കോണ്‍ഗ്രസ് രൂപീകരിക്കപ്പെട്ടതിന്റെ 125-ാം വാര്‍ഷികം ദല്‍ഹിയിലും കേരളത്തിലും മറ്റും ആ പാര്‍ടിയുടെ നേതൃ സംഗമങ്ങള്‍ ആഘോഷിച്ചതായി വാര്‍ത്തകളില്‍ കണ്ടു. ഇന്ത്യയുടെ സ്വാതന്ത്ര്യം നേടിയ മഹത് പ്രസ്ഥാനമാണ് തങ്ങളുടെ പാര്‍ടി എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പലപ്പോഴും അവകാശപ്പെടാറുള്ളത്. എന്നാല്‍, 125-ാം വാര്‍ഷികം ദല്‍ഹിയില്‍ കോണ്‍ഗ്രസ് ഹൈക്കമാണ്ട് ആഘോഷിച്ച രീതി അതൊരു കുടുംബാഘോമായി ചുരുങ്ങിയ പ്രതീതി ജനിപ്പിച്ചു. കോണ്‍ഗ്രസിന് ഗോഖലെ, തിലകന്‍, മഹാത്മാഗാന്ധി, നെഹ്റു മുതലായ ദേശീയ ആഗോള പ്രസിദ്ധി ലഭിച്ച പല നേതാക്കളും ഉണ്ടായിട്ടും അതൊരു കുടുംബത്തിന്റെ വക മാത്രമാണെന്ന തോന്നല്‍ ഉളവാക്കുന്ന രീതിയിലായിരുന്നു 125-ാം വാര്‍ഷികാഘോഷം. കോണ്‍ഗ്രസ് ജനങ്ങളില്‍ നിന്നകന്ന് സ്ഥാനമാനങ്ങള്‍ക്കുവേണ്ടി തിക്കിത്തിരക്കുകയും കടിപിടി കൂടുകയും ചെയ്യുന്ന നേതാക്കളുടെ കൂടാരമായിരിക്കുന്നു എന്ന് 125-ാം വാര്‍ഷികാഘോഷം ഒരിക്കല്‍കൂടി തെളിയിച്ചു.
ഹ്യൂം എന്ന ഇംഗ്ളീഷുകാരനാണ് കോണ്‍ഗ്രസ് രൂപീകരിക്കുന്നതിന് നേതൃത്വം നല്‍കിയതെങ്കിലും ജനങ്ങളുടെ സമ്മര്‍ദ്ദംമൂലം സാമ്രാജ്യശക്തികളെ പുറംതള്ളി പൂര്‍ണ സ്വാതന്ത്ര്യം നേടുക ലക്ഷ്യമായി പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതമായി. സാമ്രാജ്യശക്തിയായ ബ്രിട്ടന് ഇന്ത്യയില്‍നിന്ന് ഒഴിഞ്ഞുപോകുകയല്ലാതെ നിര്‍വാഹമില്ല എന്ന സ്ഥിതി ജനങ്ങള്‍ സൃഷ്ടിച്ചു. എന്നിട്ടും സ്വാതന്ത്ര്യം പിടിച്ചെടുക്കാനല്ല, അവിഭക്ത ഇന്ത്യക്ക് സ്വാതന്ത്ര്യം നേടാനല്ല കോണ്‍ഗ്രസ് നേതൃത്വം ശ്രമിച്ചത്. മഹാത്മാഗാന്ധി എതിര്‍ത്തിട്ടും രാജ്യത്തെ വെട്ടിമുറിക്കാനും 60 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഉണങ്ങാത്ത വടുക്കള്‍ രാഷ്ട്ര ശരീരത്തില്‍ അവശേഷിപ്പിക്കാനും നേതൃത്വം തയ്യാറായി. അധികാരമോഹവും സാമ്രാജ്യത്വബന്ധവും ആയിരുന്നു, ജനങ്ങളുടെ അടിസ്ഥാന താല്‍പര്യങ്ങളായിരുന്നില്ല അവരെ അന്ന് നയിച്ചത്. ഇന്നും അതുതന്നെയാണ് കോണ്‍ഗ്രസിന്റെ പ്രേരകശക്തി എന്ന് തെലങ്കാനാ സംസ്ഥാന പ്രശ്നം കൈകാര്യംചെയ്യുന്ന രീതിയും അമേരിക്കന്‍ ഗവണ്‍മെന്റിനോടുള്ള ദാസ്യ മനോഭാവവും വെളിവാക്കുന്നു.
സ്വാതന്ത്ര്യലബ്ധിക്കുമുമ്പുതന്നെ രാജാക്കന്മാരും വലിയ ഭൂപ്രഭുക്കളും വന്‍ മുതലാളിമാരുമായി കോണ്‍ഗ്രസിന് ഉറ്റ ബന്ധമുണ്ടായിരുന്നു. അവര്‍ക്ക് ഇഷ്ടമില്ലാത്തതും ജനസാമാന്യത്തിന്റെ താല്‍പര്യംവെച്ച് അംഗീകരിച്ചിരുന്നതുമായ ചില നയങ്ങള്‍ കോണ്‍ഗ്രസിന് അക്കാലത്തുണ്ടായിരുന്നു. ഭൂപരിഷ്കരണം, ഭാഷാ സംസ്ഥാന രൂപീകരണം മുതലായവ അവയില്‍ ചിലതായിരുന്നു. ആദ്യത്തേത് നടപ്പാക്കുന്നതിനെ സ്വാതന്ത്ര്യാനന്തര കോണ്‍ഗ്രസ് ഗവണ്‍മെന്റുതന്നെ ഭൂപ്രഭുക്കളുടെ താല്‍പര്യാര്‍ത്ഥം അട്ടിമറിച്ചു. ജനങ്ങള്‍ വലിയ പ്രസ്ഥാനങ്ങള്‍ രൂപീകരിച്ച് പ്രക്ഷോഭസമരങ്ങള്‍ നടത്തിയതിനെതുടര്‍ന്ന് ഭാഷാസംസ്ഥാനങ്ങള്‍ രൂപീകരിക്കുന്നതിന് കോണ്‍ഗ്രസ് നിര്‍ബന്ധിതമായി. എന്നിട്ടും ബോംബെ പ്രവിശ്യയെ മഹാരാഷ്ട്രയും ഗുജറാത്തുമായി വിഭജിക്കാന്‍ പിന്നെയും ഏറെ സമരങ്ങളും രക്തസാക്ഷിത്വങ്ങളും വേണ്ടിവന്നു. ഇപ്പോള്‍ തെലങ്കാന രൂപീകരണത്തിന് കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം മുന്‍കയ്യെടുത്തത് വിരോധാഭാസമായി തോന്നാം. എന്നാല്‍, അവിടത്തെ വന്‍ പണക്കാരുടെ പ്രേരണയും സമ്മര്‍ദ്ദവുമാണ് യഥാര്‍ത്ഥത്തില്‍ അതിനുപിന്നിലെന്ന് മനസ്സിലാക്കിയാല്‍, കോണ്‍ഗ്രസ് ആര്‍ക്കുവേണ്ടിയാണ് യഥാര്‍ത്ഥത്തില്‍ നിലകൊള്ളുന്നത് എന്ന് വ്യക്തമാകും.
കോണ്‍ഗ്രസിന്റെ ഊടും പാവും നെയ്തിരിക്കുന്നത് ഏതുതരം സാമൂഹ്യ-സാമ്പത്തിക താല്‍പര്യങ്ങളെയും ശക്തികളെയും കൊണ്ടാണെന്ന് അടുത്തയിട നടന്ന രണ്ടു സംഭവങ്ങള്‍ ഓര്‍ത്താല്‍ ആര്‍ക്കും എളുപ്പം ബോധ്യപ്പെടും. കഴിഞ്ഞ ലേക്സഭാ തെരഞ്ഞെടുപ്പിലൂടെ പാര്‍ലമെന്റ് അംഗങ്ങളായവരില്‍ നല്ലൊരു പങ്ക് കോടീശ്വരന്മാരാണ്. ആരും ആരോപിക്കുന്നതല്ല ഇക്കാര്യം. സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുപ്പു കമ്മീഷന് സമര്‍പ്പിച്ച സത്യവാങ്മൂലം വെളിപ്പെടുത്തുന്ന വസ്തുതയാണ്. മഹാരാഷ്ട്രയിലാണെങ്കില്‍ നിയമസഭാ ലോക്സഭാ സ്ഥാനാര്‍ത്ഥികള്‍ക്കുവേണ്ടി വന്‍കിട പത്രങ്ങള്‍ ഫുള്‍പേജ് പരസ്യങ്ങള്‍ വാര്‍ത്താരൂപത്തില്‍ പ്രസിദ്ധപ്പെടുത്തി. നൂറുകണക്കിന് കോടി രൂപയാണ് പരസ്യക്കൂലിയായി പത്രമുടമകള്‍ ഈടാക്കിയത്. കോണ്‍ഗ്രസ് അടക്കം പ്രമുഖ ബൂര്‍ഷ്വാപാര്‍ടികളുടെ നേതാക്കള്‍ അത് കൊടുത്തു. വന്‍ ബിസിനസുകാരില്‍നിന്നും ഹവാല ഉള്‍പ്പെടെ നിയമവിരുദ്ധമായ പല ഇടപാടുകളും നടത്തുന്നവരില്‍നിന്നും ഒക്കെ വന്‍തോതില്‍ കോണ്‍ഗ്രസും ബിജെപിയും മറ്റും പണം ശേഖരിച്ചതായി വാര്‍ത്തയുണ്ടായിരുന്നു. ഇന്ത്യയിലെ ജനാധിപത്യ പ്രക്രിയയെ കോണ്‍ഗ്രസ് എങ്ങനെ വന്‍ പണക്കാരുടെ തൊഴുത്തില്‍കൊണ്ടു കെട്ടി എന്നു വിശദമാക്കുന്നതാണ് ഈ വസ്തുത.
മറ്റൊന്ന് ആന്ധ്രാപ്രദേശ് ഗവര്‍ണര്‍ എന്‍ ഡി തിവാരിയും കേരളത്തില്‍ രാജ്മോഹന്‍ ഉണ്ണിത്താനും ഏര്‍പ്പെട്ട ലൈംഗിക അരാജകത്വമാണ്. ഒരുതരത്തിലും മൂടിവെയ്ക്കാന്‍ കഴിയാത്തതുകൊണ്ടും അനങ്ങാതിരുന്നാല്‍ കോണ്‍ഗ്രസാകെ ജനമധ്യത്തില്‍ അവഹേളനപാത്രമാകും എന്നതുകൊണ്ടും തിവാരിയെക്കൊണ്ട് ഉടന്‍ രാജിവെപ്പിച്ചു. ഉണ്ണിത്താന്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഒരു കമ്മീഷനെ ഏര്‍പ്പെടുത്തി. കോണ്‍ഗ്രസിനകത്ത് നടക്കുന്ന അസാന്മാര്‍ഗിക പേക്കൂത്തുകളുടെ വക്കുമാത്രമാണ് ഈ സംഭവങ്ങളിലൂടെ വെളിപ്പെട്ടത്. അധികാരം, സമ്പത്ത് മുതലായവയ്ക്കുവേണ്ടി ഏത് തത്വത്തെയും മൂല്യത്തെയും ബലികഴിക്കുന്നതില്‍ തെറ്റില്ല എന്നാണ് തെരഞ്ഞെടുപ്പ് അഴിമതിയിലും ലൈംഗിക അരാജകത്വത്തിലും കോണ്‍ഗ്രസ് നേതാക്കള്‍ വ്യാപകമായി ഏര്‍പ്പെടുന്ന സംഭവങ്ങളിലൂടെ ആ പാര്‍ടി നേതൃത്വം നല്‍കുന്ന സൂചന. അത്തരം പ്രവണതകള്‍ തെറ്റാണെന്ന ബോധ്യം അവര്‍ക്കുണ്ടായിരുന്നെങ്കില്‍ അവയില്‍ ഏര്‍പ്പെട്ട നേതാക്കളെ മാത്രം കുറ്റപ്പെടുത്താതെ ആ പ്രവണതകളെ അവര്‍ അപ്പാടെ ശക്തിയായി തള്ളിപ്പറയുമായിരുന്നു. കോണ്‍ഗ്രസിന്റെ ഹൈക്കമാണ്ട് ഇക്കാര്യത്തില്‍ അവലംബിക്കുന്ന മൌനം വളരെ വാചാലമാണ്. ആ പാര്‍ടി ധാര്‍മികമായി എത്ര തരംതാണിരിക്കുന്നു എന്നതിന് സംശയാതീതമായ തെളിവാണ് ഇത്.
എന്തുകൊണ്ടാണ് കോണ്‍ഗ്രസിനെക്കുറിച്ച് അതിന്റെ 125-ാം വാര്‍ഷികവേളയില്‍ ഇങ്ങനെ പറയുന്നത്? ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള പാര്‍ടിയാണത്. സ്വാതന്ത്ര്യം രാജ്യത്തിനുനേടിത്തന്നു എന്ന് അവകാശപ്പെടുന്ന പാര്‍ടി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്ന പാര്‍ടി. ഇപ്പോഴും പല സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും അധികാരത്തിലുള്ള പാര്‍ടി. അതുകൊണ്ട് അതാണ് ഇവിടത്തെ ജനങ്ങളുടെ ചിന്തയെ കൂടുതല്‍ സ്വാധീനിക്കുന്നത്. രാഷ്ട്രീയ-ഭരണതലങ്ങളില്‍ മൂല്യങ്ങളും മാനദണ്ഡങ്ങളും കീഴ്വഴക്കങ്ങളും സൃഷ്ടിക്കുന്നതില്‍ ഏറ്റവും വലിയ പങ്ക് വഹിക്കുന്ന പാര്‍ടി. ആ മോന്തായം വല്ലാതെ വളഞ്ഞിരിക്കുന്നു എന്നാണ് കോണ്‍ഗ്രസിന്റെ 125-ാം വാര്‍ഷിക വേളയില്‍ അതിന്റെ സ്ഥിതിഗതികളും അത് നടത്തിയ ആഘോഷവും നല്‍കുന്ന സൂചന. ജനങ്ങള്‍ ജാഗ്രത പലിച്ചേതീരു.
സി പി നാരായണന്‍ ചിന്ത വാരിക 080110
കോണ്‍ഗ്രസ് രൂപീകരിക്കപ്പെട്ടതിന്റെ 125-ാം വാര്‍ഷികം ദല്‍ഹിയിലും കേരളത്തിലും മറ്റും ആ പാര്‍ടിയുടെ നേതൃ സംഗമങ്ങള്‍ ആഘോഷിച്ചതായി വാര്‍ത്തകളില്‍ കണ്ടു. ഇന്ത്യയുടെ സ്വാതന്ത്ര്യം നേടിയ മഹത് പ്രസ്ഥാനമാണ് തങ്ങളുടെ പാര്‍ടി എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പലപ്പോഴും അവകാശപ്പെടാറുള്ളത്. എന്നാല്‍, 125-ാം വാര്‍ഷികം ദല്‍ഹിയില്‍ കോണ്‍ഗ്രസ് ഹൈക്കമാണ്ട് ആഘോഷിച്ച രീതി അതൊരു കുടുംബാഘോമായി ചുരുങ്ങിയ പ്രതീതി ജനിപ്പിച്ചു. കോണ്‍ഗ്രസിന് ഗോഖലെ, തിലകന്‍, മഹാത്മാഗാന്ധി, നെഹ്റു മുതലായ ദേശീയ ആഗോള പ്രസിദ്ധി ലഭിച്ച പല നേതാക്കളും ഉണ്ടായിട്ടും അതൊരു കുടുംബത്തിന്റെ വക മാത്രമാണെന്ന തോന്നല്‍ ഉളവാക്കുന്ന രീതിയിലായിരുന്നു 125-ാം വാര്‍ഷികാഘോഷം. കോണ്‍ഗ്രസ് ജനങ്ങളില്‍ നിന്നകന്ന് സ്ഥാനമാനങ്ങള്‍ക്കുവേണ്ടി തിക്കിത്തിരക്കുകയും കടിപിടി കൂടുകയും ചെയ്യുന്ന നേതാക്കളുടെ കൂടാരമായിരിക്കുന്നു എന്ന് 125-ാം വാര്‍ഷികാഘോഷം ഒരിക്കല്‍കൂടി തെളിയിച്ചു.
ReplyDelete