Monday, September 28, 2020

സിബിഐ അന്വേഷണം രാഷ്ട്രീയപ്രേരിതം

 സംസ്ഥാനത്ത്‌ പാവങ്ങൾക്ക്‌ വീട്‌ നൽകുന്ന ലൈഫ്‌ മിഷൻ പദ്ധതിയെ തകർക്കാൻ ലക്ഷ്യമിട്ട്‌ വടക്കാഞ്ചേരിയിലെ ഭവനസമുച്ചയം സംബന്ധിച്ച്‌ സിബിഐ കേസെടുത്തിരിക്കുകയാണ്‌. വീടും കുടിലുമില്ലാത്ത അഞ്ചുലക്ഷത്തോളം കുടുംബങ്ങൾക്ക്‌ അന്തിയുറങ്ങാൻ കെട്ടുറപ്പുള്ള വീട്‌ നൽകുന്ന പിണറായി വിജയൻ സർക്കാരിന്റെ പദ്ധതിയാണ്‌ ലൈഫ്‌ മിഷൻ. ഇതുവഴി എൽഡിഎഫ്‌ സർക്കാരിന്റെ ലൈഫ്‌ നീട്ടിക്കിട്ടുമെന്നായപ്പോഴാണ്‌ ആ പദ്ധതിയെ താറടിച്ചു കാണിക്കാനും അഴിമതിയുടെ കറ ചാർത്താനും ലീ കോ ബി  രാഷ്ട്രീയഗൂഢാലോചന അരങ്ങേറിയത്‌. രാജ്യത്തെ ഏക ഇടതുപക്ഷ സർക്കാരാണ്‌ കേരളത്തിലേത്‌. കോൺഗ്രസിന്റെയും ബിജെപിയുടെയും ജനവിരുദ്ധനയങ്ങൾക്ക്‌ ബദൽ മുന്നോട്ടുവയ്‌ക്കുന്ന ഏക സർക്കാർകൂടിയാണിത്‌. അതുകൊണ്ടുതന്നെ ഈ സർക്കാരിനെ താഴെയിറക്കേണ്ടത്‌ നവ ഉദാരവൽക്കരണനയം സ്വീകരിക്കുന്ന ബിജെപിയുടെയും കോൺഗ്രസിന്റെയും ആവശ്യമാണ്‌. അതോടൊപ്പം കോർപറേറ്റുകൾക്കും സർക്കാരിനെ തള്ളിയിടണം. പൊതുമേഖലയെ സംരക്ഷിച്ച്‌ കോർപറേറ്റ്‌ കൊള്ളയ്‌ക്ക്‌ തടയിടുന്ന സർക്കാർ അധികാരത്തിലിരിക്കുന്നത്‌ ഈ മൂവർസംഘത്തിന്‌ ചതുർഥിയാണ്‌. അതിനാൽ സർക്കാരിനെ അസ്ഥിരീകരിക്കാനുള്ള സംയുക്ത ഓപ്പറേഷനാണ്‌ ഇപ്പോൾ അരങ്ങേറുന്നത്‌‌. അതിന്‌ അവർ ആയുധമാക്കുന്നത്‌ സിബിഐയെയും.

രാജ്യത്തെ ഏറ്റവും സുപ്രധാന അന്വേഷണ ഏജൻസിയാണ്‌ സിബിഐ. ജവാഹർലാൽ നെഹ്‌റു സർക്കാരിന്റെ കാലത്ത്‌ 1963ൽ രൂപംകൊടുത്ത അന്വേഷണ ഏജൻസിയാണിത്‌. സ്ഥാപക ഡയറക്ടർ ഡി പി കോഹ്‌ലി അന്ന് പറഞ്ഞത് “പൊതുജനങ്ങൾ ഏറ്റവും ഉന്നതമായ നിലവാരവും മികവും ആത്മാർഥതയും’ സിബിഐയിൽനിന്ന്‌ പ്രതീക്ഷിക്കുന്നുവെന്നായിരുന്നു. ഏറ്റവും മികവുറ്റ അന്വേഷണ ഏജൻസിയാണെന്ന വിശ്വാസം നിലനിർത്താനായാലേ സിബിഐക്ക് നിലനിൽപ്പുള്ളൂവെന്നും അദ്ദേഹം ഓർമിപ്പിച്ചു. എന്നാൽ, കോഹ്‌ലി വിഭാവനംചെയ്‌ത സിബിഐ ഇന്ന്‌ ‘കൂട്ടിലടച്ച തത്തയാണ്’‌. സ്വന്തം ‘യജമാനന്മാരുടെ ശബ്‌ദമാണ്’.‌ പ്രധാനമന്ത്രിയുടെ നേരിട്ട്‌ നിയന്ത്രണത്തിലുള്ള ഈ അന്വേഷണ ഏജൻസി അധികാരത്തിലിരിക്കുന്നവരുടെ രാഷ്ട്രീയ താൽപ്പര്യങ്ങൾക്ക്‌ അനുസരിച്ചാണ്‌ പ്രവർത്തിക്കുന്നതെന്നായിരുന്നു ചീഫ്‌ ജസ്‌റ്റിസ്‌ ആർ എം ലോധ ‘കൂട്ടിലടച്ച തത്ത’യെന്ന പ്രയോഗത്തിലൂടെ വിവക്ഷിച്ചത്‌. (2013 മെയ്‌ എട്ടിന്‌)സിബിഐയുടെ മുൻ ഡയറക്ടർമാരായ ജൊഗീന്ദർസിങ്ങും വിജയ്‌ ശങ്കറും മറ്റും ഈ വാദം നേരത്തേതന്നെ മുന്നോട്ടുവച്ചിരുന്നു.

ഒരു വേള ‘കോൺഗ്രസ്‌ ബ്യൂറോ ഓഫ്‌ ഇൻവെസ്‌റ്റിഗേഷൻ’ എന്ന്‌ വിളിപ്പേര്‌ വീണ ഈ സ്ഥാപനം ഇന്ന്‌ രാഷ്ട്രീയ എതിരാളികളെ നേരിടാനുള്ള മോഡി സർക്കാരിന്റെ കൈയിലെ ശക്തമായ ഉപകരണമായി അധഃപതിച്ചിരിക്കുന്നു. ഈ ഏജൻസിയുടെ തലപ്പത്തുള്ളവരെപ്പോലും അഴിമതിആരോപണത്തെ തുടർന്ന്‌ തൽസ്ഥാനത്തുനിന്ന്‌ നീക്കേണ്ടിവന്നതും മോഡി സർക്കാരിന്റെ കാലത്താണ്‌. ഡയറക്ടർ അലോക്‌ വർമയെയും സ്പെഷ്യൽ ഡയറക്ടർ രാകേഷ്‌ അസ്‌താനയെയുമാണ്‌ മോഡിക്ക്‌ നീക്കേണ്ടിവന്നത്‌. പ്രസ്‌തുത സിബിഐയാണിപ്പോൾ പൊതുജീവിതത്തിൽ അത്രയൊന്നും ശുദ്ധത അവകാശപ്പെടാനില്ലാത്ത ഒരു കോൺഗ്രസ്‌ ‌ എംഎൽഎയുടെ പരാതിയിൽ വടക്കാഞ്ചേരി ഭവനനിർമാണ പദ്ധതിക്കെതിരെ കേസെടുത്തിട്ടുള്ളത്‌. സംസ്ഥാന സർക്കാർ വിജിലൻസിനോട്‌ പ്രാഥമിക‌ അന്വേഷണം നടത്താൻ പറഞ്ഞ വേളയിലാണ്‌ അവരുടെ റിപ്പോർട്ടിനുപോലും കാത്തുനിൽക്കാതെ സിബിഐ തിരക്കുപിടിച്ച്‌ കേസ്‌ എടുത്തിട്ടുള്ളത്‌. ഈ അന്വേഷണവിവരം അറിയിച്ചതാകട്ടെ ബിജെപി സംസ്ഥാനഅധ്യക്ഷനും. രാഷ്ട്രീയ ഇടപെടലിന്റെ ഭാഗമായാണ്‌ പരാതി ലഭിച്ച്‌ അഞ്ച്‌ ദിവസത്തിനകം അന്വേഷണം പ്രഖ്യാപിച്ചത്‌ എന്നകാര്യം ഇതോടെ വ്യക്തമാകുകയാണ്‌.

സിബിഐയുടെ ശുഷ്‌കാന്തിയാണ്‌ ഇത്‌ തെളിയിക്കുന്നത്‌ എന്ന്‌ ധരിക്കരുത്. കഴിഞ്ഞ വർഷം സെപ്‌തംബർ മൂന്നിനാണ്‌ 68 കോടി രൂപയുടെ ടൈറ്റാനിയം അഴിമതിക്കേസ്‌ അന്വേഷിക്കാൻ പിണറായി വിജയൻ സർക്കാർ സിബിഐയോട്‌ ആവശ്യപ്പെട്ടത്‌. കോൺഗ്രസ്‌ നേതാക്കളായ ഉമ്മൻചാണ്ടി, രമേശ്‌ ചെന്നിത്തല , ലീഗ്‌ നേതാവായ  ഇബ്രാഹിം കുഞ്ഞ്‌ എന്നിവർ ഉൾപ്പെട്ട കേസാണിത്‌. എന്നാൽ, അതന്വേഷിക്കാൻ സിബിഐക്ക്‌ ഇനിയും സമയം ലഭിച്ചിട്ടില്ല. കോവിഡിന്റെ പേര്‌ പറഞ്ഞ്‌  മാറാട്‌ കൂട്ടക്കൊലക്കേസിലും സിബിഐ അന്വേഷണം തുടങ്ങിയിട്ടില്ല. എന്നാൽ, പാവങ്ങൾക്ക്‌‌ വീടുകിട്ടുന്ന പദ്ധതി തടയാൻ കോവിഡൊന്നും സിബിഐക്ക്‌‌ തടസ്സമായില്ല. ഈ ചുറുചുറുക്കും താൽപ്പര്യമൊന്നും മോഡി സർക്കാർ നടത്തുന്ന തീവെട്ടിക്കൊള്ള തടയുന്ന കാര്യത്തിൽ കേന്ദ്രഅന്വേഷണ ഏജൻസികളൊന്നും കാട്ടുന്നത്‌ കണ്ടിട്ടില്ല. ജിഎസ്‌ടി നഷ്ടപരിഹാര സെസ്‌ പൂർണമായും പ്രത്യേക ഫണ്ടിലേക്ക്‌ മാറ്റണമെന്ന നിബന്ധന ലംഘിച്ച്‌ 47,272 കോടി രൂപ വകമാറ്റിച്ചെലവഴിച്ചുവെന്ന്‌ സിഎജി കണ്ടെത്തിയപ്പോൾ ഒരു കേന്ദ്ര ഏജൻസിയും കേസെടുത്തായി അറിവില്ല. ഫെറ നിയമത്തിന്റെ സാങ്കേതികത്വത്തിൽ പിടിച്ച്‌ ലൈഫ്‌ മിഷനിൽ അന്വേഷണം നടത്താനുള്ള വ്യഗ്രതയൊന്നും മോഡി സർക്കാരിന്റെ തീവെട്ടിക്കൊള്ള തടയുന്നതിൽ കാണിക്കുന്നില്ല. ഇതിനാലാണ്‌ അസാധാരണവും രാഷ്ട്രീയപ്രേരിതവുമായ അന്വേഷണമാണ്‌ സിബിഐയുടേതെന്ന്‌ സിപിഐ എം വിശേഷിപ്പിച്ചത്‌.

സിബിഐയുടെ ഈ വഴിവിട്ട നീക്കത്തിന്‌ ഇവിടെ പിന്തുണ നൽകുന്ന കോൺഗ്രസിനോട്‌ ഒരു വാക്ക്‌. കേന്ദ്ര ഏജൻസികളെ എങ്ങനെ ദുരുപയോഗിക്കണമെന്ന്‌ കാണിച്ചുകൊടുത്തത്‌ നിങ്ങളാണ്‌. നവ ഉദാരവൽക്കരണനയം എന്നതുപോലെ ഏജൻസികളുടെ ദുരുപയോഗവും ബിജെപി സ്വായത്തമാക്കിയത്‌ നിങ്ങളിൽ നിന്നാണ്‌. എന്നിട്ട്‌ അവർ അത്‌ നിങ്ങൾക്കെതിരെതന്നെ രാജസ്ഥാനിലും കർണാടകത്തിലും മറ്റും ഉപയോഗിച്ചപ്പോൾ നിലവിളിച്ചവരാണ്‌ നിങ്ങൾ. എന്നിട്ട്‌ ഇപ്പോൾ ബിജെപിയുമായി ചേർന്ന്‌ ഇടതുപക്ഷത്തിനെതിരെ തിരിയുകയാണ്‌. ബിജെപിയുമായുള്ള ഈ ചങ്ങാത്തം അന്തിമമായി നശിപ്പിക്കുന്നത്‌ കോൺഗ്രസിനെ തന്നെയാണ്.‌ ടോം വടക്കന്മാർക്ക്‌ ബിജെപിയിലേക്ക്‌ സങ്കോചമേതുമില്ലാതെ പോകാനുള്ള പാലമാണ്‌ നിങ്ങൾ തീർക്കുന്നത്‌. കേരളത്തിൽ കാലുമാറിയെത്തിയവർക്ക്‌ ഉന്നത പദവികൾ ബിജെപി നൽകിയതും കോൺഗ്രസിൽനിന്ന്‌ കൂടുതൽ പേരെ ആകർഷിക്കാനാണ്‌ എന്നെങ്കിലും മനസ്സിലാക്കുക.

deshabhimani editorial

No comments:

Post a Comment