ഏതു മാര്‍ഗ്ഗമുപയോഗിച്ചിട്ടായാലും സിപിഐ എമ്മിനെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ പശ്ചിമ ബംഗാളില്‍ കൊലപാതക രാഷ്ട്രീയം അഴിച്ചുവിട്ടിട്ടുള്ള തൃണമൂല്‍ കോണ്‍ഗ്രസ്സും ആ ലക്ഷ്യം സാധിക്കുന്നതിനായി അവര്‍ കൂടെ കൂട്ടിയിട്ടുള്ള മാവോയിസ്റ്റുകളും ഇവരുടെ അക്രമങ്ങള്‍ക്കെല്ലാം പ്രേരണയും പ്രോല്‍സാഹനവും നല്‍കിക്കൊണ്ടിരിക്കുന്ന കോണ്‍ഗ്രസ് പാര്‍ടിയും ഈ കൊലപാതക രാഷ്ട്രീയത്തെ മുഴുവനും വെള്ളപൂശുകയും മഹത്വവല്‍ക്കരിക്കുകയും ചെയ്യുന്ന ബൂര്‍ഷ്വാ മാധ്യമങ്ങളും ബുദ്ധിജീവികളും എല്ലാം കൂടിച്ചേര്‍ന്ന്, ആ സംസ്ഥാനത്തെ തികച്ചും സ്ഫോടനാത്മകമായ ഒരു സ്ഥിതിവിശേഷത്തിലാണ് കൊണ്ടുചെന്നെത്തിച്ചിരിക്കുന്നത്.
1967ലെ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ ശക്തിയായി സിപിഐ എം ഉയര്‍ന്നിരിക്കുന്നുവെന്നു കണ്ടപ്പോള്‍, പാര്‍ടിക്ക് സജീവ പങ്കുള്ള രണ്ട് മന്ത്രിസഭകളെ തുടര്‍ച്ചയായി അട്ടിമറിക്കാന്‍ നേതൃത്വം നല്‍കിയ കോണ്‍ഗ്രസ്, പിന്നീട് നടന്ന അസംബ്ളി തിരഞ്ഞെടുപ്പില്‍ ബൂത്തുപിടിച്ചെടുത്തും ബാലറ്റ് പെട്ടി തട്ടിക്കൊണ്ടുപോയും വോട്ടര്‍മാരെ വോട്ടു ചെയ്യാന്‍ അനുവദിക്കാതെ ആട്ടിയോടിച്ചും ബൂത്തില്‍ കയറി ബാലറ്റുപേപ്പറുകള്‍ കൂട്ടത്തോടെ പിടിച്ചുവാങ്ങി കോണ്‍ഗ്രസ് അടയാളത്തില്‍ വോട്ടു രേഖപ്പെടുത്തി പെട്ടിയിലിട്ടും ജനാധിപത്യത്തെ തികച്ചും പ്രഹസനമാക്കി മാറ്റുകയാണുണ്ടായത്. സിപിഐ എമ്മിന്റെ സമുന്നതനായ നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ ജ്യോതിബസുവിനുപോലും, തന്റെ സ്ഥിരം മണ്ഡലത്തില്‍ വോട്ടിങ്ങ് ദിവസം ഉച്ചയ്ക്കുമുമ്പേ തിരഞ്ഞെടുപ്പില്‍നിന്ന് പിന്‍മാറേണ്ടിവന്നു. അത്രയ്ക്കും ഭീകരമായിരുന്നു കോണ്‍ഗ്രസ് ഗുണ്ടകളുടെ താണ്ഡവം. അന്നത്തെ കൃത്രിമമായ തിരഞ്ഞെടുപ്പ് ആഭാസത്തിലൂടെ അധികാരത്തില്‍വന്ന സിദ്ധാര്‍ഥ ശങ്കര്‍ റേയുടെ ഗവണ്‍മെന്റും പോലീസും കോണ്‍ഗ്രസ് ഗുണ്ടകളും കൂടി ചേര്‍ന്ന് പശ്ചിമ ബംഗാളില്‍ നടത്തിയ അര്‍ധ ഫാസിസ്റ്റ് ഭീകരവാഴ്ചയ്ക്ക് കേന്ദ്രത്തിലെ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റിന്റെയും കോണ്‍ഗ്രസ്സിന്റെയും എല്ലാ ഒത്താശകളും പിന്തുണയും ഉണ്ടായിരുന്നു. ഹിറ്റ്ലറുടെ 'സ്റ്റോം ട്രൂപ്പേഴ്സ്' ജര്‍മ്മന്‍ തെരുവുകളില്‍ 1930കളുടെ രണ്ടാം പകുതിയില്‍ അഴിഞ്ഞാടിയപോലെ, പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസ്സിന്റെ ഗുണ്ടകള്‍ അഴിഞ്ഞാടി. അന്ന് ആയിരക്കണക്കിന് സിപിഐ എം കാഡര്‍മാര്‍ കൊല്ലപ്പെട്ടു. പതിനായിരക്കണക്കിന് സഖാക്കള്‍ക്ക് വീടുവിട്ട് പലായനം ചെയ്യേണ്ടിവന്നു; എത്രയോ പേര്‍ക്ക് വീടും ഉറ്റവരും നഷ്ടപ്പെട്ടു. 1970കളുടെ ആദ്യവര്‍ഷങ്ങളിലെ അര്‍ധ ഫാസിസ്റ്റ് ഭീകരവാഴ്ചയോടൊപ്പം 1975 ജൂണിലെ അടിയന്തിരാവസ്ഥയിലെ അമിതാധികാര ഭരണം കൂടി വന്നപ്പോള്‍, പശ്ചിമ ബംഗാളില്‍ സിപിഐ എമ്മിനെതിരായ ആക്രമണം അതിന്റെ മൂര്‍ധന്യത്തിലെത്തി. സിപിഐ എമ്മിനെ തകര്‍ത്തു തരിപ്പണമാക്കി എന്ന് കോണ്‍ഗ്രസ് സമാശ്വസിച്ചു. എന്നാല്‍ 1977ല്‍ അടിയന്തിരാവസ്ഥ ബംഗാള്‍ ഉള്‍ക്കടലില്‍ വലിച്ചെറിയപ്പെടുകയും പാര്‍ലമെന്റിലേക്കും പിന്നീട് അസംബ്ളിയിലേക്കും തിരഞ്ഞെടുപ്പ് നടക്കുകയും ചെയ്തപ്പോള്‍ സിപിഐ എം കൂടുതല്‍ കരുത്തോടെ തിരിച്ചുവരുന്ന കാഴ്ചയാണ് ഇന്ത്യ കണ്ടത്.
സിപിഐ എമ്മിനെ തകര്‍ക്കാന്‍ 1970കളുടെ ആദ്യവര്‍ഷങ്ങളില്‍ കോണ്‍ഗ്രസ് കൈക്കൊണ്ട അര്‍ധ ഫാസിസ്റ്റ് ഭീകരവാഴ്ച, നാലു പതിറ്റാണ്ടോളം കാലത്തിനുശേഷം വീണ്ടും കോണ്‍ഗ്രസ്സുകാര്‍, തൃണമൂല്‍ കോണ്‍ഗ്രസ്സിനെ മുന്നില്‍ നിര്‍ത്തി പയറ്റുകയാണ്. അതിന് മാവോയിസ്റ്റുകളെയും കൂട്ടിന് കൂട്ടിയിരിക്കുന്നു. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനുശേഷം 150ല്‍പരം സിപിഐ എം കാഡര്‍മാരെ ക്രൂരമായി വധിച്ച മമതാ - മാവോവാദി കൂട്ടുകെട്ട്, സംസ്ഥാനത്ത് ആഭ്യന്തരക്കുഴപ്പം ഉണ്ടെന്നു വരുത്തിത്തീര്‍ക്കുന്നതിനുള്ള ശ്രമത്തിലാണ്. മമതാ - മാവോവാദി കൂട്ട് നടത്തുന്ന കൊലപാതക പരമ്പരകളെ തമസ്കരിക്കുന്ന ബൂര്‍ഷ്വാ മാധ്യമങ്ങള്‍, ആ കൊലപാതകങ്ങള്‍ക്കെതിരായി പോലീസ് നടപടിയെടുക്കുമ്പോഴും ജനങ്ങളുടെ ഭാഗത്തുനിന്ന് പ്രതിഷേധം ഉണ്ടാകുമ്പോഴും, ക്രമസമാധാനം തകര്‍ന്നുപോയേ എന്ന് മുറവിളി കൂട്ടുന്നു. തങ്ങളുടെ ഭാഗത്തുനിന്ന് നേരിയ പ്രകോപനംപോലും ഉണ്ടാവരുതെന്നു കരുതി പരമാവധി സംയമനം പാലിക്കുന്നതിന് സിപിഐ എം ശ്രമിക്കുമ്പോള്‍ അതില്‍നിന്ന് കൂടുതല്‍ കൂടുതല്‍ മുതലെടുക്കുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ്. ഇക്കഴിഞ്ഞ ദിവസം 24 പര്‍ഗാനാസിലെ സിപിഐ എമ്മിന്റെ പ്രാദേശിക നേതാക്കന്മാരുടെ വായിലേക്ക് തോക്കിന്‍ കുഴല്‍ കുത്തിയിറക്കി വെടിവെച്ചു കൊന്നത് കേന്ദ്രമന്ത്രി മമതാ ബാനര്‍ജിയുടെ അനുയായികളായ തൃണമൂല്‍ കോണ്‍ഗ്രസ്സുകാരാണ്. മുഖ്യമന്ത്രിയെ കുഴിബോംബ് വെച്ച് കൊല്ലാന്‍ ശ്രമിച്ചതും രണ്ട് സംസ്ഥാന മന്ത്രിമാരെ ആശുപത്രിയില്‍വെച്ച് കയ്യേറ്റം ചെയ്തതും മമതാ - മാവോവാദി കൂട്ടുകെട്ടിന്റെ നേതൃത്വത്തിലാണ്.
സിപിഐ എമ്മിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും പ്രകോപനമുണ്ടാക്കി, അതിന്റെ മറവില്‍, ക്രമസമാധാനത്തകര്‍ച്ചയെന്ന് ആരോപിച്ച് സംസ്ഥാന ഗവണ്‍മെന്റിനെ പിരിച്ചുവിടുവിക്കാനുള്ള തന്ത്രമാണ് തൃണമൂല്‍ കോണ്‍ഗ്രസ് പയറ്റുന്നത്. എല്ലാ ഫെഡറല്‍ തത്വങ്ങളെയും കാറ്റില്‍ പറത്തിക്കൊണ്ട്, സംസ്ഥാനത്തിലേക്ക് കേന്ദ്ര നിരീക്ഷണസംഘത്തെ അയപ്പിച്ചത് മമതാ ബാനര്‍ജി തന്നെയാണ്. ലോക്സഭാ തിരഞ്ഞെടുപ്പിനുശേഷം കൊല്ലപ്പെട്ട 150ല്‍പരം സിപിഐ എം പ്രവര്‍ത്തകരുടെ ലിസ്റ്റും കൊലപാതകികളുടെ വിശദവിവരങ്ങളും പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും നല്‍കിയിട്ടും അതിന്റെ മേല്‍ യാതൊരു അന്വേഷണത്തിനും അവര്‍ മുതിര്‍ന്നില്ല. അതേ അവസരത്തില്‍ത്തന്നെ സിപിഐ എമ്മിനെതിരായി ആരോപണം ഉന്നയിക്കാന്‍ അവര്‍ മടിക്കുന്നുമില്ല.
ഇന്ത്യയിലെ ജനാധിപത്യവ്യവസ്ഥക്കും പശ്ചിമബംഗാളിലെ സമാധാനപരമായ അന്തരീക്ഷത്തിനും തികച്ചും അപകടകരമായ ഒരു സ്ഥിതിവിശേഷമാണ് തൃണമൂല്‍ കോണ്‍ഗ്രസ്സും മറ്റുള്ളവരും കൂടി അവിടെ വരുത്തിവെച്ചിട്ടുള്ളത്. ജനാധിപത്യ ധ്വംസനത്തിലും സിപിഐ എമ്മിനെതിരായ കള്ളപ്രചരണത്തിലും ബൂര്‍ഷ്വാ മാധ്യമങ്ങള്‍ നിര്‍ണായകമായ പങ്കു വഹിക്കുന്നുവെന്നതിന്, ഇതേ ലക്കത്തില്‍ത്തന്നെ കൊടുത്തിട്ടുള്ള മറ്റൊരു ലേഖനം ഉത്തമ ഉദാഹരണമാണ്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളോടുകൂടി സിപിഐ എമ്മിനെതിരായി ആരംഭിച്ച കള്ളപ്രചാരവേല, കൂടുതല്‍ ശക്തിയോടെ അവ തുടരുകയാണ്. ഇടതുപക്ഷത്തിന്റെ പിന്തുണയോടുകൂടി മാത്രമേ കേന്ദ്ര ഗവണ്‍മെന്റിന് നിലനില്‍ക്കാന്‍ കഴിയൂ എന്ന അവസ്ഥ ഇനിയൊരിക്കലും ഉണ്ടാകരുതെന്ന ദൃഢനിശ്ചയത്തോടെ അന്ന് സിപിഐ എമ്മിനെതിരായി ആരംഭിച്ച ആക്രമണം, പശ്ചിമ ബംഗാളില്‍നിന്ന് സിപിഐ എമ്മിനെ തൂത്തെറിയുക എന്ന ലക്ഷ്യംവെച്ചു കൊണ്ടുള്ള നെറികെട്ട കൊലപാതക രാഷ്ട്രീയമായി മാറിയിരിക്കുകയാണ്. സിപിഐ എമ്മുകാരെ എന്തും ചെയ്യാം എന്ന മനോഭാവം വെച്ചു പുലര്‍ത്തുന്ന മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്സും സോണിയാഗാന്ധിയുടെ കോണ്‍ഗ്രസ്സും, 1940കളുടെ അവസാനത്തിലും 1950കളുടെ ആദ്യത്തിലും കേരളത്തില്‍ കമ്യൂണിസ്റ്റുകാര്‍ക്കെതിരായി കോണ്‍ഗ്രസ് അഴിച്ചുവിട്ട കിരാതവാഴ്ചയുടെ അതേ മാനസികാവസ്ഥയിലാണ്. അത്തരം കിരാതവാഴ്ച കൊണ്ട് അന്ന് കമ്യൂണിസ്റ്റ് പാര്‍ടിയേയോ ഇന്ന് സിപിഐ എമ്മിനേയോ നശിപ്പിക്കാന്‍ കഴിഞ്ഞില്ല, കഴിയില്ല എന്ന് അവര്‍ മനസ്സിലാക്കണം. സങ്കുചിതമായ രാഷ്ട്രീയ ലക്ഷ്യത്തിനുവേണ്ടി സിപിഐ എമ്മിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍, വിശാലമായ അര്‍ത്ഥത്തില്‍ രാജ്യത്ത് നിലവിലുള്ള ജനാധിപത്യവ്യവസ്ഥയെത്തന്നെയാണ് തകര്‍ക്കാന്‍ ശ്രമിക്കുന്നത്.
സിപിഐ എം കാണിക്കുന്ന ഉദാത്തമായ സംയമനത്തെ പാര്‍ടിയുടെ ദൌര്‍ബല്യമായിട്ടാണ് മമതാ ബാനര്‍ജിയും തൃണമൂല്‍ കോണ്‍ഗ്രസ്സും അതുവഴി കോണ്‍ഗ്രസ്സും കണക്കാക്കുന്നതെങ്കില്‍ അവര്‍ക്കു തെറ്റുപറ്റിയിരിക്കുന്നുവെന്നേ പറയുന്നുള്ളൂ. 1950കളിലും 1970കളിലും പാര്‍ടി ഉയിര്‍ത്തെഴുന്നേറ്റപോലെ, പശ്ചിമബംഗാളിലെ ഇപ്പോഴത്തെ പ്രതികൂല സാഹചര്യങ്ങളെ നേരിട്ടുകൊണ്ട് പാര്‍ടി മുന്നേറുക തന്നെ ചെയ്യും. അന്തിമവിജയം ആക്രമണകാരികളുടേതല്ല എന്ന് ചരിത്രം അവരേയും പഠിപ്പിക്കുന്നുണ്ടാവണം.
നാരായണന്‍ ചെമ്മലശ്ശേരി ചിന്ത വാരിക 220110
ഏതു മാര്‍ഗ്ഗമുപയോഗിച്ചിട്ടായാലും സിപിഐ എമ്മിനെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ പശ്ചിമ ബംഗാളില്‍ കൊലപാതക രാഷ്ട്രീയം അഴിച്ചുവിട്ടിട്ടുള്ള തൃണമൂല്‍ കോണ്‍ഗ്രസ്സും ആ ലക്ഷ്യം സാധിക്കുന്നതിനായി അവര്‍ കൂടെ കൂട്ടിയിട്ടുള്ള മാവോയിസ്റ്റുകളും ഇവരുടെ അക്രമങ്ങള്‍ക്കെല്ലാം പ്രേരണയും പ്രോല്‍സാഹനവും നല്‍കിക്കൊണ്ടിരിക്കുന്ന കോണ്‍ഗ്രസ് പാര്‍ടിയും ഈ കൊലപാതക രാഷ്ട്രീയത്തെ മുഴുവനും വെള്ളപൂശുകയും മഹത്വവല്‍ക്കരിക്കുകയും ചെയ്യുന്ന ബൂര്‍ഷ്വാ മാധ്യമങ്ങളും ബുദ്ധിജീവികളും എല്ലാം കൂടിച്ചേര്‍ന്ന്, ആ സംസ്ഥാനത്തെ തികച്ചും സ്ഫോടനാത്മകമായ ഒരു സ്ഥിതിവിശേഷത്തിലാണ് കൊണ്ടുചെന്നെത്തിച്ചിരിക്കുന്നത്.
ReplyDeleteമരണത്തോട് പോലും മാന്യത കാട്ടാത്ത മമതക്ക് ജനങ്ങള് കൊടുക്കുന്നതിരിച്ചടി എന്താണെന്ന് കാത്തിരുന്ന് കാണാം.....
ReplyDeleteബൂര്ഷാ മാധ്യമങ്ങളുടെ നുണ സെന്ററുകള് ജനം കയ്യേറുന്ന കാലം വിദൂരമല്ല............
ഇരുട്ടിലേക്ക് വിളക്ക് തെളിച്ച നാരായണന്‍ ചെമ്മലശ്ശേരിക്ക് അഭിമാനിക്കാം