Monday, September 21, 2020

പോരാടി പ്രതിപക്ഷം ; നയിച്ചത്‌ ഇടതുപക്ഷം ; ഉയർത്തിയത്‌ കർഷകശബ്​ദമെന്ന് ഇടത്‌ എംപിമാർ

 കര്‍ഷകദ്രോഹ ബില്ലുകൾക്കെതിരെ പ്രതിപക്ഷം രാജ്യസഭയിൽ കാഴ്‌ചവച്ചത്‌ ഐതിഹാസിക പോരാട്ടം. കോർപറേറ്റുകൾക്കായി ഏതറ്റംവരെയും പോകാൻ മടിക്കാത്ത മോഡി സർക്കാർ സഭാധ്യക്ഷന്‌ ചുറ്റും മാർഷലുകളെ അണിനിരത്തിയാണ്‌ ബില്ലുകൾ ശബ്‌ദവോട്ടോടെ പാസാക്കിയതായി പ്രഖ്യാപിച്ചത്‌‌.  അകാലിദൾ, ടിആർഎസ്‌, എഐഡിഎംകെ തുടങ്ങിയ കക്ഷികൾ ബില്ലിനെതിരായതോടെ  വോട്ടിനിട്ടാല്‍ ബിൽ അനിശ്‌ചിതത്വത്തിലാകുമെന്ന്‌‌ സർക്കാരിന്‌ ബോധ്യപ്പെട്ടതോടെയാണിത്.

രാജ്യസഭയുടെ സമയം പകൽ ഒന്നുവരെയാണ്‌ തീരുമാനിച്ചിരുന്നത്‌. ഈ ഘട്ടത്തിൽ ചർച്ച പൂർത്തിയായതേയുള്ളൂ. നിശ്‌ചിത സമയത്തിനുശേഷം സഭ നീട്ടണമെങ്കിൽ അംഗങ്ങളുടെ അനുമതി തേടണം‌. അത്‌ ചെയ്യാതെ കൃഷിമന്ത്രിയെ മറുപടിക്കായി ഉപാധ്യക്ഷൻ ക്ഷണിച്ചു. മറുപടി അടുത്ത ദിവസത്തേക്ക്‌ മാറ്റണമെന്ന ആവശ്യം നിരാകരിക്കപ്പെട്ടതോടെ പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചു. കെ കെ രാഗേഷ്‌ കൊണ്ടുവന്ന നിരാകരണ പ്രമേയം വോട്ടിനിടണമെന്ന ആവശ്യം നിരസിച്ച ഉപാധ്യക്ഷൻ, ശബ്‌ദവോട്ടോടെ പ്രമേയം തള്ളിയതായി പ്രഖ്യാപിച്ചു. ബില്ലുകൾ സെലക്ട്‌ കമ്മിറ്റിക്ക്‌ വിടണമെന്ന നോട്ടീസും ശബ്‌ദവോട്ടിൽ തള്ളുന്നതായി പ്രഖ്യാപിക്കപ്പെട്ടു.  സിപിഐ എം സഭാനേതാവ്‌ എളമരം കരീം, കെ കെ രാഗേഷ്‌ തുടങ്ങിയവർ സമർപ്പിച്ച പത്തിലേറെ ഭേദഗതികളും തള്ളിയതായി പ്രഖ്യാപിച്ചു. ഇതോടെ  പ്രതിപക്ഷാംഗങ്ങൾ കൂട്ടത്തോടെ നടുത്തളത്തിലിറങ്ങി. ഗ്യാലറിയിലായിരുന്ന കെ കെ രാഗേഷ്‌ അടക്കമുള്ളവർ നടുത്തളത്തിലേക്ക്‌ ഓടിയെത്തി. എംപിമാരെ ജീവനക്കാർ തള്ളി. രാഗേഷ്‌, കോൺഗ്രസ്‌ അംഗം റിപുൻ ബോറ, എഎപിയുടെ സഞ്‌ജയ്‌ സിങ്‌ തുടങ്ങിയവർ സുരക്ഷാജീവനക്കാരുടെ തള്ളിൽ നിലത്തുവീണു. ബഹളത്തിനിടയിലും സഭാനടപടികൾ തുടർന്ന ഉപാധ്യക്ഷൻ ശബ്‌ദവോട്ടിൽ ബില്ലുകൾ പാസായതായി പ്രഖ്യാപിച്ചു. ഇതോടെ പ്രതിപക്ഷം നടുത്തളത്തിൽ കുത്തിയിരുന്നു. അംഗങ്ങളുടെ പ്രതിഷേധത്തെ തുടർന്ന്‌ മൂന്നിന്‌ ചേരേണ്ട ലോക്‌സഭാ സമ്മേളനം വൈകി.

നയിച്ചത്‌ ഇടതുപക്ഷം

രാജ്യസഭയിൽ കർഷകദ്രോഹ ബില്ലുകൾക്കെതിരായ പ്രതിപക്ഷ പ്രതിഷേധം മുന്നിൽനിന്ന്‌ നയിച്ച്‌‌ ഇടതുപക്ഷം.  കേന്ദ്ര നീക്കത്തിനെതിരെ പ്രതിപക്ഷത്തെ ഏകോപിപ്പിക്കാന്‍ കോൺഗ്രസ്‌ പരാജയപ്പെട്ടപ്പോൾ അതിനെ മറികടന്നത്‌ ഇടതുപക്ഷത്തിന്റെ ഇടപെടൽ. ചട്ടപ്രകാരമുള്ള ഇടപെടലുകൾക്കും പ്രതിഷേധത്തിനും ഒരുപോലെ നേതൃത്വം നൽകുന്നതിൽ ഇടതുപക്ഷം വിജയിച്ചു. കേന്ദ്ര മന്ത്രിസഭായോഗം നേരത്തെ പാസാക്കിയ ഓർഡിനൻസുകൾക്ക്‌ പകരമായുള്ള രണ്ട്‌ ബില്ലാണ്‌ ഞായറാഴ്‌ച സഭ പരിഗണിച്ചത്‌. ഓർഡിനൻസ്‌ മാർഗത്തിലൂടെ നിയമനിർമാണം കൊണ്ടുവന്നതിനെതിരായി സിപിഐ എം രാജ്യസഭാ നേതാവ്‌ എളമരം കരീം, കെ കെ രാഗേഷ്‌, ബിനോയ്‌ വിശ്വം എന്നിവർ നിരാകരണ പ്രമേയം കൊണ്ടുവന്നിരുന്നു. ഇതുകൂടാതെ ബില്ലുകൾ സെലക്ട്‌ കമ്മിറ്റിക്ക്‌ വിടണമെന്ന്‌ ആവശ്യപ്പെട്ടുള്ള നോട്ടീസും ഇടതുപക്ഷാംഗങ്ങൾ നൽകി. രണ്ട്‌ ബില്ലിലുമായി 11 ഭേദഗതി നിർദേശവും സമർപ്പിച്ചു.

ഒരു മണിക്ക്‌ സഭ പിരിയാതെ മന്ത്രിയെ മറുപടി‌ക്ക്‌ ക്ഷണിച്ചപ്പോൾതന്നെ ബില്ലുകൾ ഏകപക്ഷീയമായി പാസാക്കാനുളള നീക്കത്തിലാണ്‌ കേന്ദ്രമെന്ന്‌ ബോധ്യപ്പെട്ടു. നിരാകരണ പ്രമേയത്തിൽ സംസാരിക്കെ സർക്കാർ നീക്കത്തെ രാഗേഷ്‌ നിശിതമായി വിമർശിച്ചു. പ്രമേയം വോട്ടിനിടണമെന്നും ആവശ്യപ്പെട്ടു. എന്നാൽ, ശബ്‌ദവോട്ടിൽ പ്രമേയം തള്ളിയതായി ഉപാധ്യക്ഷൻ ഹരിവംശ്‌ പ്രഖ്യാപിച്ചതോടെ സഭാതലം പ്രക്ഷോഭവേദിയാക്കാൻ മുന്നിട്ടിറങ്ങിയതും ഇടതുപക്ഷ അംഗങ്ങൾ.

ഉയർത്തിയത്‌ കർഷകശബ്​ദം:‌ ഇടത്‌ എംപിമാർ

രാജ്യത്തെ ലക്ഷക്കണക്കിന്‌ കർഷകരുടെ വികാരമാണ് രാജ്യസഭയിൽ പ്രതിപക്ഷ പാർടികൾ ഒറ്റക്കെട്ടായി ഉന്നയിച്ചതെന്ന് സിപിഐ എം കക്ഷിനേതാവ് എളമരം കരീം വാർത്താസമ്മേളനത്തിൽ പറഞ്ഞു. സഭാചട്ടങ്ങളെല്ലാം ലംഘിച്ചും പ്രതിപക്ഷാംഗങ്ങളെ കൈയേറ്റം ചെയ്തും അടിച്ചമർത്തി മുന്നോട്ടുപോകാനാണ് കേന്ദ്രസർക്കാർ ശ്രമം. ചട്ടപ്രകാരം സഭാനടപടികൾ കൊണ്ടുപോകുന്നതിൽ ഉപാധ്യക്ഷൻ പരാജയപ്പെട്ടു. അദ്ദേഹത്തിനെതിരായി അവകാശലംഘന നോട്ടീസ്‌ സെക്രട്ടറി ജനറലിന്‌ സമർപ്പിച്ചു. നോട്ടീസിന്മേൽ ചർച്ചചെയ്‌ത്‌ തീരുമാനമെടുക്കണം. അതുവരെ അധ്യക്ഷപദവിയിൽ അദ്ദേഹം ഇരിക്കാൻ പാടില്ല. പിഡിഎസ്‌ സംഭരണത്തിൽ വരുന്ന നഷ്ടം സംസ്ഥാനങ്ങൾ നികത്തണമെന്നാണ്‌ ബില്ലിൽ പറയുന്നത്‌. പൊതുവിതരണത്തിനായി ഗോതമ്പും അരിയും സംഭരിക്കുക വഴി 293.21 കോടിയുടെ നഷ്ടം വന്നിട്ടുണ്ട്‌. ഇതെങ്ങനെയാണ്‌ സംസ്ഥാനങ്ങൾക്ക്‌ നികത്താനാകുക–- എളമരം കരീം ചോദിച്ചു. ബിനോയ് വിശ്വം, കെ കെ രാഗേഷ്, എം വി ശ്രേയാംസ്‌കുമാർ എന്നിവരും പങ്കെടുത്തു.

എം പ്രശാന്ത്‌ 

താന്തോന്നിത്തം ; കർഷകദ്രോഹ ബില്ലുകളിൽ വോട്ടെടുപ്പില്ല ; വീറോടെ പൊരുതി പ്രതിപക്ഷം

കർഷകദ്രോഹബില്ലുകളിന്മേൽ രാജ്യസഭയിൽ വോട്ടെടുപ്പ്‌ നിഷേധിച്ചു. ബില്ലുകളുടെ നിരാകരണപ്രമേയവും വിശദ പരിശോധനയ്‌ക്ക്‌ സെലക്ട്‌ കമ്മിറ്റിക്ക്‌ വിടണമെന്ന പ്രതിപക്ഷആവശ്യവും ശബ്ദവോട്ടോടെ തള്ളി. വോട്ടിനിടാതെ ബില്ലുകൾ പാസാക്കിയതായി പ്രഖ്യാപിച്ചതിൽ പ്രതിഷേധിച്ച്‌ പ്രതിപക്ഷഅംഗങ്ങൾ നടുത്തളത്തിൽ ഇറങ്ങി. പിന്തുണയ്‌ക്കുമെന്ന്‌ സർക്കാർ പ്രതീക്ഷിച്ച കക്ഷികൾ അടക്കം ബില്ലുകളെ തള്ളിപ്പറഞ്ഞതോടെയാണ്‌ സഭയില്‍ ജനാധിപത്യഹത്യ അരങ്ങേറിയത്‌. 

പ്രതിഷേധം നേരിടാൻ വൻതോതിൽ സുരക്ഷാഉദ്യോഗസ്ഥരെ വിന്യസിച്ചു. ജനാധിപത്യ അവകാശങ്ങൾ നിഷേധിച്ച രാജ്യസഭാ ഉപാധ്യക്ഷൻ ഹരിവംശ്‌നാരായൺ സിങ്ങിനെതിരെ പ്രതിപക്ഷം അവിശ്വാസനോട്ടീസ്‌ നൽകി. കാർഷികോൽപ്പന്ന വ്യാപാര–-വാണിജ്യ  (പ്രോത്സാഹനവും സൗകര്യമൊരുക്കലും)ബിൽ, വില ഉറപ്പിനും കാർഷികസേവനങ്ങൾക്കും വേണ്ടിയുള്ള കർഷകശാക്തീകരണ, സംരക്ഷണ  ബിൽ എന്നിവയാണ്‌ തിരക്കിട്ട്‌ പാസാക്കിയെടുത്തത്‌.  കർഷകരെ കോർപറേറ്റ്‌ ചൂഷണത്തിനെറിഞ്ഞു കൊടുക്കുന്ന നിയമനിർമാണത്തിനെതിരെ പ്രക്ഷോഭം ശക്തിയാര്‍ജിക്കെയാണ് കേന്ദ്ര നടപടി.

ബില്ലുകൾക്കെതിരെ ഇടതുപക്ഷം നിരാകരണപ്രമേയ നോട്ടീസ്‌ നൽകി. സിപിഐ എം അംഗം കെ കെ രാഗേഷ്‌ പ്രമേയം അവതരിപ്പിച്ചു. കാർഷികമേഖലയെ പൂർണമായും കോർപറേറ്റുകൾക്ക്‌ തുറന്നുകൊടുക്കുന്ന ബില്ലുകളാണ്‌ സർക്കാരിന്റെതെന്ന്‌ രാഗേഷ്‌ പറഞ്ഞു.  

കോൺഗ്രസ്‌, തൃണമൂൽ കോൺഗ്രസ്‌, ഡിഎംകെ, എസ്‌പി, ടിആർഎസ്‌, ശിവസേന, എസ്‌എഡി, എഐഎഡിഎംകെ, ബിജെഡി, ആർജെഡി, എഎപി, എൻസിപി എന്നീ പാർടികളും ബിൽ നിലവിലെ രീതിയിൽ പാസാക്കുന്നതിനെ എതിർത്തു. എൻഡിഎ ഇതരകക്ഷികളിൽ വൈഎസ്‌ആർ കോൺഗ്രസ്‌ മാത്രമാണ് സർക്കാരിനോട്‌ ‌അനുഭാവം കാട്ടിയത്‌. ജനാധിപത്യത്തോടുള്ള ബിജെപിയുടെ പുച്ഛമാണ്‌ പ്രകടമായതെന്ന്‌ സിപിഐ എം രാജ്യസഭ കക്ഷിനേതാവ്‌ എളമരം കരീം പ്രതികരിച്ചു.

12ൽപരം പാർടികൾ എതിർത്തതോടെ ബില്ലുകൾ സഭയിൽ പരാജയപ്പെടുമെന്ന ഭയം സർക്കാരിന്‌ ഉണ്ടായിട്ടുണ്ടാകാമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വീറോടെ പൊരുതി പ്രതിപക്ഷം

ജനാധിപത്യ വിരുദ്ധമായി ബില്ലുകൾ പാസാക്കിയെടുക്കുന്നതിനെതിരെ രാജ്യസഭയിൽ പ്രതിഷേധം അലയടിച്ചു. സഭാധ്യക്ഷന്‌ ചുറ്റും വൻസുരക്ഷാവിന്യാസമൊരുക്കിയാണ്‌‌ പാസാക്കിയതായി പ്രഖ്യാപിച്ചത്‌‌. സഭാചരിത്രത്തിൽ ഇതാദ്യമായാണ്‌ വോട്ടെടുപ്പിനായുള്ള പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളുന്നത്‌‌.

എൻഡിഎ ഘടകകക്ഷിയായ അകാലിദൾ, പല വിഷയങ്ങളിലും പുറമെനിന്ന്‌ പിന്തുണ കൊടുക്കാറുള്ള ടിആർഎസ്‌, എഐഡിഎംകെ തുടങ്ങിയ കക്ഷികളും  പ്രതിപക്ഷത്തോടൊപ്പം അണിനിരന്നിരുന്നു. വോട്ടെടുപ്പ്‌ വന്നാൽ ബില്ലുകൾ അനിശ്‌ചിതത്വത്തിലാകുമെന്ന്‌ ഉറപ്പായി‌. നിശ്‌ചിത സമയത്ത്‌ നടപടിക്രമങ്ങൾ പൂർത്തിയാകാത്തതിനാൽ മന്ത്രിയുടെ മറുപടി അടുത്ത ദിവസത്തേക്ക്‌ മാറ്റണമെന്ന്‌ പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും ഉപാധ്യക്ഷൻ അനുവദിച്ചില്ല. ഇതോടെ പ്രതിഷേധം ആരംഭിച്ചു. ഉപാധ്യക്ഷന്‌ മുന്നിലെ മൈക്ക്‌ പ്രതിപക്ഷാംഗങ്ങൾ പിഴുതു. സെക്രട്ടറി ജനറലിന്റെ മേശയിലെ റൂൾബുക്കും മറ്റും ചീന്തിയെറിഞ്ഞു.  എംപിമാരെ ജീവനക്കാർ തള്ളി. രാഗേഷ്‌, കോൺഗ്രസ്‌ അംഗം റിപുൻ ബോറ എന്നിവർക്ക്‌ പരിക്കേറ്റു.

സംസ്ഥാനം എതിർത്തു; ഇനിയും എതിർക്കും

കേന്ദ്ര സർക്കാരിന്റെ കാർഷിക പരിഷ്കരണ ബില്ലുകൾക്കെതിരെ കേരളം ശക്തമായി പ്രതിഷേധം അറിയിച്ചിട്ടുണ്ടെന്ന്‌ കൃഷി മന്ത്രി വി എസ് സുനിൽകുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇനിയും പ്രതിഷേധം തുടരും. ഈ  ബില്ലുകൾ സംസ്ഥാനത്തുണ്ടാക്കുന്ന ആഘാതം പഠിക്കാൻ ആസൂത്രണ ബോർഡിനെ ചുമതലപ്പെടുത്തി. 30 നകം റിപ്പോർട്ട്‌ ലഭിക്കും.

വിഷയം ചർച്ച ചെയ്യാൻ കർഷക സംഘടനകളുടെ യോഗം വിളിക്കും. ബില്ലിനെ നിയമപരമായി നേരിടാൻ നിയമവകുപ്പിന്റെ ഉപദേശവും തേടിയിട്ടുണ്ട്. പഞ്ചാബ്, മഹാരാഷ്ട്ര, തമിഴ്നാട് സംസ്ഥാനങ്ങൾ ബില്ലുകളിൽ എതിർപ്പ്‌ അറിയിച്ചിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച്  പ്രതിഷേധിക്കാനാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു.

സാജൻ എവുജിൻ 

കർഷക പ്രക്ഷോഭം ശക്തം; റോഡുകൾ ഉപരോധിച്ചു

കാർഷിക ബില്ലുകൾക്കെതിരായ പ്രക്ഷോഭത്തെതുടർന്ന്‌ ഹരിയാനയിലും പഞ്ചാബിലും സംഘർഷം. ഒട്ടേറെ സ്ഥലത്ത്‌ പ്രക്ഷോഭകർക്കെതിരെ പൊലീസ്‌ ലാത്തിയും ജലപീരങ്കിയും പ്രയോഗിച്ചു. ഹരിയാനയിൽ ദേശീയപാതയും സംസ്ഥാന പാതകളും കർഷകർ മൂന്നു മണിക്കൂറോളം ഉപരോധിച്ചു. അയൽസംസ്ഥാനങ്ങളിൽനിന്നുള്ള പ്രക്ഷോഭകർ ഡൽഹിയിലേക്ക്‌ കടക്കുന്നത്‌ തടയാൻ അതിർത്തികളിൽ സുരക്ഷ ശക്തമാക്കി.ഹരിയാനയിൽ കർഷകർ ട്രാക്ടറുകളുമായി എത്തിയാണ്‌ റോഡ്‌ ഉപരോധിച്ചത്‌. പഞ്ചാബിൽനിന്ന്‌ ഡൽഹിയിലേക്ക്‌ ട്രാക്ടർ റാലി ആരംഭിച്ചു.

അച്ചടക്കനടപടി‌ക്ക്‌ നീക്കം

രാജ്യസഭയിൽ കർഷകദ്രോഹ ബില്ലുകൾക്കെതിരെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച പ്രതിപക്ഷ എംപിമാർക്കെതിരെ അച്ചടക്കനടപടിക്ക്‌ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. രാജ്യസഭാധ്യക്ഷൻ വെങ്കയ്യ നായിഡു ഈ വിഷയം പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ്‌ ജോഷിയുമായി ചർച്ചചെയ്യും. ചട്ടം 256 പ്രകാരം അംഗത്തെ സസ്‌പെൻഡ്‌ ചെയ്യാൻ ചെയർമാനാകും.

രാജ്യസഭയുടെ തത്സമയസംപ്രേഷണം തടസ്സപ്പെടുത്തുന്നതിനായി മൈക്കുകൾ ബോധപൂർവം ഓഫ്‌ ചെയ്‌തെന്ന ആക്ഷേപം പ്രതിപക്ഷം ഉയർത്തുന്നുണ്ട്‌. ഉപാധ്യക്ഷന്റെ മൈക്ക്‌ പിഴുതതിനെ തുടർന്നാണ്‌ ഇത്‌ സംഭവിച്ചതെന്ന വിശദീകരണമാണ്‌ കേന്ദ്രം നൽകുന്നത്‌. സഭയ്ക്കുള്ളിൽപ്പോലും ശബ്‌ദ‌ം കേൾക്കാത്ത സ്ഥിതിയായിരുന്നുവെന്ന്‌ ഭരണകക്ഷിയംഗങ്ങൾ പറഞ്ഞു.

കർഷർക്ക്‌ വേണ്ടി പ്രതിഷേധിച്ച എംപിമാരെ പുറത്താക്കാൻ പ്രമേയം അവതരിപ്പിച്ചത്‌ വി മുരളീധരൻ

ന്യൂഡല്‍ഹി > ഞായറാഴ്ച അവതരിപ്പിച്ച കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധിച്ച പ്രതിപക്ഷ എംപിമാരെ സസ്‌പെന്‍ഡ് ചെയ്‌തത് ശബ്‌ദവോട്ടെടുപ്പോടെ. പാര്‍ലമെന്ററി-വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് എംപിമാരെ സസ്‌പെന്‍ഡ് ചെയ്യാനുള്ള പ്രമേയം അവതരിപ്പിച്ചത്.

പ്രതിപക്ഷ എംപിമാര്‍ക്കെതിരെ നടപടിയെടുക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ ഇന്നലെ തന്നെ യോഗം ചേര്‍ന്നിരുന്നു. അതേസമയം ഈ സമ്മേളനകാലയളവ് കഴിയുന്നത് വരെയാണ് എംപിമാരെ സസ്‌പെന്‍ഡ് ചെയ്‌ത്.

രാജ്യസഭയില്‍ കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധിച്ചതിനാണ് എംപിമാരെ സസ്‌പെന്‍ഡ് ചെയ്‌തത്. കേരളത്തില്‍ നിന്നുള്ള സിപിഐ എം എംപിമാരായ കെ കെ രാഗേഷ്, എളമരം കരീം എന്നിവരടക്കം എട്ട് പേരെയാണ് രാജ്യസഭയില്‍ നിന്ന് പുറത്താക്കിയത്.

No comments:

Post a Comment