Monday, September 28, 2020

66 എ ഉണ്ടായിരുന്നെങ്കില്‍ എന്ന് വാദിക്കുന്നവരോട്..

 ഐ ടി ആക്ടിലെ 66 എ വകുപ്പ് പുന:സ്ഥാപിക്കണമെന്ന്ചിലര്‍ ഉയര്‍ത്തുന്ന ആവശ്യത്തെപ്പറ്റി മുന്‍ രാജ്യസഭാംഗവും ദേശാഭിമാനി ചീഫ് എഡിറ്ററുമായ പി രാജീവ് എഴുതുന്നു. ഫേസ്ബുക്ക് പോസ്റ്റില്‍ നിന്ന്:

 സ്ത്രീകൾക്ക് നേരെ സൈബറിടങ്ങളിൽ നടക്കുന്ന കടന്നാക്രമണങ്ങളെ സംബന്ധിച്ച ചർച്ചയിൽ ഐടി ആക്ടിലെ സെഷൻ 66 A ഉടൻ പുന:സ്ഥാപിക്കണമെന്ന് ചിലർ ആവശ്യപ്പെടുന്നതു കണ്ടു. സെഷൻ 66 A റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പാർലമെണ്ടിൽ പ്രമേയം അവതരിപ്പിച്ച ആളെന്ന നിലയിൽ ഒരു കാര്യം വ്യക്തമാക്കേണ്ടത് ഉത്തരവാദിത്തമായി കരുതുന്നു  . സെഷൻ 66 A ഇപ്പോഴും ഉണ്ടായിരുന്നെങ്കിൽ ഇന്നത്തെ ഇന്ത്യയിൽ ട്വിറ്ററും ഫേസ് ബുക്കും ഉപയോഗിക്കുന്ന മിക്കവരും ജയിലിനകത്തായിരുന്നേനെ. കോർട്ടലക്ഷ്യ കേസൊന്നും ആവശ്യമില്ലാതെ തിഹാർ ജയിലിലേക്ക് അയക്കാൻ എളുപ്പത്തിൽ കഴിയുമായിരുന്നു. 

എങ്ങനെയും വ്യാഖ്യാനിക്കാവുന്ന വാക്കുകളാണ് 66 A യിൽ ഉപയോഗിച്ചിരിക്കുന്നതെന്നും അത് ഭരണഘടനയിൽ 19 (2) ലെ യുക്തിപരമായ നിയന്ത്രണങ്ങൾക്ക് പുറത്താണെന്നും അതുകൊണ്ട് റദ്ദാക്കണമെന്നുമായിരുന്നു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരുന്നത്. പിന്നീട് സുപ്രീം കോടതി ഇത് ശരിവെയ്ക്കുകയും ഭരണഘടന വിരുദ്ധമാണെന്ന് പ്രഖ്യാപിക്കുകയും  ചെയ്തു

ബാൽ താക്കറേയുടെ നിര്യാണത്തെ തുടർന്ന് ഹർത്താൽ പ്രഖ്യാപിച്ചതിനെ വിമർശിച്ച് ഫേസ് ബുക്കിൽ പോസ്റ്റിട്ട യുവതിയേയും അത് ലൈക്ക് ചെയ്ത സുഹൃത്തിനെയും അറസ്റ്റ് ചെയ്ത് ജയിലിലടക്കാൻ സെഷൻ 66 A ധാരാളമായിരുന്നു. മമത ബാനർജിയെ വിമർശിച്ച കാർട്ടൂൺ ഷെയർ ചെയ്ത ജാദവ്പൂർ സർവ്വകലാശാലയിലെ പ്രൊഫസറിനെ ജയിലിലേക്ക് അയക്കാനും സെഷൻ 66 A മതിയായിരുന്നു. ഇങ്ങനെയെത്രയോ അനുഭവങ്ങൾ. 

2008 ലാണ് ചർച്ചകളൊന്നും കൂടാതെ ഐ ടി ആക്ട് ഭേദഗതി ചെയ്ത് 66 A കൂട്ടി ചേർത്തത്.വേണ്ടത്ര ആലോചനയില്ലാതെയായിരുന്നതു കൊണ്ട് കുറ്റകൃത്യങ്ങൾ മൂർത്തമായി നിർവചിക്കാതെ പോയി.  ഇത് റദ്ദാക്കപ്പെട്ടതോടെ യുക്തിപരമായ നിയന്ത്രണങ്ങളെ കൂടി അഭിസംബോധന ചെയ്യുന്ന നിയമം ഇല്ലാതായി എന്നത് ശരിയാണ് . ഭരണഘടനാനുസ്യതമായി നിയതമായ നിർവചനങ്ങളോടെ ഭേദഗതി ഐ ടി നിയമത്തിന് കൊണ്ടുവരേണ്ടതുണ്ട്. ഒപ്പം സമീപകാല മാറ്റങ്ങളെ ഉൾക്കൊള്ളുകയും വേണം.

എന്നാൽ 66 A ഇല്ലാതായതോടെ അശ്ലീല പോസ്റ്റുകൾ കുറ്റകരമല്ലാതായി എന്നത് തെറ്റാണ്. ഐ ടി നിയമത്തിലെ സെഷൻ 67 പ്രകാരം അശ്ലീല പോസ്റ്റുകളും മെയിലുകളും മറ്റും അയക്കുന്നത് 3 വർഷം ശിക്ഷ കിട്ടാവുന്ന കുറ്റമാണ്. വാട്ട്സാപ്പ് ഗ്രൂപ്പുകൾ പൊതു ഇടമാണെന്ന് അഹമ്മദബാദ് ഹൈക്കോടതി വിധിയും പ്രസക്തം.

സൈബറിടങ്ങളെ എന്തിനും ഉപയോഗിക്കുന്നവരെ ശിക്ഷിക്കാൻ കരുത്തുള്ള നിയമം വേണം, ഒപ്പം വിയോജിക്കാനുള്ള അവകാശം സംരക്ഷിക്കപ്പെടുകയും വേണം

പി രാജീവ്

No comments:

Post a Comment