Monday, January 18, 2010

സക്കറിയയുടെ പയ്യന്നൂര്‍ പ്രസംഗത്തിന്റെ ലക്ഷ്യമെന്ത്?

സക്കറിയയുടെ സവിശേഷത, എഴുത്തിലായാലും പ്രസംഗത്തിലായാലും, തനിമയാണ്. അദ്ദേഹത്തെപോലെ അദ്ദേഹമേയുള്ളൂ. ഇത് മറ്റ് പല എഴുത്തുകാര്‍ക്കും മാധ്യമങ്ങള്‍ക്കും ദഹിക്കുന്ന കാര്യമല്ല. അതുകൊണ്ട് അവര്‍ പലപ്പോഴും സക്കറിയയെ കണ്ടതായി നടിക്കാറില്ല.

പക്ഷേ, കഴിഞ്ഞ ദിവസം അത്തരക്കാരൊക്കെ അദ്ദേഹത്തെ പ്രതിരോധിക്കാന്‍ രംഗത്തിറങ്ങി. സക്കറിയ പയ്യന്നൂരില്‍ ചെയ്ത ഒരു പ്രസംഗത്തെ തുടര്‍ന്ന് അദ്ദേഹത്തെ ചിലര്‍ ചോദ്യം ചെയ്തതിനെ, ആക്രമിക്കാന്‍ ശ്രമിച്ചു എന്നായി വ്യാഖ്യാനിച്ചു. ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് അത് ചെയ്തതെന്ന് ആരോപണം ഉയര്‍ന്നു. കെ എസ് മനോജിന്റെ രാജി പ്രസ്താവനയും സക്കറിയയെ ഡിവൈഎഫ്ഐക്കാര്‍ 'ആക്രമിച്ചെ'ന്ന വാര്‍ത്തയും ഒക്കെ ചേര്‍ത്തുവെച്ച് സിപിഐ എമ്മിനെതിരെ ഒരു പുതിയ ആക്രമണമുഖം തുറക്കാന്‍ ചില മാധ്യമങ്ങള്‍ ശ്രമം നടത്തി. ഈ സംഭവങ്ങള്‍ അത്തരത്തില്‍ ഏകോപിച്ച് അവതരിപ്പിച്ചതാണോ എന്ന് അറിയാന്‍ കുറച്ചുനാള്‍ കൂടി കാത്തിരിക്കേണ്ടി വന്നേക്കാം.

തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട പൊതുസമ്മേളനത്തില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സക്കറിയയോട് പാര്‍ടിക്കുള്ള ബഹുമാനം എടുത്തു പറഞ്ഞുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ പയ്യന്നൂര്‍ പ്രസംഗത്തിന്റെ ഉള്ളടക്കം പരാമര്‍ശിച്ചുകൊണ്ട് സംസാരിച്ചു.

രാജ്മോഹന്‍ ഉണ്ണിത്താനെ ഒരു രാത്രിയില്‍ മഞ്ചേരിയിലെ ആള്‍പാര്‍പ്പില്ലാത്ത വീട്ടില്‍നിന്ന് ഒരു യുവതിയോടൊപ്പം അയല്‍വാസികള്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ചു. അത് രാഷ്ട്രീയമായ ഒരു ആക്രമണമായിരുന്നില്ല. ഉണ്ണിത്താനാണ് എന്നറിഞ്ഞല്ല നാട്ടുകാര്‍ അത് ചെയ്തത്. അതില്‍ രാഷ്ട്രീയ വിരോധമല്ല, അവരുടെ സദാചാരബോധമാണ് പ്രതിഫലിച്ചത്. അതിനെ മാനിച്ചായിരിക്കണം കോണ്‍ഗ്രസ് നേതൃത്വം ഉണ്ണിത്താനെ സസ്പെന്റ് ചെയ്തതും.

ഉണ്ണിത്താനെ ഈ ദുരവസ്ഥയില്‍നിന്നു രക്ഷിക്കാനാണോ, പ്രായപൂര്‍ത്തിയായ ഏത് പുരുഷനും സ്ത്രീക്കും ഒന്നിച്ചു താമസിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് സ്ഥാപിക്കാനാണോ, ഏതാണെന്നറിയില്ല സക്കറിയ ദിവസങ്ങള്‍ക്കുശേഷം പയ്യന്നൂരിലെ ഒരു പ്രസംഗത്തില്‍ ഉണ്ണിത്താനെ ന്യായീകരിച്ച് പ്രസംഗിച്ചത്. ഈ പ്രശ്നത്തിനു ലൈംഗിക സ്വാതന്ത്ര്യത്തിന്റെ മാനത്തിനപ്പുറം രാഷ്ട്രീയമായ ന്യായീകരണം കൂടി നല്‍കാനാകണം, 60-70 വര്‍ഷംമുമ്പ് ഒളിവില്‍ കഴിഞ്ഞകാലത്ത് "ഇത്ര മാത്രം ലൈംഗികതയോടുകൂടി പ്രവര്‍ത്തിച്ച മറ്റൊരു പ്രസ്ഥാനമുണ്ടോ എന്നു സംശയിക്കണം. ഒരുപക്ഷേ, കേരളത്തില്‍ ഏറ്റവും ലൈംഗികതയില്‍ അടിയുറച്ച രാഷ്ട്രീയ പ്രസ്ഥാനമാണ് ഇടതുപക്ഷ പ്രസ്ഥാനം'' എന്നു സക്കറിയ പ്രസംഗിച്ചത്.

ഇത് വസ്തുതാവിരുദ്ധമായ വ്യാഖ്യാനമോ നിഗമനമോ ആണ് എന്ന് കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ചരിത്രം അറിയുന്നവര്‍ക്കെല്ലാം അറിയാം. രാജ്മോഹന്‍ ഉണ്ണിത്താനെ ന്യായീകരിക്കുന്നതിനായി ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ചരിത്രത്തിലാകെ ചെളിവാരി എറിയുകയാണ് സക്കറിയ ചെയ്തത്. പൌരന്റെ ലൈംഗിക സ്വാതന്ത്ര്യത്തെ പ്രതിരോധിക്കാനും ന്യായീകരിക്കാനും ശ്രമിക്കുന്നവര്‍ക്ക് ഇടതുപക്ഷ പ്രസ്ഥാനത്തെ പ്രതിക്കൂട്ടില്‍ കയറ്റേണ്ട കാര്യമില്ല. മതനിരപേക്ഷമായി കേരളീയര്‍ക്കുള്ള സദാചാരബോധത്തിന്റെ അടിസ്ഥാനത്തിലാണ് ഉണ്ണിത്താനെ ആയാലും മുമ്പ് ഇത്തരം ബന്ധങ്ങളില്‍ ഏര്‍പ്പെട്ട മറ്റ് നേതാക്കളെ ആയാലും രാഷ്ട്രീയ ഭേദമെന്യേ അതാതിടത്തെ പ്രാദേശിക സമൂഹം പ്രതിക്കൂട്ടിലേറ്റിയിട്ടുള്ളതും കേരളീയ സമൂഹം അതിനെ ശരിവെച്ചതും. രാജ്മോഹന്‍ ഉണ്ണിത്താനെ ന്യായീകരിക്കുന്നതിന് ഉപരി ഇടതുപക്ഷത്തിന്റെമേല്‍ ചെളിവാരിത്തേക്കാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമായി വേണം സക്കറിയയുടെ പ്രസംഗത്തെയും അതിനു നല്‍കപ്പെട്ട പ്രചാരണത്തെയും കാണാന്‍.

പയ്യന്നൂരില്‍ അദ്ദേഹത്തെ ആരും കയ്യേറ്റം ചെയ്തിരുന്നില്ല. അദ്ദേഹത്തിന്റെ അഭിപ്രായത്തെ പരുഷമായി ചോദ്യം ചെയ്തിരുന്നു. ഡിവൈഎഫ്ഐക്കാര്‍ ഉള്‍പ്പെടെ ഇടതുപക്ഷത്തെക്കുറിച്ച് സക്കറിയ പറഞ്ഞത് കടന്ന കയ്യായി എന്നു തോന്നിയ പലരും അവരില്‍ ഉണ്ടാകാം. രാജ്മോഹന്‍ ഉണ്ണിത്താനെ ന്യായീകരിക്കുന്നതിനു സക്കറിയ മാത്രമാണല്ലോ ഇടതുപക്ഷത്തെക്കുറിച്ച് ഇങ്ങനെയൊരു അഭിപ്രായം പ്രകടിപ്പിച്ചത്.

സക്കറിയയുടെ പ്രകോപനപരമായ അഭിപ്രായ പ്രകടനത്തെ അതേപോലെ ചോദ്യം ചെയ്തതില്‍ അപ്പുറം അവിടെ ഒന്നും നടന്നില്ല എന്നാണ് അറിയുന്നത്. അതിനെ ഡിവൈഎഫ്ഐയുടെയോ സിപിഐ എമ്മിന്റെയോ നേതാക്കളാരും ന്യായീകരിക്കാന്‍ ശ്രമിച്ചിട്ടില്ല. ഏത് പശ്ചാത്തലത്തിലാണ് അവിടെ അങ്ങനെയൊരു പ്രതികരണം ഉണ്ടായത് എന്ന് വിവരിച്ചശേഷം ആരോപിക്കപ്പെടുന്ന തരത്തില്‍ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കില്‍ അന്വേഷിച്ച് വേണ്ടത് ചെയ്യും എന്നാണ് ഡിവൈഎഫ്ഐ നേതാക്കള്‍ പ്രസ്താവിച്ചിട്ടുള്ളത്. സാധാരണഗതിയില്‍ അതോടെ വിവാദം അവസാനിപ്പിക്കാന്‍ സക്കറിയയും അദ്ദേഹത്തെ അനുകൂലിക്കുന്നവരും തയ്യാറാകേണ്ടതായിരുന്നു.

പിണറായി വിജയന്‍ സക്കറിയയോടുള്ള ബഹുമാനം പരസ്യമായി പ്രകടിപ്പിച്ചശേഷം പ്രസംഗം കേള്‍ക്കുന്നവര്‍ ചില സന്ദര്‍ഭങ്ങളില്‍ പ്രകടിപ്പിക്കാറുള്ള രോഷത്തെ പരാമര്‍ശിച്ചിരുന്നു. ഓരോ സംഘടനയിലുള്ളവര്‍ക്കും അതിനെ മോശമായി ചിത്രീകരിക്കുമ്പോള്‍ ശക്തമായ എതിര്‍പ്പ് തോന്നാം. അത് മതസംഘടനയില്‍പ്പെട്ടവര്‍ക്കാകാം, രാഷ്ട്രീയ - സാമൂഹ്യ സംഘടനകളില്‍പ്പെട്ടവര്‍ക്കാകാം. അങ്ങനെ ചിലതരം അഭിപ്രായ പ്രകടനങ്ങളോട് എതിര്‍പ്പ് പ്രകടിപ്പിക്കുന്നതിനെയെല്ലാം ഫാസിസമായി ചിത്രീകരിക്കുന്നത് ഒന്നുകില്‍ അതേക്കുറിച്ചുള്ള അറിവുകേടുകൊണ്ടാണ്. അല്ലെങ്കില്‍ ഫാസിസത്തെ ഉപരിപ്ളവമായി കാണുന്നതുകൊണ്ടാണ്. രണ്ടായാലും ആ വാദത്തില്‍ കഴമ്പില്ല.

വിവാദം കൊഴുക്കുംതോറും സിപിഐ എം വിരോധത്തിന്റെയും പാര്‍ടിയെയും ഇടതുപക്ഷ പ്രസ്ഥാനത്തെയും താറടിച്ചു കാണിക്കാനുള്ള വെമ്പലിന്റെയും ദൃശ്യങ്ങളും ലക്ഷ്യങ്ങളും കൂടുതല്‍ കൂടുതല്‍ വെളിപ്പെടുകയാണ്. രാജ്മോഹന്‍ ഉണ്ണിത്താനോട് വ്യക്തിപരമായ ഒരു ശത്രുതയും സിപിഐ എമ്മിനില്ല. ആ സംഭവം ജനശ്രദ്ധയില്‍ ആദ്യമായി കൊണ്ടുവന്നത് പാര്‍ടിയോ അതുമായി ബന്ധപ്പെട്ട ബഹുജനസംഘടനകളോ മാധ്യമങ്ങളോ അല്ല. ആ വസ്തുത ചിലരെ പോലെ പൂഴ്ത്തിവെക്കാന്‍ ശ്രമിച്ചിട്ടില്ല. ഒരു പൊതുസംഭവം എന്ന നിലയില്‍ അതിനെക്കുറിച്ച് അഭിപ്രായ പ്രകടനം നടത്തിയിട്ടുണ്ട്. ആ സംഭവത്തിന്റെ ആരവവും പൊടിപടലവും അടങ്ങിയശേഷം ഇടതുപക്ഷത്തെ ആക്ഷേപിച്ച് ഉണ്ണിത്താനെ ന്യായീകരിക്കുന്നതിനു സക്കറിയയെ പ്രേരിപ്പിച്ച ചേതോവികാരം എന്തെന്ന് ഇനിയും വെളിപ്പെടേണ്ടിയിരിക്കുന്നു.

സി പി നാരായണന്‍ chintha 220110

3 comments:

  1. സക്കറിയയുടെ സവിശേഷത, എഴുത്തിലായാലും പ്രസംഗത്തിലായാലും, തനിമയാണ്. അദ്ദേഹത്തെപോലെ അദ്ദേഹമേയുള്ളൂ. ഇത് മറ്റ് പല എഴുത്തുകാര്‍ക്കും മാധ്യമങ്ങള്‍ക്കും ദഹിക്കുന്ന കാര്യമല്ല. അതുകൊണ്ട് അവര്‍ പലപ്പോഴും സക്കറിയയെ കണ്ടതായി നടിക്കാറില്ല.

    പക്ഷേ, കഴിഞ്ഞ ദിവസം അത്തരക്കാരൊക്കെ അദ്ദേഹത്തെ പ്രതിരോധിക്കാന്‍ രംഗത്തിറങ്ങി. സക്കറിയ പയ്യന്നൂരില്‍ ചെയ്ത ഒരു പ്രസംഗത്തെ തുടര്‍ന്ന് അദ്ദേഹത്തെ ചിലര്‍ ചോദ്യം ചെയ്തതിനെ, ആക്രമിക്കാന്‍ ശ്രമിച്ചു എന്നായി വ്യാഖ്യാനിച്ചു. ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് അത് ചെയ്തതെന്ന് ആരോപണം ഉയര്‍ന്നു. കെ എസ് മനോജിന്റെ രാജി പ്രസ്താവനയും സക്കറിയയെ ഡിവൈഎഫ്ഐക്കാര്‍ 'ആക്രമിച്ചെ'ന്ന വാര്‍ത്തയും ഒക്കെ ചേര്‍ത്തുവെച്ച് സിപിഐ എമ്മിനെതിരെ ഒരു പുതിയ ആക്രമണമുഖം തുറക്കാന്‍ ചില മാധ്യമങ്ങള്‍ ശ്രമം നടത്തി. ഈ സംഭവങ്ങള്‍ അത്തരത്തില്‍ ഏകോപിച്ച് അവതരിപ്പിച്ചതാണോ എന്ന് അറിയാന്‍ കുറച്ചുനാള്‍ കൂടി കാത്തിരിക്കേണ്ടി വന്നേക്കാം.

    ReplyDelete
  2. ബുദ്ധിജീവികളെ കൊണ്ടെന്ത് പ്രയോജനം..?

    ReplyDelete
  3. ക്രൂരനും തെമ്മാടിയുമായ ഭാസ്കരപട്ടേലര്‍ക്ക് “സക്കറിയ” നല്‍കിയ വിധി ആരും മറക്കരുതേ...!

    ReplyDelete