Monday, September 17, 2012

അമേരിക്കയ്ക്ക് മുന്നില്‍ മന്‍മോഹന്‍ മുട്ടുമടക്കി


അമേരിക്ക കണ്ണുരുട്ടിയപ്പോള്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് വീണ്ടും മുട്ടുമടക്കി. വെള്ളിയാഴ്ച പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം ചില്ലറവില്‍പ്പനമേഖലയിലെ വിദേശനിക്ഷേപം ഉള്‍പ്പെടെ ബഹുരാഷ്ട്ര-സ്വദേശ കുത്തകകളെ സന്തോഷിപ്പിച്ച ഒന്നിലധികം തീരുമാനങ്ങളാണ് കൈക്കൊണ്ടത്. സെപ്തംബര്‍ ആദ്യവാരമാണ് "വൈറ്റ് ഹൗസു"മായി അടുത്തുനില്‍ക്കുന്ന "വാഷിങ്ടണ്‍ പോസ്റ്റ്" പത്രം പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങിനെ "നിശ്ശബ്ദനായ ദുരന്തനായക"നെന്ന് വിശേഷിപ്പിച്ചത്. ഇന്ത്യന്‍ കോര്‍പറേറ്റുകള്‍ മാസങ്ങളായി അദ്ദേഹത്തെ "നയപരമായ തളര്‍വാതം" പിടികൂടിയവനെന്ന് ആക്ഷേപിച്ചിരുന്നു.

"ടൈം" മാസികയാകട്ടെ പ്രധാനമന്ത്രിയെ "പരാജിത"നെന്നാണ് വിശേഷിപ്പിച്ചത്. പുവര്‍, ഫിച്ച്, മൂഡി എന്നീ ഏജന്‍സികളും ഇന്ത്യയുടെ നിരക്ക് താഴ്ത്തിയിരുന്നു. 2ജി സ്പെക്ട്രം അഴിമതിയിലും കല്‍ക്കരി കുംഭകോണത്തിലും പ്രതിച്ഛായ തകര്‍ന്നപ്പോഴൊന്നും വേവലാതിപ്പെടാതിരുന്ന മന്‍മോഹന് അമേരിക്കന്‍ മാധ്യമങ്ങളിലും ഏജന്‍സികളിലും തന്റെ പ്രതിച്ഛായ തകരുന്നത് സഹിക്കാനായില്ല. സോണിയാഗാന്ധി ചികിത്സയ്ക്കായി അമേരിക്ക സന്ദര്‍ശിച്ച് ഡല്‍ഹിയിലേക്ക് മടങ്ങിയ ഉടനെയാണ് ഈ തീരുമാനം. ചില്ലറ വില്‍പ്പനമേഖലയില്‍ 51 ശതമാനം വിദേശനിക്ഷേപം അനുവദിച്ചപ്പോള്‍ ചെറുകിട വ്യവസായമന്ത്രി വയലാര്‍ രവി ഒരക്ഷരം പോലും ഉരിയാടിയില്ല. അമേരിക്കയില്‍ നവംബറില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട് ഉഴലുന്ന അമേരിക്ക ഈ തീരുമാനം കൈക്കൊള്ളാന്‍ മന്‍മോഹനില്‍ സമ്മര്‍ദം ചെലുത്തി. ബറാക് ഒബാമ മുതല്‍ വിദേശകാര്യസെക്രട്ടറി ഹിലരി കിന്റണ്‍ വരെ ഇതിനായി പ്രയത്നിച്ചു. വാള്‍മാര്‍ട്ട് എന്ന ചില്ലറവില്‍പ്പനമേഖലയിലെ ഭീമന്‍ ഇന്ത്യന്‍ രാഷ്ട്രീയക്കാരെ സ്വപക്ഷത്തുനിര്‍ത്താന്‍ 52 കോടി രൂപയാണ് ചെലവിട്ടത്.

ഇന്ത്യന്‍ മന്ത്രിസഭാ തീരുമാനം ഏറ്റവും സന്തോഷിപ്പിക്കുക ബറാക് ഒബാമയെയാണ്. ഈ തീരുമാനം വിദേശനയരംഗത്ത് ലഭിച്ച ഏറ്റവും വലിയ നേട്ടമായി ഒബാമ അവതരിപ്പിക്കും. തെരഞ്ഞെടുപ്പില്‍ വോട്ട് മാത്രമല്ല വാള്‍മാര്‍ട്ട് ഉള്‍പ്പെടെയുള്ള കമ്പനികളുടെ പണവും ഒബാമയുടെ തെരഞ്ഞെടുപ്പു ഫണ്ടിലേക്ക് ഒഴുകും. ഇന്ത്യയില്‍ ജനങ്ങളുടെ പിന്തുണ നഷ്ടപ്പെട്ടാലും കോര്‍പറേറ്റുകളുടെ പണച്ചാക്ക് കോണ്‍ഗ്രസിനായി വീണ്ടും തുറക്കപ്പെടും. 2014 ലെ പൊതുതെരഞ്ഞെടുപ്പില്‍ കല്‍ക്കരി അഴിമതിയിലൂടെ മാത്രമല്ല വിദേശനിക്ഷേപ തീരുമാനം വഴിയും കോണ്‍ഗ്രസ് കോടികളാണ് ഉറപ്പിച്ചിട്ടുള്ളത്. 2008ലും അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ഇന്ത്യ അമേരിക്കയുമായി ആണവകരാര്‍ ഒപ്പിട്ടത്. ജനറല്‍ ഇലക്ട്രിക്കല്‍സും വെസ്റ്റിങ് ഹൗസും മറ്റും ഒബാമയുടെ രക്ഷയ്ക്കെത്തുകയും ചെയ്തു.
(വി ബി പരമേശ്വരന്‍)

deshabhimani 170912

1 comment:

  1. അമേരിക്ക കണ്ണുരുട്ടിയപ്പോള്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് വീണ്ടും മുട്ടുമടക്കി. വെള്ളിയാഴ്ച പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം ചില്ലറവില്‍പ്പനമേഖലയിലെ വിദേശനിക്ഷേപം ഉള്‍പ്പെടെ ബഹുരാഷ്ട്ര-സ്വദേശ കുത്തകകളെ സന്തോഷിപ്പിച്ച ഒന്നിലധികം തീരുമാനങ്ങളാണ് കൈക്കൊണ്ടത്. സെപ്തംബര്‍ ആദ്യവാരമാണ് "വൈറ്റ് ഹൗസു"മായി അടുത്തുനില്‍ക്കുന്ന "വാഷിങ്ടണ്‍ പോസ്റ്റ്" പത്രം പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങിനെ "നിശ്ശബ്ദനായ ദുരന്തനായക"നെന്ന് വിശേഷിപ്പിച്ചത്. ഇന്ത്യന്‍ കോര്‍പറേറ്റുകള്‍ മാസങ്ങളായി അദ്ദേഹത്തെ "നയപരമായ തളര്‍വാതം" പിടികൂടിയവനെന്ന് ആക്ഷേപിച്ചിരുന്നു.

    ReplyDelete