Monday, September 21, 2020

കർഷകർക്ക്‌ മരണവാറണ്ട്‌ ; രണ്ട്‌ വർഷംകൊണ്ട്‌ ഇരട്ടിച്ചത്‌ കർഷകരുടെ വരുമാനമല്ല, ആത്മഹത്യ

 കാർഷികപരിഷ്‌കരണ ബില്ലുകൾ വഴി മോഡിസർക്കാർ കർഷകരുടെ ചരമക്കുറിപ്പ്‌ എഴുതുകയാണെന്ന്‌ പ്രതിപക്ഷം. രാജ്യസഭയിലെ ബില്‍ ചർച്ചയിലാണ്‌ പ്രതിപക്ഷം സർക്കാരിന്റെ കർഷകവിരുദ്ധത തുറന്നുകാട്ടിയത്‌. കർഷകആത്മഹത്യകളുടെ കണക്ക്‌ കേന്ദ്രം മറച്ചുവയ്ക്കുകയാണെന്ന്  നിരാകരണപ്രമേയം അവതരിപ്പിച്ച്‌ സിപിഐ എം അംഗം കെ കെ രാഗേഷ്‌ പറഞ്ഞു.

ദേശീയ ക്രൈംറെക്കോഡ്‌സ്‌ ബ്യൂറോ 2016 മുതൽ കർഷകആത്മഹത്യയുടെ കണക്ക്‌ പുറത്തുവിടുന്നില്ല. കർഷകരുടെ ആദായം 2020ഓടെ ഇരട്ടിയാക്കുമെന്നാണ്‌ വാഗ്‌ദാനം‌. എന്നാൽ, ഇരട്ടിച്ചത്‌ കർഷകആത്മഹത്യയാണ്‌. വിളകൾക്ക്‌‌ മിനിമം താങ്ങുവില ഉറപ്പാക്കാൻ ബില്ലുകളിൽ വ്യവസ്ഥ ചെയ്യണമെന്നും‌ രാഗേഷ്‌ ആവശ്യപ്പെട്ടു.ബില്ലുകൾ പിൻവലിച്ച്‌ സ്വാമിനാഥൻ കമീഷൻ ശുപാർശ നടപ്പാക്കുകയാണ് വേണ്ടതെന്ന്‌‌ ഡിഎംകെയിലെ ടി കെ എസ്‌ ഇളങ്കോവൻ ആവശ്യപ്പെട്ടു. സംസ്ഥാനങ്ങളുടെ അവകാശങ്ങളും ഭരണഘടനാതത്വങ്ങളും ലംഘിക്കുന്നതാണ്‌ ബില്ലെന്ന്‌ ടിആർഎസ്‌ അംഗം ഡോ. കെ കേശവറാവു ചൂണ്ടിക്കാട്ടി. ബിൽ ഗുണകരമാണെന്ന്‌ ഘടക കക്ഷിയായ എസ്‌എഡിയെപ്പോലും ബോധ്യപ്പെടുത്താൻ സർക്കാരിന്‌ കഴിഞ്ഞില്ലെന്ന്‌ ശിവസേനയിലെ സഞ്‌ജയ്‌ റാവത്ത്‌ പരിഹസിച്ചു.ഹർസിമ്രത്‌ മന്ത്രിസ്ഥാനം രാജിവച്ചതിന്റെ പേരില്‍ പാര്‍ടിക്ക് സഭയിൽ സംസാരിക്കാനുള്ള സമയം വെട്ടിക്കുറച്ചെന്ന്‌ എസ്‌എഡി അംഗം നരേഷ്‌ ഗുജ്‌റാൾ ചൂണ്ടിക്കാട്ടി. ബിഎസ്‌എൻഎല്ലിനെ ജിയോ തകർത്തതുപോലെ കർഷകരെ കോർപറേറ്റുകൾ നശിപ്പിക്കുമെന്ന്‌ എസ്‌പി അംഗം രാം ഗോപാൽ യാദവ്‌ പറഞ്ഞു.

ബിനോയ്‌ വിശ്വം(സിപിഐ), എം വി ശ്രേയാംസ്‌കുമാർ(എൽജെഡി), ഡെറിക്‌ ഒബ്രിയൻ (തൃണമൂൽ കോൺഗ്രസ്‌),‌ എസ്‌ ആർ ബാലസുബ്രഹ്‌മണ്യൻ(എഐഎഡിഎംകെ), പ്രൊഫ. മനോജ്‌ ഝാ(ആർജെഡി), പ്രഫുൽ പട്ടേൽ(എൻസിപി), പ്രതാപ്‌ സിങ്‌ ബങ്‌വ(കോൺഗ്രസ്‌),സതീഷ്‌ ചന്ദ്ര(ബിഎസ്‌പി), തിരുച്ചി ശിവ(ഡിഎംകെ), അമർ പട്‌നായിക്‌(ബിജെഡി), പി വി അബ്ദുൾ വഹാബ്‌(മുസ്ലിംലീഗ്‌) എന്നിവരും ബില്ലുകൾക്ക്‌ എതിർവാദം നിരത്തി. മിനിമം താങ്ങുവില തുടരുമെന്നു‌മാത്രം പറഞ്ഞ കൃഷിമന്ത്രി നരേന്ദ്രസിങ്‌ തോമർ ഇത്‌ ബില്ലുകളിൽ ഉൾപ്പെടുത്താൻ തയ്യാറായില്ല.

പഞ്ചാബിൽ കർഷകൻ ജീവനൊടുക്കി

മോഡി സർക്കാരിന്റെ കർഷകദ്രോഹ ബില്ലിൽ പ്രതിഷേധിച്ച്‌ പഞ്ചാബില്‍ കർഷകൻ ജീവനൊടുക്കി. മുക്തർ ജില്ലയിലെ അക്കൻവാലി ഗ്രാമവാസിയായ പ്രീതം സിങ്ങ്‌(70) ആണ്‌ വിഷം കഴിച്ച് മരിച്ചത്‌. സെപ്തംബർ 15 മുതൽ ഭാരതീയ കിസാൻ യൂണിയന്റെ നേതൃത്വത്തിൽ ഗ്രാമത്തിൽ നടക്കുന്ന പ്രക്ഷോഭത്തിൽ സിങ്‌ സജീവമായിരുന്നു. കടക്കെണിയിലായ  പ്രീതം സിങ്ങിന്‌ സർക്കാർ നൽകേണ്ട ആനുകൂല്യങ്ങൾ ലഭിച്ചിരുന്നില്ല. പോസ്റ്റുമോർട്ടം നടത്താൻ മൃതദേഹം വിട്ടുകൊടുക്കാന്‍ കര്‍ഷകര്‍ തയ്യാറായില്ല. ജില്ലാ ഭരണകൂടം മൂന്ന്‌ ലക്ഷം രൂപ  കുടുംബത്തിന്‌ നഷ്ടപരിഹാരം നല്‍കുമെന്ന്  ഉറപ്പുനല്‍കിയതോടെയാണ് പോസ്റ്റ്‌മോർട്ടം നടത്താനായത്‌.

പ്രക്ഷോഭത്തിനിറങ്ങുക: കിസാൻസഭ

കാർഷിക ബില്ലുകളിന്മേൽ അംഗങ്ങളുടെ വോട്ടവകാശം നിഷേധിച്ച രാജ്യസഭാ ഉപാധ്യക്ഷൻ ഹരിവംശ്‌ നാരായണൻ സിങ്ങിന്റെ നടപടി നഗ്നമായ ഭരണഘടനാ ലംഘനമാണെന്ന്‌ അഖിലേന്ത്യാ കിസാൻസഭ പ്രസ്‌താവനയിൽ പറഞ്ഞു. ജനാധിപത്യത്തിന്റെ അന്ത്യമാണ്‌ ഇത്‌. അംഗങ്ങൾ വോട്ടെടുപ്പ്‌ ആവശ്യപ്പെട്ടിട്ടും ചെയർ അനുവദിച്ചില്ല. പ്രധാനമന്ത്രിയും സർക്കാരും ഭരണഘടനയെയും ജനാധിപത്യത്തെയും മാനിക്കണം. അധികാര ദുർവിനിയോഗത്തിനെതിരെ രംഗത്തിറങ്ങാൻ എല്ലാ കർഷകരോടും കിസാൻസഭാ അഖിലേന്ത്യാ പ്രസിഡന്റ്‌ ഡോ. അശോക് ധാവ്‌ളെയും ജനറൽ സെക്രട്ടറി ഹനൻ മൊള്ളയും ആഹ്വാനം ചെയ്‌തു.

No comments:

Post a Comment