Wednesday, January 6, 2010

മുകുന്ദാ... മുകുന്ദാ....

മുരളീധരനെ ഇന്ന് അവരോധിക്കും; പ്രത്യാഘാതമുണ്ടാകുമെന്ന് മുകുന്ദന്‍

കൊച്ചി|/ പാലക്കാട്: ബിജെപി സംസ്ഥാന പ്രസിഡന്റായി നിലവിലുള്ള വൈസ് പ്രസിഡന്റ് വി മുരളീധരനെ അവരോധിക്കാനുള്ള നീക്കങ്ങള്‍ പാര്‍ടിയുടെ ഭരണഘടനയ്ക്കും ജനാധിപത്യത്തിനും വിരുദ്ധമാണെന്ന് മുന്‍ ജനറല്‍ സെക്രട്ടറി പി പി മുകുന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കേന്ദ്രനേതൃത്വത്തിന്റെ ജനാധിപത്യവിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ച് മത്സരത്തിനില്ലെന്ന് പ്രഖ്യാപിച്ച മുകുന്ദന്‍, ഈ നില തുടര്‍ന്നാല്‍ പാര്‍ടിയില്‍ വലിയ പ്രത്യാഘാതമുണ്ടാകുമെന്നും പ്രവര്‍ത്തിക്കാന്‍ ആളെ കിട്ടില്ലെന്നും മുന്നറിയിപ്പ് നല്‍കി. പ്രസിഡന്റിനെ തെരഞ്ഞെടുക്കാന്‍ ബുധനാഴ്ച കോഴിക്കോട്ട് ബിജെപിയുടെ പുതിയ സംസ്ഥാന കൌസില്‍ ചേരാനിരിക്കെയാണ് കേരളത്തിലെ സംഘടനാ സംവിധാനത്തില്‍ സ്വാധീനമുള്ള മുകുന്ദന്‍ പരസ്യമായി രംഗത്തുവന്നത്. കേരളത്തിലെ ബിജെപിയില്‍ മറ്റൊരു പൊട്ടിത്തെറിക്ക് കളമൊരുങ്ങുകയാണെന്ന് ഇത് സൂചിപ്പിക്കുന്നു.

നൂറ്റിനാല്‍പ്പത് അംഗ സംസ്ഥാന കൌസിലില്‍ നൂറ്റിപ്പത്തോളം പേരെയാണ് തെരഞ്ഞെടുത്തത്. കോട്ടയം, തിരുവനന്തപുരം, തൃശൂര്‍ ജില്ലകളില്‍ തെരഞ്ഞെടുപ്പ് മാറ്റിവച്ചിരിക്കയാണ്. തെരഞ്ഞെടുക്കപ്പെട്ട കൌസിലര്‍മാരില്‍ ഭൂരിപക്ഷവും തന്നെ പിന്തുണയ്ക്കുന്നവരാണെന്ന് മുകുന്ദന്‍ അവകാശപ്പെട്ടു. മത്സരിച്ചാല്‍ വിജയിക്കും. എന്നാല്‍, പാര്‍ടിയില്‍ പ്രതിസന്ധി രൂക്ഷമാകുന്നത് ഒഴിവാക്കാന്‍ മത്സരിക്കുന്നില്ല. പാര്‍ടി ഭരണഘടന വകവയ്ക്കാതെ തെരഞ്ഞെടുപ്പ് ഏകകണ്ഠമാക്കുന്നതിന് നിര്‍ബന്ധിക്കുകയാണ്. ഭൂരിഭാഗം കൌസിലര്‍മാരില്‍നിന്നും വി മുരളീധരനെ പിന്തുണയ്ക്കുന്നുവെന്ന് നേതൃത്വം എഴുതിവാങ്ങി. ഇത്തരം ജനാധിപത്യവിരുദ്ധ നടപടികള്‍ക്കെതിരെ സംസ്ഥാന കൌസില്‍ അംഗങ്ങള്‍ രംഗത്തുവന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നും മുകുന്ദന്‍ പറഞ്ഞു. ജനാധിപത്യപരമായി തെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് എല്‍ കെ അദ്വാനി, വെങ്കയ്യനായിഡു, ഷാനവാസ് ഹുസൈന്‍ എന്നിവര്‍ക്ക് മുകുന്ദന്‍ സന്ദേശമയച്ചു.

എന്നാല്‍, വി മുരളീധരനെ പ്രസിഡന്റാക്കാന്‍ ആര്‍എസ്എസ് നേതൃത്വം നിര്‍ദേശിച്ചതിനാല്‍ അത് നടപ്പാക്കാന്‍ കേന്ദ്രനേതൃത്വം ഉറച്ചിരിക്കയാണ്. അതിനാല്‍ വി മുരളീധരന്‍ 'എതിരില്ലാതെ' തെരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായി. എന്നാല്‍, മുരളീധരന്റെ നേതൃത്വം അംഗീകരിക്കില്ലെന്ന് മുകുന്ദന്‍പക്ഷവും ആര്‍എസ്എസ് വിരുദ്ധ വിഭാഗവും ഉറപ്പിച്ചിരിക്കയാണ്. തെരഞ്ഞെടുപ്പ് നിയന്ത്രിക്കുന്നതിന് ദേശീയ സെക്രട്ടറി ഷാനവാസ് ഹുസൈന്‍ കോഴിക്കോട്ടെത്തിയിട്ടുണ്ട്. ബിജെപി നേതൃത്വത്തിനെതിരെ പരസ്യവിമര്‍ശവുമായി രംഗത്ത് വന്ന പിപി മുകുന്ദനെതിരെ ഉടനെ നടപടിയുണ്ടാവില്ല. സംഘടനയില്‍ ഇപ്പോഴും സ്വാധീനമുള്ള മുകുന്ദനെതിരെ നടപടിയെടുക്കുന്നത് പ്രശ്നങ്ങള്‍ വഷളാക്കുമെന്ന് മുതിര്‍ന്ന നേതാക്കള്‍ വിലയിരുത്തുന്നു. നടപടിയെടുത്ത് പ്രകോപിപ്പിക്കുന്നതിനേക്കാള്‍ മുകുന്ദനെ അവഗണിക്കുകയാണ് നല്ലതെന്ന അഭിപ്രായം ഒരു വിഭാഗം നേതാക്കള്‍ക്കുണ്ട്. എന്നാല്‍, ആര്‍എസ്എസ് എടുക്കുന്ന നിലപാടായിരിക്കും ഇക്കാര്യത്തിലും അന്തിമം.

യഥാര്‍ഥത്തില്‍ ആര്‍എസ്എസിന്റെ ഭീഷണിക്കു മുന്നില്‍ ബിജെപി നേതൃത്വം കീഴടങ്ങുകയായിരുന്നു. ഭൂരിപക്ഷം നേതാക്കളും തങ്ങള്‍ക്ക് എതിരാണെന്ന് അറിഞ്ഞതോടെ എന്തു വിലകൊടുത്തും സംഘടന പിടിച്ചെടുക്കാന്‍ ആര്‍എസ്എസ് തീരുമാനിച്ചിരുന്നു. ജില്ലാ പ്രസിഡന്റുമാരുടെ തെരഞ്ഞെടുപ്പ് മുതല്‍ ആര്‍എസ്എസ് പിടിമുറുക്കി. ഔദ്യോഗികപക്ഷത്തിന് മൂന്‍തൂക്കമുള്ള ജില്ലകള്‍പോലും ആര്‍എസ്എസ് പിടിച്ചെടുത്തു. ഈ ജില്ലകളില്‍നിന്ന് സംസ്ഥാന കൌസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളില്‍നിന്ന് മുരളീധരന്റെ നോമിനേഷനില്‍ നിര്‍ബന്ധപൂര്‍വം ഒപ്പിട്ടുവാങ്ങി. മുരളീധരന്റെ നോമിനേഷന്‍ ജനാധിപത്യപരമല്ലെന്ന് മുകുന്ദന്‍ ചൊവ്വാഴ്ച ആരോപിച്ചത് അതുകൊണ്ടാണ്. പി പി മുകുന്ദന്‍ ഉന്നയിച്ച ആക്ഷേപങ്ങള്‍ പാര്‍ടിയില്‍ നിലനില്‍ക്കുന്ന ജനാധിപത്യത്തിന് തെളിവാണെന്ന് ദേശീയ വക്താവ് പ്രകാശ് ജാവേദ്കര്‍ പറഞ്ഞു. പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രക്രിയയെ മുകുന്ദന്‍ നിശിതമായി വിമര്‍ശിച്ചത് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, ഈ പ്രസ്താവനയും മുകുന്ദന്‍ പിന്നീട് തിരുത്തുമെന്നായിരുന്നു മറുപടി.

ദേശാഭിമാനി 060110

1 comment:

  1. ബിജെപി സംസ്ഥാന പ്രസിഡന്റായി നിലവിലുള്ള വൈസ് പ്രസിഡന്റ് വി മുരളീധരനെ അവരോധിക്കാനുള്ള നീക്കങ്ങള്‍ പാര്‍ടിയുടെ ഭരണഘടനയ്ക്കും ജനാധിപത്യത്തിനും വിരുദ്ധമാണെന്ന് മുന്‍ ജനറല്‍ സെക്രട്ടറി പി പി മുകുന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കേന്ദ്രനേതൃത്വത്തിന്റെ ജനാധിപത്യവിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ച് മത്സരത്തിനില്ലെന്ന് പ്രഖ്യാപിച്ച മുകുന്ദന്‍, ഈ നില തുടര്‍ന്നാല്‍ പാര്‍ടിയില്‍ വലിയ പ്രത്യാഘാതമുണ്ടാകുമെന്നും പ്രവര്‍ത്തിക്കാന്‍ ആളെ കിട്ടില്ലെന്നും മുന്നറിയിപ്പ് നല്‍കി. പ്രസിഡന്റിനെ തെരഞ്ഞെടുക്കാന്‍ ബുധനാഴ്ച കോഴിക്കോട്ട് ബിജെപിയുടെ പുതിയ സംസ്ഥാന കൌസില്‍ ചേരാനിരിക്കെയാണ് കേരളത്തിലെ സംഘടനാ സംവിധാനത്തില്‍ സ്വാധീനമുള്ള മുകുന്ദന്‍ പരസ്യമായി രംഗത്തുവന്നത്. കേരളത്തിലെ ബിജെപിയില്‍ മറ്റൊരു പൊട്ടിത്തെറിക്ക് കളമൊരുങ്ങുകയാണെന്ന് ഇത് സൂചിപ്പിക്കുന്നു.

    ReplyDelete