ഐഡിയോളജി എന്ന വാക്ക് ഫ്രഡറിക് എംഗല്‍സിന്റെ സംഭാവനയാണ്. അതിനെ 'തെറ്റായ ബോധം' എന്ന് നിര്‍വചിച്ചത് മാര്‍ക്സാണ്. യാഥാര്‍ഥ്യത്തെ നമ്മള്‍ ഗ്രഹിക്കുന്നത് അതിന്റെ വികലരൂപത്തിലാണെന്ന് വിവക്ഷ. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ 'അവര്‍ ചെയ്യുന്നതെന്തെന്ന് അവര്‍ക്കറിയില്ല' എന്നും മാര്‍ക്സ് പറയും. ഉദാഹരണത്തിന്, മുതലാളിത്ത സമൂഹങ്ങളില്‍ നാം വിദ്യാഭ്യാസത്തിനു പോകുന്നത് ആത്യന്തികമായി മുതലാളിത്തവ്യവസ്ഥിതിയെ അരക്കിട്ടുറപ്പിക്കാനാണ്. പക്ഷേ, നമ്മെ വ്യവസ്ഥിതിയുടെ കാവലാളാക്കുകയാണ് മുതലാളിത്തവിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്ന് നാം അറിയുന്നില്ല. എന്നാല്‍, സ്ളൊവേനിയന്‍വംശജനും ലകാനിയന്‍ മാര്‍ക്സിസ്റുമായ സ്ളാവോജ് സിസെക് മാര്‍ക്സിന്റെ നിര്‍വചനത്തിന് ഒരു സിനിക്കല്‍ പാഠഭേദം നല്‍കുന്നു. "'അവരെന്താണ് ചെയ്യുന്നതെന്ന് അവര്‍ക്ക് നല്ലവണ്ണം അറിയാം. എന്നിട്ടും അവരത് ചെയ്തുകൊണ്ടിരിക്കുന്നു. അദ്ദേഹം ഇത്രകൂടി കൂട്ടിച്ചേര്‍ക്കുന്നു; അവര്‍ ഒരു മായയെയാണ് പിന്‍പറ്റുന്നതെന്നും അവര്‍ക്കറിയാം. എന്നാലും അവരത് ചെയ്യുന്നു.'
മധ്യവര്‍ഗ ബുദ്ധിജീവികള്‍ക്കിടയില്‍ ഇപ്പോഴത്തെ 'താരമായ' സിസെക്കിനെ ഇവിടെ ഉദ്ധരിച്ചത് ഇപ്പോഴത്തെ വന്‍കിട കുത്തക പത്രങ്ങളുടെ അപഥസഞ്ചാരത്തിന് അടിവര ചാര്‍ത്തുന്ന വരികളായതുകൊണ്ടാണ്. രാജ്മോഹന്‍ ഉണ്ണിത്താന്റെ കുപ്രസിദ്ധമായ മഞ്ചേരി എപ്പിസോഡുതന്നെയെടുക്കുക. ഫോട്ടോ സഹിതം (മുഖംപൊത്തി ഇളിഭ്യനായി പൊലീസ് ജീപ്പില്‍ ഇരിക്കുന്ന രാജ്മോഹന്റെയും 'സര്‍വസേവാ'ദളിന്റെ നേതാവെന്ന് ഉണ്ണിത്താന്‍ പരിചയപ്പെടുത്തിയ ആ സ്ത്രീയുടെയും ചിത്രം കേരളീയര്‍ അത്ര പെട്ടെന്നൊന്നും മറക്കില്ല) മഞ്ചേരി കോടതിയില്‍നിന്ന് ജാമ്യം കിട്ടി ഒളിമ്പിക്സ് മെഡല്‍ ജേതാവിനെപ്പോലെ 'വിജയശ്രീലാളിത'നായി പുറത്തുവരുന്ന ഉണ്ണിത്താന്റെ ചിത്രം 'ഉണ്ണിത്താന് ജാമ്യം' എന്ന തലക്കെട്ടില്‍ ഉള്‍പ്പേജുകളില്‍ താരതമ്യേന അപ്രധാനമായ വാര്‍ത്തയാണ് മലയാളത്തിലെ കുത്തകപത്രങ്ങള്‍ കൊടുത്തത്. ഗോപീകൃഷ്ണന്‍ ഒരു നല്ല കാര്‍ട്ടൂണ്‍ വരച്ചതൊഴിച്ചാല്‍, 'വക്രദൃഷ്ടി'ക്കാരന്‍ ഒന്നു മയത്തില്‍ തലോടിയതൊഴിച്ചാല്‍ എല്ലാം ശുഭം. മംഗളം. ഒരു സിപിഐ എം ലോക്കല്‍ സെക്രട്ടറിയായിരുന്നു ഈ ജുഗുപ്സാവഹമായ അവസ്ഥയില്‍പ്പെട്ടിരുന്നതെങ്കില്‍ മിനിമം ഒരു മാസമെങ്കിലും ഈ പത്രങ്ങള്‍ വാര്‍ത്തകളും വിശകലനങ്ങളുമായി മുന്‍പേജില്‍ പഞ്ചാരിമേളം നടത്തുമായിരുന്നു.
ഇതിനേക്കാള്‍ അരോചകമായത് സൂര്യ ടിവി കാണിച്ച വൃത്തികേടാണ്. കഴിഞ്ഞ ദിവസം ഉണ്ണിത്താനോടൊപ്പം 'നടന്ന് നടന്ന്' അവര്‍ ഒരു ഇന്റര്‍വ്യൂ ആഭാസം സംപ്രേഷണംചെയ്തു. ഉണ്ണിത്താനോടൊപ്പം 'കിടന്ന് കിടന്ന്' എന്നായിരുന്നു ആ ഇന്റര്‍വ്യൂവിന് യോജിച്ച ശീര്‍ഷകം. ഉണ്ണിത്താനെ അക്ഷരാര്‍ഥത്തില്‍ മഹത്വവല്‍ക്കരിക്കുന്ന ആ അഭിമുഖാഭാസം കേരളീയരെ അപമാനത്തിന്റെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തുന്ന ഒന്നായിരുന്നു.
ഇനി നമുക്ക് മാധ്യമസിന്‍ഡിക്കറ്റ് സൃഗാലബുദ്ധിയോടെ പടച്ചുണ്ടാക്കിയ മറ്റൊരു സംഭവം പരിശോധിക്കാം.
ബിനീഷ് കോടിയേരിക്കെതിരെയുള്ള ഒരു വ്യാജവാര്‍ത്ത നമ്മുടെ മാധ്യമങ്ങള്‍ ആഘോഷിച്ച രീതിയാണത്. ബംഗളൂരുവിലെ ഏതോ നക്ഷത്രവേശ്യാലയത്തില്‍ റെയ്ഡ് നടന്നെന്നും അവിടെവച്ച് ഒരു റഷ്യന്‍ സ്ത്രീയുടെ ലാപ്ടോപ്പില്‍ ബിനീഷിന്റെ ചിത്രം കണ്ടെന്നുമായിരുന്നു വാര്‍ത്ത. ഇതെല്ലാം കേട്ട് അത്ഭുതപരതന്ത്രനായി ബിനീഷ് അപ്പോള്‍ ദുബായിലെ ജോലിസ്ഥലത്തായിരുന്നു. പിന്നീടുള്ള അന്വേഷണത്തില്‍ അത്തരമൊരു റെയ്ഡ് നടന്നിട്ടില്ലെന്നും അങ്ങനെയൊരു ലാപ്ടോപ്പിനെക്കുറിച്ച് വിവരമില്ലെന്നും ബിജെപി ഭരിക്കുന്ന കര്‍ണാടകത്തിലെ പൊലീസ് വെളിപ്പെടുത്തി. എന്നാല്‍,സത്യത്തിന്റെ നിജസ്ഥിതി അറിയുന്നതിനുമുമ്പ് ഇവിടത്തെ മാധ്യമങ്ങള്‍ ആഘോഷം തുടങ്ങിയിരുന്നു. പാര്‍ടി നേതാക്കളെ ക്ഷുദ്രബുദ്ധിയോടെ തേജോവധം ചെയ്യുന്നത് തീവ്രയത്നപരിപാടിയാക്കിയ ഒരു വാരിക ഈ വിഷയത്തില്‍ ലേഖനവും പ്രസിദ്ധപ്പെടുത്തി. ബിനീഷിനെതിരെയുള്ള ആരോപണം നനഞ്ഞ ഓലപ്പടക്കംപോലെ ചീറ്റിപ്പോയി.
ഇതുകൊണ്ടാണ് പറയുന്നത് ഇവരെന്താണ് ചെയ്യുന്നതെന്ന് ഇവര്‍ക്ക് നന്നായി അറിയാം. എന്നിട്ടും ഇവരത് ചെയ്തുകൊണ്ടിരിക്കുന്നുവെന്ന്.
സിപിഐ എമ്മിനെ എവ്വിധമെങ്കിലും പരിക്ഷീണമാക്കാന്‍ ദൃഢപ്രത്യയം ചെയ്തിരിക്കുകയാണ് ഈ മാധ്യമകുത്തകകളും അടുത്തിടെ മുളച്ചുപൊങ്ങിയ ചില ഞാഞൂല്‍ ബുജികളും. കഴിഞ്ഞ ഒരു മാസമായി ഈ മാധ്യമങ്ങള്‍ വായിക്കുന്നവര്‍ക്ക് തടിയന്റവിട നസീര്‍ സിപിഐ എമ്മിന്റെ ജില്ലാ സെക്രട്ടറിയാണെന്ന തോന്നലാണുളവാകുക. സൂഫിയ മഅ്ദനി ജനാധിപത്യ മഹിള അസോസിയേഷന്റെ അഖിലേന്ത്യാ ഭാരവാഹിയാണെന്നും തോന്നും. അവ്വിധമാണ് കൌശലപൂര്‍വമുള്ള വാര്‍ത്താവതരണം. നമ്മുടെ ഒരേയൊരു 'ദേശീയപത്ര'ത്തില്‍ ആഴ്ചയില്‍ അഞ്ചുദിവസവും എഡിറ്റ്പേജിലെ ലേഖനങ്ങള്‍ 'സിപിഎമ്മും തീവ്രവാദവും' എന്ന തലക്കെട്ടിലാണ് വരുന്നത്. തീവ്രവാദികള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി എടുത്തുപോരുന്ന ഒരു പാര്‍ടിയെ അല്‍ ഖായ്ദയുടെ കേരളീയ രൂപമായി അവതരിപ്പിക്കാനുള്ള ഹീനശ്രമം ജനങ്ങള്‍ അധികകാലം സഹിച്ചെന്നുവരില്ല.
ഗോപാലകൃഷ്ണനെ സ്വാര്‍ഥരാഷ്ട്രീയമോഹത്തിനായി പടിയിറക്കിവിട്ടപ്പോള്‍ കുടിയിരുത്തിയത് രാജാവിനില്ലാത്ത രാജഭക്തിയുള്ള വേറൊരു പത്രാധിപരെ. ഇങ്ങനെ സിപിഐ എമ്മിനെ സംബന്ധിച്ച വാര്‍ത്തകളെ പൈങ്കിളിവല്‍ക്കരിക്കുകയും നിഗൂഢവല്‍ക്കരിക്കുകയും ചെയ്യുമ്പോള്‍ ജനങ്ങളറിയേണ്ട സുപ്രധാന വാര്‍ത്തകള്‍ ഇവര്‍ അഗണ്യകോടിയില്‍ തള്ളുന്നു.
അഭൂതപൂര്‍വമായ വിലക്കയറ്റം കാരണം രാജ്യമെങ്ങുമുള്ള സാധാരണക്കാര്‍ ചക്രശ്വാസംവലിക്കുകയാണ്. കേന്ദ്രവാണിജ്യമന്ത്രാലയത്തിന്റെ 2009 നവംബര്‍ 28ലെ കണക്കനുസരിച്ച് ഭക്ഷ്യവിലസൂചിക 19.05 ശതമാനമാണ്. കഴിഞ്ഞ 11 വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്. ഉപ്പിനും പഞ്ചസാരയ്ക്കും അരിക്കും പച്ചക്കറിക്കും പരിപ്പിനും എന്നുവേണ്ട എല്ലാറ്റിനും വില കുതിച്ചുയരുന്നു. ഉത്തരേന്ത്യക്കാരുടെ പ്രധാന ഭക്ഷ്യവസ്തുക്കളിലൊന്നായ അര്‍ഹാര്‍ പരിപ്പിന് 100 രൂപയാണ് വിപണിവില. ഇത് ഉല്‍പ്പാദിപ്പിക്കുന്ന കര്‍ഷകന് കിട്ടുന്നത് വെറും 30 രൂപയും. ബാക്കി 70 രൂപ എങ്ങോട്ടുപോകുന്നു? വൈറ്റ് ഹൌസിലെ അത്താഴവിരുന്നുകളില്‍ കണ്ണുനട്ടിരിക്കുന്ന കേന്ദ്രമന്ത്രിമാര്‍ക്ക് കര്‍ഷകരുടെ പ്രശ്നം തീര്‍ക്കുന്നതിലല്ല, അംബാനിസഹോദരന്മാരുടെ ചക്കളത്തിപ്പോരാട്ടം തീര്‍ക്കുന്നതിലാണ് ബദ്ധശ്രദ്ധ. വിലക്കയറ്റത്തിന് സംസ്ഥാനസര്‍ക്കാരുകളെ പഴിപറയുന്ന കേന്ദ്രം കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലുള്‍പ്പെടെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഭക്ഷ്യവസ്തുക്കള്‍ക്ക് എന്തുകൊണ്ട് വില കയറുന്നു എന്നതിന് ഉത്തരം പറയേണ്ടതുണ്ട്.
ഇത്തരം മര്‍മപ്രധാനമായ വിഷയങ്ങള്‍ നമ്മുടെ കോര്‍പറേറ്റ് മാധ്യമങ്ങള്‍ ചര്‍ച്ചചെയ്യുന്നേയില്ല. അതിനുപകരം വി എസ് ഇന്നലെ പ്രഭാതസവാരി നടത്തിയോ, പിണറായി ഉച്ചഭക്ഷണത്തിന് മീന്‍കറി കൂട്ടിയോ എന്നിത്യാദി കാര്യങ്ങളില്‍ അഭിരമിക്കുകയാണ് മലയാള മാധ്യമങ്ങള്‍. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനുശേഷംമാത്രം ബംഗാളില്‍ 120 സിപിഐ എമ്മുകാര്‍ മാവോയിസ്റ്റുകളാല്‍ കൊലചെയ്യപ്പെട്ടു. അത് ഇവിടത്തെ ഒരു കുത്തകപത്രങ്ങളിലും വാര്‍ത്തയായില്ല. പകരം മാവോയിസ്റ്റുകളെ പരസ്യമായി പ്രകീര്‍ത്തിക്കുന്ന ലേഖനങ്ങള്‍ പരമ്പരകളായി പ്രസിദ്ധപ്പെടുത്തുകയുംചെയ്തു ചിലര്‍. അതേസമയം, സിപിഐ എം-ബിജെപി സംഘട്ടനത്തിലോ സിപിഐ എം-കോണ്‍ഗ്രസ് സംഘര്‍ഷത്തിലോ മറുവിഭാഗത്തിലെ ആരെങ്കിലും കേരളത്തില്‍ കൊല്ലപ്പെട്ടാല്‍ വാര്‍ത്തകളുടെ പൊടിപൂരംതന്നെ ഇവര്‍ തീര്‍ക്കും. രക്തസാക്ഷികളുടെ കുടുംബാംഗങ്ങള്‍ക്കുവേണ്ടി ഫണ്ട് സ്വരൂപിച്ചാല്‍ നിന്ദാപൂര്‍വം അതേക്കുറിച്ചെഴുതും. ഇടയ്ക്കിടെ പലോറ മാതയെക്കുറിച്ചെഴുതി മുതലക്കണ്ണീരൊഴുക്കും.
ആസിയന്‍ രാജ്യങ്ങളുമായി ഇന്ത്യ സ്വതന്ത്രവ്യാപാരകരാര്‍ ഒപ്പിട്ടപ്പോള്‍ അതിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചത് സിപിഐ എമ്മാണ്. ഇന്ത്യയിലെ കര്‍ഷകരുടെ താല്‍പ്പര്യങ്ങളെ ബലികഴിച്ച് ആസിയന്‍ രാജ്യങ്ങളിലെ കര്‍ഷകരുടെയും അവിടത്തെ വ്യവസായഗ്രൂപ്പുകളുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന കരാറാണത്. ആ കരാറിനെതിരെ കേരളത്തില്‍ സിപിഐ എം മനുഷ്യച്ചങ്ങല തീര്‍ത്തു. പലേടത്തും അത് മനുഷ്യമതിലായി മാറി. ലക്ഷങ്ങള്‍ പങ്കെടുത്ത പ്രതിഷേധക്കൂട്ടായ്മയായിരുന്നു അത്. അന്ന് കുത്തകപത്രങ്ങള്‍ എഴുതിയത് വെറും 'പതിനായിരങ്ങള്‍' പങ്കെടുത്തു എന്നാണ്. ഇതാണ് അസ്സല്‍ ബൂര്‍ഷ്വാപത്രപ്രവര്‍ത്തനം. നിലവിലുള്ള ചൂഷണാത്മകമായ ഉല്‍പ്പാദനബന്ധങ്ങളെ നിലനിര്‍ത്താന്‍ അഹോരാത്രം പ്രവര്‍ത്തിക്കുന്നവര്‍ക്ക് 50 ലക്ഷവും പതിനായിരമായേ തോന്നൂ.
ഒന്നുകൂടി പറഞ്ഞ് അവസാനിപ്പിക്കാം.
തമിഴ്നാട്ടില്‍ ദളിതര്‍ക്ക് പ്രവേശനമില്ലാത്ത ഏകദേശം 7000 ക്ഷേത്രമുണ്ട്. അവിടെ ക്ഷേത്രപ്രവേശനസമരങ്ങളും നടക്കുന്നുണ്ട്. ദ്രാവിഡ പാര്‍ടികള്‍ സവര്‍ണരുടെ പക്ഷം ചേര്‍ന്ന് ഈ സമരങ്ങളോട് മുഖംതിരിച്ചു നില്‍ക്കുകയാണ്. 21-ാം നൂറ്റാണ്ടിലെ ഈ ക്ഷേത്രപ്രവേശന പ്രക്ഷോഭങ്ങള്‍ക്ക് അവിടെ നേതൃത്വം കൊടുക്കുന്നത് സിപിഐ എമ്മാണ്. ഇതേക്കുറിച്ച് രണ്ടുമാസംമുമ്പ് ഫ്രണ്ട്ലൈന്‍ ദ്വൈവാരിക എഴുതിയിരുന്നു. സിപിഐ എമ്മിന്റെ രചനാത്മകനിലപാടിനെ ആ പ്രസിദ്ധീകരണം ശ്ളാഘിക്കുകയും ചെയ്തിരുന്നു. നമ്മുടെ കുത്തകപത്രങ്ങളിലൊന്നും ഇന്നേവരെ അതേപ്പറ്റി ഒരു ചെറുവാര്‍ത്തപോലും വന്നിട്ടില്ല. ഇതൊക്കെയാണ് ബൂര്‍ഷ്വാ മാധ്യമ പ്രവര്‍ത്തനം. അതുകൊണ്ട് അതിശക്തമായ ഒരു പ്രതിമാധ്യമസംസ്കാരം സൃഷ്ടിക്കേണ്ടതുണ്ട്. ഇടതുപക്ഷ മാധ്യമങ്ങളെ പൂര്‍വാധികം ശക്തിപ്പെടുത്തിക്കൊണ്ടുമാത്രമേ അതിനു കഴിയൂ.
എ എം ഷിനാസ് ദേശാഭിമാനി 080110
അഭൂതപൂര്‍വമായ വിലക്കയറ്റം കാരണം രാജ്യമെങ്ങുമുള്ള സാധാരണക്കാര്‍ ചക്രശ്വാസംവലിക്കുകയാണ്. കേന്ദ്രവാണിജ്യമന്ത്രാലയത്തിന്റെ 2009 നവംബര്‍ 28ലെ കണക്കനുസരിച്ച് ഭക്ഷ്യവിലസൂചിക 19.05 ശതമാനമാണ്. കഴിഞ്ഞ 11 വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്. ഉപ്പിനും പഞ്ചസാരയ്ക്കും അരിക്കും പച്ചക്കറിക്കും പരിപ്പിനും എന്നുവേണ്ട എല്ലാറ്റിനും വില കുതിച്ചുയരുന്നു. ഉത്തരേന്ത്യക്കാരുടെ പ്രധാന ഭക്ഷ്യവസ്തുക്കളിലൊന്നായ അര്‍ഹാര്‍ പരിപ്പിന് 100 രൂപയാണ് വിപണിവില. ഇത് ഉല്‍പ്പാദിപ്പിക്കുന്ന കര്‍ഷകന് കിട്ടുന്നത് വെറും 30 രൂപയും. ബാക്കി 70 രൂപ എങ്ങോട്ടുപോകുന്നു? വൈറ്റ് ഹൌസിലെ അത്താഴവിരുന്നുകളില്‍ കണ്ണുനട്ടിരിക്കുന്ന കേന്ദ്രമന്ത്രിമാര്‍ക്ക് കര്‍ഷകരുടെ പ്രശ്നം തീര്‍ക്കുന്നതിലല്ല, അംബാനിസഹോദരന്മാരുടെ ചക്കളത്തിപ്പോരാട്ടം തീര്‍ക്കുന്നതിലാണ് ബദ്ധശ്രദ്ധ. വിലക്കയറ്റത്തിന് സംസ്ഥാനസര്‍ക്കാരുകളെ പഴിപറയുന്ന കേന്ദ്രം കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലുള്‍പ്പെടെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഭക്ഷ്യവസ്തുക്കള്‍ക്ക് എന്തുകൊണ്ട് വില കയറുന്നു എന്നതിന് ഉത്തരം പറയേണ്ടതുണ്ട്.
ReplyDeleteഇത്തരം മര്‍മപ്രധാനമായ വിഷയങ്ങള്‍ നമ്മുടെ കോര്‍പറേറ്റ് മാധ്യമങ്ങള്‍ ചര്‍ച്ചചെയ്യുന്നേയില്ല
Sariyaanu
ReplyDeleteമ പത്രങ്ങളെപ്പോലെ അതിന്റെ വായനക്കാരില്‍ നല്ലൊരു ശതമാനത്തിനും നല്ലവണ്ണം അറിയാം അതില്‍ വരുന്നതെല്ലാം കെട്ടുകഥയാണെന്ന്. എന്നാലും അവരത് വായിച്ചുകൊണ്ടേയിരിക്കും.
ReplyDeleteമുതലാളിത്ത സമൂഹങ്ങളില്‍ നാം വിദ്യാഭ്യാസത്തിനു പോകുന്നത് ആത്യന്തികമായി മുതലാളിത്തവ്യവസ്ഥിതിയെ അരക്കിട്ടുറപ്പിക്കാനാണ്.
ReplyDeleteപിണറായിയുടെ മകന്‍ വിവേക് ബര്‍മിംഗ്‌ഹാമില്‍ വിദ്യാഭ്യാസത്തിനു പോയതും ഈ അരക്കിട്ടുറപ്പിക്കലിന്റെ ഭാഗം തന്നെയല്ലേ?
ഞാന്‍ ബര്‍മിംഗ്ഹാമിലൊന്നും പോയില്ല,ഇവിടുത്തെ മാനജ്മെന്റ്റ് സ്ഥാപനത്തില്‍ ആണ് വിദ്യാഭ്യാസം നേടിയത്.ഇവിടെ പഠിച്ചതും അതൊക്കെ 'അരക്കിട്ട് ഉറപ്പിക്കുന്ന'വിദ്യാഭ്യാസം തന്നെ.പത്തൊമ്പതാം നൂറ്റാണ്ടിലെ പോലീസ് ആക്ടും മക്കാളയുടെ വിദ്യാഭ്യാസവും ഇപ്പോഴും ഇവിടെ തന്നെ ഉണ്ട്. ചിലര്‍ക്ക് ആ തിരിച്ചറിവുണ്ട്,മറ്റു ചിലര്‍ അതിനെ സ്തുതിക്കുന്നു ആ വ്യത്യാസം മാത്രം.
ReplyDeleteഭൂപരിഷ്കരണം എന്നത് കൊണ്ഗ്രെസ്സിന്റെ ലാഹോര്‍ പ്രമേയം മാത്രം എന്നും കൊണ്ഗ്രെസ്സ് പരണത്തു വെച്ച സാമൂഹ്യ ഇടപെടല്‍ പരിപാടി മാത്രമാണ് അതെന്നും അല്ലാതെ കംമുക്കളുടെ ബൈബിളില്‍ കൊത്തിവെച്ചതല്ലെന്നും ഉള്ള തിരിച്ചറിവ് പോലെ.മുതലാളിത്ത സമുദായത്തില്‍ നിന്ന് കൊണ്ട് ചില സാമൂഹ്യപരിഷ്കാരങ്ങള്‍ നടപ്പാക്കാന്‍ മാത്രേ നമുക്ക് സാധിക്കൂ എന്ന് 57ലെ ആദ്യ ഈ എമ്മെസ് സര്‍ക്കാര്‍ നയപ്രസങ്ങത്തില്‍ പറഞ്ഞപോലെയുള്ള തിരിച്ചറിവ്.
വന്നു , കണ്ടു, വായിച്ചു
ReplyDeleteകുറെ പുതിയ അറിവുകള്‍ കിട്ടി.നന്ദി.തെറ്റും ശരിയും എന്നത് ആപേക്ഷികം തന്നെയാണ്‌്‌്.എന്റെ തെറ്റ് മറ്റൊരാള്‍ക്കു ശരിയാകാം ,തിരിച്ചും. എന്നാലും നാലാള്‍ അംഗീകരിക്കുന്ന ചില സാധാരണ കാര്യങ്ങളുണ്ട്. അതു പാര്‍ട്ടി അധിഷ്ടിതമാകരുത്. അതിനാല്‍ത്തന്നെ തെറ്റും ശരിയും പാര്‍ട്ടിയും ചായ്‌വും വച്ചു നിശ്ചയിക്കേണ്ടതുമില്ല. ഉണ്ണിത്താനായാലും ബിനീഷായാലും തെറ്റെന്നു തോന്നിയാല്‍ പാര്‍ട്ടികള്‍ക്കതീതമായിത്തന്നെ വിമര്‍ശിക്കണം. ബുദ്ധിയും ചിന്തയും ഒരു പ്രസ്ഥാനത്തിനും അടിയറ വയ്‌ക്കേണ്ടതില്ല എന്നാണ് എന്റെ തോന്നല്‍. നമ്മള്‍ വിശ്വസിക്കുന്ന പ്രസ്ഥാനം നശിക്കുന്നു എന്നു തോന്നിയാല്‍ വിമര്‍ശിക്കണം, തെറ്റു തിരുത്താന്‍ പ്രേരിപ്പിക്കണം.ഒരു തുറന്ന സമീപനവും മിതവാദവുമാണ് എപ്പോഴും നല്ലതെന്നു ഞാന്‍ വിശ്വസിക്കുന്നു.
ReplyDelete