Tuesday, September 22, 2020

കേന്ദ്രസർക്കാർ പാസാക്കിയ കർഷകദ്രോഹ നിയമങ്ങൾക്കെതിരെ പ്രതിഷേധം കത്തുന്നു; പ്രമുഖ കർഷക നേതാക്കൾ പ്രതികരിക്കുന്നു

 രാജ്യത്തെ കർഷകരെ കോർപറേറ്റുകളുടെ ചൂഷണത്തിന്‌ എറിഞ്ഞുകൊടുക്കുന്ന പുതിയ കർഷക നിയമങ്ങൾക്കെതിരെ പ്രതിഷേധം കത്തുന്നു. പാർലമെന്റിനെ പോലും ബന്ദിയാക്കി കേന്ദ്രസർക്കാർ പാസാക്കിയ കർഷകദ്രോഹ നിയമങ്ങൾക്കെതിരെ സംസ്ഥാനത്തെ പ്രമുഖ കർഷക നേതാക്കൾ പ്രതികരിക്കുന്നു...


റബറിന്റെ ഗതി മറ്റുള്ളവയ്‌ക്കും

ഗ്രാമീണ കർഷകരെ കോർപറേറ്റുകൾക്ക് തീറെഴുതിക്കൊടുക്കുന്ന ബിൽ കാർഷിക മേഖലയ്ക്ക് വൻ പ്രഹരമേൽപ്പിക്കും. കർഷകരെ പിഴിയുന്ന മറ്റൊരു ഈസ്റ്റ് ഇന്ത്യ കമ്പനിയാണ് രാജ്യത്ത് രൂപംകൊള്ളുക.  എഫ്‌സിഐ  കാർഷികോത്പ്പന്ന സംഭരണം  നിർത്തും. കോർപ്പറേറ്റുകൾ നിശ്ചയിക്കുന്ന വിലയ്ക്ക് ഉൽപന്നം വിൽക്കേണ്ടി വരും. റബറിന്റെ ഗതി ധാന്യങ്ങൾ ഉൾപ്പെടെ എല്ലാ ഉൽപന്നങ്ങൾക്കുമുണ്ടാകും. ഇടനിലക്കാർ പെരുകും. പച്ചക്കറി, ധാന്യ സംഭരണ മേഖലയിൽ അനേകരുടെ തൊഴിൽ നഷ്ടവുമുണ്ടാകും.

ഷെവലിയാർ അഡ്വ. വി സി സെബാസ്റ്റ്യൻ

ഇൻഫാം സെക്രട്ടറി ജനറൽ

ചെറുകിട കർഷകർ അപകടത്തിലാകും

കാർഷികരാജ്യമായ ഇന്ത്യയിൽ മഹാഭൂരിപക്ഷം വരുന്ന ചെറുകിട, നാമമാത്ര കർഷകർക്ക് വലിയ ശ്രദ്ധയും പരിഗണനയും നൽകണം. എന്നാൽ, അവരുടെ നിലനിൽപ്പ് അപകടത്തിലാക്കുന്നതാണ് പുതിയ കാർഷിക ബിൽ എന്ന് സംശയമുണ്ട്‌

ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരയ്‌ക്കൽ

ഹൈറേഞ്ച് സംരക്ഷണ സമിതി ജനറൽ കൺവീനർ

കേന്ദ്ര കാര്‍ഷികബില്‍ കുത്തകകള്‍ക്കുവേണ്ടി

കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾ നടപ്പായാൽ രാജ്യത്തെ കർഷകർ കുത്തുപാളയെടുക്കും. കാർഷിക മേഖലയിൽ കോർപറേറ്റുകളുടെ നീരാളിപ്പിടിത്തത്തിന് വഴിയൊരുക്കും.  താങ്ങുവില ഇല്ലാതാകും. കോർപറേറ്റ്  ഭക്ഷ്യവസ്തുക്കൾ ശേഖരിച്ച്‌ കൃത്രിമക്ഷാമം ഉണ്ടാക്കി ലാഭം കൊയ്യും. സംസ്ഥാന സർക്കാരുകൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല. ഇന്ത്യ കാണാനിരിക്കുന്നത്‌ വൻ വിപത്താണ്. രാജ്യത്തെ കർഷക സമരങ്ങൾക്ക് എല്ലാ പിന്തുണയും അറിയിക്കുന്നു.

കെ കെ കൊച്ചുമുഹമ്മദ്

കോൾ കർഷകസംഘം ജില്ലാ പ്രസിഡന്റ്, കെപിസിസി ട്രഷറർ

വയനാടൻ കാർഷികമേഖല തകരും

കേന്ദ്രസർക്കാരിന്റെ കാർഷിക ബിൽ വ്യവസ്ഥകൾ നടപ്പായാൽ വയനാട്ടിലെ കാർഷിക രംഗം തകരും. താങ്ങുവില പ്രഖ്യാപിക്കപ്പെടാത്ത കുരുമുളക്, ഇഞ്ചി തുടങ്ങിയ കാർഷികോൽപ്പന്നങ്ങൾ കോർപറേറ്റ് ഏജൻസികൾ കർഷകരിൽ നിന്ന് തുച്ഛവിലയ്‌ക്ക് വാങ്ങി കമ്പോളത്തിൽ ഉയർന്ന വിലയ്‌ക്ക് വിറ്റ് കൊള്ളലാഭമുണ്ടാക്കും.  കർഷകർക്ക് ഒരു പ്രയോജനവും ലഭിക്കില്ല. കർഷകദ്രോഹ നടപടിക്കെതിരെ എല്ലാവരും സമരരംഗത്തിറങ്ങണം.

സാബു മരോട്ടിമൂട്ടിൽ

മുൻ ജില്ലാ ചെയർമാൻ ഫാർമേഴ്‌സ് റിലീഫ് ഫോറം

അന്നംകൊടുക്കുന്നവരെ അറുത്തുമാറ്റുന്നു

രാജ്യത്തെ സാധാരണക്കാരന് അന്നം കൊടുക്കുന്നവരെ അറുത്തുമാറ്റുന്നതാണ് കേന്ദ്രസർക്കാരിന്റെ പുതിയ കാർഷിക ബിൽ. കൃഷിയിടങ്ങൾ കുത്തകകൾക്ക് തീറെഴുതി നൽകുന്നതാണിത്. കർഷകരെ കൊടിയ ദുരിതത്തിലേക്ക് തള്ളിവിടുന്ന ബില്ലിനെതിരെ മുഴുവൻ കർഷകസംഘടനകളും ഒന്നിച്ച് പ്രക്ഷോഭത്തിനിറങ്ങണം.

കെ കെ ജോർജ് കാക്കശേരി

മലയോര സംരക്ഷണസമിതി ജില്ലാ കൺവീനർ

കര്‍ഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നത്

ബിൽ സാധാരണക്കാരായ കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടും. സ്വതന്ത്രമായി ഉൽപ്പാദിപ്പിച്ച്  ഉൽപ്പന്നങ്ങൾ വിൽക്കാനുള്ള കർഷകന്റെ അവസരമാണ്  നഷ്ടമാകുക.  കർഷകർ മാനസികമായി തകരും.   ഉൽപ്പാദനം കുത്തനെ താഴോട്ടുപോകും.   എന്തുവിലകൊടുത്തും എതിർക്കണം.

എൻ കെ സുബ്രഹ്മണ്യൻ

അഖിലേന്ത്യാ കിസാൻസഭാ സംസ്ഥാന സെക്രട്ടറി

അടിത്തറ തോണ്ടും

കേന്ദ്ര സർക്കാരിന്റെ കൃഷി വാണിജ്യവൽക്കരണ നയം ഇന്ത്യയുടെ അടിത്തറതോണ്ടും. അംബാനിമാരും അദാനിമാരും ഉൾപ്പെടെയുള്ള കോർപ്പറേറ്റുകളുടെ അടിമകളായി ഇന്ത്യൻ കർഷകർ മാറും.

കർഷകനെ അവന്റെ ഭൂമിയിലെ കൂലിക്കാരനായി മാറ്റുന്നതാണ്‌ ഈ കരിനിയമം.

ജോസ്‌ ചെമ്പേരി  

സംസ്ഥാന ജനറൽ സെക്രട്ടറി  കേരള കോൺഗ്രസ്‌(ബി)

കോർപറേറ്റുകൾക്ക് തീറെഴുതുന്നു

ഗ്രാമീണ കർഷകരെ കോർപ്പറേറ്റുകൾക്ക് തീറെഴുതി കൊടുക്കാനുള്ള ഗൂഢനീക്കമാണിത്. റബർ കൃഷിക്ക് സംഭവിച്ചതുപോലെയുള്ള തകർച്ച എല്ലാ മേഖലയിലും ഉണ്ടാകും. കൃഷിക്കാരുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ബില്ലിനെതിരെ കൂട്ടായ സമരം ഉയരണം.

-ബേബി പാറക്കാടൻ

പ്രസിഡന്റ് കേരള സംസ്ഥാന നെൽ ‐നാളികേര കർഷക ഫെഡറേഷൻ

ബ്രിട്ടീഷ് ഭരണത്തിന്‌ തുല്യം

കർഷകരെ ബ്രിട്ടീഷ് ഭരണകാലത്തെ ദുരിതത്തിലേക്ക് തള്ളിവിടുന്നതാണ് കേന്ദ്രസർക്കാരിന്റെ പുതിയ കാർഷികബിൽ. ബ്രിട്ടീഷ്ഭരണം ചമ്പാരനിലെ കർഷകരോട്‌ എടുത്ത സമീപനത്തിന്‌ സമാനമാണിത്‌.‌ ഏതുവിള കൃഷിചെയ്യണമെന്ന കർഷകന്റെ മൗലികാവകാശം ഇല്ലാതാക്കി കുത്തകകൾക്ക് അവസരമൊരുക്കുന്നതാണ് പുതിയ ബിൽ.

വിൻസെന്റ് പുത്തൂർ

കിസാൻ ജനത സംസ്ഥാന സെക്രട്ടറി

കർഷകർ ഓർമയാകും

കോവിഡിന്റെ മറവിൽ കാർഷിക മേഖല കോർപറേറ്റുകൾക്ക്‌ തീറെഴുതാനുള്ള ശ്രമത്തെ സർവശക്തിയും ഉപയോഗിച്ച്‌ ചെറുക്കും.   കൃഷി വേണം, കൃഷിക്കാരനെ വേണ്ട എന്നതാണ്‌ കേന്ദ്ര സർക്കാരിന്റെ നിലപാട്‌. കുത്തകകൾക്ക്‌ പാട്ടത്തിന്‌ കൊടുക്കുന്ന ഭൂമി പിന്നീട്‌ തിരിച്ച് കിട്ടുമോയെന്നുപോലും ഉറപ്പില്ല.  

എ ഭാസ്‌കരൻ

കിസാൻ ജനത സംസ്ഥാന എക്സിക്യൂട്ടീവ് അം​ഗം

കുറുക്കനെ കോഴി ഏൽപ്പിച്ചതുപോലെ

കർഷകരെ അദാനിയ്ക്കും ബിർളയ്ക്കും റിലയൻസിനും അടിയറവയ്ക്കാനുള്ള ബിജെപി സർക്കാരിന്റെ നീക്കം കോഴിയെ സംരക്ഷിക്കാൻ കുറുക്കനെ ഏൽപ്പിക്കുന്നതുപോലെയാണ്‌.‌ ഗാട്ട്, ആസിയൻ കരാറുകളുടെ അനുഭവം മുന്നിലുണ്ട്‌.   ഇറക്കുമതി തീരുവ വെട്ടിക്കുറച്ച്‌ കാർഷികോൽപ്പന്നങ്ങൾ യഥേഷ്ടം ഇറക്കുമതി ചെയ്യുന്നതിനും കടുത്ത വിലത്തകർച്ചയ്ക്കും കുത്തകകളുടെ കൊള്ളലാഭത്തിനുമാണ്‌ സാഹചര്യമൊരുങ്ങിയത്‌. പുതിയ ബില്ലുകൾ സ്ഥിതി കൂടുതൽ രൂക്ഷമാക്കും.

പി ടി ജോസ്

സംസ്ഥാന ജനറൽ സെക്രട്ടറി  കേരള കോൺഗ്രസ്‌(എം)

No comments:

Post a Comment