Sunday, September 16, 2012

പി വി വര്‍ഗീസ് വൈദ്യര്‍ അന്തരിച്ചു


വയനാട്ടിലെ സിപിഐഎമ്മിന്റെ പ്രമുഖ നേതാവും സ്വാതന്ത്യസമര സേനാനിയും മുന്‍ എംഎല്‍എയുമായ പി വി വര്‍ഗീസ്വൈദ്യര്‍(91) നിര്യാതനായി. ദേഹാസ്വാസസ്ഥ്യം മൂലം ശനിയാഴ്ച വൈകീട്ട് കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹം രാത്രി 12 മണിയോടെ ഹൃദയാഘാതം മൂലമാണ് മരിച്ചത്. വയനാട്ടിലെ കമ്യൂണിസ്റ്റ് കര്‍ഷകപ്രസ്ഥാനത്തിന്റെ അനിഷേധ്യനേതാവായിരുന്ന വൈദ്യര്‍ മീനങ്ങാടി പഞ്ചായത്ത് അംഗം, പ്രസിഡണ്ട്, മീനങ്ങാടി സര്‍വീസ്സഹകരണബാങ്ക് പ്രസിഡണ്ട്,ജില്ല ബാങ്ക്ഡയരക്ടര്‍,സംസ്ഥാനഭവനിര്‍മാണബോര്‍ഡ് അംഗം തെക്കേവയനാട് താലൂക്ക് ലാന്‍ഡ് ബോര്‍ഡ് അംഗം തുടങ്ങി നിരവധി പദവികള്‍ വഹിച്ചു.1996ല്‍ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബത്തേരി നിയോജകണ്ഡലത്തില്‍ നിന്ന് വിജയിച്ച അദ്ദേഹം ജനപ്രതിനിധിയെന്ന നിലയില്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്.

മൂവാറ്റുപുഴ താലൂക്കിലെ കുന്നയ്ക്കാല്‍കര വില്ലേജിലെ വാളകത്ത് പനക്കല്‍ വര്‍ക്കിയുടെയും അന്നമ്മയുടെയും മകനായി 1922 നവംബര്‍ ആറിന് ജനം. ഭാര്യ: മൂവാറ്റുപുഴ മരോട്ടിക്കല്‍ കുടുംബാംഗം സാറാമ്മ. മക്കള്‍: ജോര്‍ജ്(കുടക്), വത്സ(കടാതി മൂവാറ്റുപുഴ),രാജന്‍. മരുമക്കള്‍: സ്കറിയ, ബിന്ദു. 1942 ല്‍ വിദ്യാര്‍ത്ഥി സമരത്തില്‍ പങ്കെടുത്തതിന് സര്‍ സി പി യുടെ പൊലീസ് അറസ്റ്റ് ചെയ്തു. ചൂരല്‍കൊണ്ട് മര്‍ദ്ദിച്ചതിന് ശേഷം വിട്ടയച്ചു. അന്ന് അഞ്ചാം ക്ലാസിലായിരുന്നു. 1940- ല്‍ തന്നെ വിദ്യാര്‍ത്ഥി കോണ്‍ഗ്രസില്‍ അംഗത്വമെടുത്തിരുന്നു. വിദ്യാര്‍ത്ഥികളും പൊലീസുമായി ഏറ്റുമുട്ടലുണ്ടായതിനെതുടര്‍ന്ന് പാലക്കാട്ട് ഒളിവില്‍ കഴിഞ്ഞു. എട്ട്മാസം പൂണുലണിഞ്ഞ് ബ്രാഹ്മണവേഷത്തില്‍ കല്‍പ്പാത്തി ഓട്ട്കമ്പനിക്കടുത്ത നെയ്ത്ത്ശാലയില്‍ ജോലിയെടുത്തു. പിന്നീട് അച്ഛനും മറ്റ് ബന്ധുക്കളുമെത്തി നാട്ടിലേക്ക് കൊണ്ട് പോയി. 1942- ല്‍ ബംഗാള്‍ ക്ഷാമം കാരണം പയ്യന്നൂരില്‍ നിന്നും എകെജിയുടെ നേതൃത്വത്തില്‍ നടത്തിയ പട്ടിണി ജാഥക്ക് ആലുവയില്‍ നടന്ന സ്വീകരണത്തില്‍ പങ്കെടുക്കാനെത്തിയെങ്കിലും എകെജിക്ക് യോഗസ്ഥലത്ത് നിന്ന് മര്‍ദ്ദനമേറ്റതിനെ തുടര്‍ന്ന് യോഗം അലങ്കോലപ്പെട്ടു. പിറ്റെദിവസം തൃപ്പുണിത്തുറയിലെ സ്ഥീകരണ സ്ഥലത്തെത്തി എകെജിക്ക് മാലയിട്ടു. വയനാട്ടില്‍ വന്നതിനു ശേഷം കോഴിക്കോട് ഒരു യോഗത്തില്‍ പങ്കെടുക്കാനെത്തിയ എകെജി യോഗസ്ഥലത്ത് വര്‍ഗ്ഗീസ് വൈദ്യരെക്കണ്ട് തിരിച്ചറിഞ്ഞ് അടുത്തേക്ക് വന്ന് തൃപ്പുണിത്തുറയില്‍ മാലയിട്ട് സ്വീകരിച്ച കാര്യം ഓര്‍മിപ്പിച്ചു.

തുടര്‍ന്ന് പുതിയറ കര്‍ഷക സംഘം ഓഫീസിലെ രാഘവന്‍ നായര്‍ക്ക് പരിചയപ്പെടുത്തി. ആദ്യ കാലത്ത് വൈദ്യര്‍ക്ക് മലഞ്ചരക്ക്, പലചരക്ക്, പുല്‍തൈല വ്യാപാരമുണ്ടായിരുന്നു.ഇതോടൊപ്പം തുണിക്കച്ചവടവും നടത്തി. കോഴിക്കോട് നിന്നും അക്കാലത്ത് ദേശാഭിമാനി പത്രം രഹസ്യമായി എത്തിച്ച് വിതരണം നടത്തി. സിഡബ്ല്യുഎംഎസ് ബസിലാണ് പത്രം എത്തിച്ചത്. അക്കാലത്ത് ഇടപ്പള്ളി കേസിലെ രണ്ട് പ്രതികളെ വയനാട്ടില്‍ ഒളിവില്‍ പാര്‍പ്പിച്ചു. 1950- ല്‍ കല്‍പ്പറ്റയിലെ കമ്മ്യൂണിസ്റ്റ് പാര്‍ടി സെല്ലില്‍ അംഗമായി. 1951- ല്‍ സി എച്ച് കണാരന്‍ നേരിട്ടെത്തിയാണ് പാര്‍ടി കാര്‍ഡ് നല്‍കിയത്. 1952 ല്‍ കോഴിപ്പുറത്ത് മാധവന്‍ നായര്‍ വയനാട്ടില്‍ മത്സരിക്കാനെത്തിയപ്പോള്‍ പത്മപ്രഭ ഗൗണ്ടര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചു. 1953 ല്‍ പുല്‍പ്പള്ളിയില്‍ കൈവരേഖയില്ലാത്ത 14,000 ല്‍പ്പരം കര്‍ഷകരെ ഇറക്കിവിടാന്‍ ശ്രമിച്ചപ്പോള്‍ സമരത്തിന് നേതൃത്വം നല്‍കി. കൊടും വനത്തിലൂടെ കടന്ന്പോയാണ് കര്‍ഷകരെ സംഘടിപ്പിച്ചത്. കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന എച്ച് മഞ്ജുനാഥ റാവുവിനൊപ്പം മദിരാശിയില്‍ ചെന്ന് രാജാജിക്കും കാമരാജിനും ഒഴിപ്പിക്കല്‍ നടപടിക്കെതിരെ നിവേദനം നല്‍കി. വള്ളുവനാട്ടിലെ കമ്മ്യൂണിസ്റ്റ് നേതാവ് ഇ പി ഗോപാലനും കൂടെയുണ്ടായിരുന്നു. ആദ്യകാലത്ത് പാര്‍ടിക്ക് ബത്തേരിയിലും കല്‍പ്പറ്റയിലും രണ്ട് ലോക്കല്‍ കമ്മിറ്റികള്‍ മാത്രമേ വൈത്തിരി താലൂക്കിലുണ്ടായിരുന്നുള്ളൂ. താലൂക്ക് കമ്മിറ്റി അംഗങ്ങളായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. പരേതനായ പി ശങ്കറായിരുന്നു സെക്രട്ടറി.

1964 ല്‍ പാര്‍ടി പിളര്‍പ്പിനെത്തുടര്‍ന്ന് പി ശങ്കര്‍ പാലക്കാട്ടേക്ക് തിരിച്ചുപോയി. 1973 - ല്‍ സിപിഐഎം ജില്ലാ കമ്മിറ്റി രൂപം കൊണ്ടപ്പോള്‍ സെക്രട്ടറിയേറ്റ് അംഗമായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. സി പി മൂസാന്‍കുട്ടിയായിരുന്നു സെക്രട്ടറി. 1980 ല്‍ മൂസാന്‍ കുട്ടി തളിപ്പറമ്പില്‍ നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ സെക്രട്ടറി സ്ഥാനം ഒഴിവായി. രണ്ടരക്കൊല്ലം സെക്രട്ടറിയുടെ ചാര്‍ജ് നിര്‍വഹിച്ചു. പിന്നീട് പി എ മുഹമ്മദ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 1969 ല്‍ പാലക്കാട് നടന്ന കെഎസ്കെടിയു സംസ്ഥാന സമ്മേളനത്തില്‍ സംസ്ഥാന കമ്മിറ്റി അംഗമായി. കെഎസ്കെടിയു ജില്ലാ പ്രസിഡന്റ്, സെക്രട്ടറി സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചു. ഇരുളത്ത് തോട്ടം തൊഴിലാളി സമരം, സിസി, പൊഴുതന മിച്ചഭൂമി സമരം എന്നിവക്ക് നേതൃത്വം നല്‍കി. 1968 ല്‍ കല്‍പ്പറ്റയില്‍ വില്ലേജ് ഓഫീസ് ഉപരോധിച്ചപ്പോള്‍ കോണ്‍ഗ്രസ് പി എസ് പി ഗുണ്ടകള്‍ കടന്നാക്രമിച്ചു. ഗുണ്ടകളെ വാര്‍ഗ്ഗീസ് വൈദ്യരുടെ നേതൃത്വത്തില്‍ വളണ്ടിയര്‍ മാര്‍ ചെറുത്തുനിന്നതിനാല്‍ അവരില്‍ പലര്‍ക്കും അടികിട്ടി. 25 പേരെയെങ്കിലും താന്‍ തനിച്ച് അടിച്ചതായി വര്‍ഗ്ഗീസ് വൈദ്യര്‍ പിന്നീട് പറഞ്ഞിരുന്നു.

മിച്ച ഭൂമി സമരത്തില്‍ പങ്കെടുത്തതിന് 35 ദിവസം കോഴിക്കോട് ജയിലില്‍ കഴിഞ്ഞു. 1970 -ല്‍ തിരുവനന്തപുരം മുടവന്‍മുകള്‍ കൊട്ടാര വളപ്പിലേക്ക് കടന്ന് മിച്ചഭൂമിയില്‍ കൊടി നാട്ടി എകെജിയുടെ നേതൃത്വത്തില്‍ സമരം നടത്തിയപ്പോള്‍ കൂടെ വര്‍ഗ്ഗീസ് വൈദ്യരുമുണ്ടായിരുന്നു. മറ്റ് നിരവധി തവണ സമരങ്ങളില്‍ പങ്കെടുത്തതിന് ജയില്‍വാസം അനുഭവിച്ചു. ദീര്‍ഘകാലം മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റായിരുന്ന വര്‍ഗ്ഗീസ് വൈദ്യര്‍ 1982, 1991 വര്‍ഷങ്ങളില്‍ സിപിഐഎം സ്ഥാനാര്‍ഥിയായി നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും കോണ്‍ഗ്രസിലെ കെ കെ രാമചന്ദ്രന്‍ മാസ്റ്ററോടും കെ സി റോസക്കുട്ടിയോടും പരാജയപ്പെട്ടു. 1991 -ല്‍ രാജീവ് ഗാന്ധിയുടെ വധം മൂലമുണ്ടായ സഹതാപ രംഗം മുതലെടുത്താണ് കോണ്‍ഗ്രസിലെ കെ സി റോസക്കുട്ടി 2000 ത്തില്‍ പരം വോട്ടിന് ജയി്്ച്ചത്.1996 -ല്‍ കെ സി റോസക്കുട്ടിയെ 2000 ത്തോളം വോട്ടിന് പരാജയപ്പെടുത്തിയാണ് നിയമസഭയിലെത്തിയത്. ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റി ചെയര്‍മാനാണ്.

deshabhimani

1 comment:

  1. വയനാട്ടിലെ സിപിഐഎമ്മിന്റെ പ്രമുഖ നേതാവും സ്വാതന്ത്യസമര സേനാനിയും മുന്‍ എംഎല്‍എയുമായ പി വി വര്‍ഗീസ്വൈദ്യര്‍(91) നിര്യാതനായി. ദേഹാസ്വാസസ്ഥ്യം മൂലം ശനിയാഴ്ച വൈകീട്ട് കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹം രാത്രി 12 മണിയോടെ ഹൃദയാഘാതം മൂലമാണ് മരിച്ചത്. വയനാട്ടിലെ കമ്യൂണിസ്റ്റ് കര്‍ഷകപ്രസ്ഥാനത്തിന്റെ അനിഷേധ്യനേതാവായിരുന്ന വൈദ്യര്‍ മീനങ്ങാടി പഞ്ചായത്ത് അംഗം, പ്രസിഡണ്ട്, മീനങ്ങാടി സര്‍വീസ്സഹകരണബാങ്ക് പ്രസിഡണ്ട്,ജില്ല ബാങ്ക്ഡയരക്ടര്‍,സംസ്ഥാനഭവനിര്‍മാണബോര്‍ഡ് അംഗം തെക്കേവയനാട് താലൂക്ക് ലാന്‍ഡ് ബോര്‍ഡ് അംഗം തുടങ്ങി നിരവധി പദവികള്‍ വഹിച്ചു.1996ല്‍ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബത്തേരി നിയോജകണ്ഡലത്തില്‍ നിന്ന് വിജയിച്ച അദ്ദേഹം ജനപ്രതിനിധിയെന്ന നിലയില്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്.

    ReplyDelete