്ഥയായി. കേന്ദ്ര മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം കുമ്മനം ഡൽഹയിൽ മന്ത്രിക്കുപ്പായം തയ്‌ച്ച്‌ കാത്തിരുന്നു. എന്നാൽ ആ കുപ്പായമിട്ട്‌ മുരളീധരൻ കേരളത്തിലെ ആർഎസ്‌എസിനെ അടിമുടി വെല്ലുവിളിക്കുന്ന സ്ഥിതിയാണിപ്പോൾ.

ഇ എസ്‌ സുഭാഷ് 

No comments:

Post a Comment