Monday, September 21, 2020

കാർഷികബില്ലുകൾ രാജ്യസഭ വീണ്ടും പരിഗണിക്കാൻ മടക്കി അയക്കണം: രാഷ്ട്രപതിയോട് സിപിഐ എം

 ന്യൂഡൽഹി > അന്യായമായും നിയമവിരുദ്ധമായും പാസാക്കിയ കാർഷികബില്ലുകൾ  ഭരണഘടനയുടെ111-ാം വകുപ്പ് പ്രകാരം രാജ്യസഭ വീണ്ടും പരിഗണിക്കാൻ മടക്കിഅയക്കണമെന്ന്  രാഷ്ട്രപതിയോട് സിപിഐ എം പൊളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു. എല്ലാ പ്രതിപക്ഷകക്ഷികളും ഈ ബില്ലുകൾക്കെതിരായി അണിനിരന്ന സാഹചര്യത്തിൽ രാജ്യസഭയിൽ സർക്കാരിനു ഭൂരിപക്ഷം ഇല്ലായിരുന്നു. എന്നാൽ പാർലമെന്ററി നടപടിക്രമങ്ങളും വോട്ടെടുപ്പിനുള്ള എംപിമാരുടെ അവകാശങ്ങളും അട്ടിമറിച്ച് സർക്കാർ തിരക്കിട്ട് ബില്ലുകൾ  പാസാക്കിഎടുക്കുകയായിരുന്നു. ഇതുവഴി ജനാധിപത്യത്തെ കശാപ്പ് ചെയ്തിരിക്കുകയാണ്.

കോവിഡ് മഹാമാരിയുടെ സാഹചര്യത്തിലുള്ള ആശങ്കകൾ  ദുരുപയോഗപ്പെടുത്തി വെട്ടിച്ചുരുക്കിയ സമ്മേളനത്തിലും ലോക്ക്ഡൗൺ കാലത്ത് ഇറക്കിയ 11 ഓർഡിനൻസിനു പകരമുള്ള ബില്ലുകൾ പാസാക്കാനാണ് സർക്കാരിന്റെ  വ്യഗ്രത. പാർലമെന്റിന്റെ പരിഗണനയ്ക്ക് വരുന്ന ഏതു വിഷയത്തിലും വോട്ട് രേഖപ്പെടുത്താനുള്ള അനിഷേധ്യമായ അവകാശം എംപിമാർക്കുണ്ട്. ഈ അവകാശം സർക്കാർ അവജ്ഞാപൂർവം നിഷേധിച്ചു. വോട്ടെടുപ്പ് ആവശ്യപ്പെട്ട എട്ട് എംപിമാരെ സസ്പെൻഡ് ചെയ്തത് അങ്ങേയറ്റം അപലപനീയമാണ്.   

ഇന്ത്യൻ കാർഷികരംഗത്തെയും ഉൽപന്നങ്ങളെയും വിപണിയെയും ആഭ്യന്തര, വിദേശ കോർപറേറ്റുകൾക്ക് ഈ നിയമങ്ങൾ വഴി വിട്ടുകൊടുക്കുകയാണ്. കോർപറേറ്റുകൾക്ക് കൊള്ളലാഭം കൊയ്യാനും കർഷകരെയും സാധാരണക്കാരെയും ദുരിതത്തിലാഴ്ത്താനും വഴിയൊരുക്കുന്നതാണ് ഈ നിയമങ്ങൾ. മിനിമം താങ്ങുവില നിരോധിക്കുമെന്ന സ്ഥിതിയാണ്. പരിമിതമായ തോതിലാണ് നടപ്പാക്കുന്നതെങ്കിലും കർഷകർക്ക് വരുമാനം ഉറപ്പാക്കുന്നതിൽ താങ്ങുവില കുറെയൊക്കെ സഹായിച്ചിരുന്നു. അവശ്യവസ്തുനിയമം ഭേദഗതി ചെയ്യുന്നതോടെ വൻതോതിൽ പൂഴ്ത്തിവയ്പിനു സാഹചര്യം ഒരുങ്ങും; സാധനങ്ങൾക്ക് കൃത്രിമക്ഷാമം സൃഷ്ടിക്കപ്പെടാനും വിലക്കയറ്റത്തിനും ഇതു കാരണമാകും. കൃഷിയിടങ്ങൾ ഒന്നിച്ചുചേർക്കാനുള്ള നിർദേശവും  കരാർകൃഷി നിയമപരമാക്കുന്നതും കാർഷികബിസിനസ്സുകാരെ സഹായിക്കുന്നതും രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ അപകടത്തിലാക്കുന്നതുമാണ്.  

കൃഷി  സമവർത്തി  പട്ടികയിലുള്ള വിഷയമാണ്. സംസ്ഥാനസർക്കാരുകളെ മറികടന്ന് കാർഷികനിയമങ്ങൾ നടപ്പാക്കുന്നത് ഭരണഘടനയുടെ അടിസ്ഥാനതത്വമായ ഫെഡറലിസത്തെ അട്ടിമറിക്കുന്നതാണ്. രാജ്യത്തിന്റെയും കർഷകരുടെയും താൽപര്യങ്ങൾ മാനിച്ച് സർക്കാർ ഈ ബില്ലുകൾ പിൻവലിക്കണം. കർഷകസംഘടനകൾ 25നു നടത്തുന്ന അഖിലേന്ത്യ പ്രതിഷേധത്തിനു പാർടി പൂർണപിന്തുണ പ്രഖ്യാപിച്ചു.

എംപിമാരുടെ സസ്‌പെൻഷൻ: ചൊവ്വാഴ്ച്ച സംസ്ഥാനത്ത് സിപിഐ എം പ്രതിഷേധം

തിരുവനന്തപുരം > രാജ്യത്തെ കർഷകരുടെ ജീവിതം കോർപറേറ്റുകൾക്ക് അടിയറവയ്ക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധിച്ച സിപിഐ എം പ്രതിനിധികളായ എളമരം കരീമും കെ.കെ.രാഗേഷും ഉൾപ്പെടെയുള്ള എംപിമാരെ രാജ്യസഭയിൽനിന്ന് സസ്‌പെൻഡ് ചെയ്തതിനെതിരെ ചൊവ്വാഴ്ച കേരളം പ്രതിഷേധമുയർത്തും. കോവിഡ് മാനദണ്ഡം പാലിച്ച് വൈകിട്ട് പ്രതിഷേധ പരിപാടി സംഘടിപ്പിക്കാൻ എല്ലാ പാർടി ഘടകങ്ങളോടും സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആഹ്വാനംചെയ്തു.

കഴിഞ്ഞ വർഷം മാത്രം പതിനായിരത്തിലേറെ കർഷകരാണ് രാജ്യത്ത് ആത്മഹത്യചെയ്തത്. ഈ ദുരന്തത്തിന്റെ തുടർച്ചക്കാണ് കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ നിയമങ്ങൾ വഴിയൊരുക്കുക. ഇടനിലാക്കാരെ ഒഴിവാക്കാനെന്ന വ്യാജേന കൃഷിഭൂമിയും കർഷകരുടെ വിയർപ്പും ജീവിതവും കോർപ്പറേറ്റുകൾക്ക് അടിയവയ്ക്കാനാണ് കേന്ദ്രസർക്കാരിന്റെ ശ്രമം. കാർഷിക മേഖലയുടെ തകർച്ച രാജ്യത്തിന്റെ തകർച്ചയിലേക്കാകും നയിക്കുക. കർഷകർക്കുവേണ്ടിയുള്ള പോരാട്ടം രാജ്യത്തിനുവേണ്ടിയുള്ള പോരാട്ടമാണ്.

ഈ രാജ്യദ്രോഹ നയത്തിനെതിരെ പ്രതിഷേധിക്കുകയും പ്രതിരോധിക്കുകയും ചെയ്യുകയെന്ന ജനാധിപത്യപരമായ കടമയാണ് സി.പി.ഐ.എമ്മിന്റെയടക്കം എം.പിമാർ നടത്തിയത്. പാർലമെന്റിൽ ജനാധിപത്യപരമായ വിയോജിപ്പുകൾ പോലും അനുവദിക്കാത്ത കേന്ദ്രസർക്കാരിന്റെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്. പാർലമെന്റിൽ മാത്രമല്ല, രാജ്യത്താകെ കർഷകപ്രതിഷേധത്തിന്റെ വലിയ അലയൊലി ഉയർന്നുകഴിഞ്ഞു. അതിന്റെ മുൻനിരയിൽ സിപിഐ എം ഉൾപ്പെടെയുള്ള ഇടതുപക്ഷ പാർടികൾ ഉണ്ടാവുമെന്നും കോടിയേരി പ്രസ്താവനയിൽ പറഞ്ഞു.

കർഷകർക്കൊപ്പം രാജ്യം മുഴുവൻ അണിചേരണം; എംപിമാരെ സസ്‌പെൻഡ് ചെയ്തത് ജനാധിപത്യത്തിനെതിരായ കടന്നാക്രമണം: മുഖ്യമന്ത്രി

തിരുവനന്തപുരം > കർഷക ജീവിതം തകർക്കുന്ന കാർഷിക ബില്ലിനെതിരെ പ്രതികരിച്ചതിന് പ്രതിപക്ഷ എംപി മാരെ രാജ്യസഭയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌ത നടപടി ജനാധിപത്യത്തിനെതിരായ കടന്നാക്രമണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ 6 വർഷത്തിനിടയിൽ 60000 ൽ അധികം കർഷക ആത്മഹത്യചെയ്ത രാജ്യമാണ് ഇന്ത്യ. 2019-ൽ മാത്രം10281 കർഷകരാണ് ആത്മത്യ ചെയ്‌തത്. കർഷക ജീവിതം എക്കാലത്തേക്കും ദുരിതത്തിൽ മുക്കാനുള്ള നിയമ നിർമ്മാണമാണ് കേന്ദ്ര സർക്കാർ നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇടനിലക്കാരെ ഒഴിവാക്കാനെന്ന വ്യാജേന, കർഷകരെ കോർപറേറ്റ് ഫാമിങ്ങിന്റെ അടിമകളാക്കുന്നത് നാടിനെ അപരിഹാര്യമായ നാശത്തിലേക്കാണ് നയിക്കുക. ഈ അനീതിക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങളെ പാർലമെന്റിൽ പോലും അടിച്ചമർത്താൻ ശ്രമിക്കുന്നത് ജനാധിപത്യത്തിന്റെ സകല മൂല്യങ്ങളേയും നിഷേധിക്കുന്ന പ്രവണതയാണ്. കർഷകർക്കൊപ്പം രാജ്യം മുഴുവൻ ചേരേണ്ടതുണ്ട്. കർഷകരുടെ ജീവൽപ്രശ്‌നങ്ങൾ രാജ്യത്തിന്റെ ജീവൽപ്രശ്‌നമാണെന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

No comments:

Post a Comment