Wednesday, September 23, 2020

കരുത്താണിന്നും നനവൂറുന്ന ഓർമകൾ ; ധീര രക്ഷസാക്ഷി അഴീക്കോടൻ രാഘവന്റെ ഓർമയിൽ ഭാര്യ മീനാക്ഷിടീച്ചർ

 കണ്ണൂർ: ‘‘എല്ലാവരോടും സ്നേഹമായിരുന്നു സഖാവിന്.... ’’ സംസാരിക്കാൻ പ്രയാസമുണ്ടെങ്കിലും മീനാക്ഷിടീച്ചർ നിർത്താതെ പറയാൻ ശ്രമിച്ചത് അഴീക്കോടൻ രാഘവൻ എന്ന ധീരവിപ്ലവകാരിയോടൊപ്പമുള്ള  ജീവിതമായിരുന്നു. ഓരോ സെപ്തംബർ 23 കടന്നുവരുമ്പോഴും ഓർമകൾ തിരയടിച്ചെത്തും. 

അഴീക്കോടനൊപ്പം 16 വർഷവും അദ്ദേഹത്തിന്റെ ഓർമകളിൽ ശേഷിച്ച 48 വർഷവും ജീവിച്ച മീനാക്ഷിടീച്ചർക്ക് അദ്ദേഹം ഇന്നും സ്നേഹിച്ചുകൊതി തീരാത്ത ഭർത്താവാണ്. എല്ലാ ആഴ്ചകളിലും മുടങ്ങാതെ സ്നേഹത്തിന്റെ മധുരം കലർന്ന അക്ഷരങ്ങളുമായി  അഴീക്കോടന്റെ കത്തുകൾ ടീച്ചറുടെ കൈകളിലെത്തിയിരുന്നു. അഴീക്കോടൻ കൊല്ലപ്പെട്ട ദിവസവും അത്തരമൊരു കത്ത് ടീച്ചർക്ക് കിട്ടിയിരുന്നു. രണ്ടുദിവസംമുമ്പ് സിപിഐ എം തൃശൂർ ജില്ലാ കമ്മിറ്റിയുടെ ലെറ്റർ പാഡിൽ എഴുതിയ കത്തായിരുന്നു അത്. സ്‌നേഹമയിയായ ഭർത്താവിന്റെ, അച്ഛന്റെ അകം വെളിവാക്കുന്ന ആ കത്ത്‌ ടീച്ചർ ഇന്നും സൂക്ഷിക്കുന്നു.  

സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം, പ്രതിപക്ഷ ഏകോപന സമിതി സംസ്ഥാന കൺവീനർ എന്നീ നിലയിൽ കേരളമാകെ നിറഞ്ഞുനിന്നു പ്രവർത്തിക്കവെ, 1972 സെപ്തംബർ 23ന് രാത്രിയിലാണ്‌ അഴീക്കോടൻ തൃശൂർ ചെട്ടിയങ്ങാടിയിൽ  കൊല്ലപ്പെടുന്നത്. കെഎസ്‌ആർടിസി ബസ്സിറങ്ങി താമസസ്ഥലമായ പ്രീമിയർ ലോഡ്‌ജിലേക്കു നടന്നുപോകുമ്പോൾ മാരകായുധങ്ങളുമായെത്തിയ അക്രമിസംഘം കുത്തിവീഴ്ത്തുകയായിരുന്നു. ഇടതുപക്ഷ തീവ്രവാദികളായ ഒരുസംഘമാളുകൾ കോൺഗ്രസ് സഹായത്തോടെയാണ് കൃത്യം ആസൂത്രണംചെയ്ത് നടപ്പാക്കിയത്. 

തട്ടിൽ എസ്‌റ്റേറ്റുമായി ബന്ധപ്പെട്ട്‌ അന്നത്തെ ആഭ്യന്തരമന്ത്രി കെ കരുണാകരനെതിരെ ഉയർന്ന അഴിമതി ആരോപണം കേരളത്തെ ഇളക്കിമറിച്ച കാലം. അഴിമതി പുറത്തുകൊണ്ടുവന്ന നവാബ്‌ രാജേന്ദ്രൻ,  സുപ്രധാന തെളിവായി ചോർത്തിയെടുത്ത കത്ത്‌ അഴീക്കോടനെ ഏൽപ്പിച്ചിരുന്നു. അത്‌ അദ്ദേഹത്തെ നോട്ടപ്പുള്ളിയാക്കി. കത്ത്‌ കൈക്കലാക്കാൻ തൃശൂരിൽനിന്ന്  പൊലീസ് കണ്ണൂരിലെ വീട്ടിലെത്തിയ രാത്രി ഇന്നും ടീച്ചറുടെ ഓർമയിലുണ്ട്.

നിനച്ചിരിക്കാതെയുണ്ടായ അഴീക്കോടന്റെ വേർപാടിനെ അത്രയുംകാലത്തെ സ്നേഹനിർഭരമായ ജീവിതത്തിന്റെ കരുത്തിലാണ് ടീച്ചർ അതിജീവിച്ചത്. പറക്കമുറ്റാത്ത അഞ്ചു മക്കളും രണ്ടു പേരുടെയും അമ്മമാരും അടങ്ങുന്ന കുടുംബത്തിന്റെ ഉത്തരവാദിത്തം അധ്യാപനജോലിയുടെ പിന്തുണയിൽ മീനാക്ഷി ടീച്ചർ നിർവഹിച്ചു. പാർടിയുടെ അകമഴിഞ്ഞ സഹായവും അവർ എടുത്തുപറയുന്നു. 

ദേഹാസ്വാസ്ഥ്യം കാരണം കുറച്ചുനാൾ ആശുപത്രിയിലായിരുന്നു.  കഴിഞ്ഞദിവസമാണ്‌ ഡിസ്‌ചാർജു‌ചെയ്‌ത്‌ വീട്ടിലെത്തിയത്‌. സഖാവിന്റെ ഓർമകൾ പകരുന്ന കരുത്തിലാണ് പള്ളിക്കുന്ന്‌ അഴീക്കോടൻ നിവാസിൽ മീനാക്ഷിടീച്ചർ കഴിയുന്നത്.

അഴീക്കോടൻ ദിനം ഇന്ന്‌

അഴീക്കോടൻ രാഘവൻ രക്തസാക്ഷി ദിനം ബുധനാഴ്‌ച സിപിഐ എം നേതൃത്വത്തിൽ  ആചരിക്കും. പാർടി ഓഫീസുകളിലും ബ്രാഞ്ചുകളിലും പ്രഭാത ഭേരിയോടെ പതാക ഉയർത്തും. കോവിഡ്‌ മാനദണ്ഡം പാലിച്ച്‌ രാവിലെ ഒമ്പതിന്‌ കണ്ണൂർ പയ്യാമ്പലത്തെ സ്‌മൃതിമണ്ഡപത്തിൽ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ   നേതൃത്വത്തിൽ പുഷ്‌പാർച്ചനയുണ്ടാകും.

No comments:

Post a Comment