Saturday, January 16, 2010

ആദ്യ ക്യൂബന്‍ മാതൃക വട്ടിയൂര്‍ക്കാവില്‍

ആരോഗ്യമേഖലയില്‍ ആദ്യ ക്യൂബന്‍ മാതൃക വട്ടിയൂര്‍ക്കാവില്‍

ആരോഗ്യരംഗത്ത് അത്ഭുതങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് മുന്നേറുന്ന ക്യൂബയുടെ തിളക്കമാര്‍ന്ന വിജയഗാഥ ലോകത്തിന്റെ ഒന്നാകെ ആദരവ് നേടിയെടുത്തിട്ടുണ്ട്. വികസിത മുതലാളിത്ത രാഷ്ട്രങ്ങള്‍പോലും ഈ സോഷ്യലിസ്റ്റ് രാഷ്ട്രത്തിന്റെ മികവിനെ വിസ്മയത്തോടെ മാത്രമല്ല അസൂയയോടുകൂടിയാണ് വീക്ഷിക്കുന്നത്. പൊതുജനാരോഗ്യരംഗത്ത് ഈ കൊച്ചു രാഷ്ട്രത്തിന്റെ നേട്ടവും അവിടുത്തെ ഡോക്ടര്‍മാര്‍ ഇതരരാഷ്ട്രങ്ങള്‍ക്ക് ആപത്ഘട്ടങ്ങളില്‍ നല്‍കിയ സേവനങ്ങളും ലോകമുള്ളിടത്തോളംകാലം സ്മരിക്കപ്പെടും.

പൊതുജനാരോഗ്യരംഗത്ത് ക്യൂബ കൈവരിച്ച മേന്മയും കൊച്ചുകേരളത്തിന്റെ നേട്ടങ്ങളും തമ്മില്‍ ഒട്ടേറെ സമാനതകളുണ്ട്. ജനനനിരക്ക്, ശിശുമരണനിരക്ക്, മാതൃമരണനിരക്ക് എന്നിവയുടെ കാര്യത്തില്‍ ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനത്തേക്കാള്‍ കുറവും വികസിത രാജ്യങ്ങളോട് കിടപിടിക്കുന്നതുമാണ് നമ്മടേത്. ശരാശരി ആയുര്‍ദൈര്‍ഘ്യത്തിന്റെ കാര്യത്തിലും മികച്ച നേട്ടമാണ് കേരളം കൈവരിച്ചിട്ടുള്ളത്.

എന്നാല്‍ ആഗോളവത്കരണത്തിന്റെ പ്രണേതാക്കളായ കേന്ദ്രസര്‍ക്കാരുകളും കേരളത്തിലെ യുഡിഎഫ് സര്‍ക്കാരുകളും കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനുള്ളില്‍ നമ്മുടെ പൊതുജനാരോഗ്യ രംഗത്തിന് ഏല്‍പിച്ച ആഘാതം അളവറ്റതാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ വേണ്ടത്ര സൌകര്യങ്ങളും മരുന്നുകളും ഒരുക്കാതെ പാവപ്പെട്ട രോഗികളെ സ്വകാര്യമേഖലയുടെ ചൂഷണത്തിന് കരുണയില്ലാതെ എറിഞ്ഞുകൊടുക്കുന്ന അവരുടെ സമീപനം നമ്മള്‍ കണ്ടതും അനുഭവിച്ചതുമാണ്. എല്‍ഡിഎഫ് സര്‍ക്കാരുകള്‍ അധികാരത്തില്‍വന്ന ഇടവേളകളിലാണ് ആ ദുരവസ്ഥയ്ക്ക്, ഒട്ടേറെ പരിമിതികളില്‍ നിന്നുകൊണ്ടായാലും പരിഹാരമുണ്ടാക്കിയത്.

2006ല്‍ അധികാരമേറ്റ എല്‍ഡിഎഫ് സര്‍ക്കാര്‍ ആരോഗ്യമേഖലയില്‍ കൈവരിച്ച നേട്ടങ്ങളെ ആര്‍ക്കും അവഗണിക്കാനാവില്ല. പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍മുതല്‍ മെഡിക്കല്‍ കോളേജുകള്‍വരെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പശ്ചാത്തല സൌകര്യം ഗണ്യമായി വര്‍ദ്ധിപ്പിച്ചു. ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും ഒഴിവുകള്‍ നികത്തി. ആവശ്യത്തിന് മരുന്നുകള്‍ വാങ്ങുന്നതിന് മെഡിക്കല്‍ കോര്‍പ്പറേഷന്‍ രൂപവത്കരിച്ചു. അതോടെ സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നുക്ഷാമം എന്നത് പഴയ കഥയായി മാറി. രോഗചികില്‍സയ്ക്കൊപ്പം രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളും ശക്തിപ്പെടുത്തി. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും സന്നദ്ധസംഘടനകളുടെയും പിന്തുണയോടെ നടപ്പാക്കി. പല പകര്‍ച്ചവ്യാധികളെയും വരുതിയിലാക്കാന്‍ ഇതുമൂലം സാധിച്ചു.

പൊതുജനാരോഗ്യരംഗത്തും രോഗപ്രതിരോധരംഗത്തും ക്യൂബ കൈവരിച്ച നേട്ടങ്ങള്‍ പറയാന്‍ മാത്രമുള്ളതല്ല, അനുകരിക്കാനുള്ളവയാണ്. ആ തിരിച്ചറിവോടെയാണ് ഇന്ത്യയില്‍ ആദ്യമായി ക്യൂബന്‍ മാതൃകയ്ക്ക് തിരുവനന്തപുരം ജില്ലയിലെ വട്ടിയൂര്‍ക്കാവ് പഞ്ചായത്തില്‍ 2009ല്‍ തുടക്കമിട്ടത്. സോഷ്യലിസ്റ്റ് രാഷ്ട്രമായ ക്യൂബയുടെ സമീപനങ്ങളും രീതിസമ്പ്രദായങ്ങളും അതേപടി ഇവിടെ പകര്‍ത്താനാവില്ല. കാരണം മുതലാളിത്ത സമ്പദ്‌വ്യവസ്ഥ നിലനില്‍ക്കുന്ന ഇന്ത്യയിലെ ഒരു സംസ്ഥാനം മാത്രമാണ് കേരളം. ആ ചട്ടക്കൂടിന്റെ പരിമിതികളില്‍ നിന്നുകൊണ്ടുമാത്രമേ ഇവിടെ ക്യൂബന്‍ മാതൃക നടപ്പാക്കാനാവൂ. ക്യൂബന്‍ അംബാസിഡറുടെ ക്ഷണപ്രകാരം ആരോഗ്യമന്ത്രി പി കെ ശ്രീമതിടീച്ചര്‍ ക്യൂബ സന്ദര്‍ശിച്ചതോടെയാണ് ക്യൂബന്‍ മാതൃക എന്ന ആശയത്തിന് രൂപരേഖയായത്.

വട്ടിയൂര്‍ക്കാവ് പഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രമാണ് ക്യൂബന്‍ മാതൃകയുടെ ആസ്ഥാനം. 22 വാര്‍ഡുകളടങ്ങിയ വട്ടിയൂര്‍ക്കാവ് ഗ്രാമപഞ്ചായത്ത് ഒന്നാകെയാണ് ഇതിന്റെ പരിധിയില്‍ വരിക. പഞ്ചായത്തിലെ മുഴുവന്‍ ജനങ്ങളുടെയും രോഗ വിവരങ്ങള്‍ ശേഖരിക്കയും കൃത്യസമയത്ത് ചികില്‍സാ നടപടികളും മറ്റു നിര്‍ദ്ദേശങ്ങളും നല്‍കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

2009 ഫെബ്രുവരി അവസാന വാരമാണ് ക്യൂബന്‍ മാതൃക ഔദ്യോഗികമായി ഉല്‍ഘാടനം ചെയ്യപ്പെട്ടത്. എന്‍ആര്‍എച്ച്എം ആണ് ഇതിനാവശ്യമായ ഫണ്ട് അനുവദിക്കുന്നത്. എന്‍ആര്‍എച്ച്എംന്റെ നോഡല്‍ ഏജന്‍സി ഹിന്ദുസ്ഥാന്‍ ലാറ്റക്സാണ്.

ക്യൂബന്‍ മാതൃകയുടെ ഒന്നാംഘട്ട പ്രവര്‍ത്തനം എന്നത് പഞ്ചായത്തിലെ മുഴുവന്‍ ജനങ്ങളുടെയും ആരോഗ്യ വിവരങ്ങള്‍ ശേഖരിക്കയാണ്. സര്‍വ്വേയ്ക്ക് 'ആശ' പ്രവര്‍ത്തകരെയാണ് വിനിയോഗിച്ചത്. ആശ പ്രവര്‍ത്തകരെക്കുറിച്ച് ജാഗ്രതയില്‍ പ്രസിദ്ധീകരിച്ച പോസ്റ്റ് ഓര്‍ക്കുമല്ലോ? പരിശീലനം നല്‍കപ്പെട്ട 44 വാളന്റിയര്‍മാരുടെ സേവനം ഇതിനായി ഉപയോഗപ്പെടുത്തി. മാര്‍ച്ചില്‍ ആരംഭിച്ച സര്‍വ്വേ മൂന്നുമാസംകൊണ്ട് പൂര്‍ത്തീകരിച്ചു.

12500 വീടുകളിലായി 48560 പേരാണ് വട്ടിയൂര്‍ക്കാവ് പഞ്ചായത്തു പരിധിയിലുള്ളത്. ഇവരെ നാലുഗ്രൂപ്പായി തരംതിരിച്ചിട്ടുണ്ട്. (1) ഒരു രോഗവും ഇല്ലാത്ത പൂര്‍ണ ആരോഗ്യവാന്മാര്‍ (2) പുകവലി, മദ്യപാനം, മയക്കുമരുന്നുശീലം തുടങ്ങിയവമൂലം രോഗം വരാനുള്ള സാധ്യത കൂടുതലുള്ളവര്‍ (3) അമിത രക്തസമ്മര്‍ദ്ദം, പ്രമേഹം തുടങ്ങിയ രോഗങ്ങളുള്ളവര്‍ (4) രോഗംമൂലം ശയ്യാവലംബരായവര്‍.

വട്ടിയൂര്‍ക്കാവ് പഞ്ചായത്തില്‍ നാലാം ഗ്രൂപ്പില്‍പെട്ടവര്‍ 939 പേരുണ്ട്. അവരില്‍തന്നെ കൂടുതല്‍ പരിചരണം ആവശ്യമുള്ള 141 പേരുണ്ട്. അവര്‍ക്കായി സാന്ത്വന പരിചരണ ചികില്‍സ പ്രത്യേകം ആവിഷ്കരിച്ചിട്ടുണ്ട്.

അമിത രക്തസമ്മര്‍ദ്ദം, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവ ഉള്‍പ്പെടുന്ന മൂന്നാംഗ്രൂപ്പില്‍ ഏകദേശം 12,100 പേര്‍ ഉള്‍പ്പെടുന്നു. 1120 പേര്‍ മദ്യപാനം, പുകവലി തുടങ്ങിയ ദുശ്ശീലങ്ങള്‍ക്കടിപ്പെട്ടവരാണ്. ശേഷിക്കുന്നവര്‍ക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ല.

ഓരോ വ്യക്തിക്കും പ്രത്യേകം ഐഡി നമ്പരും കാര്‍ഡും ഉണ്ടാകും. അതില്‍ അയാളുടെ ആരോഗ്യ സംബന്ധമായ എല്ലാ വിവരങ്ങളും ഉണ്ടാകും. ആശുപത്രി രജിസ്റ്ററിലും ഓരോ വ്യക്തിയെയുംകുറിച്ചുള്ള വിവരങ്ങള്‍ സൂക്ഷിക്കുന്നു. മൂന്നു പഞ്ചായത്തു വാര്‍ഡുകള്‍ക്ക് ഒന്ന് എന്ന രീതിയില്‍ 7 സബ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നു. സബ്സെന്ററുകളില്‍ ആരോഗ്യ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. അതത് പഞ്ചായത്തുവാര്‍ഡിന്റെ പരിധിയില്‍പെട്ടവര്‍ക്ക് ആരോഗ്യ ക്യാമ്പുകളില്‍ പങ്കെടുക്കാം. ജനറല്‍ മെഡിസിന്‍ ഡോക്ടര്‍മാര്‍ക്കൊപ്പം സ്പെഷ്യാലിറ്റി ഡോക്ടര്‍മാരുടെയും സേവനം ലഭ്യമാക്കുന്നു. ഇതോടൊപ്പം ബ്ളഡ്പ്രഷര്‍, ഷുഗര്‍ തുടങ്ങിയവ പരിശോധിക്കുന്നതിനുള്ള ലാബ് സൌകര്യവുമുണ്ട്. എല്ലാവിധ പരിശോധനകളും മരുന്നും സൌജന്യമാണ്.

ഒരു മാസത്തേക്കുള്ള മരുന്നും ഉപദേശനിര്‍ദ്ദേശങ്ങളുമാണ് ക്യാമ്പുകളില്‍ എത്തുന്നവര്‍ക്ക് നല്‍കുന്നത്. ഒരു മാസത്തിനുശേഷം വീണ്ടും ഇവര്‍ക്കായി റിവ്യൂ ക്യാമ്പ് സംഘടിപ്പിച്ച് പരിശോധനനടത്തുന്നു. പിന്നീട് മരുന്ന് ആവശ്യമുണ്ടെങ്കില്‍ മാത്രം നല്‍കുന്നു.

"തെറ്റായ ജീവിതരീതിയും ശീലങ്ങളുംമൂലം നമ്മുടെ ആളുകള്‍ വരുത്തിവെയ്ക്കുന്നതാണ് പല രോഗങ്ങളും. ശരിയായ ഭക്ഷണക്രമവും വ്യായാമവും ഉണ്ടെങ്കില്‍ പല രോഗങ്ങളില്‍നിന്നും രക്ഷപ്പെടാം. ക്യൂബന്‍ മാതൃക ആരംഭിച്ചതോടെ ജനങ്ങളുടെ ജീവിതരീതിയില്‍തന്നെ സാരമായ വ്യത്യാസം വന്നിട്ടുള്ളതായി കാണാം.'' മെഡിക്കല്‍ ഓഫീസര്‍ ഡോ. സ്വപ്ന പറയുന്നു.

മണികണ്ഠേശ്വരം, നെട്ടയം, പാപ്പാട്, കുലശേഖരം, കൊടുങ്ങാനൂര്‍, വഴയില, വെട്ടുകോണം എന്നിങ്ങനെ ഏഴു സബ്സെന്ററുകളിലായാണ് ക്ളിനിക്കുകള്‍ നടത്തുന്നത്. ഇവിടങ്ങളില്‍ ആരോഗ്യ ബോധവത്കരണ ക്ളാസുകളും നല്‍കുന്നു. ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിന് കൂടുതല്‍ സ്റ്റാഫിന്റെ സേവനം ആവശ്യമുള്ളപ്പോള്‍ എന്‍ആര്‍എച്ച് എം സ്റ്റാഫിനെ നല്‍കുന്നു. മെഡിക്കല്‍ കോളേജിലെ ഹൌസ്സര്‍ജന്മാരുടെ സേവനവും ഇത്തരം ക്യാമ്പുകളില്‍ ലഭ്യമാക്കുന്നുണ്ട്.

ക്യൂബന്‍ മാതൃകയുടെ ഭാഗമായി 10 കിടക്കകളുള്ള ഇന്‍ പേഷ്യന്റ് വിഭാഗം ഉടന്‍ ആരംഭിക്കും. കെട്ടിടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ഡോക്ടര്‍മാര്‍ക്ക് താമസിക്കാനുള്ള ക്വാര്‍ട്ടേഴ്സും ഉണ്ടാകും. അവര്‍ക്ക് വീടുകളിലെത്തി രോഗികളെ പരിശോധിക്കാനുള്ള വാഹനസൌകര്യവും ഏര്‍പ്പെടുത്തും.

"ഡോക്ടര്‍മാരും സ്റ്റാഫും വളരെ അര്‍പ്പണ മനോഭാവക്കാരാണ്. എല്ലാവരും ടീം സ്പിരിറ്റോടെ സേവനം ചെയ്യുന്നു. ജനപ്രതിനിധികളില്‍നിന്നും ബഹുജനങ്ങളില്‍നിന്നും നല്ല സഹകരണമാണ് ലഭിക്കുന്നത്''-ഡോക്ടര്‍ സ്വപ്ന പറഞ്ഞു.

ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ക്യൂബന്‍ മാതൃക മുന്തിയ പരിഗണന നല്‍കുന്നു. കൊതുകുനശീകരണയത്നത്തിന്റെ ഭാഗമായി ആശ പ്രവര്‍ത്തകര്‍ എല്ലാമാസവും വീടുകള്‍ സന്ദര്‍ശിക്കുന്നു. വീട്ടിനുള്ളിലും പരിസരങ്ങളിലും കൊതുകു വളരാനുള്ള സാധ്യതകള്‍ വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുത്തി അത്തരം സാധ്യതകളെ ഇല്ലായ്മചെയ്യുന്നു. കൂത്താടികളെയും മറ്റും നശിപ്പിക്കാന്‍ വീട്ടുകാരെ പ്രേരിപ്പിക്കുന്നു. ഒപ്പം ആശാ പ്രവര്‍ത്തകരും അതില്‍ പങ്കാളികളാകുന്നു. ഫോഗിംഗ് പതിവായി നടത്തുന്നു.

പഞ്ചായത്തു പരിധിയില്‍ പകര്‍ച്ചവ്യാധികള്‍ വളരെയേറെ കുറഞ്ഞതായി ഡോക്ടര്‍മാരും നാട്ടുകാരും ഒരുപോലെ സമ്മതിക്കുന്നു. ഡങ്കിപ്പനി, ചിക്കന്‍ഗുനിയ തുടങ്ങിയവ വിരലിലെണ്ണാവുന്നവ മാത്രമാണ് റിപ്പോര്‍ട്ടുചെയ്യപ്പെട്ടത്.

"എനിക്ക് കയ്യുംകാലും ഇടയ്ക്ക് തരിക്കുമായിരുന്നു. നീരിളക്കമാണെന്നാണ് ഞാന്‍ കരുതിയത്. കാര്യമായ പ്രശ്നങ്ങളില്ലാതിരുന്നതുകൊണ്ട് ഡോക്ടര്‍മാരെ കാണാനോ പരിശോധിക്കാനോ പോയില്ല. ക്യൂബന്‍ മാതൃകയുടെ ഭാഗമായി സംഘടിപ്പിച്ച ക്യാമ്പില്‍ പങ്കെടുത്തു. പരിശോധന കഴിഞ്ഞപ്പോള്‍ രക്തത്തില്‍ പഞ്ചസാര അല്‍പം കൂടുതലാണെന്ന് മനസ്സിലായി. ഇപ്പോള്‍ മരുന്നുകഴിക്കുന്നുണ്ട്. ഭക്ഷണത്തില്‍ ശ്രദ്ധിക്കുന്നുമുണ്ട്.-മണികണ്ഠേശ്വരം ക്യാമ്പില്‍ പങ്കെടുത്ത അറുപത്തിരണ്ടുകാരിയായ ലളിതകുമാരിഅമ്മ പറയുന്നു.

അറുപതുകാരനായ കുമാരന്‍ മാഷിന്റെ അനുഭവവും ഇതിനോട് സമാനമാണ്. മാഷിന് ഇടയ്ക്ക് ചെറിയതോതില്‍ നെഞ്ചുവേദന അനുഭവപ്പെടും. പക്ഷേ വായുസംബന്ധമായ ഉപദ്രവം എന്നുകരുതി അദ്ദേഹം അതവഗണിച്ചു. ഏതായാലും വെറുതെ ക്യാമ്പില്‍ പങ്കെടുത്തുകളായാം എന്ന് തീരുമാനിച്ചു. പരിശോധനകള്‍ക്കുശേഷം ഹൃദ്രോഗത്തിന്റെ ആരംഭമായാണ് ഡോക്ടര്‍മാര്‍ വിധിച്ചത്. "മരുന്നിനൊപ്പം ഭക്ഷണം ക്രമപ്പെടുത്തുകയും വ്യായാമം ചെയ്യുകയും ചെയ്യുന്നു. അതുമൂലം രണ്ടാം തവണ പരിശോധനയ്ക്കു ചെന്നപ്പോള്‍ ആരോഗ്യനിലയില്‍ നല്ല പുരോഗതിയുണ്ട്. തക്കസമയത്ത് കണ്ടെത്തിയില്ലായിരുന്നെങ്കില്‍ സ്ഥിതി ഒരുപക്ഷേ ഇങ്ങനെയാവില്ലായിരുന്നു...'' മാഷ് പറയുന്നു.

ആരോഗ്യവകുപ്പിന്റെ ഒരു ഡോക്ടറുടെയും എന്‍ആര്‍എച്ച്എം നല്‍കുന്ന മൂന്നു ഡോക്ടര്‍മാരുടെയും സേവനം പതിവായി ക്യൂബന്‍ മാതൃകയുടെ ഭാഗമായി വട്ടിയൂര്‍ക്കാവുകാര്‍ക്ക് ലഭിക്കുന്നു. ക്യാമ്പില്‍ കുടുതല്‍പേരുടെ സേവനവും ലഭിക്കുന്നു. 2009 സെപ്തംബര്‍ 26-ാം തീയതി മണികണ്ഠേശ്വരത്തു നടന്ന ആരോഗ്യ ക്യാമ്പില്‍ ജനറല്‍ മെഡിസിനില്‍നിന്ന് മൂന്ന് ഡോക്ടര്‍മാരുടെയും സ്പെഷ്യാലിറ്റി വിഭാഗത്തില്‍നിന്ന് അത്രയും തന്നെ ഡോക്ടര്‍മാരുടെയും സേവനം ലഭ്യമാക്കി. എട്ട് സ്റ്റാഫ് നഴ്സുമാരുടെയും സേവനം ലഭ്യമാക്കി. അടുത്തതായി നടക്കുന്ന ക്യാമ്പില്‍ നേത്രരോഗങ്ങള്‍, ഇഎന്‍ടി, ശിശുരോഗങ്ങള്‍, കാന്‍സര്‍ നിര്‍ണയം തുടങ്ങിയവയ്ക്കാണ് ഉന്നല്‍ നല്‍കുന്നത്.

ആരോഗ്യവകുപ്പിന്റെ കീഴിലുള്ള പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ പരിശോധനയും മറ്റു ജോലികളും സാധാരണയായി നടക്കുന്നു. ആരോഗ്യവകുപ്പിലെ ജീവനക്കാരെ സംബന്ധിച്ചിടത്തോളം അതിനുപുറമെയാണ് ക്യൂബന്‍ മാതൃകയുടെ ജോലി. ആ ജോലിക്ക് പ്രത്യേക ശമ്പളമോ ആനുകൂല്യങ്ങളോ അവര്‍ക്ക് ലഭിക്കുന്നില്ല എന്നത് യാഥാര്‍ത്ഥ്യമാണ്. അവര്‍ ചെയ്യുന്ന അധിക ജോലിക്ക് പ്രോത്സാഹനം നല്‍കേണ്ടതാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

രോഗത്തിനു ചികില്‍സിക്കുന്നതുപോലെതന്നെ പ്രധാനമാണ് രോഗംവരാതെ ശ്രദ്ധിക്കുക എന്നതും. അതുപോലെ കൃത്യമായ സമയത്ത് രോഗം നിര്‍ണയിക്കപ്പെടുക എന്നത്, അപകടാവസ്ഥയിലേക്കെത്താതിരിക്കാന്‍ വ്യക്തിയെ സഹായിക്കുന്നു. ഒപ്പം തെറ്റായ ജീവിത ശൈലിയില്‍നിന്ന് പിന്തിരിയാന്‍ പൌരന് പ്രേരണയും നല്‍കുന്നു. ആഗോളവത്കരണത്തിന്റെ ഇക്കാലത്ത് രോഗംവരാതെ തടയുകയും വന്നത് രൂക്ഷമാകാതെ നോക്കുകയും ചെയ്യുക എന്നത് വലിയ ഒരു പ്രതിരോധം തന്നെയാണ്. അവിടെയാണ് ക്യൂബന്‍ മാതൃകയുടെ പ്രസക്തി. കേരളത്തിലെ ആരോഗ്യ സേവനരംഗം കാര്യക്ഷമമാക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകളില്‍ ഒന്നാണിതും.

ഗിരീഷ് ചേനപ്പാടി ചിന്ത വാരിക 150110

1 comment:

  1. പൊതുജനാരോഗ്യരംഗത്തും രോഗപ്രതിരോധരംഗത്തും ക്യൂബ കൈവരിച്ച നേട്ടങ്ങള്‍ പറയാന്‍ മാത്രമുള്ളതല്ല, അനുകരിക്കാനുള്ളവയാണ്. ആ തിരിച്ചറിവോടെയാണ് ഇന്ത്യയില്‍ ആദ്യമായി ക്യൂബന്‍ മാതൃകയ്ക്ക് തിരുവനന്തപുരം ജില്ലയിലെ വട്ടിയൂര്‍ക്കാവ് പഞ്ചായത്തില്‍ 2009ല്‍ തുടക്കമിട്ടത്. സോഷ്യലിസ്റ്റ് രാഷ്ട്രമായ ക്യൂബയുടെ സമീപനങ്ങളും രീതിസമ്പ്രദായങ്ങളും അതേപടി ഇവിടെ പകര്‍ത്താനാവില്ല. കാരണം മുതലാളിത്ത സമ്പദ്‌വ്യവസ്ഥ നിലനില്‍ക്കുന്ന ഇന്ത്യയിലെ ഒരു സംസ്ഥാനം മാത്രമാണ് കേരളം. ആ ചട്ടക്കൂടിന്റെ പരിമിതികളില്‍ നിന്നുകൊണ്ടുമാത്രമേ ഇവിടെ ക്യൂബന്‍ മാതൃക നടപ്പാക്കാനാവൂ. ക്യൂബന്‍ അംബാസിഡറുടെ ക്ഷണപ്രകാരം ആരോഗ്യമന്ത്രി പി കെ ശ്രീമതിടീച്ചര്‍ ക്യൂബ സന്ദര്‍ശിച്ചതോടെയാണ് ക്യൂബന്‍ മാതൃക എന്ന ആശയത്തിന് രൂപരേഖയായത്.

    ReplyDelete