Wednesday, January 6, 2010

വ്യക്തമായത് സിബിഐയുടെ പക്ഷപാതം

സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ ആവശ്യം അനുവദിക്കാതിരുന്ന പ്രത്യേക കോടതിയുടെ നടപടി ഒരുതരത്തിലും പിണറായിയുടെ കേസിനെ പ്രതികൂലമായി ബാധിക്കില്ല. മറിച്ച്, പ്രതികള്‍ക്ക് ഇത്തരമൊരു ഹര്‍ജി നല്‍കാന്‍ അവകാശമില്ലെന്ന സിബിഐയുടെ വാദം കോടതി അംഗീകരിച്ചില്ല എന്നതാണ് വ്യക്തമാകുന്നത്. തെളിവെടുക്കാന്‍ വീണ്ടും സിബിഐയോട് ആവശ്യപ്പെടണമെന്ന വാദത്തോട് യോജിപ്പില്ലെന്നു മാത്രമാണ് കോടതി വ്യക്തമാക്കിയത്. നീതിനിര്‍വഹണത്തിന്റെ ഭാഗമായി വീണ്ടുമൊരു അന്വേഷണം ആവശ്യമുണ്ടെന്നു തോന്നുന്നില്ലെന്നാണ് കോടതി പറഞ്ഞത്. വിധിയില്‍ പിണറായിക്കു ദോഷകരമായി ഒന്നുംതന്നെ കോടതി പറഞ്ഞില്ല. മറിച്ച് ഹര്‍ജി തള്ളിയതുകൊണ്ട് നിഷ്പക്ഷമായ ഒരു അന്വേഷണത്തിന് സിബിഐ തയ്യാറില്ല എന്നുള്ളത് വ്യക്തമാവുകയാണുണ്ടായത്. എന്തിനാണ് സിബിഐ പിണറായി ഉന്നയിച്ച കാര്യങ്ങള്‍ അന്വേഷിക്കുന്നതിന് തടസ്സംനില്‍ക്കുന്നതെന്നാണ് പിണറായിക്കുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ എം കെ ദാമോദരന്‍ കോടതിയില്‍ ചോദിച്ചത്. സിബിഐയുടെ അന്വേഷണം സത്യം കണ്ടെത്താനാണെങ്കില്‍ പിണറായിയുടെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയ പ്രസക്തമായ കാര്യങ്ങള്‍ സിബിഐ അന്വേഷിക്കേണ്ടത് അത്യാവശ്യമല്ലേ എന്ന വാദമാണ് കോടതിയില്‍ ഉന്നയിക്കപ്പെട്ടത്.

1994 മുതല്‍ 2004 വരെ ഏകദേശം പത്തുകൊല്ലത്തോളം നീണ്ടുനിന്ന കരാറിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന ഒരു ഏജന്‍സി രണ്ടുകൊല്ലവും അഞ്ചുമാസവുംമാത്രം മന്ത്രിയായിരുന്ന പിണറായിയെ എങ്ങനെ കേസില്‍ ഉള്‍പ്പെടുത്തിയെന്ന പ്രസക്തമായ ചോദ്യമാണ് അഭിഭാഷകന്‍ കോടതിയില്‍ ഉന്നയിച്ചത്. പിണറായി മന്ത്രിയാകുന്നതിനുമുമ്പും മന്ത്രിസ്ഥാനം ഒഴിഞ്ഞതിനുശേഷവും ഇതുമായി ബന്ധമുള്ള കാര്യങ്ങള്‍ അന്വേഷിക്കേണ്ട ചുമതല അന്വേഷണ ഏജന്‍സിക്കുണ്ടെന്ന് ചൂണ്ടിക്കാട്ടുകയാണ് ചെയ്തത്. നടപ്പാക്കാന്‍ പറ്റാത്ത കരാറാണ് പിണറായിയുടെ കാലത്ത് ഒപ്പിട്ടതെന്നു പറയുന്ന സിബിഐ കരട് കരാര്‍ 2000 മുതല്‍ 2004 വരെ വൈദ്യുതിബോര്‍ഡിന്റെയും കേരളസര്‍ക്കാരിന്റെയും കൈവശം ഉണ്ടായിട്ടും അത് എന്തുകൊണ്ട് ഒപ്പിട്ടില്ലെന്ന കാര്യം അന്വേഷിക്കേണ്ട ചുമതല സിബിഐക്കുണ്ടായിരുന്നു. അത് നീതിനിര്‍വഹണത്തിന്റെ ഭാഗമാണ്. കനേഡിയന്‍ ഗവമെന്റിന്റെ നിയന്ത്രണത്തിലുള്ള സിഡ, ഇഡിഎ, ലാവ്ലിന്‍, ഇന്ത്യയിലുള്ള കനേഡിയന്‍ കമീഷണര്‍ എന്നിവര്‍ തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും എന്തുകൊണ്ട് എ കെ ആന്റണിയും കടവൂര്‍ ശിവദാസനും ധാരണപത്രം കാലഹരണപ്പെടുത്തുകയും കരാറില്‍ ഒപ്പിടാതിരിക്കുകയും ചെയ്തതെന്ന് പിണറായിയുടെ അഭിഭാഷകന്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ആരാണ് കനേഡിയന്‍ സഹായം നഷ്ടപ്പെടുത്തിയതെന്ന് സിബിഐ അന്വേഷിച്ചിട്ടില്ലെന്നും കോടതിയെ അറിയിച്ചു.

സിബിഐയുടെ കുറ്റപത്രപ്രകാരം 86.25 കോടി രൂപ പിണറായിയുടെ കാലത്ത് നഷ്ടപ്പെടുത്തിയെന്നു പറയുന്ന സിബിഐ യഥാര്‍ഥത്തില്‍ സത്യം മറച്ചുപിടിച്ച് കളവായി ഒരു അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. കനേഡിയന്‍ സഹായം നഷ്ടപ്പെടുത്തിയതാണ് കേസിന് ആധാരമെങ്കില്‍ '98 ഒക്ടോബറില്‍ മന്ത്രിസ്ഥാനം ഒഴിഞ്ഞ പിണറായി ആണോ ആ കുറ്റം ഏല്‍ക്കേണ്ടത്. മന്ത്രിമാരായി തുടര്‍ന്നവരല്ലേ ആ കുറ്റം ഏല്‍ക്കേണ്ടത്. എ കെ ആന്റണിക്ക് ലാവ്ലിനും സിഡയും കനേഡിയന്‍ ഹൈകമീഷണറും എഴുതിയ കത്തുകള്‍ (2001-2002) സത്യം തെളിയിക്കാന്‍ പ്രസക്തമാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു. "പാവപ്പെട്ട ജനങ്ങള്‍ക്ക് ക്യാന്‍സര്‍ ശുശ്രൂഷചെയ്യാന്‍ ഞങ്ങള്‍ തരുന്ന സഹായം മുഴുമിപ്പിക്കാന്‍ ഞങ്ങളെ അനുവദിക്കണ''മെന്ന് കനേഡിയന്‍ ഹൈകമീഷണറും ലാവ്ലിന്‍ കമ്പനിയും പലതവണ എ കെ ആന്റണിയോട് നേരിട്ടും ക്യാന്‍സര്‍ സെന്ററിന്റെ ഗവേണിങ് ബോഡി യോഗത്തിലും നിരവധി തവണ ആവശ്യപ്പെട്ടിട്ടും കുറ്റകരമായ അനാസ്ഥ തുടരുകയായിരുന്നെന്ന് കോടതിയെ അറിയിച്ചു. ഇത് കേസിന്റെ നീതിനിര്‍വഹണത്തില്‍ പ്രസക്തമാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു.

ധാരണപത്രം കാലഹരണപ്പെട്ട ഘട്ടത്തില്‍ത്തന്നെ സദുദ്ദേശ്യത്തോടെ ലാവ്ലിന്‍ 50 ലക്ഷം രൂപ ചെലവുചെയ്ത് ഒരു ബ്ളഡ് ബാങ്ക് ക്യാന്‍സര്‍ സെന്ററിനു കൊടുത്തു. അത് കനേഡിയന്‍ സര്‍ക്കാരിന്റെ പ്രതിനിധികളുടെയും ലാവ്ലിന്‍ കമ്പനി ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ ഉദ്ഘാടനംചെയ്തത് മുഖ്യമന്ത്രിയായിരുന്ന എ കെ ആന്റണി ആയിരുന്നു. അതിനുശേഷമെങ്കിലും ഒരു 'ബൈന്‍ഡിങ്' കരാര്‍ ഒപ്പുവയ്ക്കുമെന്ന് കനേഡിയന്‍ സര്‍ക്കാരും ലാവ്ലിന്‍ കമ്പനിയും പ്രതീക്ഷിച്ചു. 2004ല്‍ കനേഡിയന്‍ ഹൈകമീഷണര്‍ കേരളസര്‍ക്കാരിന് എഴുതിയ കത്തില്‍ 'ബൈന്‍ഡിങ്' കരാര്‍ ഉണ്ടെങ്കില്‍ ഞങ്ങള്‍ നിങ്ങള്‍ക്കു തന്ന വാക്കുപാലിക്കാന്‍ തയ്യാറാണെന്നും ക്യാന്‍സര്‍ സെന്ററിനുവേണ്ട ബാക്കി തുക കനേഡിയന്‍ ഏജന്‍സികള്‍ പിരിച്ചുനല്‍കാമെന്നും വ്യക്തമാക്കിയിരുന്നു. '98ല്‍ മന്ത്രിസ്ഥാനം ഒഴിഞ്ഞ പിണറായി വിജയന് ഇതില്‍ എന്താണ് പങ്കെന്നും കോടതിയില്‍ ചോദ്യമുന്നയിച്ചിരുന്നു.

കുറ്റപത്രത്തില്‍ സിബിഐ ആരോപിക്കുന്നത് 86.25 കോടി രൂപ കേരളസര്‍ക്കാരിന്റെ ഖജനാവിന് നഷ്ടപ്പെടുത്തിയെന്നാണ്. കരാര്‍ വൈദ്യുതിബോര്‍ഡും കേരളസര്‍ക്കാരും ഒപ്പിടാത്തതിനാല്‍ പിരിക്കാത്ത തുകയാണിത്. ഇതെങ്ങനെ സര്‍ക്കാര്‍ ഖജനാവിന് വന്ന നഷ്ടമാകും. ക്യാന്‍സര്‍ സെന്ററിനു നല്‍കാമെന്നു പറഞ്ഞ 98.3 കോടി രൂപ ഒരു കാരണവശാലും തുകയായി എത്തിക്കുന്ന ബാധ്യത അവര്‍ക്കില്ല. ഈ തുക കെട്ടിടനിര്‍മാണത്തിനും ചികിത്സയ്ക്കാവശ്യമായ ഉപകരണങ്ങള്‍ നല്‍കാനുമാണ്. ഇത് നടപ്പാക്കേണ്ട ചുമതല ലാവ്ലിന്‍ കമ്പനിക്കാണ്. ഈ ക്ഷേമപദ്ധതി മലബാറില്‍ നല്‍കാമെന്ന് കനേഡിയന്‍ സര്‍ക്കാര്‍ പറഞ്ഞത് രണ്ടു പ്രോജക്ട് കണക്കിലെടുത്താണ്. കുറ്റ്യാടിപദ്ധതിയും പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ പദ്ധതിയും ഒന്നിച്ചാണ് കണക്കിലെടുത്തത്. ഈ രണ്ടു പദ്ധതിയുടെയും കരാറുകളുടെ ഭാഗമല്ല ക്യാന്‍സര്‍ സെന്റര്‍ നിര്‍മാണവും സംരക്ഷണവും. ഈ രണ്ടു പദ്ധതിക്കും കനേഡിയന്‍ സര്‍ക്കാരിന്റെ പങ്കാളിത്തമുള്ളതുകൊണ്ട് കേരളത്തിലെ പാവങ്ങളെ സഹായിക്കാന്‍ കനേഡിയന്‍ സര്‍ക്കാര്‍ സ്വമേധയാ സ്വീകരിച്ച ഒരു ക്ഷേമപദ്ധതിയാണ് ക്യാന്‍സര്‍ സെന്റര്‍. ഇത്തരം പ്രസക്തമായ കാര്യങ്ങള്‍കൂടി അന്വേഷിക്കാന്‍ സിബിഐക്ക് നിര്‍ദേശം നല്‍കണമെന്നായിരുന്നു പിണറായിയുടെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. ആവശ്യം നിരസിച്ചെങ്കിലും പിണറായിയുടെ കേസിനെ അത് പ്രതികൂലമായി ബാധിക്കില്ല. ഹര്‍ജി തള്ളിയ നടപടി പ്രോസിക്യൂഷന് അനുകൂലവുമല്ല, മറിച്ച് നിഷ്പക്ഷവും സുതാര്യവുമായ അന്വേഷണത്തിന് സിബിഐ തയ്യാറല്ലെന്ന കാര്യം വ്യക്തമാവുക മാത്രമാണ് ഉണ്ടായത്.

പി പി താജുദ്ദീന്‍ ദേശാഭിമാനി 050110

ഈ വിഷയത്തിലെ മറ്റൊരു പോസ്റ്റ്

പറയൂ സി.ബി.ഐ, നേരറിയണ്ടേ?

1 comment:

  1. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ ആവശ്യം അനുവദിക്കാതിരുന്ന പ്രത്യേക കോടതിയുടെ നടപടി ഒരുതരത്തിലും പിണറായിയുടെ കേസിനെ പ്രതികൂലമായി ബാധിക്കില്ല. മറിച്ച്, പ്രതികള്‍ക്ക് ഇത്തരമൊരു ഹര്‍ജി നല്‍കാന്‍ അവകാശമില്ലെന്ന സിബിഐയുടെ വാദം കോടതി അംഗീകരിച്ചില്ല എന്നതാണ് വ്യക്തമാകുന്നത്. തെളിവെടുക്കാന്‍ വീണ്ടും സിബിഐയോട് ആവശ്യപ്പെടണമെന്ന വാദത്തോട് യോജിപ്പില്ലെന്നു മാത്രമാണ് കോടതി വ്യക്തമാക്കിയത്. നീതിനിര്‍വഹണത്തിന്റെ ഭാഗമായി വീണ്ടുമൊരു അന്വേഷണം ആവശ്യമുണ്ടെന്നു തോന്നുന്നില്ലെന്നാണ് കോടതി പറഞ്ഞത്. വിധിയില്‍ പിണറായിക്കു ദോഷകരമായി ഒന്നുംതന്നെ കോടതി പറഞ്ഞില്ല. മറിച്ച് ഹര്‍ജി തള്ളിയതുകൊണ്ട് നിഷ്പക്ഷമായ ഒരു അന്വേഷണത്തിന് സിബിഐ തയ്യാറില്ല എന്നുള്ളത് വ്യക്തമാവുകയാണുണ്ടായത്.

    ReplyDelete