Wednesday, September 30, 2020

കലാപകാരികളെ തുറന്നുകാട്ടി; ആംനെസ്‌റ്റി ഇന്റർനാഷണൽ സംഘപരിവാറിന്റെ കണ്ണിലെ കരടായി

 ആംനെസ്‌റ്റി ഇന്റർനാഷണൽ ഇന്ത്യയെ കേന്ദ്രസർക്കാരിന്റെയും സംഘപരിവാറിന്റെയും കണ്ണിലെ കരടാക്കിയത്‌ ജമ്മു -കശ്‌മീർ വിഷയത്തിൽ സംഘടന തയ്യാറാക്കിയ റിപ്പോർട്ടുകൾ. അതിര്‍ത്തിജനതയുടെ നിസ്സഹായത അക്കമിട്ട് നിരത്തുന്നതായിരുന്നു 2016ല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്. വിദേശഫണ്ട്‌ വാങ്ങി ‌ ഇന്ത്യവിരുദ്ധപ്രചാരണം നടത്തിയെന്ന് ആക്ഷേപിച്ച് ആദ്യം രം​ഗത്തുവന്നത് എബിവിപി. അക്രമം ഭയന്ന്‌ ഡൽഹി, ബംഗളൂരു ഓഫീസുകൾ ദിവസങ്ങളോളം അടച്ചിട്ടു. രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തു.

ഇഡി ഉദ്യോഗസ്ഥർ 2018 ഒക്ടോബറില്‍  സംഘടനയുടെ ആസ്ഥാനം പൂട്ടിയിട്ട്‌ 10 മണിക്കൂർ പരിശോധിച്ചു. ആവശ്യപ്പെട്ട രേഖകൾ പൊതുമണ്ഡലത്തിൽ ലഭ്യമായിരുന്നു. ഇതിനുശേഷം ചില മാധ്യമങ്ങൾ വഴി സംഘടനയ്‌‌ക്കെതിരെ അപവാദപ്രചാരണം തുടങ്ങി.

സംഘടനയ്‌ക്ക്‌ സംഭാവന നൽകുന്ന 30 പേർക്ക്‌ 2019 തുടക്കത്തിൽ ആദായനികുതി വകുപ്പ്‌ നോട്ടീസ്‌ അയച്ചു. ക്രമവിരുദ്ധമായതൊന്നും  അന്വേഷണത്തിൽ കണ്ടെത്താനായില്ല.  370–-ാം വകുപ്പ്‌ റദ്ദാക്കിയശേഷമുള്ള  ജമ്മു-കശ്‌മീരിലെ സാഹചര്യത്തെക്കുറിച്ച്‌ തയ്യാറാക്കിയ റിപ്പോർട്ട്‌ പ്രസിദ്ധീകരിക്കാൻ 2019 ജൂണിൽ ശ്രീനഗറിൽ നടത്താനിരുന്ന വാർത്താസമ്മേളനത്തിന്‌ അനുമതി നിഷേധിച്ചു. അക്കൊല്ലം ഒക്ടോബർ 22ന്‌ അമേരിക്കൻ കോൺഗ്രസിന്റെ പ്രതിനിധിസംഘത്തിനു മുമ്പാകെ ആംനെസ്‌റ്റി ഇന്റർനാഷണൽ ജമ്മു കശ്‌മീർ സാഹചര്യം വിശദീകരിച്ചു. നവംബർ 15ന്‌ ആംനെസ്‌റ്റിയുടെ ആസ്ഥാനവും ഡയറക്ടറുടെ വസതിയും സിബിഐ റെയ്‌ഡ്‌ ചെയ്‌തു. ഇക്കൊല്ലം ഏപ്രിലിൽ ഉത്തർപ്രദേശ്‌ പൊലീസ്‌ സംഘടനയ്‌ക്കെതിരെ  നടപടി തുടങ്ങി. ആഗസ്‌തിൽ ജമ്മു കശ്‌മീർ, ഡൽഹി  സ്ഥിതിഗതികളെക്കുറിച്ച്‌ റിപ്പോർട്ട്‌ പ്രസിദ്ധീകരിച്ചതിനു പിന്നാലെ  ബാങ്ക്‌ അക്കൗണ്ടുകൾ മരവിപ്പിച്ചു. സംഘടന ഇന്ത്യ വിടുന്നതോടെ  150 ജീവനക്കാർക്ക്‌ തൊഴിൽ നഷ്ടപ്പെടും.

ആംനെസ്‌റ്റിയെ തള്ളി കേന്ദ്രം

ആംനെസ്‌റ്റി ഇന്റർനാഷണലിന്റെ വാദങ്ങൾ അതിശയോക്തിപരവും സത്യത്തിൽനിന്ന്‌ അകലെയുമാണെന്ന്‌ ആഭ്യന്തരമന്ത്രാലയം പ്രതികരിച്ചു. വിദേശസംഭാവന സ്വീകരിക്കാൻ സംഘടനയ്‌ക്ക്‌ നിയമപരമായി അവകാശമില്ല.  ഇന്ത്യയിലെ ആഭ്യന്തര രാഷ്ട്രീയകാര്യങ്ങളിൽ ഇടപെടാൻ ആംനെസ്‌റ്റിക്ക്‌ അവകാശമില്ലെന്നും‌ ആഭ്യന്തരമന്ത്രാലയം പ്രസ്‌താവനയിൽ പറഞ്ഞു.

പോരാട്ടം അവസാനിപ്പിക്കില്ല

കേന്ദ്ര സർക്കാരിന്റെ അങ്ങേയറ്റം ന്യായരഹിതവും ലജ്ജാകരവുമായ നടപടിമൂലമാണ് ‌ആംനെസ്റ്റി ഇന്റർനാഷണൽ ഇന്ത്യയിൽ മനുഷ്യാവകാശ പ്രവർത്തനം നിർത്തിവയ്‌ക്കുന്നതെന്ന്‌ സംഘടനയുടെ സെക്രട്ടറി ജനറൽ ജൂലി വെർഹാർ പറഞ്ഞു. എന്നാൽ, ഇതുകൊണ്ട്‌ ഇന്ത്യയിലെ മനുഷ്യാവകാശങ്ങൾക്കുവേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കില്ല. പ്രവർത്തനം എങ്ങനെ മുന്നോട്ടുകൊണ്ടുപോകണമെന്ന്‌ ആലോചിച്ച്‌ തീരുമാനിക്കും.

ജമ്മു -കശ്‌മീർ, ഡൽഹി വിഷയങ്ങളിൽ ഇന്ത്യയിലെ സഹപ്രവർത്തകർ നടത്തിയ പ്രവർത്തനം അഭിമാനകരമാണ്‌. വിമതശബ്ദം അടിച്ചമർത്താനും ഭയം വളർത്താനുമാണ്‌ കേന്ദ്രസർക്കാർ ശ്രമിക്കുന്നത്‌. ഈ സാഹചര്യത്തിൽ ഇരകൾക്കൊപ്പം നിൽക്കുകയെന്നത്‌ പ്രധാനമാണ്‌–- പ്രസ്‌താവനയിൽ പറഞ്ഞു.

No comments:

Post a Comment