Thursday, September 24, 2020

അധികാരക്കൊതിയൊക്കെ മനസിലാകും യുവ നേതാവേ

 അധികാരക്കൊതിയൊക്കെ മനസിലാകും യുവ നേതാവേ.. സമരങ്ങളിൽ ഇളകിയാടി നിങ്ങളിങ്ങനെ തോൽപ്പിക്കുന്നത്‌ കേരളത്തിലെ ജനതയെയാണ്‌ :ശാരദക്കുട്ടി

ഒരു രോഗത്തെ ഭയന്ന് മാസങ്ങളായി പൊതു ജീവിതവും തൊഴിലും വരുമാനവും വേണ്ടെന്നു വെച്ച് ഭയചകിതരായിരിക്കുന്ന ജന സമൂഹത്തെയാണ് നിങ്ങൾ തോൽപ്പിക്കാൻ ശ്രമിക്കുന്നതെന്ന്‌ കെ എസ്‌യു സംസ്‌ഥാന പ്രസിഡന്റ്‌ കെ എം അഭിജിത്തിനോട്‌ ശാരദക്കുട്ടി. ആൾമാറാട്ടം നടത്തി കോവിഡ്‌ പരിശോധന നടത്തുകയും രോഗം സ്‌ഥിരീകരിച്ചപ്പോൾ മുങ്ങുകയും ചെയ്‌ത അഭിജിത്തിനോട്‌  ആത്മാഭിമാനവും അച്ചടക്കവും അന്തസ്സുമില്ലാത്ത രാഷ്ട്രീയ ശൈലി വിനാശകരമാണെന്നും ശാരദക്കുട്ടി പറഞ്ഞു.

 പോസ്റ്റ് ചുവടെ

വ്യാജ പേരില്‍ കോവിഡ് ടെസ്റ്റ് നടത്തുക പോസിറ്റീവാണെന്നു മറച്ചുവെക്കുക. തോളില്‍ കയ്യിട്ടും കെട്ടിപ്പിടിച്ചും ആള്‍ക്കൂട്ട സമരങ്ങളില്‍ ഇളകിയാട്ടം നടത്തുക. പ്രതിപക്ഷ പാര്‍ട്ടിയുടെ യുവ നേതാവ് 3000 ത്തോളം പേരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയിരിക്കുന്നു എന്ന ഈ വാര്‍ത്ത വല്ലാതെ ഭയപ്പെടുത്തുന്നു. അടുത്ത അധികാര ഊഴം സ്വപ്നം കണ്ടിരിക്കുന്ന പാര്‍ട്ടിയുടെ യുവ നേതാവാണ് . ഭരണ സംവിധാനത്തിന്റെ ഭാഗമായ പ്രതിപക്ഷ പാര്‍ട്ടിയുടെ ഉത്തരവാദിത്തബോധത്തെ നമിക്കാതെ വയ്യ.

മന:പൂര്‍വ്വം രോഗവ്യാപനം നടത്തുന്നതിലെ രാഷ്ട്രീയലക്ഷ്യം എത്ര അധമവും നീചവും നിന്ദ്യവുമാണ്. എല്ലാ ആരോഗ്യ സംവിധാനങ്ങളേയും അട്ടിമറിക്കുന്ന ഈ മനോഭാവത്തെ ഭയക്കണം. ഭരണകക്ഷിയോടുള്ള എതിര്‍പ്പും വെറുപ്പും എതിര്‍ കക്ഷിക്കുണ്ടാകുന്നതു മനസ്സിലാക്കാം. അധികാരക്കൊതിയും മനസ്സിലാക്കാം . പക്ഷേ നിങ്ങള്‍ ഇങ്ങനെ ‘തൂറിത്തോല്‍പ്പിക്കു’ന്നത് മുഖ്യമന്ത്രിയെയോ ആരോഗ്യ മന്ത്രിയെയോ ഇടതുപക്ഷത്തെയോ അല്ല. കേരളത്തിലെ ജനതയെയാണ്. ഒരു രോഗത്തെ ഭയന്ന് മാസങ്ങളായി പൊതു ജീവിതവും തൊഴിലും വരുമാനവും വേണ്ടെന്നു വെച്ച് ഭയചകിതരായിരിക്കുന്ന ജന സമൂഹത്തെയാണ്. ഇത്ര ആത്മാഭിമാനവും അച്ചടക്കവും അന്തസ്സുമില്ലാത്ത രാഷ്ട്രീയ ശൈലി വിനാശകരമാണ്.

രാഷ്ട്രീയയുദ്ധത്തില്‍ ആശയങ്ങള്‍ക്കുള്ള പങ്കിനെക്കുറിച്ചറിയാത്തവരുടെ കയ്യില്‍ കളിക്കാനുള്ള ‘പാവ’ ജീവിതങ്ങളായി നമ്മള്‍ മാറിപ്പോകുന്നതോര്‍ത്ത് ഒരു വോട്ടറെന്ന നിലയില്‍ ലജ്ജയും ആത്മനിന്ദയും തോന്നുന്നു. തല ഉയര്‍ത്താനാകാത്ത വിധം അപമാനിതയാകുന്നു. നിസ്സഹായതയുടെ പാരമ്യമെന്തെന്നു തിരിച്ചറിയുന്നു.

എസ് ശാരദക്കുട്ടി

No comments:

Post a Comment