Saturday, January 30, 2010

ആഗോളവല്‍ക്കരണം ഒബാമയ്ക്ക് വേണ്ട

ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറുകളില്‍ നടപ്പാക്കിയ ആഗോളവല്‍ക്കരണനയമെന്നും പുത്തന്‍ സാമ്പത്തികനയമെന്നും വിശേഷിപ്പിച്ച സാമ്രാജ്യത്വ സാമ്പത്തികനയത്തില്‍നിന്ന് സൌകര്യപൂര്‍വം പിന്മാറാന്‍ അമേരിക്കന്‍ ഐക്യനാടുകള്‍ക്ക് തെല്ലും വൈമനസ്യമില്ലെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഒബാമയുടെ പുതിയ പ്രഖ്യാപനം തെളിയിക്കുന്നത്. അമേരിക്കയെ സംബന്ധിച്ചിടത്തോളം ഇത് പുത്തരിയല്ല. ബാലവേലയുടെ പേരുപറഞ്ഞ് ഇന്ത്യയുടെ ചരക്കുകപ്പല്‍ തിരിച്ചയച്ച അനുഭവം മുമ്പുണ്ടായിട്ടുണ്ട്. റെഡിമെയ്ഡ് ഗാര്‍മെന്റ്സ് കയറ്റി അയച്ച കപ്പലാണ് തിരിച്ചയച്ചത്. വികസ്വര രാജ്യങ്ങള്‍ കയറ്റുമതി പ്രോത്സാഹിപ്പിക്കാന്‍ സബ്സിഡി നല്‍കുന്നത് കര്‍ശനമായി വിലക്കുന്ന വികസിത മുതലാളിത്ത രാജ്യങ്ങള്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് കനത്ത സബ്സിഡി നല്‍കിവരുന്നത് രഹസ്യമല്ല. പുറംതൊഴിലിനെതിരെ അമേരിക്ക ഏറ്റവും ഒടുവില്‍ സ്വീകരിച്ച നടപടി ഇന്ത്യക്ക് വന്‍ തിരിച്ചടിയായിരിക്കുകയാണ്. പുറംതൊഴില്‍കരാര്‍ നല്‍കുന്ന കമ്പനികള്‍ക്ക് നികുതിയിളവ് ലഭിക്കുന്നത് അവസാനിപ്പിക്കാന്‍ നടപടി ആരംഭിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ പ്രഖ്യാപിച്ചിരിക്കുന്നു. ഇതിനുള്ള വ്യവസ്ഥ ഉള്‍പ്പെടുത്തിയ തൊഴിലവസരബില്‍ അമേരിക്കന്‍ ജനപ്രതിനിധിസഭ പാസാക്കിക്കഴിഞ്ഞു. സെനറ്റും അത് പാസാക്കുമെന്നാണ് ഒബാമ പ്രതീക്ഷിക്കുന്നത്. രാജ്യത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന കമ്പനികള്‍ക്ക് നികുതിയിളവ് അനുവദിക്കുമെന്നും പ്രഖ്യാപിച്ചിരിക്കുന്നു. ഈ നയം അമേരിക്കന്‍ കമ്പനികളെത്തന്നെ പ്രതികൂലമായി ബാധിക്കുമെന്ന കാര്യം അവഗണിക്കാന്‍ കഴിയുന്നതുമല്ല. അമേരിക്കന്‍ കമ്പനികള്‍ പുറംതൊഴില്‍ നല്‍കുന്നത് ഇന്ത്യയെയോ ചൈനയെയോ സഹായിക്കാന്‍ വേണ്ടിയല്ലെന്നതും ഒരു വസ്തുതയാണ്. ചുരുങ്ങിയ കൂലിക്ക് സാങ്കേതിക വൈദഗ്ധ്യമുള്ളവരെ ലഭിക്കുകയാണ് ലക്ഷ്യം.

അമേരിക്കയില്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിനകം വിവരസാങ്കേതികവിദ്യയുടെ മേഖലയില്‍ 70,000 തൊഴില്‍ നഷ്ടപ്പെട്ടതായിട്ടാണ് ഒബാമ ചൂണ്ടിക്കാണിക്കുന്നത്. പുതിയ തൊഴിലവസരം സൃഷ്ടിക്കാതെ അമേരിക്കയ്ക്ക് രക്ഷപ്പെടാന്‍ കഴിയില്ലെന്ന നില വന്നിരിക്കുന്നു. എന്നാല്‍, ഇന്ത്യക്ക് ഇത് വലിയ തിരിച്ചടിയായിരിക്കും. നാഷണല്‍ അസോസിയേഷന്‍ ഓഫ് സോഫ്റ്റ്വെയര്‍ ആന്‍ഡ് സര്‍വീസസ് കമ്പനീസ് (നാസ്കോം) അമേരിക്ക ഇപ്പോള്‍ സ്വീകരിച്ച പരോക്ഷമായ സംരക്ഷണനയത്തില്‍ (പ്രൊട്ടക്ഷനിസം) കടുത്ത ഉല്‍ക്കണ്ഠ പ്രകടിപ്പിച്ചിരിക്കുന്നു. ഇന്ത്യയുടെ വിവരസാങ്കേതിക വിദ്യയില്‍നിന്നുള്ള മൊത്തം വരുമാനമായ 6000 കോടി ഡോളറിന്റെ പകുതിയും അമേരിക്കയില്‍നിന്നാണ് ലഭിക്കുന്നത്. അതുകൊണ്ടുതന്നെ ഒബാമയുടെ പുതിയ നയപ്രഖ്യാപനത്തോടെ ഇന്ത്യയുടെ വിവരസാങ്കേതികവിദ്യ ഗുരുതരമായ പ്രതിസന്ധി നേരിടേണ്ടിവരുമെന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു. ഇതില്‍നിന്ന് ഇന്ത്യ ശരിയായ പാഠം പഠിക്കാന്‍ തയ്യാറാകണം. ആഗോളവല്‍ക്കരണനയത്തിന്റെ പേരില്‍ അന്യനാടുകളെ ആശ്രയിച്ച് നമുക്ക് നിലനില്‍ക്കാന്‍ കഴിയുന്നതല്ല. നൂറുകോടിയിലധികം ജനങ്ങള്‍ നിവസിക്കുന്ന പ്രകൃതിവിഭവങ്ങള്‍ വേണ്ടുവോളം ലഭിക്കുന്ന ഇന്ത്യ സ്വന്തം ആഭ്യന്തരകമ്പോളത്തെ വികസിപ്പിക്കുകയും അതിനെ മുഖ്യമായും ആശ്രയിക്കുകയും ചെയ്യുന്ന നയം സ്വീകരിക്കണം. ആഗോളവല്‍ക്കരണനയത്തിന്റെ ദോഷവശം ഉള്‍ക്കൊള്ളാന്‍ തയ്യാറാകണം. അത് സാമ്രാജ്യത്വനയമാണെന്നും വികസ്വര രാജ്യങ്ങളുടെ വികസനം ലക്ഷ്യമാക്കിയുള്ളതല്ലെന്നും തിരിച്ചറിയണം. ഒബാമയുടെ നഷ്ടപ്പെട്ട ജനപ്രീതി തിരിച്ചുപിടിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. ഇന്ത്യ ഇതില്‍നിന്ന് പാഠം പഠിക്കാന്‍ തയ്യാറാകുമെങ്കില്‍ നല്ലത്.

ദേശാഭിമാനി മുഖപ്രസംഗം 300110

1 comment:

  1. ഇന്ത്യ ശരിയായ പാഠം പഠിക്കാന്‍ തയ്യാറാകണം. ആഗോളവല്‍ക്കരണനയത്തിന്റെ പേരില്‍ അന്യനാടുകളെ ആശ്രയിച്ച് നമുക്ക് നിലനില്‍ക്കാന്‍ കഴിയുന്നതല്ല. നൂറുകോടിയിലധികം ജനങ്ങള്‍ നിവസിക്കുന്ന പ്രകൃതിവിഭവങ്ങള്‍ വേണ്ടുവോളം ലഭിക്കുന്ന ഇന്ത്യ സ്വന്തം ആഭ്യന്തരകമ്പോളത്തെ വികസിപ്പിക്കുകയും അതിനെ മുഖ്യമായും ആശ്രയിക്കുകയും ചെയ്യുന്ന നയം സ്വീകരിക്കണം. ആഗോളവല്‍ക്കരണനയത്തിന്റെ ദോഷവശം ഉള്‍ക്കൊള്ളാന്‍ തയ്യാറാകണം. അത് സാമ്രാജ്യത്വനയമാണെന്നും വികസ്വര രാജ്യങ്ങളുടെ വികസനം ലക്ഷ്യമാക്കിയുള്ളതല്ലെന്നും തിരിച്ചറിയണം. ഒബാമയുടെ നഷ്ടപ്പെട്ട ജനപ്രീതി തിരിച്ചുപിടിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. ഇന്ത്യ ഇതില്‍നിന്ന് പാഠം പഠിക്കാന്‍ തയ്യാറാകുമെങ്കില്‍ നല്ലത്.

    ReplyDelete