Friday, January 22, 2010

സിഐടിയു സമ്മേളനത്തിന് ഉജ്വല തുടക്കം

കാലഘട്ടം ആവശ്യപ്പെടുന്ന പുതിയ പോരാട്ടങ്ങള്‍ക്ക് തൊഴിലാളിവര്‍ഗത്തിന്റെ വിശാല സമരൈക്യ പ്രസ്ഥാനം കെട്ടിപ്പടുക്കണമെന്ന ആഹ്വാനത്തോടെ സിഐടിയു 11-ാം സംസ്ഥാന സമ്മേളനത്തിന് ഉജ്വല തുടക്കം. സ. കെ പത്മനാഭന്‍ നഗറില്‍ (തൃശൂര്‍ കാല്‍ഡിയന്‍ സെന്റര്‍) അഖിലേന്ത്യ പ്രസിഡന്റ് ഡോ. എം കെ പന്ഥെ പ്രതിനിധി സമ്മേളനം ഉദ്ഘാടനംചെയ്തു. സംസ്ഥാന പ്രസിഡന്റ് കെ എന്‍ രവീന്ദ്രനാഥ് പതാക ഉയര്‍ത്തിയതോടെയാണ് മൂന്നുനാള്‍ നീളുന്ന സമ്മേളന നടപടികള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് പ്രതിനിധികള്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി.

സ്കൂള്‍ ഓഫ് ഡ്രാമ സംഗീതവിഭാഗത്തിന്റെ സ്വാഗതഗാനാലാപനത്തോടെയായിരുന്നു ചടങ്ങുകള്‍ക്ക് തുടക്കം. സ്വാഗതസംഘം ജനറല്‍ കവീനര്‍ എം എം വര്‍ഗീസ് സ്വാഗതം പറഞ്ഞു. കെ എന്‍ രവീന്ദ്രനാഥ് അധ്യക്ഷനായി. കാനം രാജേന്ദ്രന്‍ (എഐടിയുസി), ടി വി ചന്ദ്രമോഹന്‍ (ഐഎന്‍ടിയുസി), സി കെ സജിനാരായണന്‍ (ബിഎംഎസ്), അഹമ്മദുകുട്ടി ഉണ്ണിക്കുളം (എസ്ടിയു) എന്നിവര്‍ സമ്മേളനത്തെ അഭിവാദ്യംചെയ്തു. എല്‍ഡിഎഫ് കവീനര്‍ വൈക്കം വിശ്വന്‍, മന്ത്രിമാരായ പി കെ ഗരുദാസന്‍, എ കെ ബാലന്‍, എളമരം കരീം, എസ് ശര്‍മ തുടങ്ങിയവര്‍ സന്നിഹിതരായി. കെ എം സുധാകരന്‍ രക്തസാക്ഷി പ്രമേയവും കെ പി സഹദേവന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. വൈകിട്ട് ജനറല്‍ സെക്രട്ടറി എം എം ലോറന്‍സ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍ന്ന് ഗ്രൂപ്പ്് ചര്‍ച്ച നടന്നു. രാത്രി പൊതുചര്‍ച്ച ആരംഭിച്ചു. 'വര്‍ഗീയതയും ഭീകരവാദവും ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ' എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്തു. വെള്ളിയാഴ്ച രാവിലെ 9.30 മുതല്‍ രാത്രി 7.30 വരെ പൊതുചര്‍ച്ച തുടരും. വൈകിട്ട് തെക്കേ ഗോപുരനടയില്‍ 'ആഗോള സാമ്പത്തിക പ്രതിസന്ധിയും തൊഴിലാളിവര്‍ഗവും' എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി ഉദ്ഘാടനംചെയ്യും. ശനിയാഴ്ച വൈകിട്ട് ലക്ഷംപേരുടെ റാലിയോടെ സമ്മേളനം സമാപിക്കും.

വിലക്കയറ്റത്തിനെതിരെ യോജിച്ച് പോരാടണം: പന്ഥെ

വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കുമെതിരെ കക്ഷിരാഷ്ട്രീയത്തിനും പ്രത്യയശാസ്ത്ര ഭിന്നതകള്‍ക്കും അതീതമായി തൊഴിലാളിവര്‍ഗം യോജിച്ച പോരാട്ടങ്ങള്‍ സംഘടിപ്പിക്കണമെന്ന് സിഐടിയു അഖിലേന്ത്യാ പ്രസിഡന്റ് എം കെ പന്ഥെ പറഞ്ഞു. സിഐടിയു 11-ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ആഗോളവല്‍ക്കരണം തൊഴിലാളികളുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും ദുരിതങ്ങളും പ്രശ്നങ്ങളും സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം, രൂക്ഷമായ തൊഴിലില്ലായ്മ, അസംഘടിത മേഖലയിലെ തൊഴിലാളികളുടെ പ്രശ്നങ്ങള്‍, പൊതുമേഖലയുടെ ഓഹരിവില്‍പ്പനയും സ്വകാര്യവല്‍ക്കരണവും തുടങ്ങിയവ തൊഴിലാളികളുടെ ജീവിതത്തെ ശ്വാസംമുട്ടിക്കുകയാണ്. ഈ പ്രശ്നങ്ങളുയര്‍ത്തി വിവിധ ട്രേഡ് യൂണിയനുകളുടെ പൊതുവേദിയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് അഞ്ചിന് പാര്‍ലമെന്റ് മാര്‍ച്ച് സംഘടിപ്പിച്ചിട്ടുണ്ട്.

അമേരിക്കന്‍ സാമ്രാജ്യത്വത്തിന് കീഴ്പെടുന്ന കേന്ദ്രനയങ്ങളാണ് രാജ്യത്ത് വിലക്കയറ്റവും തൊഴിലില്ലായ്മയും രൂക്ഷമാക്കുന്നത്.അമേരിക്കയിലെ 72 ശതമാനം പേരും തള്ളിക്കളഞ്ഞ ഒബാമ, ഇന്ത്യയുടെ നല്ല സുഹൃത്താണെന്നാണ് മന്‍മോഹന്‍ സിങ് പറയുന്നത്. അമേരിക്കന്‍ താല്‍പ്പര്യമനുസരിച്ച് ആണവ കരാറിലേര്‍പ്പെട്ട ഇന്ത്യ ഇപ്പോള്‍ കോപ്പന്‍ഹേഗനിലും അമേരിക്കയ്ക്ക് അനുകൂലമായ നിലപാടെടുത്തു. വന്‍ കുത്തകവ്യവസായികള്‍ക്ക് 1,60,000 കോടിയുടെ ആശ്വാസ പാക്കേജ് നല്‍കിയ ഗവമെന്റ്, തൊഴിലാളികളെ സഹായിക്കാന്‍ ഒരു പൈസയും മുടക്കിയില്ല. പൊതുവിതരണ സംവിധാനമാകെ തകരാറിലാക്കി. ആഗോളവല്‍ക്കരണം എല്ലാത്തിനും പരിഹാരമാകുമെന്ന് പറഞ്ഞിരുന്ന സാമ്രാജ്യത്വം ഇപ്പോള്‍ വലിയ സാമ്പത്തികത്തകര്‍ച്ച നേരിടുകയാണ്. സോഷ്യലിസ്റ്റ് സാമൂഹ്യസാമ്പത്തിക ക്രമത്തിനേ പ്രശ്നങ്ങള്‍ പരിഹരിക്കാനാവൂ എന്നാണ് ലോക സംഭവവികാസങ്ങള്‍ തെളിയിക്കുന്നത്.

അമേരിക്കയും ചൈനയും തമ്മിലുള്ള താരതമ്യത്തിലൂടെമാത്രം ഇത് മനസ്സിലാക്കാം. 1980നും രണ്ടായിരത്തിനുമിടയ്ക്ക് ചൈനയുടെ പ്രതിശീര്‍ഷ വരുമാനം നാലിരട്ടി വര്‍ധിച്ചു. 2001നും 2010 നും ഇടയില്‍ ഇത് വീണ്ടും രണ്ടു മടങ്ങ് വര്‍ധിച്ചു. സാമ്പത്തിക വളര്‍ച്ചയില്‍ ചൈന അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ജപ്പാനെയും 20 വര്‍ഷത്തിനുള്ളില്‍ അമേരിക്കയെയും കടത്തിവെട്ടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ലോകവ്യാപകമായി സാമ്രാജ്യത്വ ശക്തികള്‍ തകര്‍ച്ച നേരിടുന്നതും ഇടതുപക്ഷ ശക്തികള്‍ കരുത്താര്‍ജിക്കുന്നതും തൊഴിലാളിവര്‍ഗത്തിന്റെ പോരാട്ടങ്ങള്‍ക്ക് ആവേശം പകരുന്നുണ്ട്. തൊഴിലാളിവര്‍ഗ രാഷ്ട്രീയത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള പോരാട്ടങ്ങളാണ് ഉയര്‍ത്തിക്കൊണ്ടുവരേണ്ടതെന്നും പന്ഥെ പറഞ്ഞു.

ഭക്ഷ്യസുരക്ഷ ഉറപ്പാക്കണം :സിഐടിയു

വിലക്കയറ്റം നിയന്ത്രിക്കാനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും കേന്ദ്രസര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സിഐടിയു സംസ്ഥാനസമ്മേളനം ആവശ്യപ്പെട്ടു. ജനവിരുദ്ധമായ ഭക്ഷ്യനയമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇതിനെതിരെ വിപുലമായ പ്രക്ഷോഭത്തിന് എല്ലാ ട്രേഡ്യൂണിയനുകളും ബഹുജനങ്ങളും രംഗത്തിറങ്ങണമെന്നും സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ അഭ്യര്‍ഥിച്ചു. സ്വദേശ-വിദേശ നിക്ഷേപകര്‍ക്ക് ആനുകൂല്യങ്ങള്‍ വാരിക്കോരി നല്‍കി റവന്യൂ വരുമാനം കുറയ്ക്കുകയും സാധാരണക്കാര്‍ക്ക് ആവശ്യമായ ഭക്ഷ്യസുരക്ഷാരംഗത്തുനിന്ന് പിന്മാറുകയും ചെയ്യുകയാണ് കേന്ദ്രം. '40കളിലെ ബംഗാള്‍ ക്ഷാമം ഇന്ത്യയാകെ ആവര്‍ത്തിക്കുന്ന സ്ഥിതിയാണ് ഇന്ന് നിലനിര്‍ക്കുന്നത്. ബംഗാള്‍ ക്ഷാമത്തിന്റെ അനുഭവത്തില്‍ നിന്നാണ് ഭക്ഷ്യസുരക്ഷയിലൂന്നിയ നയം മുമ്പ് രൂപംകൊണ്ടത്. ആ നയത്തിന്റെ ഫലമായി ഭക്ഷ്യോല്‍പാദനവും ഉപഭോഗവും വര്‍ധിച്ചു. ആ നയത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറുകയാണ്. അരി, ഗോതമ്പ്, ഭക്ഷ്യഎണ്ണ, ഉപ്പ് തുടങ്ങിയവയുടെ മൊത്തവില 20ശതമാനംവരെയാണ് ഉയര്‍ന്നത്. പച്ചക്കറിയുടെ വില ഇരട്ടിയും പയര്‍വര്‍ഗങ്ങളുടെ വില മൂന്നിരട്ടിയുമായി. യുഎന്‍ ദരിദ്രസൂചിക പ്രകാരമുള്ള 88 രാജ്യങ്ങളില്‍ 66-ാംസ്ഥാനത്താണ് ഇന്ത്യ. ഭക്ഷ്യാവകാശത്തിനുവേണ്ടിയും വിലക്കയറ്റത്തിനെതിരെയും ഡല്‍ഹിയില്‍ ചേര്‍ന്ന ദേശീയ കവന്‍ഷന്റെ പ്രക്ഷോഭാഹ്വാനത്തെ സിഐടിയു സര്‍വാത്മനാ പിന്തുണയ്ക്കുന്നു. സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുള്ള ഭക്ഷ്യസുരക്ഷാനിയമത്തിന്റെ കരടുനിര്‍ദേശങ്ങള്‍ അപര്യാപ്തവും തെറ്റിദ്ധാരണകള്‍ നിറഞ്ഞതുമാണ്. ഇത് ഭക്ഷ്യസുരക്ഷിതത്വമില്ലായ്മക്ക് വഴിവയ്ക്കും. പൊതുവിതരണ സംവിധാനത്തിന്റെ പ്രാധാന്യം കേന്ദ്രം കണക്കിലെടുക്കാത്തത് പ്രതിഷേധാര്‍ഹമാണ്. കേന്ദ്രത്തിന്റെ ഈ ജനവിരുദ്ധനയങ്ങള്‍ക്കിടയിലും വിലക്കയറ്റം സൃഷ്ടിക്കുന്ന കെടുതിയില്‍നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ കേരളസര്‍ക്കാര്‍ കൈക്കൊള്ളുന്ന നടപടികള്‍ ആശ്വാസകരമാണ്. കമ്പോളത്തിലിടപെടാന്‍ ഈവര്‍ഷം 500 കോടിയോളം രൂപയാണ് സംസ്ഥാനസര്‍ക്കാര്‍ ചെലവഴിച്ചത്- സിഐടിയു സംസ്ഥാന സെക്രട്ടറി കെ ചന്ദ്രന്‍പിള്ള അവതരിപ്പിച്ച പ്രമേയത്തില്‍ പറഞ്ഞു.

ഭീകരവാദം വളര്‍ത്തിയത് കോണ്‍ഗ്രസ്: പിണറായി

വര്‍ഗീയതയെയും ഭീകരവാദത്തെയും പ്രോത്സാഹിപ്പിക്കുന്ന നയമാണ് കോണ്‍ഗ്രസ് എന്നും സ്വീകരിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. നാല് വോട്ടിനും ഒരു സീറ്റിനുംവേണ്ടി വര്‍ഗീയകക്ഷികളുമായി സമരസപ്പെടുകയും ഭീകരവാദപ്രവര്‍ത്തനങ്ങളോട് മൃദുസമീപനം സ്വീകരിക്കുകയും ചെയ്യുന്ന കോണ്‍ഗ്രസ് നിലപാടാണ് രാജ്യത്തെ പല വര്‍ഗീയ-ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കും കാരണമായിട്ടുള്ളത്. വര്‍ഗീയതയോടോ ഭീകരവാദത്തോടോ വിട്ടുവീഴ്ച ചെയ്യാന്‍ മതനിരപേക്ഷതയ്ക്ക് കഴിയില്ല. ഇങ്ങനെ വോട്ടിനോ സീറ്റിനോ വേണ്ടി സിപിഐ എമ്മോ ഇടതുപക്ഷമോ ഒരു ഘട്ടത്തിലും വര്‍ഗീയതയുമായി കൂട്ടുകെട്ടുണ്ടാക്കിയിട്ടില്ലെന്നും പിണറായി പറഞ്ഞു. സിഐടിയു 11-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി 'വര്‍ഗീയതയും ഭീകരവാദവും ഉയര്‍ത്തുന്ന വെല്ലുവിളികള്‍' എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് വര്‍ഗീയത രൂപപ്പെടുന്നതിന് ആദ്യം വിത്ത് പാകിയത് ബ്രിട്ടീഷ് സാമ്രാജ്യത്വമാണ്. ഭരണം നിലനിര്‍ത്താന്‍ വര്‍ഗീയതയുടെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിച്ചു. സാമ്രാജ്യത്വം ഇന്ത്യയില്‍ മാത്രമല്ല, ലോകത്തിന്റെ പല ഭാഗങ്ങളിലും ഇടപെട്ടു. ബിന്‍ലാദനെ സൃഷ്ടിച്ചതും അമേരിക്കയാണ്. ഇതുപോലെ നമ്മുടെ രാജ്യത്ത് ഭിന്ദ്രന്‍വാലയെ സൃഷ്ടിച്ചത് കോണ്‍ഗ്രസ് പ്രധാനമന്ത്രിയാണ്. പിന്നീട് പല ഘട്ടങ്ങളിലും ഭീകരവാദത്തെ കോണ്‍ഗ്രസ് പ്രോത്സാഹിപ്പിച്ചു.

ത്രിപുരയില്‍ സിപിഐ എമ്മിനെതിരെ വിഘടനവാദികളുമായി കോണ്‍ഗ്രസ് കൂട്ടുകൂടി. ഇന്ത്യന്‍ മതനിരപേക്ഷതയ്ക്ക് ആഘാതമുണ്ടാക്കിയ ബാബറി മസ്ജിദ് തകര്‍ത്ത സംഭവത്തിലും കോണ്‍ഗ്രസ് ആര്‍എസ്എസിനും സംഘപരിവാറിനും കൂട്ടുനിന്നു. ആഗോളവല്‍ക്കരണത്തിന്റെ കെടുതികളെപ്പറ്റി ചര്‍ച്ച ഉയര്‍ന്നുവരാതിരിക്കാനും ഇതിടയാക്കി. മുംബൈ കലാപത്തില്‍ ശ്രീകൃഷ്ണ കമീഷന്‍ അക്കമിട്ടു നിരത്തിയ കുറ്റവാളികള്‍ക്കെതിരെ എന്തുകൊണ്ട് നടപടിയെടുത്തില്ല എന്ന് വെളിപ്പെടുത്തേണ്ടത് കോണ്‍ഗ്രസാണ്. അതുപോലെ ഗുജറാത്ത് കൂട്ടക്കൊലയിലെ കുറ്റവാളികള്‍ പലരും ഇപ്പോള്‍ കോണ്‍ഗ്രസിന്റെ ആലിംഗനത്തിലാണ്. ഇന്ദിരാഗാന്ധി വധത്തെത്തുടര്‍ന്നുണ്ടായ സിഖ് വിരുദ്ധ കലാപത്തിലെ കുറ്റവാളികള്‍ക്കെതിരെയും കോണ്‍ഗ്രസ് എന്തേ നടപടിയെടുത്തില്ല? ഭൂരിപക്ഷവര്‍ഗീയതയെയും ന്യൂനപക്ഷ വര്‍ഗീയതയെയും മാറിയും മറിഞ്ഞും പ്രോത്സാഹിപ്പിക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നത്.

യഥാര്‍ഥത്തില്‍ ഇരു വിഭാഗത്തിലേയും ചെറു ന്യൂനപക്ഷം മാത്രമാണ് വര്‍ഗീയമായി ചിന്തിക്കുന്നതും ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും. എന്നാല്‍ അതിന്റെ പേരില്‍ മുസ്ളിം സമുദായത്തെയാകെ ഭീകരവാദികളായി ചിത്രീകരിക്കാനുള്ള ശ്രമം ശരിയല്ല. മലേഗാവില്‍ ആര്‍എസ്എസ് നടത്തിയ സ്ഫോടനങ്ങളെപ്പറ്റി വലിയ പ്രചാരണം നടത്താത്തത് അവരെ പ്രീണിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. വര്‍ഗീയതയ്ക്കും ഭീകരവാദത്തിനുമെതിരെ മതനിരപേക്ഷത സംരക്ഷിക്കുകയെന്ന ഒറ്റ നിലപടേ സിപിഐ എമ്മിനുള്ളൂ. എന്‍ഡിഎഫിനെ ചിറകിലേറ്റുന്ന ലീഗിനും എന്‍ഡിഎഫുമായി കൂട്ടുകൂടുന്ന യുഡിഎഫിനും കോണ്‍ഗ്രസിനും ഇങ്ങനെ പറയാന്‍ കഴിയുമോയെന്നും പിണറായി ചോദിച്ചു. എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ അധ്യക്ഷനായി.

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം വിവരിച്ച് പ്രദര്‍ശനം

ഇന്ത്യയില്‍ കമ്യൂണിസ്റ്റ്പ്രസ്ഥാനത്തിന്റെ ചരിത്രപഥം വിശദീകരിക്കുന്ന പ്രദര്‍ശനം ശ്രദ്ധേയമാവുന്നു. 1917ലെ റഷ്യന്‍ വിപ്ളവം മുതല്‍ 2008ലെ പാര്‍ടികോണ്‍ഗ്രസ് വരെയുള്ള ചരിത്രത്തിന്റെ ചിത്രസാക്ഷ്യമാണ് ജ്യോതിബസുവിന് പ്രണാമമര്‍പ്പിച്ചുള്ള ജ്യോതികുടീരത്തിലുള്ളത്. സിഐടിയു സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് തെക്കേഗോപുരനടയിലാണ് പ്രദര്‍ശനം നടക്കുന്നത്്. മൂന്നാം കമ്യൂണിസ്റ്റ് ഇന്റര്‍ നാഷണലില്‍ ലെനില്‍ സംസാരിക്കുന്നത്, കിസാന്‍ പാര്‍ടി ഓഫ് ഹിന്ദുസ്ഥാന്‍ രൂപീകരണം , 1923ലെ ഗയ കോണ്‍ഗ്രസ് സമ്മേളനം, കാണ്‍പൂര്‍ ഗൂഢാലോചനക്കേസ്, നൌജവാന്‍ ഭാരത് സഭ രൂപീകരണം, മീററ്റ് ഗൂഢാലോചനാക്കേസ്, എഐടിയുസി രൂപീകരണം, ചിറ്റഗോങ് ആയുധപ്പുര ആക്രമണം, വിവിധ പാര്‍ടികോണ്‍ഗ്രസുകളുടെ ചിത്രങ്ങള്‍, അവയുടെ വിവരണം, ഗദര്‍പാര്‍ടി രൂപീകരണം, 1937ലെ നിയമസഭാതെരഞ്ഞെടുപ്പുകള്‍, ഇ എം എസ്സിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരുകളുടെ രുപീകരണം, പാര്‍ടി ഭിന്നിപ്പ്, തെനാലി കണ്‍വന്‍ഷന്‍, അടിയന്തരാവസ്ഥ തുടങ്ങി ഇന്ത്യയിലെ പ്രധാന ചരിത്ര സംഭവങ്ങള്‍ പ്രദര്‍ശനത്തിലുണ്ട്. രാഷ്ട്രീയ-ചരിത്ര വിദ്യാര്‍ഥികള്‍ക്കും ഗവേഷണ വിദ്യാര്‍ഥികള്‍ക്കുംഏറെ ഉപകാരമാണ് പ്രദര്‍ശനം.

ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രം യെച്ചൂരി പ്രകാശനം ചെയ്യും

ഇ എം എസിന്റെ 'ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്ര'ത്തിന്റെ പുതിയ പതിപ്പ് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി പ്രകാശനം ചെയ്യും. സിഐടിയു സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ നടക്കുന്ന സെമിനാറാണ് പ്രകാശനവേദി. ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ ആധികാരികമായ മാര്‍ക്സിസ്റ്റ് വീക്ഷണമായ ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രം ഇ എം എസിന്റെ മാസ്റ്റര്‍പീസായാണ് പരിഗണിക്കപ്പെടുന്നത്. ചിന്ത പബ്ളിഷേഴ്സാണ് പ്രസാധകര്‍. 650 രൂപ മുഖവിലയുള്ള പുസ്തകം പ്രകാശനവേദിയില്‍ 450 രൂപയ്ക്ക് ലഭിക്കും.

ലക്ഷംപേരുടെ റാലി ശനിയാഴ്ച

സിഐടിയു 11-ാം സംസ്ഥാന സമ്മേളനത്തിന് സമാപനം കുറിക്കുന്ന പ്രകടനവും പൊതുസമ്മേളനവും ശനിയാഴ്ച വൈകിട്ട് നഗരത്തില്‍ നടക്കും. ഒരുലക്ഷം തൊഴിലാളികള്‍ പങ്കെടുക്കുന്ന പ്രകടനമാണ് നടക്കുക. പാലസ് ഗ്രൌണ്ടിലും ശക്തന്‍തമ്പുരാന്‍ നഗറിലുമായാണ് പ്രകടനങ്ങള്‍ കേന്ദ്രീകരിക്കുന്നത്. വാഹനങ്ങള്‍ അതത് പരിസരത്ത് പാര്‍ക്ക് ചെയ്യും. പാലസ് ഗ്രൌണ്ടില്‍നിന്നുള്ള പ്രകടനം ആദ്യം ഒല്ലൂര്‍, തുടര്‍ന്ന് കുന്നംകുളം, വടക്കാഞ്ചേരി, മണലൂര്‍, നാട്ടിക, ചാവക്കാട്, ചേലക്കര എന്നീ ക്രമത്തില്‍ അണിനിരന്ന് നാലിന് ആരംഭിച്ച് പാലസ് റോഡ്, പാറമേക്കാവ്, ജില്ലാ ആശുപത്രി വഴി എംഒ റോഡ് ജങ്ഷനിലെത്തും. ശക്തന്‍നഗറില്‍നിന്നുള്ള പ്രകടനം തൃശൂര്‍, കൊടകര, ഇരിങ്ങാലക്കുട, ചേര്‍പ്പ്, ചാലക്കുടി, മാള, കൊടുങ്ങല്ലൂര്‍ എന്നീ ക്രമത്തില്‍ അണിനിരന്ന് നാലിന് ആരംഭിച്ച് പട്ടാളം റോഡ് വഴി എംഒ റോഡ് ജങ്ഷനിലെത്തും. എംഒ റോഡ് ജങ്ഷനില്‍ രണ്ട് പ്രകടനങ്ങളും സംഗമിച്ച് മണികണ്ഠനാല്‍ വഴി മൈതാനത്ത് (ഇ ബാലാനന്ദന്‍ നഗര്‍) എത്തിച്ചേരും. തുടര്‍ന്നു ചേരുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും. സിഐടിയു അഖിലേന്ത്യാ പ്രസിഡന്റ് എം കെ പന്ഥെ, ജനറല്‍ സെക്രട്ടറി മുഹമ്മദ് അമീന്‍, മന്ത്രി പി കെ ഗുരുദാസന്‍, എം എം ലോറന്‍സ്, കെ എന്‍ രവീന്ദ്രനാഥ് എന്നിവര്‍ സംസാരിക്കും. തുടര്‍ന്ന് സിനിമാ പിന്നണി ഗായകന്‍ വി ടി മുരളിയും സംഘവും നയിക്കുന്ന ഗാനമേളയുണ്ട്.

ദേശാഭിമാനി 220110

1 comment:

  1. കാലഘട്ടം ആവശ്യപ്പെടുന്ന പുതിയ പോരാട്ടങ്ങള്‍ക്ക് തൊഴിലാളിവര്‍ഗത്തിന്റെ വിശാല സമരൈക്യ പ്രസ്ഥാനം കെട്ടിപ്പടുക്കണമെന്ന ആഹ്വാനത്തോടെ സിഐടിയു 11-ാം സംസ്ഥാന സമ്മേളനത്തിന് ഉജ്വല തുടക്കം. സ. കെ പത്മനാഭന്‍ നഗറില്‍ (തൃശൂര്‍ കാല്‍ഡിയന്‍ സെന്റര്‍) അഖിലേന്ത്യ പ്രസിഡന്റ് ഡോ. എം കെ പന്ഥെ പ്രതിനിധി സമ്മേളനം ഉദ്ഘാടനംചെയ്തു. സംസ്ഥാന പ്രസിഡന്റ് കെ എന്‍ രവീന്ദ്രനാഥ് പതാക ഉയര്‍ത്തിയതോടെയാണ് മൂന്നുനാള്‍ നീളുന്ന സമ്മേളന നടപടികള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് പ്രതിനിധികള്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി.

    ReplyDelete