Wednesday, September 30, 2020

റിലയന്‍സിനായി തിരക്കിട്ട് നയം മാറ്റി ; റഫേൽ കരാറില്‍ സിഎജി വെളിപ്പെടുത്തല്‍

 റഫേൽ കരാർ ഒപ്പിടാൻ പാകത്തിൽ പ്രതിരോധ സംഭരണ നയത്തിൽ മോഡി സർക്കാർ 2016 ഏപ്രിലിൽ മാറ്റംവരുത്തിയെന്ന്‌ കംപ്‌ട്രോളർ ആൻഡ്‌ ഓഡിറ്റർ ജനറലി (സിഎജി)ന്റെ വെളിപ്പെടുത്തല്‍. അനിൽ അംബാനിക്കുവേണ്ടിയാണ് തിരക്കിട്ട് വ്യവസ്ഥ മാറ്റിയത്.

300 ‌കോടിക്കു മുകളിലുള്ള ആയുധ ഇടപാടില്‍ മൊത്തം കരാർത്തുകയുടെ 30 ശതമാനമെങ്കിലും വിദേശകമ്പനി ഇന്ത്യയില്‍ നിക്ഷേപിക്കണമെന്നും ഇതിനായി ആഭ്യന്തരപങ്കാളിയെ കരാർ ഒപ്പിടവെ പ്രഖ്യാപിക്കണമെന്നുമാണ് ‌2013ലെ‌ വ്യവസ്ഥ‌. ആഭ്യന്തരപങ്കാളിയെ കരാർ നടപ്പാക്കുന്നതിന്‌ ഒരു വർഷംമുമ്പ്‌ അറിയിച്ചാൽ മതി എന്ന് 2016 ഏപ്രിൽ ഒന്നിന് ഭേദ​ഗതി കൊണ്ടുവന്നു. ഇതേത്തുടർന്നാണ്‌ ഫ്രഞ്ച്‌ കമ്പനി ദസോൾട്ടിന്‌ അനിൽ അംബാനിയുടെ റിലയൻസ്‌ എയ്‌റോസ്‌ട്രക്‌ചറുമായി സംയുക്ത സംരംഭമുണ്ടാക്കാന്‍ സാവകാശം ലഭിച്ചത്‌.

ഇന്ത്യ റഫേൽ വിമാനം വാങ്ങുമെന്ന്‌ പ്രധാനമന്ത്രി പാരീസിൽവച്ച് പ്രഖ്യാപിച്ചത്‌ 2015 ഏപ്രിൽ 10ന്. ഇതിനുശേഷമാണ്‌ എയ്‌റോസ്‌ട്രക്‌ചര്‍ എന്ന സ്ഥാപനം തട്ടിക്കൂട്ടുന്നത്. കമ്പനിക്ക് സര്‍ക്കാര്‍ അം​ഗീകാരം കിട്ടുന്നത് അക്കൊല്ലം നവംബറിൽ. എന്നാല്‍, അതിനുംമുമ്പേ  സംയുക്തസംരംഭത്തിന്റെ പേരിൽ ഭൂമി ആവശ്യപ്പെട്ട്‌ മഹാരാഷ്ട്ര സർക്കാരിനു മുന്നില്‍ അപേക്ഷ എത്തി.

ഇന്ത്യയും ഫ്രാൻസും തമ്മിൽ റഫേല്‍ കരാർ ഒപ്പിട്ടത്‌ 2016 സെപ്‌തംബർ 23ന്‌. 36 വിമാനം 66,427 കോടി‌ക്ക്‌ വാങ്ങാനും അതിന്റെ 50 ശതമാനം ഇന്ത്യയിൽ നിക്ഷേപിക്കാനും കരാറായി. പുനർനിക്ഷേപ കരാർ നയത്തിൽ തിരക്കിട്ടാണ്‌ മാറ്റിയതെന്ന് രേഖകള്‍ വെളിപ്പെടുത്തുന്നുവെന്ന് പാർലമെന്റിൽ വച്ച സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു.

No comments:

Post a Comment