Friday, January 1, 2010

പുതുവര്‍ഷത്തിലേക്ക്

ഓരോ വര്‍ഷാന്ത്യവും കണക്കെടുപ്പിന്റേതാണ്, ഓരോ പുതുവര്‍ഷവും പുതിയ പ്രതീക്ഷകളുടെയും പ്രഖ്യാപനങ്ങളുടെയും. ഭൂമിയുടെയും മനുഷ്യന്റെയും നിലനില്‍പ്പുതന്നെ അപകടത്തിലാണെന്ന ഉല്‍ക്കണ്ഠയിലാണ് പോയവര്‍ഷം അവസാനിച്ചത്. കോപ്പന്‍ഗേഹനില്‍നിന്ന് പലരും പലതും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, അതിനെയെല്ലാം അസ്ഥാനത്താക്കി മാരത്തൺ ഉച്ചകോടി അവസാനിച്ചു. അമേരിക്കയില്‍നിന്നും നീതി പ്രതീക്ഷിക്കുന്നത് നസ്രേത്തില്‍നിന്നും നന്മ പ്രതീക്ഷിക്കുന്നതുപോലെയാണെന്ന് ഒരിക്കല്‍ കൂടി വ്യക്തമായി.

പിന്നിട്ട വര്‍ഷത്തിന്റെ ലോക താരമായി മാറിയ ഒബാമയില്‍നിന്ന് അധികം പ്രതീക്ഷിച്ചവര്‍ നിരാശരായി. എന്നാല്‍, വ്യക്തിയുടെ സവിശേഷതകളോ ആഗ്രഹങ്ങളോ അല്ല രാഷ്ട്രത്തിന്റെ നിലപാടിനെ നിര്‍ണയിക്കുന്നത്. അതില്‍ പ്രധാനം അവിടെ നിലനില്‍ക്കുന്ന സാമൂഹ്യവ്യവസ്ഥയുടെ പ്രത്യേകതകളാണ്. ഒബാമ ഒന്നും ചെയ്യില്ലെന്ന് ആരും പറയുന്നില്ല. മുന്‍ഗാമികളില്‍നിന്ന് വ്യത്യസ്തമായ നിരവധി പ്രത്യേകതകള്‍ ഒബാമയ്ക്കുണ്ട്. മാറ്റം ആഗ്രഹിച്ച ജനതയുടെ നിലപാടുകളെ ധ്രുവീകരിക്കാന്‍ കഴിഞ്ഞതാണ് അദ്ദേഹത്തിനുണ്ടായ വിജയം. പക്ഷേ, അദ്ദേഹവും നയിക്കപ്പെടുന്നത് ആഗോളമൂലധനം വരച്ചിടുന്ന വഴികളിലൂടെ തന്നെയാണെന്ന കാര്യം അധികാരാരോഹണത്തിനുശേഷമുള്ള ഓരോ നടപടിയും ഓര്‍മിപ്പിച്ചു. ഇറാനെയും ഇസ്ളാമിനെയും സൌഹാര്‍ദത്തിന്റെ പുതിയ വാക്കുകളില്‍ അഭിസംബോധനചെയ്ത അതേ വ്യക്തിതന്നെ അന്താരാഷ്ട്ര ആണവ സമിതിയെക്കൊണ്ട് ഉപരോധത്തിലേക്ക് വഴിതുറക്കുന്ന പ്രമേയം അംഗീകരിക്കുന്നതിന് നേതൃത്വം നല്‍കുകയുംചെയ്തു.

പ്രതിസന്ധിയുടെ കയത്തില്‍നിന്ന് കരകയറാന്‍ കഴിയാതെ ആഗോളമൂലധനം ചൂഷണത്തിന്റെ പുതിയ വഴികള്‍ തേടുകയാണ്. അമേരിക്കയില്‍നിന്ന് യൂറോപ്പിലേക്കും മറ്റു രാജ്യങ്ങളിലേക്കും പടര്‍ന്നുകയറിയ പ്രതിസന്ധി ഇപ്പോള്‍ ഗള്‍ഫിലേക്കും എത്തിയിരിക്കുന്നു. വാഴ്ത്തപ്പെട്ട മാതൃകകള്‍ പലതും തകര്‍ന്നുവീണത് ആഗോളവല്‍ക്കരണത്തിന്റെ വക്താക്കളുടെ വായടപ്പിച്ചിട്ടുണ്ട്. ഇതെല്ലാം മാര്‍ക്സിസത്തിന്റെ പ്രസക്തിയെ ഊട്ടിയുറപ്പിക്കുകയാണ് ചെയ്തത്. സാമ്രാജ്യത്വ വിരുദ്ധപോരാട്ടങ്ങളുടെ നെഞ്ചുറപ്പുള്ള ഭൂമികയായി ലാറ്റിനമേരിക്ക തുടരുകയാണ്. അതെല്ലാം താല്‍ക്കാലിക പ്രതിഭാസമാണെന്ന് നേരത്തെ വിലയിരുത്തിയ പലരും ആ അഭിപ്രായം മാറ്റുന്നതിന് നിര്‍ബന്ധിതമായി. സാമ്പത്തിക പ്രതിസന്ധിയിലും തകരാതെ പിടിച്ചുനില്‍ക്കുന്ന ചൈന തന്നെയായിരുന്നു പിന്നിട്ട കാലത്തിലെയും പ്രധാന ശ്രദ്ധാകേന്ദ്രം. വിപ്ളവത്തിന്റെ ആറ് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുമായി സാര്‍വദേശീയ രംഗത്ത് പുതിയ നേതൃതമായി ചൈന മാറുന്നത് അമേരിക്കയുടെയും കൂട്ടരുടെയും ഉറക്കം കെടുത്തുന്നുണ്ട്.

ലോകമഹായുദ്ധവും സാമ്പത്തിക പ്രതിസന്ധിയുമാണ് ലോകക്രമത്തിന്റെ നായകത്വത്തിലേക്ക് അമേരിക്കയെ പ്രതിഷ്ഠിച്ചതും ഡോളറിനു മേധാവിത്വം നല്‍കിയതും. പുതിയ കാലത്തിന്റെ പ്രത്യേകതകള്‍ അമേരിക്കയുടെ നേതൃത്വത്തിനുനേരെ ചോദ്യമുയര്‍ത്തിയിരിക്കുന്നു. ഏകധ്രുവമല്ല, ബഹുധ്രുവമാണ് ഇന്നിന്റെ ക്രമമെന്ന് അനുഭവം തെളിയിക്കുന്ന ഘട്ടത്തില്‍ ഈ ചോദ്യത്തിന് പുതിയ പ്രസക്തിയുണ്ട്. പല രാജ്യങ്ങളും അമേരിക്കയുടെ പിടിയില്‍നിന്ന് തെന്നിമാറുമ്പോള്‍ കുടുതല്‍ വിധേയത്വത്തോടെ തലകുനിച്ചുനില്‍ക്കുന്ന അപമാനകരമായ ചിത്രമാണ് ഇന്ത്യക്കുള്ളത്. ഇറാന്‍ പ്രശ്നത്തിലും മറ്റു സാര്‍വദേശീയ പ്രശ്നങ്ങളിലും കോപ്പന്‍ഹേഗനിലും അമേരിക്ക തെളിച്ച വഴിയിലായിരുന്നു ഇന്ത്യയുടെ സഞ്ചാരം.

എല്ലാ മേഖലകളിലും അമേരിക്കയുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് നയങ്ങളില്‍ പൊളിച്ചെഴുത്ത് നടത്തുകയാണ് യുപിഎ 2 സര്‍ക്കാര്‍. ജനവിരുദ്ധസാമ്പത്തിക നയങ്ങള്‍ തുടരുമെന്ന് പ്രഖ്യാപിക്കുന്നതില്‍ തങ്ങള്‍ അഭിമാനിക്കുന്നെന്നു പറയുന്നവരാണ് നാടു വാഴുന്നത്. മഹാഭൂരിപക്ഷം ജനങ്ങളും ദാരിദ്യ്രത്തിന്റെ പടുകുഴിയില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ടിരിക്കുന്നു. കുതിച്ചുകയറിയ വില പിടിച്ചുനിര്‍ത്താന്‍ ഒന്നുംതന്നെ കേന്ദ്രം ചെയ്യുന്നില്ല. വന്‍കിട കുത്തകകളെ സഹായിക്കുന്നതിനു പാക്കേജ് പ്രഖ്യാപിക്കുന്നവര്‍ക്ക് ജനങ്ങളെ സഹായിക്കുന്നതിനു പണമില്ല. ഈ നയങ്ങള്‍ തിരുത്തുന്നതിനു കുടുതല്‍ ശക്തമായ പോരാട്ടങ്ങളെയാണ് നാട് ആവശ്യപ്പെടുന്നത്. എല്ലാ മേഖലകളിലെയും പ്രതിസന്ധി വരും കാലത്തെ രൂക്ഷമായ പോരാട്ടങ്ങളിലേക്കായിരിക്കും നയിക്കുന്നത്. ദീര്‍ഘവീക്ഷണമില്ലാതെയും അപക്വമായും സര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങള്‍ എത്രമാത്രം ഭവിഷ്യത്തുണ്ടാക്കുമെന്നതിന്റെ തെളിവാണ് ഇപ്പോഴും കത്തുന്ന ആന്ധ്ര. രാജ്യത്ത് പലയിടങ്ങളിലും ശിഥിലീകരണപ്രക്രിയയെ ശക്തിപ്പെടുത്തുകയാണ് സര്‍ക്കാര്‍.

കേന്ദ്രത്തിന്റെ തെറ്റായ നയങ്ങള്‍ക്ക് ബദലായ സമീപനത്തോടെ ജനങ്ങള്‍ക്ക് ആശ്വാസം പകരുന്നതിനാണ് പിന്നിട്ട വര്‍ഷം സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. കേന്ദ്രം കുത്തകകളെ സഹായിക്കുമ്പോള്‍ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതിനായി പരിധികളില്ലാതെയാണ് സംസ്ഥാനം പണം ചെലവഴിച്ചത്. വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതില്‍ കേരളമാണ് മാതൃകയെന്ന് കേന്ദ്രമന്ത്രി പവാറിനുപോലും പ്രഖ്യാപിക്കേണ്ടിവന്നു. ക്ഷേമാനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ചതും കുടിശ്ശികയില്ലാതെ വിതരണം ചെയ്തതും സര്‍ക്കാരിനു അംഗീകാരം നല്‍കിയ നടപടികളാണ്. എന്നാല്‍, ഇതെല്ലാം മറച്ചുവയ്ക്കുന്നതിനും വിവാദങ്ങളുടെ പുകമറ സൃഷ്ടിക്കുന്നതിനുമാണ് ശ്രമം. മാധ്യമസമൂഹമായി കേരളം മാറുന്നെന്ന നിരീക്ഷണമാണ് പോയവര്‍ഷം ഉയര്‍ന്നുകേട്ട പ്രധാന സംഗതികളിലൊന്ന്. എല്ലാതരത്തിലുള്ള സീമകളും ലംഘിക്കുന്ന മാധ്യമങ്ങള്‍ വിവാദ വ്യവസായത്തിലാണ് കേന്ദ്രീകരിക്കുന്നത്. രാജ്യത്തെ പലയിടങ്ങളിലും പ്രകടമായി പണം വാങ്ങി പ്രസിദ്ധീകരിക്കുന്ന രീതിയുടെ ചില സൂചനകള്‍ ഇവിടെയുമുണ്ട്. മാധ്യമരംഗത്തെ തെറ്റായ പ്രവണതകള്‍ ജനാധിപത്യ പ്രക്രിയയെ ദുര്‍ബലപ്പെടുത്തും. ഇത് തിരിച്ചറിഞ്ഞ് ശരിയായ മാധ്യമ അവബോധം ശക്തിപ്പെടുത്താനുള്ള പ്രവണതകളാണ് കാലം ആവശ്യപ്പെടുന്നത്. മനുഷ്യരായി ജിവീക്കുന്നതിനുപോലും വലിയ സഹനം ആവശ്യമാണെന്ന ഓര്‍മപ്പെടുത്തലുമായി എത്തുന്ന പുതുവര്‍ഷത്തില്‍ പൊരുതാനുള്ള ശക്തി ആര്‍ജിക്കാന്‍ കഴിയണം.

2 comments:

  1. ഓരോ വര്‍ഷാന്ത്യവും കണക്കെടുപ്പിന്റേതാണ്, ഓരോ പുതുവര്‍ഷവും പുതിയ പ്രതീക്ഷകളുടെയും പ്രഖ്യാപനങ്ങളുടെയും. ഭൂമിയുടെയും മനുഷ്യന്റെയും നിലനില്‍പ്പുതന്നെ അപകടത്തിലാണെന്ന ഉല്‍ക്കണ്ഠയിലാണ് പോയവര്‍ഷം അവസാനിച്ചത്. കോപ്പന്‍ഗേഹനില്‍നിന്ന് പലരും പലതും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, അതിനെയെല്ലാം അസ്ഥാനത്താക്കി മാരത്തൺ ഉച്ചകോടി അവസാനിച്ചു. അമേരിക്കയില്‍നിന്നും നീതി പ്രതീക്ഷിക്കുന്നത് നസ്രേത്തില്‍നിന്നും നന്മ പ്രതീക്ഷിക്കുന്നതുപോലെയാണെന്ന് ഒരിക്കല്‍ കൂടി വ്യക്തമായി.

    ReplyDelete
  2. പിറന്നാള്‍ ആശംസകള്‍

    ReplyDelete