Monday, September 17, 2012

തീവില


സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രണാതീതമാംവിധം കുതിച്ചുയരുന്നു. ഡീസല്‍ വിലവര്‍ധന കൂടി നിലവില്‍വന്നതോടെ സ്ഥിതി ആശങ്കാജനകമാണ്. ഓണം-റമദാന്‍ സീസണ്‍ പിന്നിട്ടശേഷവും സാധനവില അനുദിനം ഉയരുകയാണെങ്കിലും സര്‍ക്കാരും ഭക്ഷ്യ-പൊതുവിതരണവകുപ്പും ഒരു നടപടിയും സ്വീകരിക്കുന്നില്ല. 36 രൂപയായിരുന്ന ഒരു കിലോ പഞ്ചസാര മൂന്നു ദിവസത്തിനിടെ എട്ടുരൂപ കൂടി 44 ആയി. 66 രൂപയായിരുന്ന കടലയുടെ വില 72 ആയും വറ്റല്‍മുളക് 60ല്‍നിന്ന് 71 രൂപയായും വര്‍ധിച്ചു.

അരിയുടെ വിലയും കുതിച്ചുയരുകയാണ്. ഡൊപ്പി, ജയ അരികളുടെ വില കിലോയ്ക്ക് മൂന്നുരൂപയാണ് ഒറ്റയടിക്ക് വര്‍ധിച്ചത്. 40 രൂപയായിരുന്ന ഇവയുടെ ഞായറാഴ്ചത്തെ വിപണിവില 43 രൂപയാണ്. സുരേഖ അരിക്ക് 28 രൂപയില്‍നിന്ന് 30 രൂപയായി. തുവരപ്പരിപ്പിന്റെ വില 59 രൂപയില്‍നിന്ന് 64 ആയി. ചെറുപയറിന്റെ വില 71ല്‍നിന്ന് 74 ആയും മല്ലിയുടെ വില 68ല്‍നിന്ന് 70 ആയും കൂടി. പച്ചക്കറി-പഴവര്‍ഗങ്ങളുടെ വിലയും ദിവസം കഴിയുന്തോറും കുത്തനെ കൂടുകയാണ്. ഒരു കിലോ രസകദളി പഴത്തിന്റെ വില 60 കടന്നു. ഡീസല്‍ വില കൂട്ടിയതിനു പിന്നാലെ ലോറിയുടമകള്‍ സ്വന്തം നിലയില്‍തന്നെ കടത്തുകൂലിയില്‍ 10 ശതമാനം വര്‍ധന വരുത്തി. ഇതുകൂടി കണക്കിലെടുത്ത് വ്യാപാരികള്‍ വില കുത്തനെ കൂട്ടുകയാണ്. ഈ സാഹചര്യത്തില്‍ തിങ്കളാഴ്ചയോടെ വില വീണ്ടും കൂടും. തിങ്കളാഴ്ച മുതല്‍ പച്ചക്കറികളുടെയും പലവ്യഞ്ജനങ്ങളുടെയും വിലയില്‍ കാര്യമായ വര്‍ധനയുണ്ടാകുമെന്ന് വ്യാപാരികള്‍ പറഞ്ഞു. മൂന്നുദിവസത്തിനകം കടത്തുകൂലി 30 ശതമാനം വര്‍ധിപ്പിക്കണമെന്നാണ് സ്വകാര്യ ലോറിയുടമകളുടെ ആവശ്യം. ഈ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചില്ലെങ്കില്‍ തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാലത്തേക്ക് ചരക്കുഗതാഗതം നിര്‍ത്തിവയ്ക്കുമെന്ന് ലോറിയുടമകള്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഇതും പ്രതിസന്ധി രൂക്ഷമാക്കും. ചരക്കുകൂലി വര്‍ധിപ്പിച്ചാല്‍ വില വീണ്ടും കൂടും.

കുതിച്ചുയരുന്ന വിലക്കയറ്റത്തില്‍ ജീവിതച്ചെലവും വരുമാനവും പൊരുത്തപ്പെടാതെ സാധാരണക്കാര്‍ കടുത്ത ദുരിതത്തിലായി. ഇതിനിടയിലാണ് ഇരുട്ടടിയായി ഡീസല്‍ വില കൂട്ടിയത്. അരിയും പലവ്യഞ്ജനങ്ങളും പച്ചക്കറികളും ഉള്‍പ്പെടെ എല്ലാത്തിനും അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളമാണ് ഇതിന്റെ പ്രത്യാഘാതം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത്. വടക്കന്‍മേഖലകളില്‍ കര്‍ണാടകത്തില്‍നിന്നും തെക്കന്‍ പ്രദേശങ്ങളില്‍ ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളില്‍നിന്നുമാണ് സംസ്ഥാനത്തേക്കുള്ള ചരക്കുവരവ് പ്രധാനമായും. വില കുതിച്ചുയരുമ്പോഴും പൊതുവിപണിയില്‍ ഇടപെടാനോ കരിഞ്ചന്തയും പൂഴ്ത്തിവയ്പും തടയാനോ സര്‍ക്കാര്‍ താല്‍പ്പര്യം കാട്ടുന്നില്ല. പലവ്യഞ്ജനങ്ങള്‍ അടക്കമുള്ള സാധനങ്ങള്‍ കണ്‍സ്യൂമര്‍ഫെഡ്, സഹകരണ സംഘങ്ങള്‍ തുടങ്ങിയ സംവിധാനത്തിലൂടെ വിതരണം ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതും ഫലം കണ്ടില്ല. റേഷന്‍ കടകളും ആളൊഴിഞ്ഞ നിലയിലാണ്. ഓണസമയത്തും വിലക്കയറ്റം തടയാന്‍ ഒരു നടപടിയും സര്‍ക്കാര്‍ കൈക്കൊണ്ടിരുന്നില്ല.
(പി വി മനോജ്കുമാര്‍)

പച്ചക്കറിയും പൊള്ളും

പാലക്കാട്: ഡീസല്‍വില കുത്തനെ കൂട്ടിയത് പച്ചക്കറിവിലയിലും വന്‍ വര്‍ധനയുണ്ടാക്കും. ലോറി ഉടമകള്‍ ചരക്കുകൂലി വര്‍ധിപ്പിക്കുന്നതാണ് പച്ചക്കറിക്കും വില കൂടാന്‍ കാരണം. ചരക്കുകൂലി 30 ശതമാനംവരെ വര്‍ധിപ്പിക്കുമെന്നാണ് ലോറി ഉടമകള്‍ പറയുന്നത്. ഇതോടെ, അയല്‍സംസ്ഥാനങ്ങളില്‍നിന്ന് നൂറുകണക്കിന് കിലോമീറ്റര്‍ താണ്ടി കേരളത്തിലെത്തുന്ന പച്ചക്കറിക്ക് പൊള്ളുന്ന വില നല്‍കേണ്ടിവരും. തമിഴ്നാട്ടിലെ കോയമ്പത്തൂര്‍, ഉദുമല്‍പേട്ട, ഒട്ടന്‍ഛത്രം, പൊള്ളാച്ചി, ഹൊസൂര്‍, കര്‍ണാടകത്തിലെ മൈസൂരു എന്നിവിടങ്ങളില്‍നിന്നാണ് പ്രധാനമായും കേരളത്തിലേക്ക് പച്ചക്കറിയെത്തുന്നത്. ലോഡൊന്നിന് 1500 മുതല്‍ 2000 രൂപവരെ കൂടുതല്‍ നല്‍കേണ്ടി വരുമെന്ന് വ്യാപാരികള്‍ പറയുന്നു. കാലാവസ്ഥാ വ്യതിയാനത്താല്‍ തമിഴ്നാട്ടില്‍ ഉല്‍പ്പാദനം കുറഞ്ഞതും കഴിഞ്ഞ രണ്ടുമാസമായി കേരളത്തില്‍ പച്ചക്കറിവില വര്‍ധനയ്ക്ക് കാരണമായിരുന്നു.

കാലിത്തീറ്റയ്ക്കും പിണ്ണാക്കിനും വിലകുതിക്കുന്നു

കണ്ണൂര്‍: കാലിത്തീറ്റയ്ക്കും പിണ്ണാക്കിനും വൈക്കോലിനും അമിതമായി വിലവര്‍ധിച്ചത് ക്ഷീരമേഖലയെ പ്രതിസന്ധിയിലാഴ്ത്തി. കാലിത്തീറ്റ കിലോഗ്രാമിന് 3.30 രൂപയും കടലപ്പിണ്ണാക്കിന് എട്ടുരൂപയുമാണ് കൂടിയത്. ഒരു കറ്റ വൈക്കോലിന് 20 രൂപ കര്‍ഷകര്‍ നല്‍കണം. എന്നാല്‍ ക്ഷീരകര്‍ഷകന് ഒരു ലിറ്റര്‍ പാലിന് കിട്ടുന്നത് 22 മുതല്‍ 23 രൂപവരെയാണ്. അതിനാല്‍ ക്ഷീരമേഖലയില്‍നിന്ന് കര്‍ഷകര്‍ കൂട്ടത്തോടെ കൊഴിഞ്ഞുപോകുന്ന അവസ്ഥയാണ്. ക്ഷീരകര്‍ഷകര്‍ വ്യാപകമായി ഉപയോഗിക്കുന്ന ഗോദ്റെജ് കാലിത്തീറ്റയ്ക്ക് ആഗസ്തില്‍ 50 കിലോഗ്രാമിന് 660 രൂപയായിരുന്നു വില. ഈ മാസം 825 രൂപയായി ഉയര്‍ന്നു. കിലോഗ്രാമിന് 13.20 രൂപയായിരുന്നത് ഒറ്റയടിക്ക് 16.50 ആയി. കടലപ്പിണ്ണാക്കിന് 40 രൂപയായിരുന്നത് 48 ആയി. സബ്സിഡി നിരക്കില്‍ മില്‍മ നല്‍കിയ സൂപ്പര്‍ സ്പെഷ്യല്‍ കാലിത്തീറ്റ ജൂലൈ 31ന് നിര്‍ത്തലാക്കിയതും തിരിച്ചടിയായി. 735 രൂപ വിലയുള്ള കാലിത്തീറ്റ 85 രൂപ സബ്സിഡിയിലാണ് മില്‍മ നല്‍കിയത്.

അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റമാണ് കാലിത്തീറ്റ വില ഉയരാന്‍ കാരണം. പ്രധാന അസംസ്കൃത വസ്തുവായ ചോളം വ്യാപകമായി കയറ്റിയയക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത് കാലിത്തീറ്റ ഉല്‍പാദനത്തെ ബാധിച്ചു. ഡീസല്‍ വില വര്‍ധന കാലിത്തീറ്റയുടെയും പിണ്ണാക്കിന്റെയും വില വീണ്ടും കൂട്ടാനിടയാക്കും.

ഒരു ലിറ്റര്‍ പാല്‍ ഉല്‍പാദിപ്പിക്കാന്‍ കാലിത്തീറ്റ, പിണ്ണാക്ക്, വൈക്കോല്‍ എന്നിവ ഉള്‍പ്പെടെ 450 ഗ്രാം സമീകൃത ആഹാരം വേണം. ശരീര സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ ഒന്നരക്കിലോ സമീകൃത ആഹാരവും വേണം. ക്ഷീരസംഘത്തില്‍ ഒരു ലിറ്റര്‍ പാല്‍ അളക്കുന്ന കര്‍ഷകന് കാലിത്തീറ്റ ഇനത്തില്‍ 80 പൈസ സര്‍ക്കാര്‍ സബ്സിഡിയുണ്ട്. മില്‍മയുടെയും കേരള ഫീഡ്സിന്റെയും കാലിത്തീറ്റയ്ക്കേ ഇത് ലഭിക്കൂ. കേരള ഫീഡ്സിന്റെ കാലിത്തീറ്റ കിട്ടാനില്ല. മില്‍മയുടേത് ലഭിക്കാന്‍ രണ്ടാഴ്ചയിലേറെ കാത്തുനില്‍ക്കണം. കാലിത്തീറ്റ വിലവര്‍ധനയെ തുടര്‍ന്ന് പാല്‍ ഉല്‍പാദനം ഗണ്യമായി കുറഞ്ഞു. ഇത് ക്ഷീരസംഘങ്ങളെയും പ്രതിസന്ധിയിലാഴ്ത്തി. അമ്പത് ശതമാനം സബ്സിഡിയില്‍ കാലിത്തീറ്റയും പിണ്ണാക്കും നല്‍കിയാലേ ക്ഷീരമേഖലയെ സംരക്ഷിക്കാനാവൂ. തൊഴിലുറപ്പ് പദ്ധതി ക്ഷീരമേഖലയില്‍കൂടി വ്യാപിപ്പിക്കണം. എന്നാല്‍ എല്‍ഡിഎഫ് പ്രഖ്യാപിച്ച 400 രൂപ പെന്‍ഷന്‍പോലും നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. മറ്റ് പെന്‍ഷനുകള്‍ 400 രൂപയാക്കിയപ്പോള്‍ ക്ഷീരകര്‍ഷകരുടെ പ്രതിമാസ പെന്‍ഷന്‍ 300 രൂപയാണ്.

പാല്‍ അളക്കുന്ന കര്‍ഷകരില്‍നിന്ന് പെന്‍ഷനായി സംഘങ്ങള്‍ മാസം 20 രൂപ ഈടാക്കുന്നുണ്ട്. സംഘങ്ങള്‍ മില്‍മയ്ക്ക് കൊടുക്കുന്ന ഓരോ ലിറ്റര്‍ പാലിനും ദിനംപ്രതി അഞ്ചു പൈസ വീതം ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡിലേക്ക് നല്‍കുന്നുണ്ട്. ക്ഷീരസംഘങ്ങള്‍ പ്രാദേശികാടിസ്ഥാനത്തില്‍ വില്‍ക്കുന്ന ഓരോ ലിറ്റര്‍ പാലിനും ക്ഷീരക്ഷേമനിധി ബോര്‍ഡിലേക്ക് 12 പൈസ വീതം അടയ്ക്കുന്നുണ്ട്. എന്നിട്ടും ക്ഷീരകര്‍ഷകരുടെ പെന്‍ഷന്‍ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ല. മരണാനന്തര ആനുകൂല്യം 1000 രൂപ മാത്രമാണ്.

deshabhimani 170912

1 comment:

  1. സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രണാതീതമാംവിധം കുതിച്ചുയരുന്നു. ഡീസല്‍ വിലവര്‍ധന കൂടി നിലവില്‍വന്നതോടെ സ്ഥിതി ആശങ്കാജനകമാണ്. ഓണം-റമദാന്‍ സീസണ്‍ പിന്നിട്ടശേഷവും സാധനവില അനുദിനം ഉയരുകയാണെങ്കിലും സര്‍ക്കാരും ഭക്ഷ്യ-പൊതുവിതരണവകുപ്പും ഒരു നടപടിയും സ്വീകരിക്കുന്നില്ല. 36 രൂപയായിരുന്ന ഒരു കിലോ പഞ്ചസാര മൂന്നു ദിവസത്തിനിടെ എട്ടുരൂപ കൂടി 44 ആയി. 66 രൂപയായിരുന്ന കടലയുടെ വില 72 ആയും വറ്റല്‍മുളക് 60ല്‍നിന്ന് 71 രൂപയായും വര്‍ധിച്ചു

    ReplyDelete