Monday, September 28, 2020

ലൈഫ്‌ കിട്ടിയവരെ ആക്ഷേപിക്കല്ലേ ; യുഡിഎഫും ബിജെപിയും ഒരു കൂട്ടം മാധ്യമങ്ങളും അപമാനിക്കുന്നത്‌ രണ്ടരലക്ഷത്തോളം കുടുംബങ്ങളെ

 സിബിഐ അന്വേഷണത്തിന്റെ മറവിൽ യുഡിഎഫും ബിജെപിയും ഒരു കൂട്ടം മാധ്യമങ്ങളും അപമാനിക്കുന്നത്‌ രണ്ടരലക്ഷത്തോളം കുടുംബങ്ങളെ. ലൈഫ്‌ മിഷന്റെ ഭാഗമായി ഇതുവരെ 2,29,917 കുടുംബങ്ങൾക്കാണ്‌  വീട്‌ ലഭിച്ചത്‌. ഒന്നരലക്ഷത്തോളം വീടുകളുടെ നിർമാണം പുരോഗമിക്കുകയാണ്‌. ഇതിൽ കാൽ ലക്ഷത്തോളം  അടുത്ത മാസം പൂർത്തിയാകും.

വടക്കാഞ്ചേരിയിൽ ഭവന സമുച്ചയം നിർമിക്കുന്നതിന്റെ പേരിൽ യൂണിടാക്‌ നൽകിയെന്ന്‌ പറയുന്ന കമീഷനിൽ ലൈഫ്‌ പദ്ധതിക്ക്‌  ബന്ധമില്ല. ലൈഫ്‌ വീട്‌ ഒരുക്കുന്നതിലും പ്രളയ പുനരധിവാസത്തിലും സ്‌പോൺസർഷിപ്‌ സ്വീകരിക്കുക എന്നത്‌ സർക്കാർ നയമാണ്‌. അതിന്റെ ഭാഗമായി 3000ത്തിലേറെ വീടുകളാണ്‌ വിവിധ സംഘടനകളും വ്യക്തികളും നിർമിക്കുന്നത്‌. അതിൽ ഒരു ഭവന സമുച്ചയംമാത്രമാണ്‌ വടക്കാഞ്ചേരിയിലേത്‌. യുഎഇ ആസ്ഥാനമായ റെഡ്‌ക്രസന്റാണ്‌ ഇവിടെ നേരിട്ട്‌ കെട്ടിടം നിർമിക്കാമെന്നേറ്റത്‌. തുടർന്ന്‌ റെഡ്‌ക്രസന്റ്‌ യൂണിടാക്കിന്‌ നിർമാണ കരാർ നൽകി. ഇതുമായി ബന്ധപ്പെട്ട ഒരു പണ ഇടപാടിലും സർക്കാരിനും ലൈഫിനും ബന്ധമില്ല. എന്നാൽ, ലൈഫ്‌ അഴിമതി എന്നാണ്‌ മാധ്യമങ്ങൾ വാർത്ത ചമയ്‌ക്കുന്നത്‌.

ലൈഫിന്റെ ഭാഗമായി വീടുകളുടെ നിർമാണം പുരോഗമിക്കുന്നത്‌ തടസ്സപ്പെടുത്താൻ ഇത്‌ വഴിവയ്‌ക്കുമോ എന്ന ആശങ്ക ഗുണഭോക്താക്കൾക്കുണ്ട്‌. നിലവിൽ 8000 കോടിയോളം രൂപയാണ്‌ ലൈഫ്‌ പദ്ധതിക്കായി ചെലവഴിച്ചത്‌. ഇത്‌ ചെലവഴിക്കുന്നതാകട്ടെ തദ്ദേശഭരണസ്ഥാപനങ്ങളാണ്‌. ഹഡ്‌കോ വായ്‌പപോലും തദ്ദേശസ്ഥാപനങ്ങൾക്കാണ്‌ നൽകുന്നത്‌. തുടർന്ന്‌ എഗ്രിമെന്റ് വച്ച ഗുണഭോക്താക്കൾക്ക്‌ തദ്ദേശ സ്ഥാപനങ്ങൾ നാല്‌ ഗഡുവായി പണം നൽകും. എല്ലാം സുതാര്യമായാണ്‌ നടക്കുന്നത്‌. ഇതിനെയാണ്‌ അഴിമതി പദ്ധതിയായി അടച്ചാക്ഷേപിക്കുന്നത്‌.

No comments:

Post a Comment