Saturday, January 30, 2010

കെഎസ്ഇബിയെ ലോകോത്തര സ്ഥാപനമാക്കാം

ഇക്കഴിഞ്ഞ നവംബര്‍ 19ന് ഇന്ത്യയിലെ മികച്ച വൈദ്യുതി സ്ഥാപനത്തിനുള്ള അവാര്‍ഡ് കേന്ദ്ര ഊര്‍ജമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയില്‍നിന്ന് സ്വീകരിച്ച് കേരള വൈദ്യുതിമന്ത്രി എ കെ ബാലന്‍ നടത്തിയ പ്രസംഗത്തിലാണ് ഈയൊരു ലക്ഷ്യം പ്രഖ്യാപിച്ചത്. സാമൂഹ്യ ഉന്നമനത്തിനുള്ള ഉപാധിയെന്ന നിലയ്ക്കാകും കേരളത്തിലെ വൈദ്യുതിമേഖലയുടെ വികാസമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. വൈദ്യുതിമേഖല കമ്പോളവല്‍ക്കരിക്കാനുള്ള കേന്ദ്രനയങ്ങളുടെ പശ്ചാത്തലത്തില്‍ സാമൂഹ്യനീതിയില്‍ അധിഷ്ഠിതമായ ബദലിന്റെ വിജയകരമായ മുന്നേറ്റമായാണ് ഇത് വിലയിരുത്തപ്പെട്ടത്. വൈദ്യുതിജീവനക്കാര്‍ വലിയ ആവേശത്തോടെയാണ് ഈ പ്രഖ്യാപനത്തെ സ്വാഗതംചെയ്തത്.

രാജ്യ തലസ്ഥാനമടക്കം ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഭൂരിപക്ഷവും മണിക്കൂറുകള്‍ നീളുന്ന വൈദ്യുതിയില്ലായ്മയുടെ പിടിയിലാണ്. ഇന്ത്യയിലെ ഗ്രാമങ്ങളില്‍ 96,204 എണ്ണത്തില്‍ ഇനിയും വൈദ്യുതി എത്തപ്പെട്ടിട്ടില്ല. വൈദ്യുതി എത്തിയ ഗ്രാമങ്ങളില്‍പ്പോലും പരമാവധി എട്ടുമുതല്‍ 16 മണിക്കൂര്‍വരെ മാത്രമേ വൈദ്യുതി നല്‍കാന്‍ പ്രധാന സംസ്ഥാനങ്ങളിലെല്ലാം ഇപ്പോള്‍ സാധിക്കുന്നുള്ളൂ. തമിഴ്നാട്ടില്‍ 14 മണിക്കൂര്‍, കര്‍ണാടകത്തില്‍ 12 മണിക്കൂര്‍, ആന്ധ്രയില്‍ ഏഴു മണിക്കൂര്‍, മഹാരാഷ്ട്രയില്‍ 13 മണിക്കൂര്‍, ഗുജറാത്തില്‍ എട്ടു മണിക്കൂര്‍, രാജസ്ഥാനില്‍ 12 മണിക്കൂര്‍, ഉത്തര്‍പ്രദേശില്‍ 11 മണിക്കൂര്‍, ഹരിയാനയില്‍ 14 മണിക്കൂര്‍ എന്നീ തോതില്‍മാത്രമാണ് കാര്‍ഷിക ഗ്രാമീണമേഖലയില്‍ വൈദ്യുതി ലഭിക്കുന്നത് എന്നാണ് കേന്ദ്ര വൈദ്യുതി അതോറിറ്റി ഈ ഡിസംബറില്‍ കണക്കാക്കിയിട്ടുള്ളത്. ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിലെ പകുതി വീട്ടിലും ഇനിയും വൈദ്യുതി എത്തിയിട്ടില്ല. പട്ടണപ്രദേശങ്ങളില്‍ മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന ലോഡ്ഷെഡിങ്ങും ഉണ്ട്. ദില്ലിയിലെ വൈദ്യുതിനിയന്ത്രണങ്ങള്‍ക്കെതിരായ ജനരോഷത്തെത്തുടര്‍ന്ന് റ്റാറ്റയുടെയും റിലയന്‍സിന്റെയും കമ്പനികള്‍ക്കെതിരെ ദില്ലി മുഖ്യമന്ത്രിക്ക് രോഷാകുലയായി പ്രതികരിക്കേണ്ടിവന്നു.

ഈ പശ്ചാത്തലത്തിലാണ് ഒരുവിധ നിയന്ത്രണവും ഏര്‍പ്പെടുത്താതെ കാര്യക്ഷമമായി വൈദ്യുതിവിതരണം മുന്നോട്ടു കൊണ്ടു പോകുന്ന കേരളമാതൃക ശ്രദ്ധേയമാകുന്നത്. അതിനുമപ്പുറം സാമൂഹ്യനീതിയില്‍ അധിഷ്ഠിതമായ വൈദ്യുതിവികസനം സാധ്യമാക്കാന്‍, എല്ലാവര്‍ക്കും വൈദ്യുതി എന്ന ലക്ഷ്യത്തിലേക്ക് കേരളം അതിവേഗം മുന്നേറുകയാണ്. രാജ്യത്ത് ആദ്യമായി ഒരു ജില്ല സമ്പൂര്‍ണമായി വൈദ്യുതീകരിക്കപ്പെടുന്നത് കേരളത്തിലെ പാലക്കാടാണ്. വരുന്ന മാസം അതിന്റെ ഔദ്യോഗിക പ്രഖ്യാപനം പ്രതീക്ഷിക്കപ്പെടുന്നു. തൊട്ടുപിന്നാലെ തൃശൂര്‍ ജില്ലയും ഈ പദവിയിലേക്ക് ഉയര്‍ത്തപ്പെടും. ചുരുങ്ങിയ കാലയളവില്‍ത്തന്നെ പകുതിയിലധികം നിയമസഭാമണ്ഡലങ്ങള്‍ സമ്പൂര്‍ണമായി വൈദ്യുതീകരിക്കത്തക്കനിലയില്‍ പ്രവൃത്തികള്‍ മുന്നേറുകയാണ്. ജനപ്രതിനിധികളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും കെഎസ്ഇബിയുടെയും സംയുക്താഭിമുഖ്യത്തിലുള്ള ഈ ബദല്‍ വികസനപരിപാടി രാജ്യത്തിനാകെ മാതൃകയായി മുന്നേറുകയാണ്.

കേന്ദ്രസര്‍ക്കാര്‍ നിഷ്കര്‍ഷിക്കുന്ന കമ്പോളവല്‍ക്കരണ പരിഷ്കരണങ്ങളുടെ ഫലമായി രാജ്യമാകെ വൈദ്യുതിവില കുതിച്ചുയരുകയാണ്. ഈ നയങ്ങളുടെ ഫലമായി രൂപംകൊടുത്ത പവര്‍ എക്സ്ചേഞ്ചുകളില്‍ ഷെയര്‍മാര്‍ക്കറ്റുകളെപ്പോലും തോല്‍പ്പിക്കുന്ന നിലയിലാണ് വിലയുടെ ചാഞ്ചാട്ടം. ഇക്കഴിഞ്ഞ ആഗസ്തില്‍ വൈദ്യുതിവില യൂണിറ്റിന് 17 രൂപവരെ എക്സ്ചേഞ്ചില്‍ ഉയരുകയുണ്ടായി. വൈദ്യുതിബോര്‍ഡുകളുടെ വിഭജനവും സ്വകാര്യവല്‍ക്കരണവും നടന്ന സംസ്ഥാനങ്ങളിലെല്ലാം സാധാരണക്കാര്‍ക്ക് താങ്ങാനാകാത്തവിധം വൈദ്യുതിനിരക്കുകള്‍ വര്‍ധിച്ചിട്ടുണ്ട്. മുംബൈയില്‍ റിലയന്‍സ് വൈദ്യുതിയുടെ ശരാശരി നിരക്ക് ഇപ്പോള്‍ യൂണിറ്റിന് 7.06 രൂപയാണ്. ഗാര്‍ഹിക ഉപയോക്താക്കളുടെ നിരക്ക് യൂണിറ്റിന് ശരാശരി 5.24 രൂപയാണ്. ദില്ലിയില്‍ ഗാര്‍ഹിക ഉപയോക്താക്കളുടെ ശരാശരി നിരക്ക് യൂണിറ്റിന് 3.5 രൂപയാണ്. എല്ലാ ഉപയോക്താക്കളെയും ഉള്‍പ്പെടുത്തിയുള്ള ശരാശരി നിരക്കാകട്ടെ യൂണിറ്റിന് 4.56 രൂപയാണ്. ഈ നിരക്കുകളില്‍ 70 ശതമാനം വര്‍ധനയാണ് ഈ വര്‍ഷം അവര്‍ ആവശ്യപ്പെട്ടിട്ടുള്ളത്. കേരളത്തിലാകട്ടെ കഴിഞ്ഞ ഏഴു വര്‍ഷമായി വൈദ്യുതി നിരക്കുകള്‍ മാറ്റമില്ലാതെ തുടരുകയാണ്. ഗാര്‍ഹിക ഉപയോക്താക്കളുടെ നിരക്കാകട്ടെ കേവലം യൂണിറ്റിന് 1.15 രൂപ മുതലാണ് തുടങ്ങുന്നത്. ശരാശരി നിരക്കാകട്ടെ കേവലം യൂണിറ്റിന് 1.92 രൂപമാത്രം. എല്ലാ ഉപയോക്താക്കളെയും ഉള്‍പ്പെടുത്തിയുള്ള ശരാശരി നിരക്ക് കേരളത്തില്‍ വളരെ കുറവാണ്. കേവലം യൂണിറ്റിന് 3.28 രൂപമാത്രം.

വിഭജന സ്വകാര്യവല്‍ക്കരണ പരിഷ്കരണ പരിപാടികള്‍ നടന്ന സംസ്ഥാനങ്ങളില്‍ ഉപഭോക്തൃ സേവനത്തില്‍ വലിയ ഇടിവുണ്ടായപ്പോള്‍ അഥവാ പരാതി വന്‍തോതില്‍ വര്‍ധിച്ചപ്പോള്‍ കേരളത്തില്‍ സേവനം മെച്ചപ്പെടുത്തുന്നതിനുള്ള ഒട്ടേറെ പരിപാടിയാണ് നടപ്പാക്കുന്നത്. ഉപഭോക്തൃ അദാലത്തുകള്‍, വോള്‍ട്ടേജ് അദാലത്തുകള്‍ എന്നിവയിലൂടെ കണ്ടെത്തുന്ന പരാതികള്‍ ഉടനടി പരിഹരിച്ചുവരികയാണ്. പുതിയ വൈദ്യുതി കണക്ഷനുള്ള നടപടിക്രമമാകെ ലഘൂകരിക്കുകയും ഉപഭോക്തൃ സൌഹൃദമാക്കുകയും ചെയ്തു. ഉപഭോക്തൃസേവനം വന്‍തോതില്‍ മെച്ചപ്പെടുത്താനുതകുന്ന കംപ്യൂട്ടര്‍വല്‍ക്കരണം സ്വതന്ത്ര സോഫ്ട് വെയര്‍ അടിസ്ഥാനമാക്കി കാര്യക്ഷമമായി മുന്നേറുന്നു. വൈദ്യുതി തടസ്സങ്ങള്‍ അതിവേഗം പരിഹരിക്കാനും ഉപഭോക്തൃസേവനം ഓഫീസുകളുടെ മുഖമുദ്രയാക്കാനും ലക്ഷ്യമിട്ട് കേരളത്തിലെ 75 സെക്ഷന്‍ ഓഫീസ് മാതൃകാ സെക്ഷനുകളായി തെരഞ്ഞെടുത്ത് ജോലി സമ്പ്രദായങ്ങളില്‍ അടിമുടി മാറ്റം വരുത്തുകയാണ്. ഉപയോക്താക്കള്‍ക്ക് പണമടയ്ക്കുന്നതിനുളള സൌകര്യം വര്‍ധിപ്പിച്ചും സമയം ദീര്‍ഘിപ്പിച്ചും ഉള്ള മാറ്റം വലിയതോതില്‍ സ്വീകരിക്കപ്പെട്ടിട്ടുണ്ട്. ഓഫീസുമായി ബന്ധപ്പെട്ട് ഉപയോക്താക്കള്‍ക്കാവശ്യമായ എല്ലാ വിവരങ്ങളും സേവനങ്ങളും എന്‍ക്വയറി കൌണ്ടറിലൂടെ സുതാര്യമായി ലഭ്യമാക്കാനുള്ള നടപടിയും പുരോഗമിക്കുകയാണ്. പ്രസരണവിതരണ ശൃംഖലയാകെ വിപുലപ്പെടുത്തുന്നതിനും ആധുനികവല്‍ക്കരിക്കുന്നതിനും വന്‍തോതിലുള്ള മൂലധന നിക്ഷേപമാണ് നടക്കുന്നത്. വരുന്ന പതിറ്റാണ്ടിലേക്കുള്ള വൈദ്യുതാവശ്യകത കണക്കിലെടുത്ത് ഉല്‍പ്പാദനരംഗത്തും നിരവധി പദ്ധതി ഏറ്റെടുത്തിട്ടുണ്ട്. പ്രസരണ വിതരണ നഷ്ടം 17.5 ശതമാനമായി കുറഞ്ഞിട്ടുണ്ട്. അന്തര്‍ദേശീയനിലവാരമായ 15 ശതമാനത്തിലേക്ക് രണ്ടായിരത്തി പന്ത്രണ്ടോടെ എത്താന്‍ ആവശ്യമായ പ്രവര്‍ത്തനം നടന്നുവരികയാണ്.

ലോകോത്തര നിലവാരത്തിലുള്ള വൈദ്യുതി സ്ഥാപനമെന്ന ലക്ഷ്യത്തിലേക്ക് എത്താന്‍ ഇനിയും ഒട്ടേറെ മുന്നോട്ടു പോകേണ്ടതുണ്ട്. ആധുനിക സാങ്കേതികവിദ്യകളുടെ ഉപയോഗവും ഉപയോക്താക്കളുടെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞുള്ള പ്രവര്‍ത്തനവും എല്ലാം ഇനിയും ഏറെ വര്‍ധിച്ചതോതില്‍ അതിനാവശ്യമാണ്. നവ ഉദാരവല്‍ക്കരണനയങ്ങള്‍ ഒന്നൊന്നായി പരാജയപ്പെടുമ്പോള്‍ വിജയകരമെന്ന് ജനങ്ങള്‍ക്കാകെ അനുഭവത്തിലൂടെ ബോധ്യപ്പെടുന്ന ബദല്‍ മാതൃകയാണ് വിഭജനവും സ്വകാര്യവല്‍ക്കരണവും ഒഴിവാക്കി വൈദ്യുതിരംഗത്ത് കേരളം കെട്ടിപ്പടുക്കുന്നത്.

(ബി പ്രദീപ് കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

1 comment:

  1. ഇക്കഴിഞ്ഞ നവംബര്‍ 19ന് ഇന്ത്യയിലെ മികച്ച വൈദ്യുതി സ്ഥാപനത്തിനുള്ള അവാര്‍ഡ് കേന്ദ്ര ഊര്‍ജമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയില്‍നിന്ന് സ്വീകരിച്ച് കേരള വൈദ്യുതിമന്ത്രി എ കെ ബാലന്‍ നടത്തിയ പ്രസംഗത്തിലാണ് ഈയൊരു ലക്ഷ്യം പ്രഖ്യാപിച്ചത്. സാമൂഹ്യ ഉന്നമനത്തിനുള്ള ഉപാധിയെന്ന നിലയ്ക്കാകും കേരളത്തിലെ വൈദ്യുതിമേഖലയുടെ വികാസമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. വൈദ്യുതിമേഖല കമ്പോളവല്‍ക്കരിക്കാനുള്ള കേന്ദ്രനയങ്ങളുടെ പശ്ചാത്തലത്തില്‍ സാമൂഹ്യനീതിയില്‍ അധിഷ്ഠിതമായ ബദലിന്റെ വിജയകരമായ മുന്നേറ്റമായാണ് ഇത് വിലയിരുത്തപ്പെട്ടത്. വൈദ്യുതിജീവനക്കാര്‍ വലിയ ആവേശത്തോടെയാണ് ഈ പ്രഖ്യാപനത്തെ സ്വാഗതംചെയ്തത്.

    ReplyDelete