Saturday, January 9, 2010

‘കുഞ്ഞേ, വെറുതെയാകില്ല നിന്റെ ജീവന്‍'

കൊച്ചുമകന് സമ്മേളന പ്രതിനിധികള്‍ ഉച്ചത്തില്‍ ഹൃദയാഭിവാദ്യം അര്‍പ്പിച്ചപ്പോള്‍ ആ അമ്മൂമ്മയും ഏറ്റുവിളിച്ചു.

"കുഞ്ഞേ നിന്റെ ജീവിതം വെറുതെയായില്ല. ഇവരെല്ലാവരും നിന്റെ പോരാട്ടത്തിന് ഒപ്പമില്ലേ? ഇല്ല മക്കളെ. ഞങ്ങളുടെ കുഞ്ഞ് മരിച്ചത് വെറുതെയാകൂല്ല.''

മയക്കുമരുന്ന് മാഫിയാ ആക്രമണത്തില്‍ കൊല്ലപ്പെട്ട എറണാകുളം പറവൂര്‍ കോട്ടുവള്ളിയിലെ സി ആര്‍ രതീഷിന്റെ എഴുപത് പിന്നിട്ട അമ്മൂമ്മ അമ്മിണിയുടെ വാക്കുകള്‍. കണ്ടു നിന്നവരുടെയെല്ലാം നെഞ്ച് പിടഞ്ഞ നിമിഷം. ഡിവൈഎഫ്ഐ പതിനൊന്നാം സംസ്ഥാന സമ്മേളന വേദിയിലായിരുന്നു വികാരനിര്‍ഭരമായ മുഹൂര്‍ത്തം. സമ്മേളന കാലയളവിനിടെ നഷ്ടപ്പെട്ട പതിനെട്ട് ധീരര്‍ക്കും അവരുടെ പോരാട്ടം വെറുതെയാകില്ലെന്ന് കേരളീയ യുവത്വത്തിന്റെ സംഘചേതന വാക്കുനല്‍കി. കനത്ത വേദനയിലും രക്തസാക്ഷികളുടെ പ്രിയപ്പെട്ടവര്‍ പതറാതെ നിന്നു. രക്തസാക്ഷികളുടെ ധീരസ്മരണ ജ്വലിച്ച അന്തരീക്ഷത്തിലാണ് സമ്മേളനം തുടങ്ങിയത്. പതിനൊന്നു പേര്‍ കൊല്ലപ്പെട്ടത് ആര്‍എസ്എസ് ആക്രമണത്തില്‍. അഞ്ച് സഖാക്കള്‍ എന്‍ഡിഎഫ് ആക്രമണത്തിലും. ഗുണ്ടാ മാഫിയാ സംഘത്തിന്റെ ആക്രമണത്തില്‍ രണ്ടു പേരുമാണ് കൊല്ലപ്പെട്ടത്.

'മക്കളെ, മയക്കുമരുന്നിന് എതിരെ പറഞ്ഞതിനാണ് എന്റെ മോനെ അവര്‍ കൊന്നത്. നല്ലൊരു കാര്യമല്ലേ എന്റെ കുഞ്ഞ് പറഞ്ഞത്. എന്നിട്ടും....''

രതീഷിന്റെ അമ്മ സുശീല മകള്‍ രമ്യയെയും അമ്മ അമ്മിണിയെയും ചേര്‍ത്തു നിര്‍ത്തി വിങ്ങിക്കരഞ്ഞു. കമ്യൂണിസ്റ്റ് പാര്‍ടി ഒരുമിച്ചു നിന്ന കാലംമുതല്‍ സംഘടനാ പ്രവര്‍ത്തനത്തില്‍ സജീവമായിരുന്ന അമ്മൂമ്മ അമ്മിണി എഴുപത് പിന്നിട്ടെങ്കിലും പ്രായം ഗൌനിക്കാത്ത ആവേശത്തിലായിരുന്നു. അമ്മൂമ്മയുടെ ആത്മധൈര്യം പ്രതിനിധി സഖാക്കള്‍ക്കും കരുത്തായി. മതതീവ്രവാദത്തിനു മുന്നില്‍ എന്റെ മകന്‍ നടത്തിയ പോരാട്ടത്തില്‍ അച്ഛന്‍ എന്ന നിലയില്‍ എനിക്ക് അഭിമാനമുണ്ട്. പ്രശ്നങ്ങളൊന്നും ഇല്ലാത്ത ഞങ്ങളുടെ ഗ്രാമത്തില്‍ അവര്‍ കൊലപാതകം നടത്തിയതു തന്നെ പ്രസ്ഥാനത്തെ ഭയപ്പെടുത്താനാണ്. ഇതിലൊന്നും ഉശിരന്മാരായ സഖാക്കള്‍ കീഴടങ്ങില്ല. കണ്ണൂരില്‍ എന്‍ഡിഎഫുകാരുടെ കൊലക്കത്തിക്കിരയായ ചിറക്കലിലെ വിനീഷിന്റെ അച്ഛന്‍ വിനായകന്‍ പതറാതെ പറഞ്ഞു.

ആര്‍എസ്എസ് ഫാസിസ്റ്റുകള്‍ കൊലപ്പെടുത്തിയ തൃശൂര്‍ നാട്ടിക ഏങ്ങണ്ടിയൂരിലെ ഐ കെ ധനീഷിന്റെ അനുജന്‍ ധീരജ്, കൊടുങ്ങല്ലൂര്‍ ബ്ളോക്ക് വൈസ് പ്രസിഡന്റായ കെ യു ബിജുവിന്റെ സഹോദരന്‍ ബിനേഷ്, തിരുവനന്തപുരത്തെ കൈതമുക്കിലെ വിഷ്ണുവിന്റെ അച്ഛന്‍ വിശ്വനാഥന്‍, അഴീക്കോട് വലിയപറമ്പിലെ ധനേഷിന്റെ അച്ഛന്‍ രവീന്ദ്രന്‍, എന്‍ഡിഎഫുകാര്‍ കൊലചെയ്ത സജീവന്റെ സഹോദരന്‍ ബിജു എന്നിവരും പോരാട്ടത്തിന്റെ ആവേശമായി എത്തി. കാസര്‍കോട്ടെ മുഹമ്മദ് റഫീഖ്, അബ്ദുള്‍ സത്താര്‍ ഹോങ്കല്‍, കണ്ണൂരിലെ യു കെ സലീം, ദിലീപന്‍, വിജേഷ്, രഞ്ജിത്ത്, ലതേഷ്, തൃശൂരിലെ ഷാജി, എ ബി വിജേഷ്, കൊല്ലത്തെ അജയപ്രസാദ് എന്നിവരാണ് അനുസ്മരിക്കപ്പെട്ട മറ്റ് രക്തസാക്ഷികള്‍. രക്തസാക്ഷികളുടെ ഉറ്റവര്‍ക്ക് സമ്മേളനം സ്നേഹോപഹാരം നല്‍കി.

ദേശാഭിമാനി 090110

1 comment:

  1. കൊച്ചുമകന് സമ്മേളന പ്രതിനിധികള്‍ ഉച്ചത്തില്‍ ഹൃദയാഭിവാദ്യം അര്‍പ്പിച്ചപ്പോള്‍ ആ അമ്മൂമ്മയും ഏറ്റുവിളിച്ചു.

    "കുഞ്ഞേ നിന്റെ ജീവിതം വെറുതെയായില്ല. ഇവരെല്ലാവരും നിന്റെ പോരാട്ടത്തിന് ഒപ്പമില്ലേ? ഇല്ല മക്കളെ. ഞങ്ങളുടെ കുഞ്ഞ് മരിച്ചത് വെറുതെയാകൂല്ല.''

    മയക്കുമരുന്ന് മാഫിയാ ആക്രമണത്തില്‍ കൊല്ലപ്പെട്ട എറണാകുളം പറവൂര്‍ കോട്ടുവള്ളിയിലെ സി ആര്‍ രതീഷിന്റെ എഴുപത് പിന്നിട്ട അമ്മൂമ്മ അമ്മിണിയുടെ വാക്കുകള്‍. കണ്ടു നിന്നവരുടെയെല്ലാം നെഞ്ച് പിടഞ്ഞ നിമിഷം.

    ReplyDelete