Wednesday, January 6, 2010

മതതീവ്രവാദവും കേരള പോലീസും

തീവ്രവാദപ്രവര്‍ത്തനം സംബന്ധിച്ച കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ എല്‍.ഡി.എഫും യു.ഡി.എഫും സങ്കുചിത രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നതായി പത്രപ്രവര്‍ത്തകനായ കെ.എം.റോയ് ഒരു ലേഖനത്തില്‍ ചൂണ്ടിക്കാണിക്കുന്നു. അത് നിഷേധിക്കാനാവുമോ?

-മുഹമ്മദ് റസാഖ്, നെടുമങ്ങാട്

തമിഴ്നാട് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഠച016725 നമ്പര്‍ ബസ് കളമശേരിയില്‍നിന്ന് തട്ടിക്കൊണ്ടുപോയി തീവച്ചു നശിപ്പിച്ച സംഭവമുണ്ടായത് 2005 സെപ്തംബര്‍ 9 രാത്രി 9 മണിയോടുകൂടിയാണ്. അപ്പോള്‍ യുഡിഎഫ് ആണ് കേരളത്തില്‍ അധികാരത്തിലുണ്ടായിരുന്നത്. 9 പേരെ പ്രതിയാക്കി അന്ന് പൊലീസ് ഒരു കേസ് രജിസ്റ്റര്‍ ചെയ്യുകയാണുണ്ടായത്. ഈ കേസിന്റെ അന്വേഷണ നടപടികളെല്ലാം യുഡിഎഫ് ഗവണ്‍മെന്റിന്റെ കാലത്തുതന്നെ പൂര്‍ത്തീകരിച്ചിരുന്നു. എന്നാല്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കാനും തുടര്‍ന്ന് കുറ്റപത്രം സമര്‍പ്പിക്കാനുമുള്ള ഒരു നടപടിയും യുഡിഎഫ് ഭരണകാലത്ത് സ്വീകരിച്ചിരുന്നില്ല. എല്‍ഡിഎഫ് ഗവണ്‍മെന്റ് അധികാരത്തില വന്നതിനുശേഷമാണ് പ്രോസിക്യൂഷന്‍ അനുമതി നല്‍കുകയും 19/2/2009ല്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തത്. എന്നാല്‍ ഈ കേസിലെ പ്രതിയായ അബ്ദുള്‍റഹിം 2008 ഒക്ടോബര്‍ മാസത്തില്‍ ജമ്മുകാശ്മീര്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതോടുകൂടി കളമശ്ശേരി കേസിലെ ചില പ്രതികള്‍ക്ക് രാജ്യത്ത് പ്രവര്‍ത്തിക്കുന്ന തീവ്രവാദശക്തികളുമായുള്ള ബന്ധം പുറത്തുവന്നു. ഇതോടെ ആലുവ കോടതി കളമശേരി കേസ് തുടരന്വേഷണം നടത്തണമെന്ന് നിര്‍ദ്ദേശിക്കുകയായിരുന്നു. അതിനെ തുടര്‍ന്നാണ് ഈ കേസുമായി ബന്ധപ്പെട്ട അന്വേഷണ നടപടികളുമായി പൊലീസ് വീണ്ടും മുന്നോട്ടുപോയത്. ഈ അന്വേഷണത്തിനിടയിലാണ്, 2005 ഒക്ടോബര്‍ മാസത്തില്‍തന്നെ അന്വേഷണ ഉദ്യോഗസ്ഥന്റെ കയ്യില്‍ അക്കാലത്ത് ചില പ്രതികള്‍ നടത്തിയ ടെലഫോണ്‍ സംഭാഷണങ്ങളുടെ വിശദാംശങ്ങള്‍ ലഭ്യമായിരുന്നുവെന്നും മദനിയുടെ ജയില്‍മോചനവുമായി ബന്ധപ്പെട്ട ഒരു സംഭവമാണ് കളമശേരി ബസ് കത്തിക്കല്‍ സംഭവമെന്നുമുള്ള നിഗമനത്തില്‍ പൊലീസ് എത്തിച്ചേര്‍ന്നതും. എന്നാല്‍ അതുമായി ബന്ധപ്പെട്ട് ആരേയും ചോദ്യംചെയ്യുവാനോ പ്രതിലിസ്റ്റില്‍ ഉള്‍പ്പെടുത്തുവാനോ യുഡിഎഫ് ഗവണ്‍മെന്റ് സന്നദ്ധമായില്ല. എന്നാല്‍ ഇപ്പോഴത്തെ ഗവണ്‍മെന്റ് പൊലീസ് അന്വേഷണത്തില്‍ യാതൊരുവിധ ഇടപെടലും നടത്താതെ നിയമാനുസൃതമായി പ്രവര്‍ത്തിക്കാന്‍ പൊലീസിനനുമതി നല്‍കുകയാണുണ്ടായത്. അതിനെ തുടര്‍ന്നാണ് സൂഫിയാമദനിയുമായി ബന്ധപ്പെട്ട് പൊലീസിന് ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ അവരെ പ്രതിലിസ്റ്റിലുള്‍പ്പെടുത്തി കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സംസ്ഥാന പൊലീസ് സ്വതന്ത്രമായി പ്രവര്‍ത്തിച്ചതിനെ തുടര്‍ന്നാണ് ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ സാധിച്ചത്. യുഡിഎഫ് ഭരണകാലത്ത് ഒന്നാം പ്രതിയായി ചേര്‍ത്തയാള്‍ സംഭവവുമായി ബന്ധമില്ലാത്തയാളായിരുന്നെന്നും അയാളെ പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയത് ഒന്നാം പ്രതിയായി വരേണ്ടിയിരുന്ന തടിയന്റവിട നസീറിനെ ഒഴിവാക്കാനായിരുന്നു എന്ന കാര്യവും പുറത്തുവന്നിരിക്കുന്നു.

ചോദ്യകര്‍ത്താവ് ആരോപിക്കുന്നതുപോലെയോ അല്ലെങ്കില്‍ പത്രപ്രവര്‍ത്തകനായ കെ എം റോയി ഉന്നയിക്കുന്നതുപോലെയോ പിഡിപിയുടെ രാഷ്ട്രീയ നിലപാടിനെ അടിസ്ഥാനമാക്കിയുള്ള ഒരു സമീപനമല്ല എല്‍ഡിഎഫ് ഗവണ്‍മെന്റ് സ്വീകരിച്ചിട്ടുള്ളത്. പിഡിപി ഒരു കാലത്ത് സ്വീകരിച്ചുവന്ന തീവ്രവാദ നിലപാടുകളുടെ ഭാഗമായി അവര്‍ ചെയ്ത അക്രമപ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമായ നിലപാട് സ്വീകരിക്കാന്‍ ഒരിക്കലും എല്‍ഡിഎഫ് ഗവണ്‍മെന്റ് തയ്യാറായിട്ടില്ല. എന്നാല്‍ യുഡിഎഫ് ഗവണ്‍മെന്റ് 5 കൊല്ലവും എല്ലാവിധ തീവ്രവാദ പ്രവര്‍ത്തനങ്ങളും നടത്തുന്ന ശക്തികളെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തിരുന്നത്. ബേപ്പൂര്‍ സ്ഫോടനം, കോഴിക്കോട് ബസ്റ്റാന്റ് സ്ഫോടനം, ഗ്രീന്‍വാലി സ്ഫോടനം, വളപട്ടണത്തുനിന്ന് പൈപ്പ് ബോംബ് പിടിച്ച സംഭവം, കണ്ണൂര്‍ ചിക്കന്‍ സ്റ്റാള്‍ സ്ഫോടനം, കോഴിക്കോട്ടെയും കളമശ്ശേരിയിലെയും ബസ് കത്തിക്കല്‍, 2002, 2003 മാറാട് കലാപങ്ങള്‍ എന്നിവയെല്ലാം മുസ്ളിം വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ തീവ്രവാദ പ്രവര്‍ത്തനത്തിലേര്‍പ്പെടുന്ന എന്‍ഡിഎഫിന് എല്ലാവിധ പ്രോത്സാഹനവും ലഭിച്ചത് യുഡിഎഫ് ഭരണത്തിലാണ്. മാറാട് കലാപത്തെക്കുറിച്ച് അന്വേഷിക്കാന്‍ സിബിഐ അന്വേഷണം നടത്തണമെന്നുള്ള ആവശ്യം കേന്ദ്ര ഗവണ്‍മെന്റ് അംഗീകരിക്കാത്തത് കേന്ദ്ര ഭരണത്തില്‍ മുസ്ളിംലീഗിന് പങ്കാളിത്തമുള്ളതുകൊണ്ടാണ്. പിഡിപി തീവ്രവാദ പ്രവര്‍ത്തനം നടത്തിയ കാലത്ത് അവരുമായി 2001ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്നണിയുണ്ടാക്കുകയും 2 സീറ്റുകള്‍ അവര്‍ക്ക് മത്സരിക്കാന്‍ വിട്ടുകൊടുക്കുകയും ചെയ്തത് യുഡിഎഫ് ആണ്. മുസ്ളിം ലീഗിനനുവദിച്ച 2 സീറ്റുകളായിരുന്നു പിഡിപിക്ക് വിട്ടുകൊടുത്തത്. പിഡിപി തീവ്രവാദത്തെ തള്ളിപ്പറഞ്ഞപ്പോള്‍മുസ്ളിംലീഗ് പിഡിപിക്കെതിരായി. എന്‍ഡിഎഫ് തീവ്രവാദത്തിന്റെ മുന്‍പന്തിയില്‍ വന്നപ്പോള്‍ ഇപ്പോള്‍ എന്‍ഡിഎഫ് ആയി യുഡിഎഫിന്റെ സഖ്യശക്തി. എന്നാല്‍ ഏത് മതത്തിന്റെ പേരില്‍ നടക്കുന്ന തീവ്രവാദത്തെയും വര്‍ഗീയ പ്രവര്‍ത്തനത്തെയും ഒരുപോലെ എതിര്‍ക്കുന്ന നിലപാടാണ് എല്‍ഡിഎഫിനുള്ളത്.

കളമശ്ശേരി ബസ് കത്തിക്കല്‍ കേസില്‍ പ്രതിയായിട്ടുള്ള മജീദ് പറമ്പായി 23-2-2004-ല്‍ കോണ്‍ഗ്രസ് ഐയില്‍ ചേര്‍ന്നയാളാണ്. 2002ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ഇയാള്‍ മത്സരിച്ചിരുന്നു. ആ മജീദ് പറമ്പായിയാണ് 2005ല്‍ നടന്ന കളമശ്ശേരി ബസ് കത്തിക്കലില്‍ പ്രതിയാകുന്നത്. ഇതില്‍നിന്ന് വ്യക്തമാകുന്നത് കോണ്‍ഗ്രസ് ഐയില്‍നിന്നുകൊണ്ട് ബസ് കത്തിക്കല്‍ സംഭവത്തില്‍ ഇയാള്‍ പങ്കെടുത്തു എന്നാണ്. കോയമ്പത്തൂര്‍ പ്രസ്ക്ളബിന് ബോംബുവച്ചു തകര്‍ക്കാര്‍ ഗൂഢാലോചന നടത്തി എന്ന പേരില്‍ കോയമ്പത്തൂര്‍ പൊലീസ് ചാര്‍ജുചെയ്ത ഒരു കേസില്‍ പ്രതിയായ ഷബീര്‍ ആ കേസുമായി ബന്ധപ്പെട്ട് 14 മാസം റിമാണ്ടില്‍ കിടന്നയാളാണ്. ഇപ്പോള്‍ ഈ കേസ് കോടതിയില്‍ വിചാരണയിലിരിക്കുകയാണ്. കോടതി കുറ്റവിമുക്തനാക്കാത്ത തീവ്രവാദ കേസിലെ ഈ പ്രതിയെ ഇപ്പോള്‍ തൃക്കാക്കര മണ്ഡലം യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയാക്കിയിരിക്കുകയാണ്. തീവ്രവാദ പ്രവര്‍ത്തനത്തില്‍ പങ്കാളികളായവരെ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തതാരാണെന്ന് ഇത്തരം സംഭവങ്ങളില്‍കൂടി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.

തീവ്രവാദ പ്രവര്‍ത്തനം നടത്തുന്നത് ആരായാലും ഏത് പാര്‍ടിയില്‍പെട്ടവരായാലും അവര്‍ക്ക് യാതൊരുവിധ സംരക്ഷണവും എല്‍ഡിഎഫ് ഭരണത്തിലുണ്ടായിരിക്കുകയില്ല. ഏതെങ്കിലുമൊരു മതവിഭാഗത്തെ ലക്ഷ്യംവച്ചുകൊണ്ട് തീവ്രവാദ വിരുദ്ധപ്രവര്‍ത്തനങ്ങള്‍ കൈകാര്യംചെയ്യുന്ന ഒരു സമീപനവും എല്‍ഡിഎഫിനില്ല. എല്‍ഡിഎഫ് ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതിനുശേഷമാണ് യുഡിഎഫ് ഗവണ്‍മെന്റിന്റെകാലത്ത് നടന്ന കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വരാന്‍ തുടങ്ങിയതും ഈ സന്ദര്‍ഭത്തിലാണ്. യുഡിഎഫിനെ പോലെയാണ് എല്‍ഡിഎഫും എന്ന പ്രചാരണംവഴി യുഡിഎഫ് ഭരണകാലത്ത് ഇത്തരം ശക്തികള്‍ക്ക് നല്‍കിയിട്ടുള്ള സഹായം മറച്ചുപിടിക്കാനാണ് ചിലര്‍ ശ്രമം നടത്തുന്നത്. ഈ പ്രചരണത്തില്‍ ചോദ്യകര്‍ത്താവും പെട്ടുപോയി എന്നുവേണം സംശയിക്കാന്‍.

കോടിയേരി ബാലകൃഷ്ണന്‍
(മന്ത്രിയോടു ചോദിക്കാം എന്ന പംക്തിയില്‍ നിന്ന്. ചിന്ത വാരിക 080110)

2 comments:

  1. തീവ്രവാദ പ്രവര്‍ത്തനം നടത്തുന്നത് ആരായാലും ഏത് പാര്‍ടിയില്‍പെട്ടവരായാലും അവര്‍ക്ക് യാതൊരുവിധ സംരക്ഷണവും എല്‍ഡിഎഫ് ഭരണത്തിലുണ്ടായിരിക്കുകയില്ല. ഏതെങ്കിലുമൊരു മതവിഭാഗത്തെ ലക്ഷ്യംവച്ചുകൊണ്ട് തീവ്രവാദ വിരുദ്ധപ്രവര്‍ത്തനങ്ങള്‍ കൈകാര്യംചെയ്യുന്ന ഒരു സമീപനവും എല്‍ഡിഎഫിനില്ല. എല്‍ഡിഎഫ് ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതിനുശേഷമാണ് യുഡിഎഫ് ഗവണ്‍മെന്റിന്റെകാലത്ത് നടന്ന കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വരാന്‍ തുടങ്ങിയതും ഈ സന്ദര്‍ഭത്തിലാണ്. യുഡിഎഫിനെ പോലെയാണ് എല്‍ഡിഎഫും എന്ന പ്രചാരണംവഴി യുഡിഎഫ് ഭരണകാലത്ത് ഇത്തരം ശക്തികള്‍ക്ക് നല്‍കിയിട്ടുള്ള സഹായം മറച്ചുപിടിക്കാനാണ് ചിലര്‍ ശ്രമം നടത്തുന്നത്.

    ReplyDelete
  2. ~~~~~പിഡിപിയുടെ രാഷ്ട്രീയ നിലപാടിനെ അടിസ്ഥാനമാക്കിയുള്ള ഒരു സമീപനമല്ല എല്‍ഡിഎഫ് ഗവണ്‍മെന്റ് സ്വീകരിച്ചിട്ടുള്ളത്~~~~~

    സൂഫിയ മദനിക്ക് തീവ്രവാദികളുമായി ബന്ധമുണ്ടായിരുന്നു എന്ന മൊഴികള്‍ സൂഫിയക്ക്‌ ജാമ്യം കിട്ടാതിരിക്കാന്‍ ഉന്നയിക്കാന്‍ കോടതിയില്‍ കഴിയാതിരുന്നതിനെ ജനം എങ്ങനെ കാണണം? സൂഫിയയെ അറസ്റ്റ് ചെയ്തു എന്നും വാദിക്കാം.. സൂഫിയ തീവ്രവാദികളുമായി ബന്ധമില്ലാതിരുന്ന ആളാണെന്നും വാദിക്കാം.. ഹോ എന്തൊരു രാഷ്ട്രീയ പുത്തിയാ കോടിയേരി കാണിക്കുന്നത്!! കഴുതകളായ ജനത്തിന് ഇതൊന്നും മനസ്സിലാകില്ലല്ലോ അല്ലെ.. :)

    തല്‍ക്കാലം യു ഡി എഫിനിട്ട് കൊട്ട്... ഈനാമ്പേച്ചി മരപ്പെട്ടിയെ കൊട്ടുന്ന പോലെ... :D

    ReplyDelete