Saturday, March 15, 2014

മറച്ചുവച്ച മറാത്താ മനസ്സ്

ഉത്തര്‍പ്രദേശ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ലോക്സഭാ സീറ്റുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. 48 സീറ്റാണ് ഈ സംസ്ഥാനത്തുള്ളത്. ഒന്നര ദശാബ്ദമായി ബിജെപിയും കോണ്‍ഗ്രസും മുന്നണികളായാണ് മത്സരിക്കുന്നത്. കോണ്‍ഗ്രസ് ശരദ്പവാറിന്റെ എന്‍സിപിയുമായും ബിജെപി ശിവസേനയുമായും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്- എന്‍സിപി സഖ്യത്തിന് 25 സീറ്റ് ലഭിച്ചു. 2004 ല്‍ ബിജെപി-ശിവസേന സഖ്യത്തിന് ലഭിച്ചതും 25 സീറ്റ്. ഇക്കുറി രാജീവ് ഷെട്ടിയുടെ സ്വാഭിമാന്‍ ഷേത്കാരി സംഘടന് ബിജെപി രണ്ടുസീറ്റ് നല്‍കിയിട്ടുണ്ട്. റിപ്പബ്ലിക്കന്‍ പാര്‍ടി ഓഫ് ഇന്ത്യ(അതാവലെ)വിഭാഗവും മഹാദേവ് ജങ്കറുടെ രാഷ്ട്രീയ സമാജ് പക്ഷയുമായും ബിജെപിക്ക് സഖ്യമുണ്ട്.

രാജ് താക്കറെയുടെ മഹാരാഷ്ട്ര നവ നിര്‍മാണ്‍സേനയുടെയും ആം ആദ്മി പാര്‍ടിയുടെയും രംഗപ്രവേശം മഹാരാഷ്ട്ര രാഷ്ട്രീയത്തിന് പുത്തന്‍ മുഖം നല്‍കുന്നുണ്ട്. ബാല്‍ താക്കറെയുടെയും മറാത്ത നേതാവ് വിലാസ് റാവു ദേശ്മുഖിന്റെയും മരണശേഷം നടക്കുന്ന ആദ്യ ലോക്സഭാ തെരഞ്ഞെടുപ്പാണിത്. മഹാരാഷ്ട്രയില്‍ ഇക്കുറി കോണ്‍ഗ്രസിന് വലിയ പ്രതീക്ഷയില്ല. ആദര്‍ശ് കുംഭകോണവും ജലസേചന അഴിമതിയും മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്റെ മോശം ഭരണവുമാണ് കാരണം. പുണെ എംപി സുരേഷ് കല്‍മാഡിയുടെ നേതൃത്വത്തില്‍ നടന്ന കോമണ്‍വെല്‍ത്ത് അഴിമതിയും പാര്‍ടിയുടെ പ്രതിഛായക്ക് മങ്ങലേല്‍പ്പിച്ചു. ചവാന്‍ വന്നശേഷം കോണ്‍ഗ്രസ്- എന്‍സിപി ബന്ധത്തില്‍ വിള്ളലുണ്ടായിട്ടുണ്ട്. എന്‍സിപി നേതാവ് അജിത് പവാര്‍ കുറച്ചുകാലം സര്‍ക്കാരില്‍നിന്ന് മാറിനിന്നത് ഉദാഹരണമാണ്. യുപിഎ സര്‍ക്കാരിന്റെ മോശം പ്രതിച്ഛായയും രൂക്ഷമായ വിലക്കയറ്റവും കുറച്ചൊന്നുമല്ല കോണ്‍ഗ്രസിനെ തളര്‍ത്തുന്നത്. എന്‍സിപിയുടെ സ്ഥിതിയും മെച്ചമാണെന്ന് പറയാനാവില്ല. ശരദ് പവാര്‍ ഇക്കുറി മത്സരരംഗത്തില്ല. പവാര്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഛഗന്‍ ഭുജ്ബാല്‍, പ്രഫുല്‍പട്ടേല്‍, പവാറിന്റെ മകള്‍ സുപ്രിയ സുലെ എന്നിവരാണ് മത്സരിക്കുന്ന പ്രമുഖര്‍. കോണ്‍ഗ്രസിന്റെ ഏകപ്രതീക്ഷ, ബിജെപി- ശിവസേന സഖ്യത്തിന് ഭീഷണിയായി രാജ് താക്കറെയുടെ എംഎന്‍എസ് മത്സരരംഗത്തുള്ളതാണ്. ഉദ്ധവ് താക്കറെയെ ശിവസേനാ നേതാവാക്കി ഉയര്‍ത്തിയതില്‍ അമര്‍ഷംപൂണ്ട് സ്വന്തം സംഘടനയുണ്ടാക്കി രാജ് താക്കറെ മത്സരിച്ചതിനാലാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പതിനഞ്ചോളം സീറ്റില്‍ കോണ്‍ഗ്രസ് സഖ്യം വിജയിച്ചത്. അടുത്തിടെ ടോള്‍ പിരിവിനെതിരെ എംഎന്‍എസ് നടത്തിയ പ്രക്ഷോഭത്തിനൊടുവില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രാജ് താക്കറെയുമായി ചര്‍ച്ച നടത്തിയത് ഇരുകക്ഷികളും തമ്മിലുള്ള രഹസ്യധാരണയുടെ ഭാഗമാണെന്ന ആരോപണം ഉയര്‍ന്നു. രാജ് താക്കറെയെ വളര്‍ത്തി ശിവസേനയെ തളര്‍ത്തുക എന്ന തന്ത്രമാണ് കോണ്‍ഗ്രസ് പയറ്റുന്നത്. എന്നാല്‍, മുംബൈ നാസിക് മേഖലയില്‍മാത്രമേ രാജ് താക്കറെയ്ക്ക് സ്വാധീനമുള്ളൂ. നര്രേന്ദ മോഡിയെ പ്രധാനമന്ത്രിയാക്കാന്‍ ബിജെപി ഏറ്റവും കൂടുതല്‍ സീറ്റ് പ്രതീക്ഷിക്കുന്ന സംസ്ഥാനങ്ങളിലൊന്ന് മഹാരാഷ്ട്രയിലാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 20 സീറ്റാണ് സഖ്യത്തിന് ലഭിച്ചത്. ഇക്കുറി 30 നേടണമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. എന്നാല്‍, ബിജെപിയുടെ ആ കണക്കുകൂട്ടല്‍ തെറ്റിച്ചാണ് നവനിര്‍മാണ്‍ സേന മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്. മോഡിയെ പിന്തുണയ്ക്കുമെന്ന് പറഞ്ഞ രാജ് താക്കറെ ശിവസേനാ സ്ഥാനാര്‍ഥികള്‍ക്കെതിരെമാത്രം മത്സരിക്കുമെന്നും അറിയിച്ചു. നാഗ്പൂരില്‍ ആദ്യമായി ജനവിധി തേടുന്ന ബിജെപിയുടെ മുന്‍അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി രാജ് താക്കറെയുമായി ചര്‍ച്ചനടത്തി മത്സരത്തില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന് ആവശ്യപ്പെട്ടു. അതോടെയാണ് ബിജെപിക്കെതിരെ മത്സരിക്കില്ലെന്നും മോഡിയെ പിന്തുണയ്ക്കുമെന്നും രാജ് താക്കറെ പ്രസ്താവിച്ചത്. ഇത് ശിവസേനാ നേതാക്കളെ പ്രകോപിപ്പിച്ചു. കഴിഞ്ഞ ദിവസംവരെ മോഡിയെ കുറ്റംപറഞ്ഞ രാജ് താക്കറെയാണോ സഖ്യകക്ഷിയെന്ന് വ്യക്തമാക്കാന്‍ ഉദ്ധവ് താക്കറെ ബിജെപിയോട് ആവശ്യപ്പെട്ടു. പരിഭ്രാന്തിയിലായ ബിജെപിനേതൃത്വം ഉദ്ധവിന്റെ വീട്ടിലെത്തി അനുനയചര്‍ച്ച ആരംഭിച്ചു. തല്‍ക്കാലം പ്രശ്നം കെട്ടടങ്ങിയെങ്കിലും പൂര്‍ണമായും പരിഹരിച്ചുവെന്ന് പറയാനാവില്ല. ഈ അസ്വാരസ്യം തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നുറപ്പാണ്.

ബിജെപി നേരിടുന്ന മറ്റൊരു പ്രശ്നം ലോക്സഭാ ഉപനേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ ഗോപിനാഥ്് മുണ്ടെയും നിതിന്‍ഗഡ്കരിയും തമ്മിലുള്ള തുറന്നയുദ്ധമാണ്. ശിവസേനയുമായി അടുത്ത ബന്ധമുള്ള നേതാവാണ് മുണ്ടെയെന്നതും ഈ സംഘര്‍ഷം വര്‍ധിപ്പിക്കുന്നു. തന്റെ രാഷ്ട്രീയ പിന്തുടര്‍ച്ചക്കാരിയായി മകള്‍ പങ്കജയെ പ്രഖ്യാപിച്ചതോടെ എന്‍സിപിയില്‍ ചേര്‍ന്ന മരുമകന്‍ ധനഞ്ജയ മുണ്ടെയാണ് ഗോപിനാഥിന് തലവേദന സൃഷ്ടിക്കുന്നത്. ആം ആദ്മി പാര്‍ടിയും മത്സരരംഗത്തുണ്ട്. മേധാപട്കര്‍, മീര സന്യാല്‍ തുടങ്ങിയവരെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്. അരവിന്ദ് കെജ്രിവാള്‍ മഹാരഷ്ട്രയില്‍ പ്രചാരണത്തിലുമാണ്. എന്നാല്‍, ഡല്‍ഹിയിലെപ്പോലെ മഹാരാഷ്ട്രയില്‍ മുന്നേറ്റം നടത്താന്‍ അവര്‍ക്കാവില്ല. സിപിഐ എം മൂന്നുസീറ്റില്‍ മത്സരിക്കുന്നുണ്ട് -സംവരണ മണ്ഡലങ്ങളായ പാള്‍ഗര്‍, ദിണ്ടോരി, ജനറല്‍ സീറ്റായ നാസിക് എന്നിവിടങ്ങളില്‍. മൂന്ന് ഘട്ടങ്ങളിലായാണ് മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ്. ഏപ്രില്‍ 10ന് വോട്ടെടുപ്പ് തുടങ്ങും.

വി ബി പരമേശ്വരന്‍ deshabhimani

No comments:

Post a Comment