Monday, September 28, 2020

കൂറുമാറിയവർക്ക്‌ ഭാരവാഹിത്വം ; ബിജെപി അഴിച്ചുപണി പൊട്ടിത്തെറിയിലേക്ക്

 കൂറുമാറ്റക്കാർക്ക്‌ പ്രാമുഖ്യം കൊടുത്തുള്ള സംഘടനാഅഴിച്ചുപണിയില്‍‌ ബിജെപിയില്‍ അതൃപ്‌തി പുകയുന്നു. ദേശീയ സെക്രട്ടറിസ്ഥാനത്തുനിന്ന്‌ നീക്കിയതിനെ ബംഗാൾ ബിജെപി നേതാവ്‌ രാഹുൽ സിൻഹ സാമൂഹ്യമാധ്യമങ്ങളിലൂടെ രൂക്ഷമായി വിമർശിച്ചു.  "നാൽപ്പത്‌ വർഷം ബിജെപിക്കായി പ്രവർത്തിച്ച തനിക്ക് തൃണമൂലില്‍ നിന്നെത്തിയ ഒരാൾക്കായി വഴിമാറേണ്ടി വന്നു'വെന്ന് ബംഗാൾ നേതാവ്‌ രാഹുൽ സിൻഹ ട്വിറ്ററിൽ പറഞ്ഞു.  ഇതിലും ദൗർഭാഗ്യകരമായ ഒരു സമ്മാനമില്ല. ഭാവിപരിപാടി ഉടന്‍ തീരുമാനിക്കുമെന്നും സിൻഹ പറഞ്ഞു. സിന്‍ഹയെ മാറ്റി തൃണമൂൽ മുൻ എംപി അനുപം ഹസ്രയെ ദേശീയ സെക്രട്ടറിയാക്കി.  തൃണമൂലിൽ നിന്നെത്തിയ മുകുൽ റോയിയെ ദേശീയ  ഉപാധ്യക്ഷനുമാക്കി. ജനറൽസെക്രട്ടറിസ്ഥാനത്തുനിന്ന്‌ പുറത്താക്കപ്പെട്ട രാം മാധവ്‌ ഒരു ടേമിലേക്ക്‌ അവസരം നൽകിയതിൽ നേതൃത്വത്തിന്‌ നന്ദി അറിയിച്ചു.

അബ്‌ദുള്ളക്കുട്ടിയെ ദേശീയ വൈസ്‌പ്രസിഡന്റാക്കിയതിൽ കേരള ഘടകത്തിനും അമർഷം‌. തമിഴ്‌നാട്‌ പൂർണമായും തഴയപ്പെട്ടപ്പോൾ കർണാടകത്തിന് അമിതപ്രാധാന്യം. അബ്‌ദുള്ളക്കുട്ടിയുടെ സ്ഥാനലബ്‌ധിയും കർണാടക ലോബിയുടെ ബലത്തില്‍. കേരളത്തിൽനിന്ന്‌ ഇതുവരെ ദേശീയ ഉപാധ്യക്ഷപദവിവരെ എത്തിയത്‌ ഒ രാജഗോപാൽമാത്രം. ജനസംഘിന്റെ കാലത്ത്‌ പി പരമേശ്വരനും ദേശീയ ഉപാധ്യക്ഷനായി. പരമേശ്വരന്റെയും രാജഗോപാലിന്റെയും ശ്രേണിയിലേക്ക്‌ അബ്‌ദുള്ളക്കുട്ടിയുമെത്തി‌. കേരളത്തിലെ സംഘടനാവിഷയത്തില്‍ ഇനി അബ്‌ദുള്ളക്കുട്ടിയുടെ നിലപാട്‌ നിർണായകം.

മുരളീധരപക്ഷവും കൃഷ്‌ണദാസ്‌ പക്ഷവുമായി ചേരിതിരിഞ്ഞ്‌ നിൽക്കുന്ന കേരള ബിജെപിയിൽ അബ്‌ദുള്ളക്കുട്ടി പക്ഷംകൂടി ഉയർന്നുവരാൻ സാധ്യത‌. അബ്‌ദുള്ളക്കുട്ടിയുടെ സ്ഥാനലബ്‌ധി മുരളീധര–- കൃഷ്‌ണദാസ്‌ പക്ഷങ്ങളെ ഒരേപോലെ ഞെട്ടിച്ചു. മുരളീധരൻ കേന്ദ്രമന്ത്രിയായപ്പോൾ ഡൽഹിയിൽ കാണാനെത്തിയ അബ്‌ദുള്ളക്കുട്ടിക്ക്‌ അനുമതി കിട്ടാൻ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടി വന്നിരുന്നു.

ബിജെപിയിലെ കർണാടക ലോബിയുമായി അടുത്ത ബന്ധം അബ്‌ദുള്ളക്കുട്ടിക്കുണ്ട്‌. പ്രത്യേകിച്ച്‌ സംഘടനാ ജനറൽ സെക്രട്ടറി ബി എൽ സന്തോഷുമായി. ഏഷ്യാനെറ്റ്‌ ഉടമ രാജീവ്‌ ചന്ദ്രശേഖരനുമായും സൗഹൃദമുണ്ട്‌.  ബി എൽ സന്തോഷ്‌ സംഘടനാ ജനറൽ സെക്രട്ടറിസ്ഥാനത്ത്‌ തുടരുന്നതിനൊപ്പംതന്നെ സി ടി രവി ദേശീയ ജനറൽ സെക്രട്ടറിമാരിൽ ഒരാളായി എത്തിയതും കർണാടക ലോബിയെ ശക്തിപ്പെടുത്തി‌.  ബംഗളൂരുവിൽ നിന്നുള്ള ലോക്‌സഭാംഗം തേജസ്വി സൂര്യയാണ്‌ യുവമോർച്ച അധ്യക്ഷന്‍.

വലവീശി ബിജെപി ; ‘കൈ’വിട്ടാൽ കൈപിടിച്ചുയർത്തും ; അബ്ദുള്ളക്കുട്ടിയെയും വടക്കനെയും ഇടനിലക്കാരാക്കി കോൺഗ്രസിലെ ചില മധ്യനിര നേതാക്കളെ എത്തിക്കാൻ തന്ത്രം

കേരളത്തിലെ കോൺഗ്രസിലേക്ക്‌ ആഞ്ഞ്‌ വലവീശി വീണ്ടും‌ കേന്ദ്ര ബിജെപി. എ പി അബ്ദുള്ളക്കുട്ടിയെയും ടോം വടക്കനെയും ദേശീയ നേതൃത്വത്തിൽ കാര്യമായി പ്രതിഷ്‌ഠിച്ചതുവഴി ബിജെപി ലക്ഷ്യമിടുന്നത്‌ ചാഞ്ചാടുന്ന കേരളത്തിലെ കോൺഗ്രസുകാരെയാണ്‌.

വടക്കനെയും അബ്ദുള്ളക്കുട്ടിയെയും ഇടനിലക്കാരാക്കി കോൺഗ്രസിലെ ചില മധ്യനിര നേതാക്കളെ എത്തിക്കാനുള്ള തന്ത്രമാണ്‌ ബിജെപിക്കുള്ളത്‌. ‘കൈ’ വിട്ടാൽ ‘കൈപിടിച്ചുയർത്തുമെന്ന’ വാഗ്‌ദാനത്തിന്‌ തെളിവാണ്‌ ദേശീയ നേതൃത്വത്തിലേക്ക്‌ ‌ കാലുമാറിയവർക്ക്‌ നൽകിയ പദവി.  അടിത്തട്ടിൽ ഒരു സ്വാധീനവുമില്ലാത്ത രണ്ടുപേർക്ക്‌ പ്രമുഖ പദവി നൽകി ബിജെപി ലക്ഷ്യമിടുന്നത്‌ ചില വൻസ്രാവുകളെയാണെന്നാണ്‌ സൂചന. ‌ മുൻമന്ത്രിയടക്കമുള്ളവരെ‌ നോട്ടമിട്ടാണീ നീക്കം‌.

പി എസ്‌ ശ്രീധരൻപിള്ള സംസ്ഥാന പ്രസിഡന്റായിരിക്കേ ഇതിനായുള്ള ചർച്ച ഏറെ മുന്നേറിയിരുന്നു. കെപിസിസി നിർവാഹകസമിതി അംഗം ജി രാമൻനായർ, വനിതാ കമീഷൻ അംഗമായിരുന്ന ഡോ. ജെ പ്രമീളാദേവി എന്നിവരെ ബിജെപിയിലെത്തിച്ചതിന്‌ പിന്നാലെയായിരുന്നു ഇത്‌. പാർലമെന്റംഗമായ മുൻ മന്ത്രി, പ്രമുഖ സഹകാരി എന്നിവരായിരുന്നു അന്ന്‌ ചർച്ചയിൽ. കോൺഗ്രസിന്റെ സാംസ്‌കാരിക നായകനും പിഎസ്‌സി ചെയർമാനുമായിരുന്ന ഡോ. കെ എസ്‌ രാധാകൃഷ്‌ണനെ സ്വീകരിച്ചത്‌ ലോക്‌സഭാ സ്ഥാനാർഥിയാക്കിയായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സീറ്റ്‌ കിട്ടാത്ത ചില കോൺഗ്രസ്‌ നേതാക്കളെയും ബന്ധപ്പെട്ടിരുന്നു. ശബരിമല സമരകാലത്തും ചില കോൺഗ്രസ്‌ നേതാക്കളുമായി രഹസ്യകൂടിയാലോചനകളുണ്ടായി. ഇവരടക്കമുള്ള പ്രമുഖർ നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്പ്‌ വരുമെന്നാണ്‌ ബിജെപി നേതൃത്വത്തിന്റെ വിശ്വാസം. അബ്ദുള്ളക്കുട്ടിക്കും വടക്കനുമുള്ള സ്ഥാനം ഈ ഓപറേഷന്‌ കൂടി വേണ്ടിയാണ്‌‌. വടക്കന്റെ ഡൽഹി ബന്ധങ്ങൾ ചിലരെ ‘വലയിലാക്കാൻ ’ പ്രയോജനപ്പെടുമെന്നും പ്രതീക്ഷിക്കുന്നു.

പി വി ജീജോ

No comments:

Post a Comment