വിദേശ സഹായത്തോടെ അതിര്‍ത്തികടന്നുള്ള ഭീകരപ്രവര്‍ത്തനത്തിന് വര്‍ഷങ്ങളായി കശ്മീര്‍ വേദിയാകുന്നു. പഞ്ചാബിലെ ഖലിസ്ഥാന്‍ വാദവും അസമിലെ ബോഡോ ലാന്‍ഡ് വാദവും കൂട്ടക്കുരുതികള്‍ക്കിടയാക്കി. ഖലിസ്ഥാന്‍ ഭീകരവാദികളുടെ നേതാവായിരുന്ന ഭിന്ദ്രന്‍വാലയെ അകാലികള്‍ക്കെതിരായ രാഷ്ട്രീയ ആയുധമാക്കി കോണ്‍ഗ്രസ് തന്നെ വളര്‍ത്തിയെടുത്തു-ഒടുവില്‍ ഭസ്മാസുരന് വരം കൊടുത്ത അനുഭവമാണുണ്ടായത്. അത് ഇന്ദിരാഗാന്ധിയുടെ ക്രൂരമായ കൊലപാതകത്തില്‍ കലാശിച്ചു. അതിന്റെ പേരില്‍ മൂവായിരത്തിലധികം സിഖ് സഹോദരങ്ങളെയാണ് കൊന്നുതീര്‍ത്തത്. തലപ്പാവിനും താടിക്കും എണ്ണയൊഴിച്ച് തീകൊടുത്ത് പന്തം കത്തുന്നതുപോലെ കത്തിയമര്‍ന്ന മനുഷ്യജീവനുകള്‍ ഭീകരതയുടെ മറ്റൊരു മുഖം. ഇപ്പോള്‍ ഇന്ത്യയിലെ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ മാവോയിസ്റ്റുകള്‍ നടത്തുന്നതും ഭീകരപ്രവര്‍ത്തനംതന്നെ.
2004 മുതല്‍ 2008 വരെ ഉണ്ടായ 7806 മാവോയിസ്റ്റ് അക്രമസംഭവങ്ങളില്‍ 3338 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ കണക്ക്. 2009 ആഗസ്ത് വരെ 11 സംസ്ഥാനത്തായി 580 പേര്‍ കൊല്ലപ്പെടുകയുണ്ടായി. ഇടതുപക്ഷ തീവ്രവാദമാണ് മാവോയിസ്റ്റ് ഭീകരാക്രമണങ്ങളുടെ ആശയപരമായ ഉറവിടം. എന്നാല്‍, പശ്ചിമബംഗാളില്‍ സിപിഐ എമ്മിനെ അടിക്കാനുള്ള വടിയായാണ് തൃണമൂല്‍ കോണ്‍ഗ്രസും കോണ്‍ഗ്രസും മാവോയിസ്റ്റുകളെ ഉപയോഗപ്പെടുത്തുന്നത്. ഇന്ത്യയില്‍ അടുത്തകാലത്തായി നടന്ന, മതത്തെ ഉപയോഗിച്ചുള്ള ഭീകരപ്രവര്‍ത്തനത്തിലെ കേരള യുവാക്കള്‍ക്കുള്ള പങ്കാളിത്തമാണ് മാധ്യമങ്ങളുടെയും മറ്റും സജീവമായ ചര്‍ച്ചയ്ക്ക് ആധാരമായിട്ടുള്ളത്. വസ്തുനിഷ്ഠവും ആരോഗ്യകരവുമായ ചര്‍ച്ച പ്രോത്സാഹിപ്പിക്കുകയാണ് ഇത്തരുണത്തില്‍ ആവശ്യമായിട്ടുള്ളത്. ജനാധിപത്യ വ്യവസ്ഥയില്‍ അത്തരം ചര്‍ച്ച കല്ലും നെല്ലും വേര്‍തിരിക്കാന്‍ സഹായിക്കും. എന്നാല്‍, ഇക്കാര്യത്തില്‍ കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ ഉയര്‍ത്തിയ കോലാഹലം ഫലത്തില്‍ ഒരു സമുദായത്തെ മുഴുവന്‍ പ്രതിക്കൂട്ടില്‍ കയറ്റുന്ന വര്‍ഗീയ പ്രചാരണമായി പാളിപ്പോയിട്ടുണ്ട്. ഈ മാധ്യമനിലപാടിനെ ശക്തമായി എതിര്‍ക്കുകയും തുറന്നുകാണിക്കുകയുമാണ് തീവ്രവാദ നിലപാട് എടുക്കുന്നവര്‍ ചെയ്യേണ്ടത്.
എന്നാല്‍, ദൌര്‍ഭാഗ്യകരമെന്നു പറയട്ടെ, ഇന്ത്യന്‍ യൂണിയന്‍ മുസ്ളിംലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി ഡിസംബര്‍ 30നും 31നും മാതൃഭൂമിയില്‍ എഴുതിയ ലേഖനം തീവ്രവാദത്തിനോടുള്ളതിനേക്കാള്‍ സിപിഐ എമ്മിനോടുള്ള ശത്രുത വെളിപ്പെടുത്തുന്നതാണ്. തീവ്രവാദം സംബന്ധിച്ച് ചര്‍ച്ച തുടരുന്നതുതന്നെ ആപത്തായി കണ്ടുകൊണ്ടാണ് കുഞ്ഞാലിക്കുട്ടിയുടെ ലേഖനം ആരംഭിക്കുന്നത്. അതിന്റെ അര്‍ഥം ലീഗിന് എന്തോ മറച്ചുവയ്ക്കാനുണ്ടെന്നാണ്.
സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയെത്തുടര്‍ന്ന് ആഗോളതലത്തില്‍ പല വേദികളിലും സങ്കുചിതവാദ പ്രസ്ഥാനങ്ങള്‍ ഉയര്‍ന്നുവരികയുണ്ടായി. അത്തരം എല്ലാ പ്രസ്ഥാനങ്ങളെയും പൊതുവില്‍ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് അമേരിക്കന്‍ സാമ്രാജ്യത്വം സ്വീകരിച്ചത്. അതിന് ഉദാഹരണമാണ് അഫ്ഗാനിസ്ഥാന്‍. ഡോ. നജീബുള്ളയുടെ ഭരണത്തെ അട്ടിമറിക്കാന്‍ അമേരിക്ക എല്ലാവിധ സഹായങ്ങളും നല്‍കി. അങ്ങനെയാണ് താലിബാനിസം ശക്തിപ്പെട്ടത്. യൂറോപ്പില്‍ പുത്തന്‍ ഫാസിസ്റുകള്‍ രൂപപ്പെട്ടതും ആഗോളവല്‍ക്കരണ കാലഘട്ടത്തിലെ പ്രതിഭാസം എന്ന നിലയിലാണ്.
ഏതാണ്ട് ഇതേ കാലഘട്ടത്തിലാണ്, മുമ്പുണ്ടായിരുന്ന മത-വര്‍ഗീയ കലാപങ്ങളില്‍നിന്ന് വ്യത്യസ്തമായി മത-വര്‍ഗീയതയെ ഉപയോഗിച്ച് ഭാരതത്തിന്റെ അധികാരം നേടാനുള്ള സംഘടിതയത്നം ആര്‍എസ്എസ് നേതൃത്വത്തില്‍ ആരംഭിച്ചത്. 'ഹിന്ദു വോട്ട്ബാങ്ക്' രൂപപ്പെടുത്താനുള്ള സംഘപരിവാറിന്റെ ശ്രമം, സാംസ്കാരിക പ്രവര്‍ത്തനത്തിന്റെ മറയിട്ട രാഷ്ട്രീയലക്ഷ്യമായിരുന്നു. മറ്റൊരു മതതീവ്രവാദത്തിനും ഇന്ത്യയിലെ ജനാധിപത്യവ്യവസ്ഥയെ അട്ടിമറിച്ച് അധികാരം നേടാന്‍ കഴിയില്ല. അതുകൊണ്ടാണ് സിപിഐ എമ്മിന്റെ എല്ലാ നയരേഖകളിലും ആര്‍എസ്എസിനെ ഫാസിസ്റ് സ്വഭാവമുള്ള ശക്തിയായി വിലയിരുത്തിയിട്ടുള്ളത്. അതുകൊണ്ടാണ് 14-ാമത് ലോക്സഭാതെരഞ്ഞെടുപ്പിനെ തുടര്‍ന്ന് കേന്ദ്രത്തില്‍ ബിജെപി ഭരണം വീണ്ടും വരാതിരിക്കുന്നതിന് ആവശ്യമായ നിലപാട് സിപിഐ എം സ്വീകരിച്ചത്.
അത്തരമൊരു പാര്‍ടിയെക്കുറിച്ചാണ് 'സിപിഐ എം സ്പോണ്‍സര്‍ ചെയ്ത തീവ്രവാദ കച്ചവടത്തിന്റെ ഗുണഭോക്താക്കള്‍ കേന്ദ്രത്തില്‍ ബിജെപിയും കേരളത്തില്‍ എല്‍ഡിഎഫും' എന്ന് കുറ്റപ്പെടുത്തുന്നത്. കേന്ദ്രത്തില്‍ കോണ്‍ഗ്രസിന്റെ േനതൃത്വത്തിലുള്ള യുപിഎ ഗവമെന്റുമായി നയപരമായ പ്രശ്നങ്ങളില്‍ വ്യത്യസ്തത പുലര്‍ത്തുന്നതുകൊണ്ടാണ്, പുറത്തുനിന്ന് പിന്തുണ കൊടുക്കുന്ന നിലപാട് ഇടതുപക്ഷം സ്വീകരിച്ചത്. അത്തരമൊരു നിലപാടിനെ മതനിരപേക്ഷ ശക്തികള്‍ സ്വാഗതം ചെയ്യുകയാണുണ്ടായത്.
ഇന്ത്യയിലെ ന്യൂനപക്ഷ സമുദായത്തിനിടയിലെ തീവ്രവാദപ്രവര്‍ത്തനത്തിന്റെ വ്യാപനം, സംഘപരിവാറിന്റെ ന്യൂനപക്ഷവേട്ടക്കെതിരായ പ്രതിക്രിയാപരമായ നിലപാട് എന്ന നിലയ്ക്കാണ് ഉണ്ടായത്. എന്നിരുന്നാലും ഒരു ഘട്ടത്തിലും സിപിഐ എം ന്യൂനപക്ഷ വര്‍ഗീയതയെ പ്രോത്സാഹിപ്പിച്ചിട്ടില്ല. അദ്വാനിയുടെ രഥയാത്രയും ബാബ്റി മസ്ജിദ് തകര്‍ക്കലും മലേഗാവ് അടക്കമുള്ള സ്ഥലങ്ങളിലെ സ്ഫോടനങ്ങളുമെല്ലാം ആര്‍എസ്എസ് നേതൃത്വത്തില്‍ നടന്ന തീവ്രവാദ ആക്രമണങ്ങളായിരുന്നു. ആയിരക്കണക്കായ മനുഷ്യക്കുരുതിയാണ് ഇന്ത്യയില്‍ ഉണ്ടായത്. ഇതും ഭീകരപ്രവര്‍ത്തനത്തിന്റെ ഒരു പതിപ്പാണ് എന്നത് മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ കാണുന്നില്ല എന്നത് ദൌര്‍ഭാഗ്യകരമാണ്.
'മതവൈകാരികതയെ ഒരു പ്രസ്ഥാനമാക്കി' എന്ന് കുഞ്ഞാലിക്കുട്ടി സിപിഐ എമ്മിനെ കുറ്റപ്പെടുത്തുന്നത് എന്തടിസ്ഥാനത്തിലാണ്. അദ്ദേഹത്തിന്റെ ലേഖനത്തില്‍ 'അതിനുവേണ്ടി അവര്‍ (സിപിഐ എം) നട്ടുവളര്‍ത്തിയതായിരുന്നു തീവ്രവാദം' എന്ന് പറയുന്നുണ്ട്. ഇതിന്റെ അര്‍ഥം വളരെ വ്യക്തമാണ്. ന്യൂനപക്ഷ സമുദായത്തിനിടയില്‍ വളര്‍ന്നുവന്ന തീവ്രവാദത്തോടല്ല അദ്ദേഹത്തിന്റെ എതിര്‍പ്പ്. മറിച്ച് മതവര്‍ഗീയതക്കെതിരെ ജീവന്‍കൊടുത്തും പോരാടുന്ന സിപിഐ എമ്മിനോടാണ്. അദ്ദേഹം മറ്റൊരിടത്ത് പറയുന്നു: 'വടക്കന്‍ കേരളത്തില്‍ പലയിടത്തും ബിജെപി-സിപിഐ എം പ്രവര്‍ത്തകരെ തമ്മില്‍ തിരിച്ചറിയാനാവില്ല. ആര്‍എസ്എസിനെ പ്രതിരോധിക്കുന്നത് തങ്ങളാണെന്ന സിപിഐ എമ്മിന്റെ അവകാശവാദംതന്നെ മേല്‍ക്കൈക്കുവേണ്ടിയാണ്.' ഇന്ത്യയുടെമേല്‍ ഹിന്ദുരാഷ്ട്രം സ്ഥാപിച്ച് ജനാധിപത്യം അട്ടിമറിച്ച് മേല്‍ക്കൈ നേടാനുള്ള സംഘപരിവാറിന്റെ ശ്രമത്തോട് അദ്ദേഹത്തിന് ഒരു എതിര്‍പ്പുമില്ല. എന്നുമാത്രമല്ല, 'ദൈവവിശ്വാസത്തില്‍ അധിഷ്ഠിതമായ മതസൌഹാര്‍ദത്തെയും മുന്നേറ്റത്തെയും എക്കാലവും സിപിഐ എം കണ്ണടച്ച് എതിര്‍ത്തു' എന്ന് അദ്ദേഹം പറയുമ്പോള്‍ സംഘപരിവാര്‍ നടപ്പാക്കുന്ന അജന്‍ഡയോട് തങ്ങള്‍ക്ക് പൂര്‍ണ യോജിപ്പാണെന്ന് വ്യക്തമാക്കുകയാണ് ചെയ്യുന്നത്. വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാകുമ്പോള്‍ അത് അവസാനിപ്പിക്കുന്നതിനുള്ള ശ്രമത്തില്‍ മതേതര രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്ക് ഒരു പങ്കുമില്ലെന്നും അവിടെ സംഘപരിവാര്‍ മേധാവിത്വം അംഗീകരിക്കുന്ന ഇതര മതനേതൃത്വവുമായി 'ഡയലോഗ്' നടത്തുകയാണ് വേണ്ടതെന്നുമുള്ള ആര്‍എസ്എസ് അജന്‍ഡയ്ക്ക് വിശ്വസ്തനായ കൂട്ടുകാരനായാണ് കുഞ്ഞാലിക്കുട്ടി മാറുന്നത്.
സിപിഐ എം ഹിന്ദുതീവ്രവാദത്തെയും മുസ്ളിം തീവ്രവാദത്തെയും ശക്തമായി എതിര്‍ത്തുപോന്നിട്ടുണ്ട്. ഈ രണ്ട് മതങ്ങളിലുമുള്ള വിശ്വാസികളുടെ താല്‍പ്പര്യവും സംരക്ഷിച്ചുപോന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ ഒരുഭാഗത്ത് ആര്‍എസ്എസിന്റെയും മറുഭാഗത്ത് എന്‍ഡിഎഫിന്റെയും അക്രമത്തില്‍ ജീവന്‍ ബലിയര്‍പ്പിക്കേണ്ടിവന്ന സിപിഐ എം പ്രവര്‍ത്തകര്‍ നിരവധിയാണ്.
1992ല്‍ ആണല്ലോ തിരുവനന്തപുരം പൂന്തുറയില്‍ വര്‍ഗീയകലാപം നടന്നത്. അന്ന് യുഡിഎഫ് കലാപത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജസ്റിസ് അരവിന്ദാക്ഷമേനോന്‍ കമീഷനെ ചുമതലപ്പെടുത്തി. കമീഷന്‍ റിപ്പോര്‍ട്ടില്‍നിന്ന്:
"പടക്കങ്ങളും ബോംബുകളും പുറത്തുനിന്ന് ഈ സ്ഥലത്തേക്ക് സ്ഥിരമായി കൊണ്ടുവന്നിട്ടുണ്ടായിരുന്നെന്ന് പൊലീസുതന്നെ സമ്മതിക്കുന്നുണ്ട്. ഇവ സൂക്ഷിച്ചിരുന്ന സ്ഥലങ്ങളില്‍ റെയ്ഡ് നടത്തി പിടിച്ചെടുക്കുന്നതിനും തടസ്സമായിനിന്നത് ഭരണത്തിലിരിക്കുന്ന രാഷ്ട്രീയകക്ഷികളെ പിണക്കാന്‍ ഭയമുണ്ടായിരുന്നതുകൊണ്ടായിരുന്നു.''
ആര്‍എസ്എസും ഐഎസ്എസും പങ്കുവഹിച്ചതായി കമീഷന്‍ എടുത്തുപറയുന്ന കലാപത്തിനിടയില്‍ അധികാരത്തിലിരുന്ന രാഷ്ട്രീയ പാര്‍ടികള്‍ കോണ്‍ഗ്രസും ലീഗുമായിരുന്നില്ലേ?
2001ലെ നിയമസഭാതെരഞ്ഞെടുപ്പില്‍ കഴക്കൂട്ടവും കുന്ദമംഗലവും പിഡിപിക്ക് നല്‍കി അവരുമായി കൂട്ടുകെട്ടുണ്ടാക്കി യുഡിഎഫ് അധികാരത്തില്‍വന്നു. ഈ കാലത്താണ് മാറാട് കലാപം നടന്നത്. ഒന്നാം കലാപത്തില്‍ ആര്‍എസ്എസും ലീഗിന്റെ കുടക്കീഴില്‍ എന്‍ഡിഎഫും പങ്കുവഹിച്ചെങ്കില്‍ രണ്ടാം കലാപം എന്‍ഡിഎഫിന്റെ പൂര്‍ണമായ ആസൂത്രണത്തില്‍ നടത്തിയ ഒന്നായിരുന്നു. എന്‍ഡിഎഫിന്റെ നിലപാടുകള്‍ക്കെതിരെ ലീഗ് നേതൃത്വം എപ്പോഴെങ്കിലും ഉറച്ച നിലപാടെടുത്തിരുന്നോ? പിഡിപി തീവ്രവാദ നിലപാട് കൈക്കൊണ്ടപ്പോള്‍ അവരുമായും പില്‍ക്കാലത്ത് എന്‍ഡിഎഫ് തീവ്രവാദ നിലപാട് കൈക്കൊണ്ടപ്പോള്‍ അവരുമായും കൈകോര്‍ത്തുപിടിക്കാന്‍ ലീഗിന് ഒരു മടിയുമുണ്ടായില്ല. മുസ്ളിം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ എന്‍ഡിഎഫ് പലപ്പോഴും ഒരു മതപൊലീസായാണ് പ്രവര്‍ത്തിച്ചിരുന്നത്. അന്യമതങ്ങളില്‍പെട്ടവരുമായുള്ള ന്യൂനപക്ഷ സമുദായാംഗങ്ങളുടെ ഇടപെടലുകളെ കായികമായിത്തന്നെ ചെറുത്ത നിരവധി സംഭവങ്ങള്‍ കേരളത്തിലുണ്ടായി. അതിനുവേണ്ടി കൊലകള്‍പോലും അവര്‍ നടത്തി. ഇതിനെതിരെ ഒരു പ്രസ്താവനപോലും നടത്താനുള്ള ധൈര്യം ലീഗ് നേതൃത്വം കാണിച്ചിരുന്നോ?
2001-2006 കാലഘട്ടത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ ശുപാര്‍ശക്കത്തോടുകൂടി എന്‍ഡിഎഫുകാര്‍ പ്രതികളായ നിരവധി കേസുകളാണ് പിന്‍വലിക്കപ്പെട്ടത്. 2002 ജനുവരി 12ന് കേരളത്തിലെ പത്രങ്ങള്‍ കേന്ദ്ര ആഭ്യന്തരസഹമന്ത്രി ഐ ഡി സ്വാമിയുടെ ഒരു പ്രസ്താവന പ്രസിദ്ധീകരിക്കുകയുണ്ടായി. അതില്‍ അദ്ദേഹം പറഞ്ഞു:
'കേസ് രജിസ്റ്റര്‍ചെയ്യാനും പിന്‍വലിക്കാനും സംസ്ഥാന സര്‍ക്കാരിന് അധികാരമുള്ളതുപോലെ ഇതേപ്പറ്റി അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാരിനും അധികാരമുണ്ട്.'
ലീഗിന്റെ എംഎല്‍എമാര്‍ നല്‍കിയ കത്തിന്മേല്‍ കേസുകള്‍ പിന്‍വലിച്ചതായി നിയമസഭയില്‍ അന്നത്തെ മുഖ്യമന്ത്രി എ കെ ആന്റണിയും സമ്മതിച്ചു. മാറാട് കലാപത്തെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് ജോസഫ് തോമസ് കമീഷന്‍ മാറാട് കൂട്ടക്കൊലയ്ക്കു പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യമുയര്‍ത്തുകയുണ്ടായി. ഈ ശുപാര്‍ശ നടപ്പാക്കണമെന്ന് സംസ്ഥാന ഗവമെന്റ് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും കേന്ദ്രഗവമെന്റ് തയ്യാറാകാതിരിക്കുന്നത് ലീഗിന് ഇക്കാര്യത്തില്‍ ഒളിച്ചുവയ്ക്കാനുള്ളതുകൊണ്ടല്ലേ? പിഡിപി തീവ്രവാദ നിലപാട് കൈക്കൊണ്ട കാലത്ത് യുഡിഎഫിന്റെ കൂട്ടാളികളായിരുന്നു എന്നെങ്കിലും സമ്മതിക്കാന്‍ കുഞ്ഞാലിക്കുട്ടി തയ്യാറാകേണ്ടതല്ലേ?
പി ജയരാജന്‍ ദേശാഭിമാനി 070110
ഏതാണ്ട് ഇതേ കാലഘട്ടത്തിലാണ്, മുമ്പുണ്ടായിരുന്ന മത-വര്‍ഗീയ കലാപങ്ങളില്‍നിന്ന് വ്യത്യസ്തമായി മത-വര്‍ഗീയതയെ ഉപയോഗിച്ച് ഭാരതത്തിന്റെ അധികാരം നേടാനുള്ള സംഘടിതയത്നം ആര്‍എസ്എസ് നേതൃത്വത്തില്‍ ആരംഭിച്ചത്. 'ഹിന്ദു വോട്ട്ബാങ്ക്' രൂപപ്പെടുത്താനുള്ള സംഘപരിവാറിന്റെ ശ്രമം, സാംസ്കാരിക പ്രവര്‍ത്തനത്തിന്റെ മറയിട്ട രാഷ്ട്രീയലക്ഷ്യമായിരുന്നു. മറ്റൊരു മതതീവ്രവാദത്തിനും ഇന്ത്യയിലെ ജനാധിപത്യവ്യവസ്ഥയെ അട്ടിമറിച്ച് അധികാരം നേടാന്‍ കഴിയില്ല. അതുകൊണ്ടാണ് സിപിഐ എമ്മിന്റെ എല്ലാ നയരേഖകളിലും ആര്‍എസ്എസിനെ ഫാസിസ്റ് സ്വഭാവമുള്ള ശക്തിയായി വിലയിരുത്തിയിട്ടുള്ളത്. അതുകൊണ്ടാണ് 14-ാമത് ലോക്സഭാതെരഞ്ഞെടുപ്പിനെ തുടര്‍ന്ന് കേന്ദ്രത്തില്‍ ബിജെപി ഭരണം വീണ്ടും വരാതിരിക്കുന്നതിന് ആവശ്യമായ നിലപാട് സിപിഐ എം സ്വീകരിച്ചത്.
ReplyDeleteagree with your views....
ReplyDelete