Monday, September 17, 2012

ഒന്നേകാല്‍ ലക്ഷം ഉദ്യോഗാര്‍ഥികള്‍ക്ക് നിയമനമില്ല


യുഡിഎഫ് സര്‍ക്കാരിന്റെ അപ്രഖ്യാപിത നിയമന നിരോധനത്തില്‍ സംസ്ഥാനത്തെ 1.25 ലക്ഷത്തോളം ഉദ്യോഗാര്‍ഥികളുടെ ജീവിതം വഴിമുട്ടി. എല്‍ഡി ക്ലര്‍ക്ക്, ലാസ്റ്റ്ഗ്രേഡ് സെര്‍വന്റ്, എല്‍ഡി ടൈപ്പിസ്റ്റ്, ടൈപ്പിസ്റ്റ് ഗ്രേഡ്-രണ്ട് എന്നീ തസ്തികകളിലായി 1,18,469 ഉദ്യോഗാര്‍ഥികളുടെ നിയമനമാണ് സര്‍ക്കാര്‍ മരവിപ്പിച്ചത്. പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയപ്പോള്‍ നിലവിലുള്ള റാങ്ക്ലിസ്റ്റുകളിലെ ഉദ്യോഗാര്‍ഥികളെ സൂപ്പര്‍ ന്യൂമറി തസ്തിക സൃഷ്ടിച്ച് നിയമിക്കുമെന്നായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വാഗ്ദാനം. ലിസ്റ്റ് പ്രസിദ്ധീകരിച്ച് മാസങ്ങളായിട്ടും ഈ രീതിയില്‍ ഒറ്റ നിയമനവും നടന്നില്ല.

വിവിധ ജില്ലകളിലായി കഴിഞ്ഞ മാര്‍ച്ച് 30ന് പ്രസിദ്ധീകരിച്ച എല്‍ഡി ക്ലര്‍ക്ക് റാങ്ക്ലിസ്റ്റില്‍ 56,703 ഉദ്യോഗാര്‍ഥികളുണ്ട്. അഞ്ച് മാസം കഴിഞ്ഞിട്ടും തിരുവനന്തപുരമൊഴികെ മറ്റ് ജില്ലകളില്‍ നൂറില്‍ താഴെയാണ് ഇതുവരെയുള്ള നിയമനം. കോഴിക്കോട്ട് ഒരാള്‍ക്കും നിയമന ശുപാര്‍ശ അയച്ചിട്ടില്ല. റാങ്ക്ലിസ്റ്റില്‍ 24,014 പേരാണുള്ളത്. തിരുവനന്തപുരത്ത് 414 പേര്‍ക്ക് നിയമന ഉത്തരവ് നല്‍കി. കൊല്ലത്ത് 19 പേരെ മാത്രമാണ് നിയമിച്ചത്. ഇവിടെ 4250 പേര്‍ പട്ടികയിലുണ്ട്. 3504 ഉദ്യോഗാര്‍ഥികളുള്ള ആലപ്പുഴയില്‍ കേവലം 54 പേര്‍ക്കും 3183 പേരുള്ള പത്തനംതിട്ടയില്‍ 23 പേര്‍ക്കും നിയമനം നല്‍കി. ഇടുക്കിയില്‍ 22 പേരെയാണ് നിയമിച്ചത്.പട്ടികയില്‍ 2711 പേരുണ്ട്. 4243 പേരുള്ള കോട്ടയത്ത് 34 പേരെയാണ് നിയമിച്ചത്. 5555 പേരുള്ള എറണാകുളത്ത് നിയമനം നടന്നത് 150 പേര്‍ക്ക് മാത്രം. തൃശൂരില്‍ 47 (4927) പാലക്കാട് 26 (5081) മലപ്പുറത്ത് 76 (5158) എന്നിങ്ങനെയാണ് നിയമനം. വയനാട്ടില്‍ മൂന്നുപേര്‍ക്കാണ് നിയമന ഉത്തരവ് കൊടുത്തത്. 2259 പേരുണ്ട്. 37 പേരെ നിയമിച്ച കണ്ണൂരില്‍ 4138ഉം 26 പേരെ മാത്രം നിയമിച്ച കാസര്‍കോട്ട് 2279ഉം ഉദ്യോഗാര്‍ഥികളുണ്ട്.

ജൂണ്‍ 29ന് നിലവില്‍ വന്ന ലാസ്റ്റ്ഗ്രേഡ് റാങ്ക്ലിസ്റ്റില്‍ സംസ്ഥാനത്താകെ 52,175 ഉദ്യോഗാര്‍ഥികളുണ്ട്. മലപ്പുറത്ത് 22പേരെയും കാസര്‍കോട്ട് രണ്ടു പേരെയുമാണ് നിയമിച്ചത്. തിരുവനന്തപുരം-5770, കൊല്ലം-3987, ആലപ്പുഴ-3402, പത്തനംതിട്ട-2631, ഇടുക്കി-2380, കോട്ടയം-3720, എറണാകുളം-4263, തൃശൂര്‍-4631, പാലക്കാട്-3743, മലപ്പുറം-3389, കോഴിക്കോട്-4898, വയനാട്-2139, കണ്ണൂര്‍-4543, കാസര്‍കോഡ്-2679 എന്നീ ക്രമത്തിലാണ് നിയമനം കാത്തിരിക്കുന്നവരുടെ എണ്ണം. 8141 പേരുടെ എല്‍ഡി ടൈപ്പിസ്റ്റ് റാങ്ക്ലിസ്റ്റ് കഴിഞ്ഞ മെയ് 17നാണ് പിഎസ്സി പ്രസിദ്ധീകരിച്ചത്. കാസര്‍കോട്ട് മാത്രം 15 പേരെ നിയമിച്ചു. തിരുവനന്തപുരം-1215, കൊല്ലം-607, ആലപ്പുഴ-424, പത്തനംതിട്ട-351, ഇടുക്കി-335, കോട്ടയം-444, എറണാകുളം-828, തൃശൂര്‍-557, പാലക്കാട്-633, മലപ്പുറം-660, കോഴിക്കോട്-816, വയനാട്-385, കണ്ണൂര്‍-574, കാസര്‍കോഡ്-312 എന്നീ ക്രമത്തില്‍ നിയമനം നല്‍കാനുണ്ട്. പാലക്കാട്ട് നിയമന നടപടിതുടങ്ങിയിട്ടുണ്ട്.

സെക്രട്ടറിയറ്റ്, പിഎസ്സി, ലോക്കല്‍ഫണ്ട് ഓഡിറ്റ് എന്നീ വകുപ്പുകളിലേക്ക് ക്ഷണിച്ച ടൈപ്പിസ്റ്റ് ഗ്രേഡ്-രണ്ട് തസ്തികയില്‍ 1450 പേരുടെ റാങ്ക്ലിസ്റ്റും നിലവിലുണ്ട്. ആര്‍ക്കും നിയമന ഉത്തരവ് നല്‍കിയിട്ടില്ല. ബീവറേജസ് കോര്‍പറേഷന്‍ എല്‍ഡിസി തസ്തികയില്‍ സര്‍ട്ടിഫിക്കറ്റ് പരിശോധന കഴിഞ്ഞ് മാസങ്ങളായിട്ടും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചില്ല. പഴയ റാങ്ക്ലിസ്റ്റിന്റെ കാലാവധി നീട്ടിയതും പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയതും ഉദ്യോഗാര്‍ഥികളെ ബാധിച്ചു. പെന്‍ഷന്‍ പ്രായം ഇനിയും ഉയര്‍ത്തിയാല്‍ വീണ്ടും നിയമനം വൈകും.
(സിബി ജോര്‍ജ്)

deshabhimani 170912

No comments:

Post a Comment