Tuesday, September 22, 2020

കൊക്കോണിക്‌സിന്റെ വളർച്ചയിൽ വൻ കമ്പനികൾക്ക്‌ ആശങ്ക; ബഹുരാഷ്ട്ര കമ്പനികളുടെ നീക്കം സജീവമായി

 കേരളത്തിന്റെ സ്വന്തം ലാപ്‌ടോപ്പായ കൊക്കോണിക്‌സിനെതിരെ ബഹുരാഷ്ട്ര  ലാപ്‌ടോപ് കമ്പനികളുടെ നീക്കം സജീവമായി. കുറഞ്ഞ വിലയിൽ ഗുണമേന്മയുള്ള ലാപ്‌ടോപ് പുറത്തിറക്കിയതോടെ ചില ഉദ്യോഗസ്ഥരെയും യുഡിഎഫ്‌ നേതാക്കളെയും മാധ്യമങ്ങളെയും മുൻനിർത്തിയാണ്‌ ലാപ്‌ടോപ് വിപണിയിലെ കുത്തകൾ രംഗത്തെത്തിയത്‌. സംസ്ഥാനത്തെ വലിയ വിപണി നഷ്ടപ്പെടുമെന്ന ആശങ്കയിലാണിത്‌.

രാജ്യത്ത്‌ ആദ്യമായാണ്‌  സംസ്ഥാന സർക്കാരിനു കീഴിൽ കമ്പനി രൂപീകരിച്ച്‌ ലാപ്‌ടോപ് നിർമിക്കുന്നത്‌. സംസ്ഥാനത്തെ അഞ്ചുലക്ഷം വിദ്യാർഥികൾക്ക്‌ സൗജന്യമായി ലാപ്‌ടോപ് നൽകാനുള്ള സർക്കാർ പദ്ധതിയുടെ ടെൻഡറിൽനിന്ന്‌ കൊക്കോണിക്‌സിനെ ഒഴിവാക്കാൻ ചില ഉദ്യോഗസ്ഥരുടെ പിന്തുണയോടെ നീക്കം നടന്നത്‌ ഇതിന്റെ ഭാഗമായാണെന്ന്‌ കരുതുന്നു. കഴിഞ്ഞ മൂന്നുവർഷത്തിൽ, ഒരു ഒാർഡറിൽ കുറഞ്ഞത്‌ 10,000 ലാപ്‌ടോപ് വിറ്റ കമ്പനിക്ക്‌ മാത്രമേ താൽപ്പര്യപത്രം അയക്കാവൂ എന്ന വ്യവസ്ഥ തിരുകിക്കയറ്റിയത്‌ ചില ഉദ്യോഗസ്ഥരുടെ താൽപ്പര്യപ്രകാരമെന്നാണ്‌ സൂചന.

ഈ വ്യവസ്ഥപ്രകാരം കൊക്കോണിക്‌സിന്‌ ടെൻഡറിൽ പങ്കെടുക്കാൻ കഴിയില്ല. മുൻവർഷങ്ങളിലൊന്നും ഇങ്ങനെയൊരു വ്യവസ്ഥ ഉണ്ടായിരുന്നില്ല. വിവരം ഐടി സെക്രട്ടറിയുടെ ശ്രദ്ധയിൽപ്പെടുത്തിയതോടെ ഈ വ്യവസ്ഥ ഒഴിവാക്കാൻ തീരുമാനിച്ചിട്ടുണ്ട്‌. കൊക്കോണിക്‌സിന്റെ മറവിൽ കെൽട്രോണിന്റെ രണ്ടേക്കർ ഭൂമി യുഎസ്‌ടി ഗ്ലോബൽ കമ്പനി കൈയടക്കി എന്ന രീതിയിലും ചില മാധ്യമങ്ങൾ വാർത്ത നൽകി. 15,000 ചതുരശ്രയടി കെട്ടിടവും 63 സെന്റ്‌ സ്ഥലവും മൂന്നു വർഷത്തേക്ക്‌ കൊക്കോണിക്‌സിന്‌ കൈമാറിയതിനെയാണ്‌ വളച്ചൊടിച്ചത്‌. വാടക നിശ്‌ചയിച്ച്‌ മൂന്നു വർഷത്തേക്കാണ്‌ സ്ഥലം കരാർ പ്രകാരം കൊക്കോണിക്‌സിനു കൈമാറിയത്‌. ഇതിനെയാണ്‌ കെൽട്രോണിന്റെ സ്ഥലം കൈയേറി എന്ന്‌ വാർത്തയാക്കിയത്‌.

No comments:

Post a Comment