Thursday, September 24, 2020

പാലാരിവട്ടം പാലം: ഐഐടിയും ശ്രീധരനും പഠിച്ചു, നോ രക്ഷ

 കൊച്ചി> പാലാരിവട്ടം മേൽപ്പാലം പൊളിച്ചു പണിയാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്‌ മൂന്നു‌ പഠനറിപ്പോർട്ടുകൾ പരിഗണിച്ച്‌. മദ്രാസ്‌ ഐഐടി,  ഇ ശ്രീധരൻ, സ്‌ട്രക്‌ചറൽ എൻജിനിയറിങ് വിദഗ്‌ധൻ മഹേഷ്‌ ഠാണ്ഡൻ എന്നിവരുടെ പഠനമാണ്‌ സംസ്ഥാന സർക്കാർ അവലംബിച്ചത്‌. മദ്രാസ്‌ ഐഐടി മാത്രം മൂന്നു റിപ്പോർട്ട്‌ നൽകി.

പാലം രൂപകൽപ്പനയിലും നിർമാണത്തിലുമുണ്ടായ ഗുരുതരപിഴവാണ്‌ ഇ ശ്രീധരൻ അക്കമിട്ട്‌ പറഞ്ഞത്‌. ആകെയുള്ള 102 ഗർഡറുകളിൽ 97 എണ്ണത്തിനും വിള്ളലുണ്ടെന്നും 17 എണ്ണത്തിന്‌ ഗുരുതര ബലക്ഷയമുണ്ടെന്നും റിപ്പോർട്ടിൽ പറഞ്ഞു. 18 പിയർ ക്യാപ്പുകളിൽ 16 എണ്ണത്തിന്റെ ഇടതുഭാഗത്തും 15 എണ്ണത്തിന്റെ വലതുഭാഗത്തും വിള്ളൽ കണ്ടെത്തി. സ്‌പെഷ്യൽ സ്‌പാനിന്റെ പിയർ ക്യാപ്പും മോശമാണ്‌. പിയർ ക്യാപ്പ്‌ രൂപകൽപ്പനയിലും പിഴവുണ്ട്‌. പാലത്തെ റോഡുമായി ബന്ധിപ്പിക്കുന്ന ഡർട്ട്‌ വാളിൽ പൊട്ടലും കണ്ടെത്തി. അറ്റകുറ്റപ്പണിയിലൂടെ പാലം വീണ്ടെടുക്കാനാകില്ല. ആകെയുള്ള 19 സ‌്പാനിൽ 17 എണ്ണവും മാറ്റി പുതിയത‌് സ്ഥാപിക്കണമെന്നും പിയറും പിയർ ക്യാപ്പുകളും ബലപ്പെടുത്തണമെന്നും മുഴുവൻ  ഗർഡറുകളും മാറ്റി പിസിസി ഗർഡറുകൾ സ്ഥാപിക്കണമെന്നും ശ്രീധരന്റെ റിപ്പോർട്ടിൽ പറഞ്ഞു. മുഴുവൻ ലോഹ ബെയറിങ്ങുകളും മാറ്റണം. പാലത്തിന്റെ തൂണും അസ‌്തിവാരവും ഒഴികെയുള്ളതെല്ലാം തകർന്നതായും റിപ്പോർട്ടിലുണ്ട്‌. ഇതിന്‌ 18.71 കോടി രൂപ ചെലവും കണക്കാക്കി.

പാലത്തിലെ 39 ഗർഡറുകളിൽനിന്ന്‌ ശേഖരിച്ച 13  കോൺക്രീറ്റ്‌ സാമ്പിളുകളിൽ 21 ശതമാനവും മോശം നിലവാരത്തിലായിരുന്നെന്ന്‌ ഐഐടി കണ്ടെത്തി. കോൺക്രീറ്റും കമ്പിയും നിലവാരമില്ലാത്തതാണ്‌. രൂപകൽപ്പനയിലും പാളിച്ചയുണ്ട്‌.  മൈക്രോ ഗ്രൗട്ടിങ്ങിലൂടെ കോൺക്രീറ്റിന്റെ മേന്മ വീണ്ടെടുക്കാമെന്നും അവർ റിപ്പോർട്ട്‌‌ നൽകി. 

രണ്ടു‌ റിപ്പോർട്ടും പഠിച്ച ദേശീയപാത വിഭാഗം ചീഫ്‌ എൻജിനിയർ എം അശോക്‌കുമാർ കൺവീനറായ സാങ്കേതികവിദഗ്‌ധരുടെ സമിതി മദ്രാസ്‌ ഐഐടിയുടെ പല നിർദേശങ്ങളും തള്ളി.  7.31 കോടി രൂപയുടെ അറ്റകുറ്റപ്പണിയാണ്‌ ഐഐടി നിർദേശിച്ചത്‌. എന്നാൽ, അതിനുശേഷവും പാലത്തിന്റെ ആയുസ്സിന്‌ ഗ്യാരന്റിയൊന്നും നൽകാൻ ഐഐടിക്ക്‌ കഴിഞ്ഞില്ല.

പാലത്തിൽ കുരുക്കോട്‌  കുരുക്ക്‌

അനാവശ്യ കോടതിവ്യവഹാരവും വിവാദങ്ങളും വഴിമുടക്കിയില്ലായിരുന്നെങ്കിൽ പുനർനിർമാണം പൂർത്തിയാക്കിയ പാലാരിവട്ടം മേൽപ്പാലം ഇക്കഴിഞ്ഞ ഏപ്രിലിൽ ഗതാഗതത്തിന്‌ തുറക്കുമായിരുന്നു. ഗുരുതര നിർമാണപ്പിഴവുമൂലം അപകടാവസ്ഥയിലായ പാലം 2019 ജൂൺ ഒന്നിനാണ്‌ അടച്ചത്‌. 30 ശതമാനം ഭാഗം പൊളിച്ചുപണിയാൻ മെട്രോമാൻ ഇ ശ്രീധരൻ പദ്ധതി തയ്യാറാക്കി. എന്നാൽ, എൻജിനിയർമാരുടെ സംഘടന വഴിമുടക്കിയതോടെ പുനർനിർമാണം അനിശ്‌ചിതത്വത്തിലായി.  ഇതോടെ 16 മാസമായി ദേശീയപാത 66ലെ ഏറ്റവും തിരക്കേറിയ പാലാരിവട്ടം ബൈപാസ്‌ കവല കനത്ത ഗതാഗതക്കുരുക്കിലാണ്‌. 

ഒക്‌ടോബർ 25ന്‌ പാലം പുനർനിർമാണച്ചുമതല ഡൽഹി മെട്രോ റെയിൽ കോർപറേഷന്‌ (ഡിഎംആർസി) കൈമാറി. ടെൻഡർ നടപടി പൂർത്തിയാക്കി മൂന്നാഴ്‌ചയ്‌ക്കകം ഡിഎംആർസി നിർമാണത്തിനുള്ള കരാറുകാരെ കണ്ടെത്തി. അഞ്ചു കമ്പനികൾ പങ്കെടുത്ത ടെൻഡറിൽ  ഊരാളുങ്കൽ സഹകരണ സൊസൈറ്റിക്കാണ്‌ കരാർ ഉറപ്പിച്ചത്‌. 2020 ഏപ്രിലിൽ പുനർനിർമാണം പൂർത്തിയാക്കാനും ധാരണയായി.

നിർമാണം തുടങ്ങാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായപ്പോഴാണ്‌ അസോസിയേഷൻ ഓഫ്‌ സ്‌ട്രക്‌ചറൽ ആൻഡ്‌ ജിയോ ടെക്‌നിക്കൽ കൺസൾട്ടിങ് എൻജിനിയേഴ്‌സ്‌ ഹൈക്കോടതിയെ സമീപിച്ചത്‌. പാലം പൊളിക്കുംമുമ്പ്‌ ഭാരപരിശോധന നടത്തണമെന്നായിരുന്നു പ്രധാന ആവശ്യം. അപകടാവസ്ഥയിലായ പാലത്തിൽ ഭാരപരിശോധന ആവശ്യമില്ലെന്ന്‌ സർക്കാർ അറിയിച്ചെങ്കിലും വിധി എതിരായി. തുടർന്നാണ്‌ സർക്കാർ സുപ്രീംകോടതിയിലെത്തിയത്‌.

ഉടന്‍  പൊളിച്ചുപണിയും

പാലാരിവട്ടം പാലം പുനർനിർമാണം ഉടൻ ആരംഭിക്കുമെന്ന്‌ പൊതുമരാമത്തുമന്ത്രി ജി സുധാകരൻ പറഞ്ഞു. അപകടാവസ്ഥയിലായ  പാലത്തിന്റെ പുനർനിർമാണത്തിൽ സർക്കാർ സ്വീകരിച്ച നടപടി സുപ്രീംകോടതി ശരിവച്ചിരിക്കുകയാണ്‌. ഭാരപരിശോധന വേണ്ടെന്നതും അംഗീകരിച്ചു. മുഖ്യമന്ത്രിയുമായുള്ള കൂടിയാലോചനയ്ക്കുശേഷം പുനർനിർമാണ പ്രവർത്തനങ്ങൾക്ക്‌ മന്ത്രിസഭ ചുമതലപ്പെടുത്തിയ ഇ ശ്രീധരനുമായി സംസാരിച്ചു. ഡിഎംആർസി കേരളത്തിലെ പ്രവർത്തനം അവസാനിപ്പിച്ചതിനാൽ ഇക്കാര്യത്തിലുള്ള പ്രയാസം ഇ ശ്രീധരൻ അറിയിച്ചു. ആലോചിച്ചശേഷം മറുപടി അറിയിക്കാമെന്ന്‌ പറഞ്ഞതായും മന്ത്രി വ്യക്തമാക്കി.

ഡിഎംആർസിക്ക്‌ ആവില്ല

പാലാരിവട്ടം മേൽപ്പാലം പുനർനിർമാണം ഏറ്റെടുക്കാൻ ഡിഎംആർസിക്ക്‌ കഴിയില്ലെന്ന്‌ മുഖ്യഉപദേഷ്‌ടാവ്‌ ഇ ശ്രീധരൻ പറഞ്ഞു.  ഏറ്റെടുത്തതെല്ലാം പൂർത്തിയായതോടെ ഡിഎംആർസിയുടെ കേരളത്തിലെ ഓഫീസ്‌ പ്രവർത്തനം അവസാനിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.

തടസ്സങ്ങളില്ലാതെ കാര്യങ്ങൾ നീങ്ങിയിരുന്നെങ്കിൽ കഴിഞ്ഞ ഏപ്രിലിൽത്തന്നെ പാലാരിവട്ടം പാലത്തിന്റെ പുനർനിർമാണം പൂർത്തിയാകുമായിരുന്നു.  നിർമാണ ചുമതല ഏറ്റെടുത്ത്‌ ടെൻഡർ നടപടികൾ  പൂർത്തിയാക്കിയതാണ്‌.  തടസ്സം അനിശ്‌ചിതമായി നീണ്ടപ്പോൾ ഡിഎംആർസിക്കുള്ള അസൗകര്യം സംസ്ഥാന സർക്കാരിനെ അറിയിച്ചു. ഡിഎംആർസി  തുടരണമെന്ന്‌  മന്ത്രി ജി സുധാകരൻ ആവശ്യപ്പെട്ടെങ്കിലും  സാധിക്കാത്ത സാഹചര്യമാണ്‌. സുപ്രീംകോടതി അനുമതി നൽകിയെങ്കിലും നിർമാണജോലികൾ തുടങ്ങാൻ നാലുമാസംകൂടി കാത്തിരിക്കേണ്ടിവരുമെന്നും ഇ ശ്രീധരൻ പറഞ്ഞു.

No comments:

Post a Comment