Wednesday, September 23, 2020

കേരളം ഐഎസ്‌ താവളമെന്ന വാദം കേന്ദ്രം തള്ളി ; നുണ ആവർത്തിച്ച്‌ സംഘപരിവാറും യുഡിഎഫും

 കേരളത്തിൽ ശക്തമായ ഐഎസ്‌ സാന്നിധ്യമുണ്ടെന്ന വാദം തെറ്റെന്ന്‌ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിഷൻ റെഡ്ഡി പാർലമെന്റിൽ. എന്നിട്ടും കേരളം ഐഎസ്‌ കേന്ദ്രമെന്ന പച്ചനുണ ആവർത്തിക്കുകയാണ്‌  സംഘപരിവാറും യുഡിഎഫും. രാജ്യത്ത്‌ ഐഎസുമായി ബന്ധപ്പെട്ട്‌ 34 കേസാണ്‌ എൻഐഎ അന്വേഷിക്കുന്നത്‌. ഇതിൽ 160 പേർ അറസ്റ്റിലായിട്ടുണ്ട്‌.

വിദേശത്ത്‌ പോയി  ഐഎസിൽ ചേർന്ന മലയാളികളടക്കമുള്ളവരുടെ കാര്യം പറഞ്ഞാണ്‌ സംഘപരിവാറും യുഡിഎഫും കേരളത്തെ അപകീർത്തിപ്പെടുത്തുന്നത്‌. കാസർകോട്, വളപട്ടണം കേസുകൾ മാത്രമാണ്‌ ഐഎസുമായി ബന്ധപ്പെട്ട്‌ എൻഐഎ അന്വേഷിക്കുന്നത്‌. ഈ കേസ്‌,  കേരള പൊലീസ്‌ അന്വേഷിച്ച്‌  കൈമാറിയതുമാണ്‌.

കാസർകോട്ടുനിന്ന്‌ റാഷിദ്‌ അബ്ദുല്ലയുടെയും കണ്ണൂരിൽനിന്ന്‌ വി കെ ഷാജഹാന്റെയും നേതൃത്വത്തിലാണ്‌ അഫ്‌ഗാനിലേക്കും സിറിയയിലേക്കും ഐഎസിൽ ചേരാൻ മലയാളികൾ പോയത്‌. ഇതിൽ ഷാജഹാൻ തിഹാർ ജയിലിലാണ്‌. രണ്ട്‌ കേസും കേരള പൊലീസാണ്‌ തുടക്കത്തിൽ അന്വേഷിച്ചത്‌. ഈ അന്വേഷണത്തിന്റെ ഭാഗമായാണ്‌ പിന്നീട്‌ വണ്ടൂർ കേന്ദ്രീകരിച്ച്‌ രണ്ടു പേർ ഐഎസിൽ ചേർന്നതായി കണ്ടെത്തിയത്‌. ഇത്രമാത്രമാണ്‌ സംസ്ഥാനത്തെ ഐഎസ്‌ ബന്ധം.

കേരളത്തിൽ  ഭീകരവാദവുമായി ബന്ധപ്പെട്ട്‌ ഒരാളും കൊല്ലപ്പെട്ടിട്ടില്ല. ആകെ നടന്നത്‌ കൊല്ലം, മലപ്പുറം കലക്ടറേറ്റുകളിലെ പരീക്ഷണ സ്‌ഫോടനമാണ്‌. ഇതിലെ കുറ്റവാളികളെ കണ്ടെത്തിയതും‌ കേരള പൊലീസാണ്‌. തീവ്രവാദികളെ കണ്ടെത്താനും നേരിടാനും  ഭീകര വിരുദ്ധ സ്‌ക്വാഡും സംസ്ഥാനത്തുണ്ട്‌.  ഐജി അനൂപ്‌ കുരുവിള ജോണിനാണ്‌  ചുമതല.

റഷീദ‌് ആനപ്പുറം

No comments:

Post a Comment