Monday, January 4, 2010

റോജര്‍ ആണയിടുന്നു, ക്യാന്‍സറിനെ കൊല്ലും

ക്യാന്‍സറിനെ കീഴടക്കാനുള്ള ഗവേഷണം വിജയത്തിലേക്ക് അടുക്കുകയാണെന്ന് നൊബേല്‍ സമ്മാന ജേതാവായ വിഖ്യാത രസതന്ത്ര ശാസ്ത്രജ്ഞന്‍ റോജര്‍ വൈ സീന്‍ 'ദേശാഭിമാനി'യോട് പറഞ്ഞു. ജെല്ലിഫിഷുകളില്‍നിന്ന് വേര്‍തിരിക്കുന്ന ഗ്രീന്‍ ഫ്ളൂറസെന്റ് പ്രോട്ടീന്‍ ഉപയോഗിച്ച് ക്യാന്‍സര്‍ കോശങ്ങളെ ചിത്രീകരിക്കാനും അവയുടെ സ്ഥാനം കൃത്യമായി രേഖപ്പെടുത്താനുമുള്ള ശ്രമമാണ് നടക്കുന്നത്. രോഗബാധിതമായ കോശങ്ങളെമാത്രം പൂര്‍ണമായി കേന്ദ്രീകരിക്കാനും മികച്ച ചികിത്സാരീതി ഉപയോഗിക്കാനും ഇതുമൂലം കഴിയും. ചികിത്സമൂലം മറ്റ് കോശങ്ങളുടെ നാശം ഒഴിവാക്കാനാവുമെന്നത് വലിയ നേട്ടംതന്നെയാകും. ഗവേഷണത്തില്‍ തന്റെയും സംഘത്തിന്റെയും ശ്രമം പാതി വഴിയിലേറെ പിന്നിട്ടു. ഉടന്‍ വിജയിക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന് ഇന്ത്യന്‍ ശാസ്ത്ര കോഗ്രസില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം ദേശാഭിമാനിക്ക് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. അള്‍ഷിമേഴ്സ് രോഗത്തിനു കാരണമായ കോശങ്ങളെ കണ്ടെത്താനും പ്രതിവിധിക്കുമായി ഇതേ വഴി തേടുകയാണ് റോജര്‍. ന്യൂറോസയന്‍സിന് ഇത് വലിയ നേട്ടമാകുമെന്ന് അദ്ദേഹം പറയുന്നു. വരും വര്‍ഷങ്ങളില്‍ ക്യാന്‍സര്‍ ചികിത്സാമേഖലയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകാന്‍ പോകുകയാണ്. നൊബേല്‍ സമ്മാനം നേടിത്തന്ന ജെല്ലിഫിഷുകളുടെ നാശത്തില്‍ വ്യസനിക്കുകയാണ് റോജര്‍.

ആഗോളതാപനത്തിനെതിരെ ലോകം ഒന്നായി അണിനിരക്കാന്‍ അദ്ദേഹം പറയുന്നത് സ്വന്തം അനുഭവങ്ങളില്‍നിന്ന്. പസഫിക് സമുദ്രത്തിലെ ഒരു തരം ജെല്ലിഫിഷില്‍നിന്ന് വേര്‍തിരിച്ച തിളങ്ങുന്ന പ്രോട്ടീനുകളെ ഉപയോഗപ്പെടുത്തി ജീവകോശങ്ങളുടെ കണികകളുടെ പ്രവര്‍ത്തനം അനാവരണം ചെയ്തതിനാണ് 2008ല്‍ നൊബേല്‍സമ്മാനം റോജറിനെ തേടിയെത്തിയത് വര്‍ഷങ്ങള്‍ക്കു മുമ്പ് പസഫിക് സമുദ്രത്തില്‍ ബക്കറ്റ് മുക്കിയാല്‍ നൂറുകണക്കിന് ജെല്ലിഫിഷ് ലഭിച്ചിരുന്നു. എന്നാലിപ്പോള്‍ അവ അപൂര്‍വമായി. കാലാവസ്ഥാ വ്യതിയാനവും ജലത്തിലെ അമ്ളവര്‍ധനയും അവയെ സര്‍വനാശത്തിലേക്ക് എത്തിച്ചിരിക്കുന്നു. പരിസ്ഥിതിനാശത്തിന്റെ ഉല്‍പ്പന്നമായ പുതിയയിനം വൈറസുകളുടെ വ്യാപനം മഹാവ്യാധികളില്ലാത്ത ലോകത്ത് ജീവിക്കാമെന്ന മനുഷ്യന്റെ ആഗ്രഹത്തിന് വിലങ്ങുതടിയാകുമെന്ന് റോജര്‍ മുന്നറിയിപ്പ് നല്‍കുന്നു. വരും വര്‍ഷങ്ങളില്‍ ക്യാന്‍സര്‍ ചികിത്സാമേഖലയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകാന്‍ പോകുകയാണെന്ന് ഈ രംഗത്ത് ഗവേഷണം നടത്തുന്ന റോജര്‍ പറഞ്ഞു. കാലിഫോര്‍ണിയ സ്കൂള്‍ ഓഫ് മെഡിസിനില്‍ പ്രൊഫസറായ റോജറിന്റെ മുന്‍ തലമുറ ചൈനീസ് വംശജരാണ്. പതിനാറാം വയസ്സില്‍തന്നെ ശാസ്ത്രരംഗത്തെ മികവിന് അവാര്‍ഡ് നേടിയ അദ്ദേഹം കേംബ്രിഡ്ജില്‍നിന്ന് ഡോക്ടറേറ്റ് നേടി. ജൈവരസതന്ത്രത്തില്‍ അറുപതോളം കണ്ടെത്തലുകള്‍ക്ക് പേറ്റന്റ് നേടി.

ഡോ. എ സാബു (കേരള ബയോടെക്നോളജി കമീഷനിലെ ശാസ്ത്രജ്ഞനായ ഡോ. എ സാബു ശാസ്ത്ര കോണ്‍ഗ്രസില്‍ പ്രതിനിധിയാണ്)

1 comment:

  1. ക്യാന്‍സറിനെ കീഴടക്കാനുള്ള ഗവേഷണം വിജയത്തിലേക്ക് അടുക്കുകയാണെന്ന് നൊബേല്‍ സമ്മാന ജേതാവായ വിഖ്യാത രസതന്ത്ര ശാസ്ത്രജ്ഞന്‍ റോജര്‍ വൈ സീന്‍ 'ദേശാഭിമാനി'യോട് പറഞ്ഞു. ജെല്ലിഫിഷുകളില്‍നിന്ന് വേര്‍തിരിക്കുന്ന ഗ്രീന്‍ ഫ്ളൂറസെന്റ് പ്രോട്ടീന്‍ ഉപയോഗിച്ച് ക്യാന്‍സര്‍ കോശങ്ങളെ ചിത്രീകരിക്കാനും അവയുടെ സ്ഥാനം കൃത്യമായി രേഖപ്പെടുത്താനുമുള്ള ശ്രമമാണ് നടക്കുന്നത്. രോഗബാധിതമായ കോശങ്ങളെമാത്രം പൂര്‍ണമായി കേന്ദ്രീകരിക്കാനും മികച്ച ചികിത്സാരീതി ഉപയോഗിക്കാനും ഇതുമൂലം കഴിയും. ചികിത്സമൂലം മറ്റ് കോശങ്ങളുടെ നാശം ഒഴിവാക്കാനാവുമെന്നത് വലിയ നേട്ടംതന്നെയാകും. ഗവേഷണത്തില്‍ തന്റെയും സംഘത്തിന്റെയും ശ്രമം പാതി വഴിയിലേറെ പിന്നിട്ടു. ഉടന്‍ വിജയിക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന് ഇന്ത്യന്‍ ശാസ്ത്ര കോഗ്രസില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം ദേശാഭിമാനിക്ക് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.

    ReplyDelete