Sunday, September 16, 2012

പ്രീമിയം പെട്രോളിന്റെയും ഡീസലിന്റെയും വില കുത്തനെ കൂട്ടി


ബ്രാന്‍ഡഡ് പെട്രോളിന്റെയും ഡീസലിന്റെയും വില എണ്ണക്കമ്പനികള്‍ വന്‍ തോതില്‍ വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 6.36 പൈസയും ഡീസലിന് 19.55 പൈസയുമാണ് ഒറ്റയടിക്ക് കുത്തനെ കൂട്ടിയത്. ശനിയാഴ്ച അര്‍ധ രാത്രിയോടെയാണ് വില വര്‍ധിപ്പിക്കാനുള്ള തീരുമാനം എണ്ണക്കമ്പനികള്‍ പുറത്തു വിട്ടത്. വിലവര്‍ധന ശനിയാഴ്ച അര്‍ധരാത്രിയോടെ പ്രാബല്യത്തിലായി. ഇതോടെ പ്രീമിയം പെട്രോളിന് ലിറ്ററിന് 71.22 പൈസയായിരുന്നത് ഡല്‍ഹിയില്‍ 77.58 പൈസയും ഡീസലിന് 46.26 പൈസയായിരുന്നത് 65.81 രൂപയുമാവും. കേന്ദ്രസര്‍ക്കാര്‍ വെള്ളിയാഴ്ച ഡീസലിന് അഞ്ച് രൂപ വര്‍ധിപ്പിച്ചതിനു പിന്നാലെയാണ് ഇരുട്ടടിയായി എണ്ണക്കമ്പനികളുടെ ഈ തീരുമാനം.

ഡീസലിന്റെ വില വര്‍ധിപ്പിച്ചതിനു പിന്നാലെ പ്രീമിയം പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ എണ്ണക്കമ്പനികള്‍ക്ക് അനുവാദം നല്‍കിയിരുന്നു. എക്സട്രാ പ്രീമിയം എന്ന പേരിലാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ബ്രാന്‍ഡഡ് പെട്രോള്‍ വില്‍ക്കുന്നത്. ഭാരത് പെട്രോളിയത്തിന് ഇത് സ്പീഡും ഹിന്ദുസ്ഥാന്‍ പെട്രോളിയത്തന് പവറും ആണ്. ഇതിനിടെ ഡീസല്‍വില വര്‍ധനയെ ന്യായീകരിച്ച് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് രംഗത്തെത്തിയിരുന്നു.

തൃണമൂല്‍ മന്ത്രിമാരെ പിന്‍വലിച്ചേക്കും

കൊല്‍ക്കത്ത: ഡീസല്‍ വിലവര്‍ധനവ് പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ നടപടികളുമായി മുന്നോട്ടുപോകുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി കേന്ദ്രഗവണ്‍മെന്റിന് മുന്നറിപ്പ് നല്‍കി. വിവിധ മേഖലകളില്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിനുള്ള നയതീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനത്തിനെതിരെയും മമത ശബ്ദമുയര്‍ത്തി. കേന്ദ്രസര്‍ക്കാര്‍ തീരുമാനങ്ങള്‍ക്ക് കോണ്‍ഗ്രസ് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. സര്‍ക്കാര്‍ തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ കേന്ദ്രമന്ത്രിസഭയില്‍ നിന്ന് തങ്ങളുടെ മന്ത്രിമാരെ പിന്‍വലിക്കുന്നതടക്കമുള്ള കടുത്ത നടപടി കൈക്കൊള്ളുമെന്നും മമത പ്രഖ്യാപിച്ചു. കേന്ദ്രസര്‍ക്കാറിന് 72 മണിക്കൂര്‍ അന്ത്യശാസനവും മമത നല്‍കി. അന്തിമ തീരുമാനം കൈക്കൊള്ളാന്‍ ചൊവ്വാഴ്ച തൃണമൂല്‍ യോഗം ചേരും.

കേന്ദ്രസര്‍ക്കാറിന്റെ സാമ്പത്തിക പരിഷ്കരണങ്ങള്‍ ഒരു വിഭാഗത്തിന് മാത്രം ഗുണംചെയ്യുന്നവയായിരിക്കരുതെന്നും ചില്ലറ വ്യാപാര മേഖലയില്‍ വിദേശ നിക്ഷേപത്തെ എതിര്‍ക്കുമെന്ന് പ്രകടനപത്രികയിറക്കിയാണ് തൃണമൂല്‍ വോട്ടുചോദിച്ചതെന്നും മമത വ്യക്തമാക്കി.തൃണമൂലിനെക്കൂടാതെ കേന്ദ്രസര്‍ക്കാറിനെ പുറത്തുനിന്ന് പിന്തുണയ്ക്കുന്ന സമാജ് വാദി പാര്‍ട്ടിയും ബിഎസ്പിയും സര്‍ക്കാരിനെതിരെ പരസ്യമായി രംഗത്തുണ്ട്. തൃണമൂല്‍, എസ്പി, ബിഎസ്പി എന്നിവര്‍ക്ക് ലോക്സഭയില്‍ 62 അംഗങ്ങളാണുള്ളത്.

deshabhimani news

No comments:

Post a Comment