Wednesday, January 20, 2010

വംഗനാടിന്റെ ജ്യോതിക്ക് പ്രണാമം

വംഗനാടിന്റെ ജ്യോതിയെ ഹൃദയത്തിലേറ്റുവാങ്ങി കൊല്‍ക്കത്ത നഗരവീഥികളില്‍ ജനലക്ഷങ്ങള്‍ തടിച്ചുകൂടി. തങ്ങളുടെ പ്രിയനേതാവിനെ കാണാന്‍ അടുത്തുനിന്നും അകലെനിന്നുമായി തിങ്കളാഴ്ച രാത്രിമുതല്‍ ജനങ്ങള്‍ ക്യൂനില്‍ക്കുകയായിരുന്നു. നിയമസഭാ മന്ദിരത്തില്‍ ഉച്ചക്ക് മൂന്നുവരെ പൊതുദര്‍ശനത്തിന്വച്ചെങ്കിലും ഒരുനോക്കുകാണാനാവാതെ പതിനായിരങ്ങള്‍ മടങ്ങി. ചൊവ്വാഴ്ച രാവിലെ ഏഴരയോടെ ജ്യോതി ബസുവിന്റെ മൃതദേഹം പീസ് ഹെവന്‍ മോര്‍ച്ചറിയില്‍നിന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബിമന്‍ ബസു ഏറ്റുവാങ്ങി അലിമുദീന്‍ തെരുവിലെ പാര്‍ട്ടി സംസ്ഥാന കമ്മറ്റിയാഫീസായ മുസഫര്‍ അഹമ്മദ് ഭവനില്‍ കൊണ്ടുവന്നു. ജനറല്‍സെക്രട്ടറിയടക്കമുള്ള പിബി, സിസി അംഗങ്ങളും ബംഗാള്‍, കേരളം, ത്രിപുര മുഖ്യമന്ത്രിമാരും മറ്റ് ഇടതുപക്ഷ നേതാക്കളും ബസുവിന് ആദരാഞ്ജലിയര്‍പ്പിച്ചു. തുടര്‍ന്ന് മൃതദേഹം പ്രത്യേകം തയാറാക്കിയ തുറന്ന വാഹനത്തില്‍ പുറത്തേക്ക് എടുത്തു. വഴിനീളെ ബസുവിന്റെ ചിത്രവുമേന്തി ആയിരങ്ങള്‍ ജ്യോതി ബസു അമര്‍ രഹേ എന്ന ഒരേസ്വരത്തില്‍ വിളിച്ചുപറഞ്ഞു. ഒമ്പതു മണിയോടെ ബസു ദീര്‍ഘകാലം ഭരണചക്രം തിരിച്ച റൈറ്റേഴ്സ് ബില്‍ഡിങ്ങില്‍ എത്തിച്ചു. അവിടെ മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ആദരാഞ്ജലിയര്‍പ്പിച്ചു. തുടര്‍ന്ന് പത്തുമണിയോടെ നിയമസഭാ മന്ദിരത്തില്‍ പൊതുദര്‍ശനത്തിനു വച്ചു. ബംഗ്ളാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന, പ്രതിപക്ഷ നേതാവ് എല്‍ കെ അദ്വാനി, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മുന്‍ പ്രധാനമന്ത്രി ദേവ ഗൌഡ, പ്രണബ് കുമാര്‍ മുഖര്‍ജി, ശരത് യാദവ്, ഷിബു സോറന്‍, നിഥിന്‍ ഗഡ്കരി തുടങ്ങീ ഒട്ടനവധി പ്രമുഖ നേതാക്കള്‍ ബസുവിന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തി. മൂന്നരയോടെ വിലാപയാത്രയായി എസ്എസ്കെഎം ആശുപത്രിയിലേക്ക് നീങ്ങി. കൊല്‍ക്കൊത്ത നഗരം ഇതുവരെ കാണാത്ത ജനാവലിയായിരുന്നു വിലാപയാത്രയില്‍. ഒട്ടേറെ തവണ തന്റെ വാക്കുകളിലൂടെ പതിനായിരങ്ങളില്‍ വിപ്ളവാവേശം നിറച്ച ബ്രിഗേഡ് ഗ്രൌണ്ടിനരികിലൂടെ ബസുവിന്റെ മൃതദേഹം കടന്നുപോകുമ്പോള്‍ ഗ്രൌണ്ടിനുചുറ്റും തിങ്ങിക്കൂടിയ ജനാവലി ഒരു കാര്യം വിളിച്ചോതി... വംഗനാടിന്റെ ജ്യോതി അണയില്ല. കൊല്‍ക്കൊത്തയിലെ സാംസ്കാരിക കേന്ദ്രമായ രവീന്ദ്ര ഭവനടുത്തുള്ള കത്തീഡ്രല്‍ റോഡില്‍ പ്രത്യേകം തയാറാക്കിയ വേദിയില്‍ ബസുവിന് സൈനിക, പൊലീസ് ബഹുമതികള്‍ നല്‍കി. തുടര്‍ന്ന് മകന്‍ ചന്ദന്‍ ബസു മൃതദേഹം ആശുപത്രി അധികൃതര്‍ക്ക് കൈമാറി.

കണ്ണീരോടെ ജനലക്ഷങ്ങള്‍

ഒരു ജനതയ്ക്ക് ആരായിരുന്നു ജ്യോതിബസു എന്നതിന്റെ വികാരനിര്‍ഭരമായ ഉത്തരമായിരുന്നു ചൊവ്വാഴ്ച കൊല്‍ക്കത്ത നഗരം കണ്ട ജനസഞ്ചയം. നാടിന്റെ ആത്മാവും ആവേശവുമായിരുന്ന നേതാവിനോടുള്ള സ്നേഹബഹുമാനങ്ങളോടെ പശ്ചിമബംഗാളിന്റെ നാനാഭാഗങ്ങളില്‍നിന്നും ജനലക്ഷങ്ങള്‍ പ്രവഹിക്കുകയായിരുന്നു. പീസ് ഹെവനില്‍നിന്ന് എസ്എസ്കെഎം ആശുപത്രിയില്‍ അവസാനിച്ച അന്ത്യയാത്രയുടെ ഓരോ നിമിഷവും ജ്യോതിബസുവും ജനങ്ങളുമായുള്ള അടുപ്പത്തിന്റെ ദൃഷ്ടാന്തമായിരുന്നു. വിലാപയാത്ര എത്തുന്നതിന് മണിക്കൂറുകള്‍ക്കുമുമ്പേ പാതയോരങ്ങളിലും കെട്ടിടങ്ങളിലുമെല്ലാം ജനങ്ങള്‍ തിങ്ങിനിറഞ്ഞു. നിയമസഭാമന്ദിരത്തില്‍ മൃതദേഹം കിടത്തിയ സമയത്താണ് ലോകത്തിന്റെയും രാഷ്ട്രത്തിന്റെയും സ്നേഹാദരങ്ങളാകെ ഒഴുകിയെത്തിയത്. ബംഗ്ളാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന മുതല്‍ സോണിയ ഗാന്ധി വരെ വലിയൊരു നിര നേതാക്കളുടെ സാന്നിധ്യം അവിടെയുണ്ടായി. ഏറ്റവും വികാരസാന്ദ്രമായ രംഗങ്ങള്‍ക്കാണ് ഇവിടം സാക്ഷിയായത്.

പ്രത്യേകം ഒരുക്കിയ വഴിയിലൂടെ തിങ്ങിനിറഞ്ഞെത്തിയവര്‍ ബസുവിന്റെ ചിത്രങ്ങള്‍, അദ്ദേഹത്തിന്റെ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച പത്രങ്ങള്‍, പൂക്കള്‍ കൊണ്ടുള്ള പടുകൂറ്റന്‍ റീത്തുകള്‍, അരിവാള്‍ ചുറ്റിക നക്ഷത്രം അങ്ങനെ തങ്ങളുടെ നേതാവിനെ ആദരിക്കാനുള്ളതെന്തും കൈയിലേന്തിയിരുന്നു. ചെങ്കൊടിയേന്തി സാര്‍വ്വദേശീയ ഗാനമാലപിച്ച് സിപിഐ എം വളണ്ടിയര്‍മാരും ബംഗാളി വിപ്ളവഗാനങ്ങളും രവീന്ദ്ര, നസ്റുള്‍ ഗീതങ്ങള്‍ പാടി പ്രവര്‍ത്തകരും വിലാപയാത്രയോടൊപ്പം നീങ്ങി. വിവിധ മതവിഭാഗങ്ങളുടെ മേധാവികള്‍ നിയമസഭാമന്ദിരത്തിലെത്തി അന്തിമോപചാരമര്‍പ്പിച്ചു. ഹിന്ദു, മുസ്ളിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, ജൈന മതനേതാക്കള്‍ ബസുവിന് അന്ത്യാഞ്ജലി നല്‍കി ഒന്നിച്ച് പ്രാര്‍ഥിച്ചു. ബസുവിന്റെ ബംഗാളില്‍ തങ്ങള്‍ എത്ര സുരക്ഷിതരാണെന്നതിന്റെ നന്ദിപ്രകടനവും അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച ഉന്നതമായ മതനിരപേക്ഷതയോടുള്ള ബഹുമാനവും വെളിപ്പെടുത്തുന്നതായിരുന്നു ഈ രംഗങ്ങള്‍. നിയമസഭാമന്ദിരത്തില്‍ ദേശീയ, വിദേശ നേതാക്കള്‍ എത്തുന്നതിനാല്‍ കനത്ത സുരക്ഷയാണ് ഒരുക്കിയത്. നിയമസഭാമന്ദിരത്തിനു മുന്നിലുള്ള ജനങ്ങളുടെ നിര രണ്ട് കിലോമീറ്റര്‍ അകലെ ഷഹീദ് മിനാറിനു മുന്നില്‍വരെ നീണ്ടു. 3.15ന് മൃതദേഹം സൈനികവാഹനത്തില്‍ റെഡ്റോഡ്, കസൌറിനാ അവന്യൂ, ക്യൂന്‍സ്വേ വഴി എസ്എസ്കെഎം ആശുപത്രിക്കടുത്തുള്ള സിറ്റിസസ് പാര്‍ക്കിലേക്ക് നീങ്ങിയപ്പോള്‍ ജനലക്ഷങ്ങളാണ് അനുഗമിച്ചത്. 1925ല്‍ ചിത്തരഞ്ജന്‍ ദാസും 1941ല്‍ രവീന്ദ്രനാഥ ടാഗോറും മരിച്ചപ്പോഴാണ് കൊല്‍ക്കത്ത നഗരം വലിയ സംസ്കാര ചടങ്ങുകള്‍ ദര്‍ശിച്ചത്. സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം നഗരം കണ്ട ഏറ്റവും വലിയ വിലാപയാത്ര ബസുവിന്റേതായിരുന്നു.

ജനഹൃദയങ്ങളില്‍

ഒരേവികാരവായ്പോടെ, ഒരേഹൃദയത്തോടെ തെരുവീഥികള്‍ നിറഞ്ഞുതുളുമ്പിയ ജനസാഗരം പ്രിയപ്പെട്ട ജ്യോതിദായെ യാത്രയാക്കി. രാജ്യം കണ്ട ഏറ്റവും വികാരനിര്‍ഭരമായ അന്ത്യയാത്രകളിലൊന്നിനാണ് കൊല്‍ക്കത്ത ചൊവ്വാഴ്ച സാക്ഷ്യംവഹിച്ചത്. മഹാനായ കമ്യൂണിസ്റ്റ് നേതാവിന് യാത്രാമൊഴി നല്‍കാന്‍ വംഗനാട്ടിലെ ജനലക്ഷങ്ങള്‍ക്കൊപ്പം വിദേശരാഷ്ട്രത്തലവന്മാരും രാഷ്ട്രനേതൃത്വവും ഒത്തുചേര്‍ന്നു. ഒരായിരം കണ്ഠങ്ങളില്‍നിന്ന് 'ജ്യോതിബസു അമര്‍ രഹേ' മുഴങ്ങവെ ആധുനിക ബംഗാളിന്റെ ശില്‍പ്പി ചരിത്രത്തിലേക്ക് കടന്നുപോയി. സൈന്യത്തിന്റെയും സര്‍ക്കാരിന്റെയും ബഹുമതികളോടെയായിരുന്നു ദേശാഭിമാനിയുടെ അവസാനയാത്ര. രവീന്ദ്രനാഥ ടാഗോറിന്റെയും സി ആര്‍ ദാസിന്റെയും വിലാപയാത്രകള്‍ക്ക് സാക്ഷ്യംവഹിച്ച കൊല്‍ക്കത്ത നഗരം സ്വാതന്ത്ര്യാനന്തരം കണ്ട ഏറ്റവും വലിയ വിലാപയാത്ര നിയമസഭാമന്ദിരത്തില്‍നിന്നാണ് ആരംഭിച്ചത്. പീസ് ഹെവന്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ചൊവ്വാഴ്ച രാവിലെ ഏഴരയ്ക്ക് സിപിഐ എം സംസ്ഥാന സെക്രട്ടറി ബിമന്‍ബസുവാണ് ഏറ്റുവാങ്ങിയത്. പുറത്ത് ചെങ്കൊടികളുമായി കാത്തുനിന്ന പതിനായിരങ്ങള്‍ ജ്യോതിബസുവിന് ലാല്‍സലാം മുഴക്കി. രാവിലെയുള്ള കടുത്ത തണുപ്പിനെ കൂസാതെ ജനലക്ഷങ്ങള്‍ പാതയോരത്ത് കാത്തുനിന്നു.

എട്ടുമണിയോടെ അലിമുദീന്‍ സ്ട്രീറ്റിലെ സിപിഐ എം സംസ്ഥാന കമ്മിറ്റി ഓഫീസായ മുസഫര്‍ അഹമ്മദ് ഭവനില്‍ കൊണ്ടുവന്ന മൃതദേഹം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് പ്രത്യേകം സജ്ജമാക്കിയ ഉയര്‍ന്ന പീഠത്തില്‍ കിടത്തി. ഒമ്പതുമണിയോടെ മൃതദേഹം പുഷ്പാലംകൃതമായ വാഹനത്തിലേക്കെടുക്കുമ്പോള്‍ അലിമുദീന്‍ സ്ട്രീറ്റും ആചാര്യ ജഗദീശ് ചന്ദ്ര ബോസ് റോഡും ജനലക്ഷങ്ങളെക്കൊണ്ട് നിറഞ്ഞിരുന്നു. വാഹനം മുന്നോട്ടുനീങ്ങാന്‍ ഏറെ ബുദ്ധിമുട്ടേണ്ടിവന്നു. ജഗദീശ് ചന്ദ്രബോസ് റോഡിലൂടെ മൃതദേഹം വഹിച്ച വാഹനം നീങ്ങിയപ്പോള്‍ ഇരുവശങ്ങളിലും കെട്ടിടങ്ങളുടെ മുകളിലുമായി പതിനായിരങ്ങള്‍ ഒരുനോക്കു കാണാന്‍ കാത്തുനിന്നു. വഴിയോരത്ത് കണ്ണീരോടെ കാത്തുനിന്ന സംഘങ്ങള്‍ ടാഗോറിന്റെയും നസ്റുള്‍ ഇസ്ളാമിന്റെയും ഗീതങ്ങള്‍ പാടി മൃതദേഹത്തെ അനുഗമിച്ചു.

മധ്യകൊല്‍ക്കത്തയിലെ എസ്പ്ളനേഡിലെത്തിയപ്പോള്‍ അവിടമാകെ ജനസാഗരമായിരുന്നു. 23 വര്‍ഷം മുഖ്യമന്ത്രിയായി പ്രവര്‍ത്തിച്ച റൈറ്റേഴ്സ് ബില്‍ഡിങ്ങിനുമുന്നില്‍ എത്തിയപ്പോള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയും ചീഫ് സെക്രട്ടറിയും സംസ്ഥാന സര്‍ക്കാരിനുവേണ്ടി റീത്തുവച്ചു. 10.50ന് നിയമസഭാമന്ദിരത്തിലേക്ക് മൃതദേഹം കൊണ്ടുവന്നപ്പോള്‍ പുറത്ത് കിലോമീറ്ററുകള്‍ നീണ്ട നിരയായിരുന്നു. ബംഗ്ളാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന 45 അംഗ സംഘത്തോടൊപ്പമാണ് ബസുവിന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത്. യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജി, മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൌഡ, ബിജെപി നേതാക്കളായ എല്‍ കെ അദ്വാനി, നിതിന്‍ ഗഡ്കരി, ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ്, ജെഡിയു നേതാവ് ശരദ് യാദവ്, സിപിഐ നേതാവ് എ ബി ബര്‍ദന്‍, മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായി സിദ്ധാര്‍ഥ ശങ്കര്‍റായ്, കേന്ദ്രമന്ത്രി ജയ്പാല്‍ റെഡ്ഡി, തെലുങ്കുദേശം നേതാവ് ചന്ദ്രബാബുനായിഡു, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഷിബു സോറന്‍ എന്നിവര്‍ കൊല്‍ക്കത്തയിലെത്തിയ ദേശീയ നേതാക്കളില്‍ ഉള്‍പ്പെടുന്നു. രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവര്‍ക്കുവേണ്ടിയും പുഷ്പചക്രം അര്‍പ്പിച്ചു.

ജനങ്ങള്‍ വലിയ കൂട്ടമായി പൂക്കളും ജ്യോതിബസുവിന്റെ ചിത്രങ്ങളുമേന്തി മൃതദേഹത്തിനുമുന്നിലൂടെ കടന്നുപോയി. പലരും പൊട്ടിക്കരഞ്ഞു. തിരക്ക് കാരണം ലക്ഷക്കണക്കിനാളുകള്‍ ജ്യോതിദായെ അവസാനമായി കാണാനാകാതെ മടങ്ങി. ദേശീയപതാക പുതപ്പിച്ച മൃതദേഹം അലങ്കരിച്ച സൈനികവാഹനത്തില്‍ കിടത്തി മൂന്നേകാലിന് നിയമസഭാമന്ദിരത്തില്‍നിന്ന് ബസുവിന്റെ അവസാനയാത്ര ആരംഭിച്ചു. ആറ് സൈനികോദ്യോഗസ്ഥരും 96 ചെങ്കൊടികളേന്തിയ വളന്റിയര്‍മാരും ഒപ്പമുണ്ടായിരുന്നു. വാഹനത്തിനുപിന്നില്‍ റോഡ് തിങ്ങിനിറഞ്ഞ് രണ്ടു കിലോമീറ്റര്‍ നീളത്തില്‍ ജനങ്ങള്‍ ഒപ്പം നീങ്ങി. 4.30ന് എസ്എസ്കെഎം ആശുപത്രിക്കടുത്തുള്ള സിറ്റിസസ് പാര്‍ക്കിലാണ് അന്ത്യയാത്ര അവസാനിച്ചത്. അവിടെ സൈന്യവും പൊലീസും ചേര്‍ന്ന് മൂന്നു ചുറ്റ് ആചാരവെടി ഉതിര്‍ത്ത് സല്യൂട്ട് നല്‍കി. എസ്എസ്കെഎം ആശുപത്രി അധികൃതര്‍ക്ക് മൃതദേഹം കൈമാറുന്നതിന്റെ രേഖ സിപിഐ എം സംസ്ഥാന സെക്രട്ടറി ബിമന്‍ബസു നല്‍കി.
(വി ജയിന്‍)

സഹപ്രവര്‍ത്തകരില്‍ ആദ്യം സമര്‍

ജ്യോതിബസുവിന് സിപിഐ എം നേതാക്കള്‍ അന്ത്യാഭിവാദ്യം അര്‍പ്പിച്ചത് വികാരനിര്‍ഭരമായ മുഹൂര്‍ത്തമായി. 97 വയസ്സുള്ള സമര്‍ മുഖര്‍ജിയാണ് ആദ്യം റീത്ത് സമര്‍പ്പിച്ചത്. തുടര്‍ന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ, പിബി അംഗങ്ങളായ സീതാറാം യെച്ചൂരി, എസ് രാമചന്ദ്രന്‍പിള്ള, എം കെ പന്ഥെ, പിണറായി വിജയന്‍, വൃന്ദ കാരാട്ട്, കോടിയേരി ബാലകൃഷ്ണന്‍, കെ വരദരാജന്‍, മുഹമ്മദ് അമീന്‍, മണിക് സര്‍ക്കാര്‍, ബി വി രാഘവുലു, കേരള മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍, കേന്ദ്ര സെക്രട്ടറിയറ്റ് അംഗം എ വിജയരാഘവന്‍ എംപി തുടങ്ങിയവര്‍ റീത്ത് സമര്‍പ്പിച്ചു. രാവിലെ 8.45ന് പിബി അംഗങ്ങള്‍ മൃതദേഹത്തിനുപിന്നില്‍ നിരന്നുനിന്നു. ഒരുമിനിറ്റ് എല്ലാവരും മൌനം ആചരിച്ചു.

മസ്തിഷ്കം ഗവേഷണത്തിന് വേണമെന്ന് വിദഗ്ധര്‍

മരണംവരെ ഓര്‍മശക്തിയോടെ പ്രവര്‍ത്തിച്ച ജ്യോതിബസുവിന്റെ മസ്തിഷ്കം പഠനവിധേയമാക്കണമെന്ന് നാഡീരോഗ വിദഗ്ധര്‍. ആരോഗ്യമുള്ള മസ്തിഷ്കവും രോഗാതുരമായ മസ്തിഷ്കവും തമ്മിലുള്ള വ്യത്യാസം പഠിക്കാന്‍ ജ്യോതിബസുവിന്റെ മൃതദേഹം ശാസ്ത്രജ്ഞര്‍ക്ക് ഉപകരിക്കുമെന്നാണ് അഭിപ്രായം. പ്രത്യേകിച്ചും അല്‍ഷിമേഴ്സിനെ(മറവിരോഗം)ക്കുറിച്ച് പഠിക്കാന്‍ ബസുവിന്റെ തലച്ചോറ് ഏറെ ഉപകാരപ്പെടുമെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. തൊണ്ണൂറ്റഞ്ചാം വയസ്സിലും ഓര്‍മപ്പിശക് പറ്റാത്ത നേതാവാണ് ബസുവെന്നതാണ് ഡോക്ടര്‍മാരെ വിസ്മയിപ്പിക്കുന്നത്. അവസാനംവരെയും എല്ലാ പ്രവര്‍ത്തനങ്ങളെയും നിയന്ത്രിക്കാന്‍ ബസുവിന്റെ തലച്ചോറിന് കഴിഞ്ഞിരുന്നു. അതുകൊണ്ട് ആരോഗ്യകരമായ ബസുവിന്റെ തലച്ചോറും രോഗാതുരമായ മറ്റ് വൃദ്ധരുടെ തലച്ചോറും തമ്മിലുള്ള താരതമ്യപഠനം ആവശ്യമാണെന്നാണ് ഇവരുടെ പക്ഷം. ബംഗളൂരുവിലെ നാഷണല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ സയന്‍സസിലെ (നിംഹാന്‍സ്) ബ്രെയിന്‍ ബാങ്കിലേക്ക് ബസുവിന്റെ മസ്തിഷ്കം ലഭിക്കുന്നത് നാഡീരോഗങ്ങള്‍ കണ്ടെത്താനുള്ള ഗവേഷണങ്ങള്‍ക്ക് ഗുണംചെയ്യുമെന്ന് നിംഹാന്‍സ് ന്യൂറോ പാത്തോളജി വിഭാഗം തലവന്‍ എസ് കെ ശങ്കര്‍ പറഞ്ഞു.

പതിനഞ്ചു വര്‍ഷം മുമ്പാണ് മസ്തിഷ്കങ്ങളുടെ കലവറയ്ക്ക് നിംഹാന്‍സ് തുടക്കമിട്ടത്. പല പ്രായത്തിലുമുള്ള വ്യക്തികളുടെ മസ്തിഷ്കം ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. ബസുവിന്റെ മൃതദേഹം മെഡിക്കല്‍ പഠനത്തിന് വിട്ടുകൊടുക്കുമെന്ന വാര്‍ത്ത വന്നതിനെത്തുടര്‍ന്നാണ് ഡോക്ടര്‍മാര്‍ അദ്ദേഹത്തിന്റെ മസ്തിഷ്കം ഗവേഷണത്തിനായി വിട്ടുതരണമെന്ന ആവശ്യം മുന്നോട്ടുവച്ചത്. ബ്രെയിന്‍ ബാങ്കിലേക്ക് നല്‍കുന്ന മസ്തിഷ്കം ആരുടേതാണെന്ന് മനസ്സിലാക്കാനാവില്ല. വ്യക്തിയുടെ പേര് എവിടെയും രേഖപ്പെടുത്താറില്ല. പകരം വയസ്സ് മാത്രമാണ് രേഖപ്പെടുത്താറുള്ളത്. ബസുവിന്റെ തലച്ചോറ് ലഭിക്കുന്ന പക്ഷവും ഈ രീതിതന്നെ തുടരുമെന്ന് നിംഹാന്‍സിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. തലച്ചോറിലെ കോശങ്ങളെക്കുറിച്ച് പഠിക്കുന്നവരെ സംബന്ധിച്ച് ആരുടെ തലച്ചോറാണ് എന്ന കാര്യത്തിന് പ്രസക്തിയില്ലെന്നും ഡോ. ശങ്കര്‍ കൂട്ടിച്ചേര്‍ത്തു. അല്‍ഷിമേഴ്സ് പഠനത്തിന് ബസുവിനെപ്പോലുള്ളവരുടെ തലച്ചോറിലെ കോശങ്ങളും രോഗംബാധിച്ചവരുടെ തലച്ചോറിലെ കോശങ്ങളുംവച്ച് പഠനം നടത്തുന്നത് ഏറെ പ്രയോജനപ്പെടുമെന്ന് ഡല്‍ഹിയിലെ പ്രസിദ്ധ ന്യൂറോളജിസ്റ് രാജേഷ് ആചാര്യ പറഞ്ഞു.
(വി ബി പരമേശ്വരന്‍)

മികച്ച ഭരണാധികാരി, നേതാവ് സമര്‍ മുഖര്‍ജി

ഏഴു പതിറ്റാണ്ട് നീണ്ട ജ്യോതിബസുവിന്റെ രാഷ്ട്രീയവളര്‍ച്ച അടുത്തുനിന്ന് നോക്കിക്കാണാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്. ബസുവിന്റെ സമകാലീനന്‍ എന്ന് അവകാശപ്പെടാവുന്ന ഒരാളാണ് ഞാന്‍. ബസുവിനേക്കാള്‍ ഒരു വയസ്സ് അധികമാണ് എനിക്കെന്നുമാത്രം. 1940ല്‍ ബസു ലണ്ടനില്‍നിന്ന് ബാരിസ്റര്‍ പഠനം പൂര്‍ത്തിയാക്കി കൊല്‍ക്കത്തയില്‍ തിരിച്ചെത്തി. അപ്പോള്‍ത്തന്നെ അദ്ദേഹത്തെക്കുറിച്ച് കേട്ടിരുന്നു. ബസുവിന്റെ പ്രവര്‍ത്തനകേന്ദ്രം കൊല്‍ക്കത്തയായിരുന്നെങ്കില്‍ തൊട്ടടുത്ത ഹൌറ ജില്ലയായിരുന്നു എന്റെ മേഖല. ബസുവിനെപ്പോലെ ഞാനും ട്രേഡ് യൂണിയന്‍ രംഗത്ത് പ്രവര്‍ത്തിച്ചു. റെയില്‍വേ തൊഴിലാളികളുടെ യോഗത്തിലാണ് ആദ്യമായി ബസുവിനെ കണ്ടത്. വിദേശത്ത് വിദ്യാഭ്യാസം ലഭിച്ച അദ്ദേഹത്തിന്റെ കാച്ചിക്കുറുക്കിയ ശക്തവും മൂര്‍ച്ചയേറിയതുമായ വാക്കുകള്‍ എല്ലാവരെയും ആകര്‍ഷിച്ചു. പിന്നീട് ബസു ഓരോ പടവ് കയറുന്നതും ഞാന്‍ അടുത്തുനിന്ന് വീക്ഷിച്ചു. കൊല്‍ക്കത്ത പ്രസിഡന്‍സി ജയിലില്‍ ഉള്‍പ്പെടെ ഞങ്ങള്‍ ഒന്നിച്ച് കിടന്നിട്ടുമുണ്ട്. സംസ്ഥാനസമിതിയിലും കേന്ദ്ര കമ്മിറ്റിയിലും പൊളിറ്റ്ബ്യൂറോയിലും ഒരുമിച്ച് പ്രവര്‍ത്തിച്ചു. പാര്‍ടി നേതാവ്, ട്രേഡ് യൂണിയന്‍ നേതാവ്, ഭരണകര്‍ത്താവ് എന്നീ നിലകളിലെല്ലാം ബസു തിളങ്ങി. ഞങ്ങളുടെയൊക്കെ നേതാവായി. ദേശീയരാഷ്ട്രീയത്തിലും ശ്രദ്ധിക്കപ്പെട്ടു. ജനങ്ങളുടെയും തൊഴിലാളികളുടെയും പ്രശ്നങ്ങള്‍ പാര്‍ലമെന്ററി വേദികളില്‍ എങ്ങനെ ഉന്നയിക്കാമെന്ന് ബംഗാളികള്‍ക്ക് പരിചയപ്പെടുത്തിയത് ബസുവാണ്. ബസുവിന്റെ ഈ രീതി ലോക്സഭാ ഉപനേതാവെന്ന നിലയിലും എ കെ ജിക്കുശേഷം നേതാവായി പ്രവര്‍ത്തിച്ചപ്പോഴും എനിക്ക് ഏറെ പ്രയോജനപ്പെട്ടു. എന്നാല്‍, ഭരണകര്‍ത്താവ് എന്ന നിലയിലാണ് ബസു ഏറ്റവും തിളങ്ങിയത്. പാര്‍ടി നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ നടപ്പാക്കുന്നതിനൊപ്പം മറ്റുള്ളവരുടെ വികാരം കണക്കിലെടുക്കാനും ബസുവിന് കഴിഞ്ഞു. ബംഗാളിലെ സാമൂഹ്യബന്ധങ്ങള്‍ മാറ്റിമറിച്ച ഭൂപരിഷ്കരണം നടപ്പാക്കിയത് പാര്‍ടിയുടെ നിര്‍ദേശപ്രകാരമാണെങ്കിലും ബസുവില്ലാതെ അത് ഇത്ര കാര്യക്ഷമമാകുമായിരുന്നില്ല.

അന്ത്യാഭിവാദ്യമര്‍പ്പിച്ച് രാഷ്ട്ര നേതൃത്വം

ഒരു മുഖ്യമന്ത്രിയെന്നതിനപ്പുറം വളര്‍ന്ന് ദേശീയ രാഷ്ട്രീയത്തിലെ വിലപ്പെട്ട വാക്കുകള്‍ക്കുടമയായി മാറിയ ജ്യോതിബസുവിന് അന്ത്യോപചാരമര്‍പ്പിക്കാന്‍ കൊല്‍ക്കത്തയിലെത്തിയത് രാജ്യത്തിന്റെ രാഷ്ട്രീയ നേതൃത്വം. മാര്‍ഗദര്‍ശിയും സഖാവും സുഹൃത്തുമെല്ലാമായ ബസുവിന് അന്ത്യാഭിവാദ്യം അര്‍പ്പിക്കാന്‍ ദേശീയരാഷ്ട്രീയത്തിലെ പ്രധാന നേതാക്കളെല്ലാം കൊല്‍ക്കത്തയിലെത്തിയിരുന്നു. മികച്ച ദേശീയവാദിയും മതനിരപേക്ഷതയുടെയും ജനാധിപത്യത്തിന്റെയും കാവലാളുമായ ജ്യോതിബസു ഭരണതന്ത്രജ്ഞനെന്ന നിലയിലും വിവിധ രാഷ്ട്രീയകക്ഷി നേതാക്കളുടെ ആദരവ് നേടിയിരുന്നു. ഈ ഗുണങ്ങളാണ് ഒരു ഘട്ടത്തില്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് അദ്ദേഹത്തിന്റെ പേര് നിര്‍ദ്ദേശിക്കാന്‍ കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ടികളെ പ്രേരിപ്പിച്ചത്. സോണിയാഗാന്ധിയും ജ്യോതിബസുവുമായി അടുത്ത ബന്ധം കാത്തുസൂക്ഷിച്ചിരുന്നു. ഹര്‍കിഷന്‍സിങ് സുര്‍ജിത്തിനെയെന്നപോലെ ബസുവിനെയും മുതിര്‍ന്ന രാഷ്ട്രീയനേതാവെന്ന നിലയില്‍ അവര്‍ ആദരിച്ചിരുന്നു. പശ്ചിമബംഗാളില്‍ സിദ്ധാര്‍ഥശങ്കര്‍ റേ മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞശേഷം കോണ്‍ഗ്രസിന്റെ ഉന്നതനേതാവായി വളര്‍ന്നയാളാണ് പ്രണബ് മുഖര്‍ജി. ഇരു പാര്‍ടികളിലായിരുന്നുവെങ്കിലും പരസ്പരബഹുമാനം പ്രണബും ബസുവും കാത്തുസൂക്ഷിച്ചു. പ്രണബ് മുഖര്‍ജിയും സോണിയാഗാന്ധിക്കൊപ്പമെത്തി ആദരാഞ്ജലി അര്‍പ്പിച്ചു.

1996ല്‍ ജ്യോതിബസു പ്രധാനമന്ത്രി സ്ഥാനത്തേക്ക് മറ്റ് കക്ഷികളാല്‍ നിര്‍ദ്ദേശിക്കപ്പെടുകയും സിപിഐ എം മന്ത്രിസഭയില്‍ ചേരാന്‍ വിസമ്മതിക്കുകയും ചെയ്തതോടെയാണ് എച്ച് ഡി ദേവഗൌഡക്ക് പ്രധാനമന്ത്രിയാകാനുള്ള വഴി തെളിഞ്ഞത്. ദേശീയപ്രശ്നങ്ങളില്‍ ബസുവിന്റെ അഭിപ്രായത്തിന് ഏറെ വിലകല്‍പ്പിച്ച നേതാവാണ് ദേവഗൌഡ. സ്നേഹാദരങ്ങള്‍ അറിയിക്കാന്‍ ദേവഗൌഡയും കൊല്‍ക്കത്തയിലെത്തി. ബിജെപിക്കെതിരെയും അവരുടെ വര്‍ഗീയരാഷ്ട്രീയത്തോടും വിട്ടുവീഴ്ചയില്ലാതെ പോരാടിയ നേതാവാണ് ജ്യോതിബസു. രാഷ്ട്രീയമായി എതിരഭിപ്രായമുണ്ടെങ്കിലും അദ്ദേഹത്തോട് ഏറെ സ്നേഹബഹുമാനമുള്ള നേതാവാണ് എല്‍ കെ അദ്വാനി. വളരെ മാന്യനായ രാഷ്ട്രീയ നേതാവാണ് ബസുവെന്നാണ് അദ്വാനി വിശേഷിപ്പിച്ചത്. ബിജെപിയുടെ പുതിയ അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിയോടൊപ്പമാണ് അദ്വാനി എത്തിയത്. ആന്ധ്ര മുഖ്യമന്ത്രിയായിരുന്ന എന്‍ ടി രാമറാവുവുമായി അടുത്ത ബന്ധമുണ്ടായിരുന്ന ജ്യോതിബസു പ്രതിപക്ഷ മുഖ്യമന്ത്രിമാരുടെ ഏകോപനം ശക്തിപ്പെടുത്തുന്നതിനും കോണ്‍ഗ്രസ്, ബിജെപിയിതര രാഷ്ട്രീയ മുന്നണി രൂപപ്പെടുത്തുന്നതിലും നേതൃത്വപരമായ പങ്ക് വഹിച്ചു. തെലുങ്കുദേശം പാര്‍ടി നേതാക്കള്‍ക്ക് ബസുവിനോടുള്ള ആദരവറിയിക്കാന്‍ ചന്ദ്രബാബുനായിഡുവും യെരന്‍നായിഡുവും മറ്റ് തെലുങ്കുദേശം നേതാക്കളുമെത്തി. സിപിഐ ജനറല്‍ സെക്രട്ടറി എ ബി ബര്‍ദന്‍, ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ്, ജെഡിയു നേതാവ് ശരദ് യാദവ് തുടങ്ങിയ നേതാക്കളും എത്തി. ദി ഹിന്ദു പത്രത്തിന്റെ എഡിറ്റര്‍ എന്‍ റാമും അന്ത്യാഭിവാദ്യമര്‍പ്പിക്കാനെത്തി.

ദക്ഷിണേഷ്യക്കാകെ നഷ്ടം: രജപക്സെ

ജ്യോതിബസുവിന്റെ വേര്‍പാട് ദക്ഷിണേഷ്യക്കാകെ കനത്ത നഷ്ടമാണെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് മഹിന്ദ രജപക്സെ അഭിപ്രായപ്പെട്ടു. തൊഴിലാളികളുടെയും കര്‍ഷകരുടെയും ഉന്നമനത്തിനായി പ്രവര്‍ത്തിച്ച ബസുവിനെപ്പോലുള്ള നേതാക്കളെയാണ് ജനം ആവശ്യപ്പെടുന്നത്. സിപിഐ എമ്മിനെ ഇടതുപക്ഷ തീവ്രവാദത്തില്‍നിന്ന് രക്ഷിച്ച ബസു മുഖ്യമന്ത്രിയായിരിക്കെ കൃഷിഭൂമി കര്‍ഷകനെന്ന ഗാന്ധിജിയുടെ തത്വം നടപ്പാക്കി. പഞ്ചായത്ത്രാജ് വഴി ചെറുകിട-ഇടത്തരം കര്‍ഷകരെ ബസു അധികാരത്തില്‍ പങ്കാളിയാക്കിയെന്നും സിപിഐ എമ്മിനയച്ച അനുശോചന സന്ദേശത്തില്‍ രജപക്സെ അഭിപ്രായപ്പെട്ടു. ബസുവിന്റെ നിര്യാണത്തില്‍ അനുശോചിച്ച് വിദേശത്ത്നിന്നുള്ള കമ്യൂണിസ്റ്റ്- ഇടതുപക്ഷ പാര്‍ടികളുടെ സന്ദേശം സിപിഐ എം കേന്ദ്രകമ്മിറ്റി ഓഫീസിലേക്ക് പ്രവഹിക്കുകയാണ്. സോവിയറ്റ് യൂണിയന്റെയും റഷ്യയിലെ കമ്യൂണിസ്റുകാരുടെയും അടുത്ത സുഹൃത്താണ് ജ്യേതിബസുവെന്ന് കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് റഷ്യന്‍ ഫെഡറേഷന്‍ ചെയര്‍മാന്‍ ഗെന്നഡി സുഗാനോവ് അനുസ്മരിച്ചു. ഏറെ ദുഃഖത്തോടെയാണ് ബസുവിന്റെ മരണവാര്‍ത്ത ശ്രവിച്ചതെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനയച്ച അനുശോചന സന്ദേശത്തില്‍ സുഗാനോവ് പറഞ്ഞു. ബസുവിനെ കമ്യൂണിസ്റ്റ് പാര്‍ടിയുമായി അടുപ്പിച്ച കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് ഗ്രേറ്റ് ബ്രിട്ടന്‍ (മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ്)സന്ദേശമയച്ചു. ഇന്ത്യന്‍ തൊഴിലാളി വര്‍ഗത്തിന്റെ അനിഷേധ്യ നേതാവാണ് ബസുവെന്ന് സന്ദേശത്തില്‍ പറഞ്ഞു. പാര്‍ടിയുടെ മുഖമാസികയായ പ്രോലിറ്റേറിയനിന്റെ അടുത്ത ലക്കത്തില്‍ അനുസ്മരണക്കുറിപ്പ് പ്രസിദ്ധീകരിക്കും.

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ പ്രധാന കമ്യൂണിസ്റ്റ് നേതാവാണ് ജ്യേതിബസുവെന്ന് വര്‍ക്കേഴ്സ് പാര്‍ടി ഓഫ് ബംഗ്ളാദേശ് ജനറല്‍ സെക്രട്ടറി അനിസുര്‍ റഹ്മാന്‍ മല്ലിക് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ഇന്ത്യക്കും ബംഗ്ളാദേശിനും രക്ഷകനെയാണ് നഷ്ടമായതെന്ന് അദ്ദേഹം പറഞ്ഞു. സമുന്നതനായ കമ്യൂണിസ്റ്റ് നേതാവിന്റെ വിയോഗദുഃഖത്തില്‍ പങ്കുചേരുന്നതായി പോര്‍ച്ചുഗീസ് കമ്യൂണിസ്റ്റ് പാര്‍ടി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത് തൊഴിലാളി വര്‍ഗ താല്‍പ്പര്യം സംരക്ഷിക്കാന്‍ ജീവിതകാലം മുഴുവന്‍ പ്രയത്നിച്ച നേതാവാണ് ബസുവെന്നും സന്ദേശം തുടരുന്നു. 2006 ല്‍ ജെറോനിമോ ഡിസൂസയുടെ നേതൃത്വത്തില്‍ കൊല്‍ക്കത്ത സന്ദര്‍ശിച്ച വേളയില്‍ ബസു സ്വവസതിയില്‍ നല്‍കിയ സ്വീകരണത്തെയും പോര്‍ച്ചുഗീസ് കമ്യൂണിസ്റ്റ് പാര്‍ടി അനുസ്മരിച്ചു. ബസുവിന്റെ നിര്യാണത്തില്‍ ജാപ്പനീസ് കമ്യൂണിസ്റ്റ് പാര്‍ടി ദുഃഖം അറിയിച്ചു. വേള്‍ഡ് കൌസില്‍ ഓഫ് ആര്യസമാജും അനുശോചന സന്ദേശമയച്ചു. നിരവധി രാഷ്ട്രീയ നേതാക്കള്‍ ചൊവ്വാഴ്ചയും സിപിഐ എം കേന്ദ്രകമ്മറ്റി ഓഫീസായ എ കെ ജി ഭവനിലെത്തി. ലോക്ജനശക്തി പാര്‍ടി അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ രാംവിലാസ് പാസ്വാന്‍, മൊറോക്കന്‍ എംബസി പ്രതിനിധി, പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി എന്നിവര്‍ എ കെ ജി ഭവനിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു

സ്നേഹാദരങ്ങളോടെ ഷേഖ് ഹസീന

പിതൃതുല്യമായ സ്നേഹബഹുമാനം നല്‍കി എന്നും ആദരിച്ച ജ്യോതിബസുവിനെ അവസാനമായി കാണാന്‍ ബംഗ്ളാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന കൊല്‍ക്കത്തയിലെത്തി. നിയമസഭാ മന്ദിരത്തില്‍ പൊതുദര്‍ശനത്തിനു വച്ച ബസുവിന്റെ മൃതദേഹത്തിനു മുന്നില്‍ അവര്‍ കണ്ണടച്ചുനിന്നു. മുപ്പതംഗസംഘമാണ് ബംഗ്ളാദേശില്‍നിന്ന് എത്തിയത്. വിദേശമന്ത്രി ദീപു മൊനി, ഗ്രാമവികസനമന്ത്രി സയദ് അഷറഫുള്‍ ഇസ്ളാം, പാര്‍ലമെന്റ് ഡെപ്യൂട്ടി നേതാവ് സജേദാ ചൌധുരി, കൃഷിമന്ത്രി മതിയ ചൌധരി എന്നിവരും സംഘത്തിലുണ്ടായിരുന്നു. ബംഗ്ളാദേശ് എയര്‍ഫോഴ്സ് വിമാനത്തില്‍ കൊല്‍ക്കത്തയിലെത്തിയ ഹസീന പകല്‍ 1.20നാണ് നിയമസഭാ മന്ദിരത്തില്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയ്ക്കൊപ്പം എത്തിയത്. വൈകിട്ട് ധാക്കയിലേക്ക് മടങ്ങി. കഴിഞ്ഞയാഴ്ച ഇന്ത്യയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തിയപ്പോള്‍ ആശുപത്രിയില്‍ ബസുവിനെ സന്ദര്‍ശിക്കാന്‍ കഴിയാത്തതില്‍ ഹസീന ദുഃഖം പ്രകടിപ്പിച്ചിരുന്നു. ബംഗ്ളാദേശിന്റെ രാഷ്ട്രപിതാവായി അറിയപ്പെടുന്ന ഷേഖ് മുജീബുര്‍ റഹ്മാന്റെ മകളായ ഹസീന നിരവധി രാഷ്ട്രീയ അഗ്നിപരീക്ഷണങ്ങളെ നേരിട്ടാണ് ബംഗ്ളാദേശിന്റെ ഭരണാധിപയായത്. വിഷമഘട്ടങ്ങളിലെല്ലാം ഉപദേശവും സഹായവും നല്‍കിയിരുന്ന ജ്യോതിബസുവിനെ ഏറെ ബഹുമാനത്തോടെയാണ് ഹസീന കണ്ടിരുന്നത്. ഒരേ ഭാഷയും സംസ്കാരവും ജീവിതരീതികളുമാണെങ്കിലും രണ്ട് രാജ്യങ്ങളിലായി കഴിയേണ്ടിവരുന്നവരാണ് ബംഗ്ളാദേശുകാരും പശ്ചിമബംഗാള്‍ ജനതയും. വിഭജനത്തെത്തുടര്‍ന്ന് ഇരു ഭാഗങ്ങളിലായിപ്പോയ ജനതകള്‍. 1996ല്‍ ജ്യോതിബസു ബംഗ്ളാദേശ് സന്ദര്‍ശിച്ചപ്പോള്‍ ധാക്കയ്ക്കടുത്ത് കുടുംബവീട് നില്‍ക്കുന്ന ബറുഡിയില്‍ അദ്ദേഹത്തിന് വമ്പിച്ച പൌര സ്വീകരണം നല്‍കിയിരുന്നു. ബംഗ്ളാദേശിലെ ജനങ്ങള്‍ക്ക് ഏറെ ആദരവുള്ള ഇന്ത്യന്‍ നേതാവാണ് ജ്യോതിബസു.

മലയാളിക്ക് മറക്കാനാകാത്ത നേതാവ്

ജ്യോതിബസുവെന്ന പോരാളിക്കും നേതാവിനും മലയാളികളുമായുള്ള ബന്ധം ഏറെ ആഴത്തിലുള്ളതാണ്. ബസുവിലെ രാഷ്ട്രീയക്കാരനെ കരുപിടിപ്പിക്കുന്നതില്‍ ഒരു മലയാളിക്കുള്ള പങ്ക് പ്രസിദ്ധമാണ്. അതുപോലെ അദ്ദേഹത്തിന്റെ നേതൃത്വം എന്നും നിരവധി മലയാളികള്‍ക്ക് തണലുമായി. നെഹ്റുവിന്റെ വലംകൈയായി അറിയപ്പെട്ട വി കെ കൃഷ്ണമേനോനായിരുന്നു ബസുവില്‍ വിശാല ദേശീയ വീക്ഷണം പ്രദാനം ചെയ്യുന്നതില്‍ മുഖ്യപങ്ക് വഹിച്ച മലയാളി. 'ഭുപേഷ് ഗുപ്തയാണ് ബസുവിലെ കമ്യൂണിസ്റിനെ ഉണര്‍ത്തി സജീവ പ്രവര്‍ത്തകനാക്കിയതെങ്കില്‍ ബസുവില്‍ ദേശീയ വികാരം ആളിക്കത്തിച്ച് ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമാക്കിയത് വി കെ കൃഷ്ണമേനോനാണ്' എന്ന് ഡോ. ഹിര ചാറ്റര്‍ജി അഭിപ്രായപ്പെട്ടിട്ടുണ്ട്. ലണ്ടനില്‍ ഇന്ത്യ ലീഗ് എന്ന സംഘടനയ്ക്ക് നേതൃത്വം നല്‍കിയ കൃഷ്ണമേനോന്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ പിന്തുണച്ച് പല പരിപാടികളും നടത്തിയിരുന്നു. ബസു ലണ്ടനിലെത്തി ആദ്യം ഇന്ത്യ ലീഗില്‍ ചേര്‍ന്നു. പല രേഖകളും തയ്യാറാക്കാനും ടൈപ്പ് ചെയ്യാനും വിതരണംചെയ്യാനും ബസു കൃഷ്ണമേനോനെ സഹായിച്ചു. കൃഷ്ണമോനോനുമായി തനിക്ക് ആഴത്തിലുള്ള വ്യക്തിബന്ധമുള്ളതായി ബസു ആത്മകഥയില്‍ പറയുന്നു. ഇതില്‍നിന്ന് പാഠമുള്‍ക്കൊണ്ടാണ് ബസു ലണ്ടന്‍ മജ്ലിസ് എന്ന സംഘടനയ്ക്ക് രൂപം നല്‍കിയത്. കൊല്‍ക്കത്തയില്‍ തിരിച്ചെത്തിയ ബസു മലയാളികളുമായി അടുത്ത ബന്ധം പുലര്‍ത്തി.

1951ല്‍ പ്രവര്‍ത്തനം ആരംഭിച്ച കൊല്‍ക്കത്ത മലയാളി സമാജവുമായി അദ്ദേഹത്തിന് നല്ല ബന്ധമായിരുന്നു. മുസഫര്‍ അഹമ്മദ്, ബിനോയ് ചൌധരി, സമര്‍മുഖര്‍ജി തുടങ്ങിയവര്‍ക്കും മലയാളി സമാജവുമായി അടുത്ത ബന്ധമായിരുന്നു. 1955ല്‍ ആദ്യമായി കൊല്‍ക്കത്തയില്‍ കേരളകലോത്സവം സംഘടിപ്പിച്ചപ്പോള്‍ മുസഫര്‍ അഹമ്മദായിരുന്നു രക്ഷാധികാരി. മുഖ്യാതിഥി ബ്രിട്ടീഷ് ഹൈകമീഷണര്‍ വി കെ കൃഷ്ണമേനോനും. രാജ്യത്തെ ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രി ഇ എം എസ് നമ്പുതിരിപ്പാടിന് കൊല്‍ക്കത്തയില്‍ 1957 ഒക്ടോബര്‍ 27ന് നല്‍കിയ സ്വീകരണത്തിന്റെ മുഖ്യസംഘാടകന്‍ ബസുവായിരുന്നു. രണ്ടു ലക്ഷത്തിലധികം പേരാണ് അന്ന് തടിച്ചുകൂടിയത്. ഇ എം എസ് മന്ത്രിസഭ അധികാരമേറ്റപ്പോള്‍ അതില്‍ സന്തോഷം പ്രകടിപ്പിച്ച് ഏപ്രില്‍ ഏഴിന് കൊല്‍ക്കത്തയില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ അഭിവാദ്യപ്രമേയം അവതരിപ്പിച്ചതും ബസുവാണ്. ഇ എം എസ് സര്‍ക്കാരിനെ കേന്ദ്രം പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ച് 1959 ആഗസ്ത് ഏഴിന് കൊല്‍ക്കത്തയില്‍ നടന്ന മഹാറാലിയുടെ സംഘാടകനും അദ്ദേഹംതന്നെ.

മറുനാടന്‍ മലയാളി സംഘടനകള്‍ക്ക് രൂപം നല്‍കുന്നതില്‍ താല്‍പര്യമെടുത്ത എ കെ ജിയാണ് കൊല്‍ക്കത്ത മലയാളി സമാജം രൂപം നല്‍കുന്നതിന് പ്രേരണയായത്. ഇ എം എസും സജീവപങ്കാളിയായിരുന്നു. 1977 ജൂണ്‍ 21ന് ബംഗാള്‍ മുഖ്യമന്ത്രിയായ ബസു ആഗസ്തില്‍ മലയാളിസമാജം സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിലെ മുഖ്യാതിഥിയായി. മുഖ്യമന്ത്രി എന്ന നിലയില്‍ പങ്കെടുക്കുന്ന മറ്റ് ഭാഷക്കാരുടെ ആദ്യ പരിപാടിയായിരുന്നു അത്. അന്ന് ബസു നടത്തിയ പ്രസംഗം ചരിത്രപ്രസിദ്ധമാണ്. താന്‍ നേതൃത്വം നല്‍കുന്ന ഇടതുപക്ഷ സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ മറ്റ് ഭാഷ സംസാരിക്കുന്നവര്‍ ബംഗാളില്‍ സുരക്ഷിതരായിരിക്കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി. ബസുവിന്റെ ഓണസന്ദേശം എന്ന പേരില്‍ ഒരു മലയാളം പത്രം അന്ന് മുഖപ്രസംഗം തന്നെ എഴുതി. ആ വാക്ക് ഇടതുപക്ഷ മുന്നണി ഭരണം ഇന്നോളം പാലിച്ചു. ബംഗാളികള്‍ അല്ലാത്തവര്‍ പുറത്തുപോകൂ എന്ന് അമ്രബംഗാളി പ്രസ്ഥാനം മുദ്രാവാക്യം ഇയര്‍ത്തിയപ്പോള്‍ അതിനെ പരാജയപ്പെടുത്താന്‍ ബസു സര്‍ക്കാരിന് കഴിഞ്ഞു.

അഭിവാദ്യമര്‍പ്പിക്കാന്‍ കേരളവും

വിപ്ളവപ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്ന ജ്യോതിബസുവിന് അന്തിമാഭിവാദ്യമര്‍പ്പിക്കാന്‍ കേരളത്തില്‍നിന്ന് വന്‍ നേതൃനിരയാണ് കൊല്‍ക്കത്തയിലെത്തിയത്. ബസുവിന്റെ മരണാനന്തര ചടങ്ങുകളിലെല്ലാം നേതാക്കള്‍ ആദ്യന്തം പങ്കെടുത്തു. കേരളത്തോടും മലയാളികളോടും പ്രത്യേക താല്‍പ്പര്യവും സ്നേഹവും കാട്ടിയ ജ്യോതിബസുവിനുള്ള നന്ദിപ്രകടനംകൂടിയായി അഭിവാദ്യമര്‍പ്പിക്കാന്‍ എത്തിയ നേതൃനിരയുടെ പങ്കാളിത്തം. ബസു അന്തരിച്ച ദിവസംതന്നെ മിക്ക നേതാക്കളും കൊല്‍ക്കത്തയിലെത്തിയിരുന്നു. പിബി അംഗങ്ങള്‍ക്കും മുഖ്യമന്ത്രിക്കും പുറമെ മന്ത്രിമാരായ എം എ ബേബി, പി കെ ഗുരുദാസന്‍, പി കെ ശ്രീമതി, തോമസ് ഐസക്, എം വിജയകുമാര്‍, പാര്‍ടി കേന്ദ്ര സെക്രട്ടറിയറ്റ് അംഗം എ വിജയരാഘവന്‍, ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് പി ശ്രീരാമകൃഷ്ണന്‍, സിഐടിയു സംസ്ഥാന ജനറല്‍ല്‍സെക്രട്ടറി എം എം ലോറന്‍സ്, ആര്‍എസ്പി ജനറല്‍ സെക്രട്ടറി ചന്ദ്രചൂഡന്‍, ഫോര്‍വേഡ് ബ്ളോക്ക് ജനറല്‍സെക്രട്ടറി ജി ദേവരാജന്‍ എന്നിവരാണ് കേരളത്തില്‍ നിന്നെത്തിയത്. എല്ലാം നേതാക്കളും പാര്‍ടി ഓഫീസിലും നിയമസഭാ മന്ദിരത്തിലും ആദരാഞ്ജലിയര്‍പ്പിച്ചു. മൃതദേഹം ആശുപത്രിക്ക് കൈമാറുന്ന അന്തിമചടങ്ങിലും വി എസും എസ് ആര്‍ പിയും പങ്കെടുത്തു. വി എസ്, പിണറായി, കോടിയേരി എന്നിവര്‍ ബസു അസുഖം മൂര്‍ച്ഛിച്ച് ആശപത്രിയിലായിരുന്നപ്പോഴും വന്നിരുന്നു. എല്ലാ സംസ്ഥാനങ്ങളില്‍നിന്നും സിപിഐ എം നേതാക്കളുടെ വന്‍ നിരതന്നെ തങ്ങളുടെ പ്രിയനേതാവിനെ കാണാനും അഭിവാദ്യമര്‍പ്പിക്കാനുമായെത്തി.
(ഗോപി)

ദേശാഭിമാനി ദിനപ്പത്രത്തില്‍ നിന്ന്..

1 comment:

  1. വംഗനാടിന്റെ ജ്യോതിയെ ഹൃദയത്തിലേറ്റുവാങ്ങി കൊല്‍ക്കത്ത നഗരവീഥികളില്‍ ജനലക്ഷങ്ങള്‍ തടിച്ചുകൂടി. തങ്ങളുടെ പ്രിയനേതാവിനെ കാണാന്‍ അടുത്തുനിന്നും അകലെനിന്നുമായി തിങ്കളാഴ്ച രാത്രിമുതല്‍ ജനങ്ങള്‍ ക്യൂനില്‍ക്കുകയായിരുന്നു. നിയമസഭാ മന്ദിരത്തില്‍ ഉച്ചക്ക് മൂന്നുവരെ പൊതുദര്‍ശനത്തിന്വച്ചെങ്കിലും ഒരുനോക്കുകാണാനാവാതെ പതിനായിരങ്ങള്‍ മടങ്ങി. ചൊവ്വാഴ്ച രാവിലെ ഏഴരയോടെ ജ്യോതി ബസുവിന്റെ മൃതദേഹം പീസ് ഹെവന്‍ മോര്‍ച്ചറിയില്‍നിന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബിമന്‍ ബസു ഏറ്റുവാങ്ങി അലിമുദീന്‍ തെരുവിലെ പാര്‍ട്ടി സംസ്ഥാന കമ്മറ്റിയാഫീസായ മുസഫര്‍ അഹമ്മദ് ഭവനില്‍ കൊണ്ടുവന്നു. ജനറല്‍സെക്രട്ടറിയടക്കമുള്ള പിബി, സിസി അംഗങ്ങളും ബംഗാള്‍, കേരളം, ത്രിപുര മുഖ്യമന്ത്രിമാരും മറ്റ് ഇടതുപക്ഷ നേതാക്കളും ബസുവിന് ആദരാഞ്ജലിയര്‍പ്പിച്ചു. തുടര്‍ന്ന് മൃതദേഹം പ്രത്യേകം തയാറാക്കിയ തുറന്ന വാഹനത്തില്‍ പുറത്തേക്ക് എടുത്തു. വഴിനീളെ ബസുവിന്റെ ചിത്രവുമേന്തി ആയിരങ്ങള്‍ ജ്യോതി ബസു അമര്‍ രഹേ എന്ന ഒരേസ്വരത്തില്‍ വിളിച്ചുപറഞ്ഞു. ഒമ്പതു മണിയോടെ ബസു ദീര്‍ഘകാലം ഭരണചക്രം തിരിച്ച റൈറ്റേഴ്സ് ബില്‍ഡിങ്ങില്‍ എത്തിച്ചു. അവിടെ മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ആദരാഞ്ജലിയര്‍പ്പിച്ചു. തുടര്‍ന്ന് പത്തുമണിയോടെ നിയമസഭാ മന്ദിരത്തില്‍ പൊതുദര്‍ശനത്തിനു വച്ചു.

    ReplyDelete