Tuesday, September 18, 2012

ദേശീയപാത വികസനം ടെന്‍ഡറില്‍ വന്‍ ക്രമക്കേട്


സംസ്ഥാനത്തെ ദേശീയപാതകള്‍ നാലുവരിപ്പാതയാക്കാനുള്ള ടെന്‍ഡര്‍ നല്‍കിയതില്‍ വന്‍അഴിമതിയും ക്രമക്കേടും. ബിഒടി പ്രകാരം രണ്ടുവരിപ്പാത നാലുവരിയാക്കാനുള്ള ടെന്‍ഡറുകളിലാണ് ക്രമക്കേട്. പങ്കെടുക്കാത്തതും ടെന്‍ഡര്‍ സമയത്ത് നിലവിലില്ലാത്തതുമായ കമ്പനികള്‍ക്കാണ് കരാര്‍ നല്‍കിയിരിക്കുന്നത്. ആന്ധ്രയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവായിരുന്ന രാജ്മോഹന്‍റെഡ്ഡിയുടെ കമ്പനിക്കാണ് വഴിവിട്ട കരാര്‍ നല്‍കിയത്. ടെന്‍ഡര്‍ നിബന്ധനകള്‍ ലംഘിച്ച് കരാര്‍ നല്‍കിയതിന് പിന്നില്‍ കോടികളുടെ അഴിമതിയാണ്.

ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ നേതൃത്വത്തിലായിരുന്നു ടെന്‍ഡര്‍ നടപടികള്‍. ദേശീയപാതയിലെ വെങ്ങളം-കണ്ണൂര്‍ (82 കിലോമീറ്റര്‍), വെങ്ങളം-കുറ്റിപ്പുറം(88 കിലോമീറ്റര്‍), തൃശൂര്‍- വടക്കാഞ്ചേരി(30 കിലോമീറ്റര്‍), തൃശൂര്‍-അങ്കമാലി-ഇടപ്പള്ളി(65 കിലോമീറ്റര്‍) എന്നീ ദേശീയപാതകള്‍ നാലുവരിയാക്കുന്ന പ്രവൃത്തികളിലാണ് നിബന്ധന പാലിക്കാതെ കരാര്‍ നല്‍കിയത്. നോര്‍ത്ത് മലബാര്‍ എക്സ്പ്രസ് വേ, സൗത്ത് മലബാര്‍ എക്സ്പ്രസ് വേ, തൃശൂര്‍ എക്സ്പ്രസ് വേ, ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് കമ്പനികള്‍ക്കാണ് കരാര്‍. ടെന്‍ഡറില്‍ പങ്കെടുക്കാത്തവയാണിവയെല്ലാമെന്നതാണ് ഏറ്റവും ശ്രദ്ധേയം. കൂടാതെ കുറഞ്ഞത് അഞ്ചുവര്‍ഷത്തെ ഹൈവേ നിര്‍മാണ പരിചയം നാല് കമ്പനികള്‍ക്കുമില്ല. നാല് ടെന്‍ഡറുകളിലും പങ്കെടുത്ത് യോഗ്യതനേടിയത് കെഎംസി കണ്‍സ്ട്രക്ഷന്‍ ലിമിറ്റഡ് എന്ന കമ്പനിയാണ്. ഹൈദരാബാദ് ആസ്ഥാനമായ കമ്പനിയാണിത്.

വെങ്ങളം-കണ്ണൂര്‍, വെങ്ങളം-കുറ്റിപ്പുറം ഭാഗങ്ങളുടെ ടെന്‍ഡര്‍ വിളിച്ചത് 2008 ജൂലൈ 27നായിരുന്നു. ഇതിന്റെ ടെന്‍ഡര്‍ നല്‍കിയിരിക്കുന്നത് നോര്‍ത്ത് മലബാര്‍ എക്സ്പ്രസ് വേ, സൗത്ത് മലബാര്‍ എക്സ്പ്രസ് വേ കമ്പനികള്‍ക്കാണ്. എന്നാല്‍ ഇവ രൂപീകരിച്ചത് യഥാക്രമം 2009 സെപ്തംബര്‍ 7നും സെപ്തംബര്‍ അഞ്ചിനുമാണ്. തൃശൂര്‍-വടക്കാഞ്ചേരി റീച്ചിന് ടെന്‍ഡര്‍ വിളിച്ചത് 2007 ഡിസംബര്‍ 19ന്. കരാര്‍ കിട്ടിയത് തൃശൂര്‍ എക്സ്പ്രസ് വേ കമ്പനിക്കാണെന്നാണ് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എന്‍എച്ച്എഐ) പുറത്തുവിട്ട രേഖകളിലുള്ളത്. കമ്പനി രൂപീകരിച്ചതാകട്ടെ 2009 ഏപ്രില്‍ എട്ടിനും. തൃശൂര്‍-അങ്കമാലി-ഇടപ്പള്ളിയുടെ ടെന്‍ഡര്‍ 2005 മെയ് 27ന്. കരാര്‍ കിട്ടിയ ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ 2005 നവംബര്‍ 24നാണ് രജിസ്റ്റര്‍ ചെയ്തത്. ടെന്‍ഡര്‍ വിളിച്ച് മാസങ്ങള്‍ മുതല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം രൂപീകൃതമായ കമ്പനികള്‍ക്ക് കരാര്‍ കിട്ടിയതിനെപ്പറ്റി എന്‍എച്ച്എഐ ഇതേവരെ വിശദീകരിച്ചിട്ടില്ല.

കെഎംസി കണ്‍സ്ട്രക്ഷന്‍ ലിമിറ്റഡ് കമ്പനിക്ക് എല്ലാ കരാറുകളും ലഭിച്ചതിലെ നിയമവിരുദ്ധതയും സാധുതയും ചോദ്യംചെയ്യപ്പെട്ടാല്‍ മറികടക്കാനായി രൂപീകരിച്ച കടലാസ് സ്ഥാപനങ്ങളാണ് മറ്റുള്ളവ. 9999 ഓഹരികള്‍ കെഎംസിയുടെ ഉടമസ്ഥതയിലാക്കി രൂപീകരിച്ചവയാണ് കരാര്‍ ലഭിച്ച നാല് കമ്പനികളും. നാല് കമ്പനികളുടെയും വിലാസം ഒന്നാണ്. പരിസ്ഥിതി പ്രവര്‍ത്തകനായ മോഹനന്‍ മണലില്‍ വിവരാവകാശപ്രകാരം നടത്തിയ അന്വേഷണത്തിലാണ് ദേശീയപാത നാലുവരിപ്പാതയാക്കുന്നതിന് പിന്നില്‍ അരങ്ങേറിയ ക്രമക്കേടുകള്‍ അറിവായത്.
(പി വി ജീജോ)

deshabhimani 180912

1 comment:

  1. സംസ്ഥാനത്തെ ദേശീയപാതകള്‍ നാലുവരിപ്പാതയാക്കാനുള്ള ടെന്‍ഡര്‍ നല്‍കിയതില്‍ വന്‍അഴിമതിയും ക്രമക്കേടും. ബിഒടി പ്രകാരം രണ്ടുവരിപ്പാത നാലുവരിയാക്കാനുള്ള ടെന്‍ഡറുകളിലാണ് ക്രമക്കേട്. പങ്കെടുക്കാത്തതും ടെന്‍ഡര്‍ സമയത്ത് നിലവിലില്ലാത്തതുമായ കമ്പനികള്‍ക്കാണ് കരാര്‍ നല്‍കിയിരിക്കുന്നത്. ആന്ധ്രയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവായിരുന്ന രാജ്മോഹന്‍റെഡ്ഡിയുടെ കമ്പനിക്കാണ് വഴിവിട്ട കരാര്‍ നല്‍കിയത്. ടെന്‍ഡര്‍ നിബന്ധനകള്‍ ലംഘിച്ച് കരാര്‍ നല്‍കിയതിന് പിന്നില്‍ കോടികളുടെ അഴിമതിയാണ്.

    ReplyDelete