Thursday, September 24, 2020

കേരളത്തിലെ ആദ്യ മെഡിക്കല്‍ ഡിവൈസസ് പാര്‍ക്കിന് തറക്കല്ലിട്ടു

 തിരുവനന്തപുരം> കേരളത്തിലെ ആദ്യത്തെ മെഡിക്കല്‍ ഡിവൈസസ് പാര്‍ക്കിന് മുഖ്യമന്ത്രി തറക്കല്ലിട്ടു.   സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്റെ (കെ എസ് ഐ ഡി സി) തിരുവനന്തപുരം തോന്നക്കലിലെ ലൈഫ് സയന്‍സ് പാര്‍ക്കിലാണ് മെഡിക്കല്‍ ഡിവൈസസ് പാര്‍ക്ക് നിര്‍മ്മിക്കുന്നത്. വ്യവസായ മന്ത്രി ഇ പി ജയരാജന്‍ അദ്ധ്യക്ഷനായി.

 വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു ഉദ്ഘാടനം.പാര്‍ക്ക് യാഥാര്‍ത്ഥ്യമാകുന്നതോടെ 1200 പേര്‍ക്ക് നേരിട്ടും അയ്യായിരത്തിലധികം പേര്‍ക്ക് അനുബന്ധമായും തൊഴില്‍ ലഭിക്കും. ബയോ മെഡിക്കല്‍ രംഗം വികസിച്ചുവരികയാണ്. കേരളത്തിലെ സമൃദമായ ജൈവസമ്പത്ത് അനുയോജ്യമായി ഉപയോഗപ്പെടുത്തി വ്യവസായ വികസനത്തില്‍ കുതിച്ചുചാട്ടം നടത്താനാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.  

ഗവേഷണത്തിനൊപ്പം സംരംഭകത്വവും ഉറപ്പാക്കും. നിക്ഷേപകരെ ആകര്‍ഷിക്കുന്നതിന് വ്യാവസായിക ആവാസ വ്യവസ്ഥ സൃഷ്ടിക്കും. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രത്യേക പ്രോത്സാഹനം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.സംരംഭകര്‍ക്കായി കേരളത്തില്‍ വിവിധ മേഖലകളില്‍ 14 പാര്‍ക്കുകള്‍ ഒരുങ്ങുകയാണെന്ന് മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. 100 കോടി വരെ നിക്ഷേപമുള്ള വ്യവസായങ്ങള്‍ക്ക് ഒരാഴ്ച്ചയ്ക്കുള്ളില്‍ അനുമതി നല്‍കാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചു.

മെഡിക്കല്‍ ഉപകരണ രംഗത്തേക്ക് സ്വകാര്യ വ്യവസായങ്ങളെ ആകര്‍ഷിക്കാനുള്ള സുപ്രധാന ചുവടുവെപ്പാണ് മെഡിക്കല്‍ ഡിവൈസസ് പാര്‍ക്കെന്നും അദ്ദേഹം പറഞ്ഞു. ഗവേഷണം, നവീന ഉപകരണങ്ങളുടെ നിര്‍മ്മാണം, പരീക്ഷണം, പുതിയ സാങ്കേതികവിദ്യകള്‍, വിജ്ഞാന വിനിമയം തുടങ്ങി മെഡിക്കല്‍ രംഗത്തെ ഉപകരണ വിപണിയ്ക്ക് ആവശ്യമായ എല്ലാ സേവനങ്ങളും ഒരു കുടക്കീഴില്‍ ലഭ്യമാക്കുക എന്നതാണ് മെഡിക്കല്‍ ഡിവൈസസ് പാര്‍ക്കിലൂടെ ലക്ഷ്യം വെക്കുന്നത്.

ലൈഫ് സയന്‍സ് പാര്‍ക്കിലെ 9 ഏക്കര്‍ സ്ഥലത്ത് 230 കോടി രൂപ ചെലവിലാണ് പാര്‍ക്ക് ഉയരുന്നത്.  150 കോടി സംസ്ഥാന വിഹിതവും ബാക്കി വരുന്ന 80 കോടി കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള വിവിധ ഏജന്‍സികളില്‍ നിന്നും  ലഭ്യമാക്കും. 2.6 ലക്ഷം ചതുരശ്ര അടിയിലുള്ള കെട്ടിടവും അനുബന്ധ സൗകര്യങ്ങളുമാണ്  ഇവിടെ സജ്ജമാക്കുക. ഒന്നാം ഘട്ട നിര്‍മ്മാണത്തിന്റെ  62 കോടിയുടെ ടെന്‍ഡര്‍ നടപടികള്‍ ഇതിനോടകം പൂര്‍ത്തീകരിച്ചു.  

18 മാസം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തികരിക്കാനാണ് ലക്ഷ്യമിടുന്നത്. ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജിയുടെ (എസ് സി ടി ഐ എം എസ് ടി) സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

നിയമസഭ ഡപ്യൂട്ടി സ്പീക്കര്‍ വി ശശി സ്വാഗതം പറഞ്ഞു. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ ഇളങ്കോവന്‍, സെക്രട്ടറി  എ പി എം മുഹമ്മദ് ഹനീഷ് ഐ എ എസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ മധു, ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്റ് ടെക്നോളജി ഡയറക്ടര്‍ ആശാ കിഷോര്‍, കെ എസ് ഐ ഡി സി ചെയര്‍മാന്‍ റിട്ട. ഐ എ സ് ക്രിസ്റ്റി ഫര്‍ണാണ്ടസ്, പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാനിബ ബീഗം, മംഗലപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  സി മധുസൂധനന്‍ പിള്ള തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

കെ എസ് ഐ ഡി സി മാനേജിങ്ങ് ഡയറക്ടര്‍  എം ജി രാജമാണിക്യം ഐ എ എസ് നന്ദിയും അറിയിച്ചു.

No comments:

Post a Comment