"ആരോഗ്യ സംരക്ഷണവും പരിചരണവും ഓരോ പൌരന്റെയും അവകാശമാണ്. ഗ്രാമീണ ആരോഗ്യസേവന ശൃംഖല, പോളിക്ളിനിക്കുകള്‍, ആശുപത്രികള്‍, രോഗപ്രതിരോധ സംവിധാനങ്ങള്‍, വിദഗ്ധ ആരോഗ്യസേവന കേന്ദ്രങ്ങള്‍ എന്നിവ സ്ഥാപിച്ചുകൊണ്ട് സൌജന്യ ചികില്‍സാ സംവിധാനം പ്രദാനംചെയ്തും സൌജന്യ ദന്തപരിരക്ഷ ഉറപ്പാക്കിയും രോഗം വരാതെ നോക്കുന്നതിന് ആരോഗ്യപ്രചാരണ പരിപാടികളും ആരോഗ്യ വിദ്യാഭ്യാസവും സ്ഥിരമായി രോഗപരിശോധനയും പൊതുവായ രോഗ പ്രതിരോധ കുത്തിവെയ്പുകളും ഇതര നടപടികളും സ്വീകരിച്ചും സര്‍ക്കാര്‍ പൌരന്മാരുടെ ഈ അവകാശം ഉറപ്പാക്കുന്നു. സാമൂഹിക സംഘടനകളിലൂടെയും ബഹുജന സംഘടനകളിലൂടെയും എല്ലാ ജനങ്ങളും ഈ പ്രവര്‍ത്തനങ്ങളുമായും പദ്ധതികളുമായും സഹകരിക്കുന്നു.'' 1976-ല്‍ അംഗീകരിച്ച പുതുക്കിയ ക്യൂബന്‍ ഭരണഘടനയിലെ 50-ാം വകുപ്പ് ഇങ്ങനെ എല്ലാ പൌരന്മാരുടെയും ആരോഗ്യ പരിരക്ഷ ഉറപ്പാക്കിയിരിക്കുന്നു.
വിപ്ളവാനന്തര ക്യൂബയില്‍ എല്ലാ പൌരന്മാര്‍ക്കും ചൊട്ടമുതല്‍ ചുടലവരെ തികച്ചും സൌജന്യമായി ആരോഗ്യ പരിചരണം ലഭിക്കുന്നു. ഇതിന്റെ ഭാഗമായി ക്യൂബക്കാരുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം 78.26 വയസ്സായി ഉയര്‍ന്നിരിക്കുന്നു. (സ്ത്രീകള്‍: 80, പുരുഷന്മാര്‍: 76). വിപ്ളവത്തിനുമുമ്പ് 1958-ല്‍ ഇത് 58 ആയിരുന്നു. ഇപ്പോള്‍ ആഗോള ശരാശരി 68.76 വയസ്സാണ്; അമേരിക്കയില്‍ 77.99 വയസ്സും ലാറ്റിന്‍ അമേരിക്കന്‍ ശരാശരി 73.13 വയസ്സുമാണ്. ക്യൂബയിലെ ശിശുമരണനിരക്ക് 1000ന് 5.9 ആണ്; 1959-ല്‍ ഇത് 1000ന് 54 ആയിരുന്നു. ഇപ്പോള്‍ ലോക ശരാശരി 68.01ഉം അമേരിക്കയില്‍ 7.60ഉം ആണ്. സോഷ്യലിസ്റ്റ് ക്യൂബയുടെ ശ്രദ്ധേയമായ നേട്ടങ്ങളില്‍ ഒന്നാണ് ആരോഗ്യ സൂചികയിലെ ഈ മികവ്. ഇത് കൈവരിച്ചതാകട്ടെ, സര്‍വ്വശക്തമെന്ന് അറിയപ്പെടുന്ന അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ എതിര്‍പ്പുകളും ഉപരോധങ്ങളും അതിജീവിച്ചുകൊണ്ടുമാണ്.
ആരോഗ്യസംരക്ഷണത്തിന്റെ ആദ്യ ചുവടുവെയ്പായി ക്യൂബ ഉറപ്പാക്കിയത് കുറഞ്ഞ വിലയ്ക്കുള്ള ഭക്ഷ്യ സാധന ലഭ്യതയാണ് 1962-ല്‍തന്നെ ക്യൂബയില്‍ ഭക്ഷ്യറേഷന്‍ സംവിധാനത്തിന് രൂപം നല്‍കിയിരുന്നു. ഭക്ഷ്യ സബ്സിഡിക്കായി 2007-ല്‍ ക്യൂബ ചെലവിട്ടത് 100 കോടി ഡോളറാണ്. (ജനസംഖ്യ: 1.15 കോടി) അമേരിക്കയില്‍ സാധാരണ ഒരു കടയില്‍നിന്ന് ശരാശരി 50 ഡോളറിന് ലഭിക്കുന്ന അത്രയും ഭക്ഷണസാധനങ്ങള്‍ ക്യൂബയില്‍ റേഷന്‍ സംവിധാനത്തിലൂടെ 1.20 ഡോളറിന് എല്ലാ പൌരന്മാര്‍ക്കും ലഭിക്കുന്നു. 3,300 കലോറി ഊര്‍ജ്ജം ലഭിക്കാന്‍ ആവശ്യമായ ഭക്ഷണത്തിന്റെ 70 ശതമാനംവരെ ഈ സംവിധാനത്തിലൂടെ ലഭിക്കുന്നു. ബാക്കി സ്വന്തമായി കൃഷിചെയ്തോ പൊതുവിപണിയില്‍നിന്നും സഹകരണ സ്ഥാപനങ്ങളില്‍നിന്നും വാങ്ങിയോ ഉപയോഗിക്കുന്നു. കലോറി ലഭ്യതയുടെ കാര്യത്തില്‍ ക്യൂബ അമേരിക്കയുടെ തൊട്ടടുത്ത് എത്തിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. (ക്യൂബ: 3300 കലോറി, അമേരിക്ക 3754 കലോറി, ലാറ്റിന്‍ അമേരിക്കന്‍ ശരാശരി-2875 കലോറി).
2009-ല്‍ ലോകാരോഗ്യ സംഘടന പ്രസിദ്ധീകരിച്ചവേള്‍ഡ് ഹെല്‍ത്ത് സ്റ്റാറ്റിസ്റ്റിക്സ് പ്രകാരം അമേരിക്ക ഉള്‍പ്പെടെയുള്ള വികസിത രാജ്യങ്ങളിലെ ആളുകളുടെ മരണകാരണവും ക്യൂബക്കാരുടെ മരണകാരണവും ഏറെക്കുറെ സമാനമാണെന്ന് കാണാം. പകര്‍ച്ചവ്യാധികള്‍മൂലമുള്ള മരണനിരക്ക് ലോകത്ത് 51 ശതമാനം ആയിരിക്കുമ്പോള്‍ ക്യൂബയില്‍ ഇത് 9 ശതമാനം മാത്രമാണ്. അമേരിക്കയിലും 9 ശതമാനമത്രെ. പകര്‍ച്ചവ്യാധികള്‍ അല്ലാത്ത അസുഖങ്ങള്‍മൂലമാണ് ക്യൂബയില്‍ 75% ആളുകള്‍ മരിക്കുന്നത്, 16% പേര്‍ അപകടങ്ങള്‍മൂലവും മറ്റുവിധത്തില്‍ പരിക്കേറ്റും മരിക്കുന്നു. അമേരിക്കയില്‍ ഇത് യഥാക്രമം 73 ശതമാനവും 18 ശതമാനവും ആണ്. എയ്ഡ്സ് ബാധിതരുടെ (എച്ച്ഐവി പോസിറ്റീവായിട്ടുള്ളവര്‍) എണ്ണം ലോകത്ത് ഏറ്റവും കുറവുള്ള രാജ്യവും ക്യൂബതന്നെ ജനസംഖ്യയില്‍ ഏകദേശം 0.05% പേര്‍ക്കുമാത്രം. എയ്ഡ്സ് ബാധിച്ചവര്‍ക്ക് മികച്ച ചികില്‍സ ഉറപ്പാക്കുന്നതോടൊപ്പം അത് വ്യാപിക്കാതിരിക്കാന്‍ കര്‍ക്കശമായ മുന്‍കരുതലുകളും ക്യൂബ കൈക്കൊള്ളുന്നു.
"ലോകത്തെ മികച്ച പൊതു സേവനങ്ങളില്‍ ഒന്നാ''യാണ് 2006-ല്‍ ബിബിസി ന്യൂസിന്റെ "ന്യൂസ്നൈറ്റ്'' എന്ന പരിപാടിയില്‍ ക്യൂബയിലെ ആരോഗ്യപരിരക്ഷാ സംവിധാനത്തെ വിശേഷിപ്പിച്ചത്. ക്യൂബയുടെ പ്രതിവര്‍ഷ പ്രതിശീര്‍ഷ ആരോഗ്യ പരിചരണ ചെലവ് 251 ഡോളറാണ്. ഇത് ബ്രിട്ടനും മറ്റു പാശ്ചാത്യരാജ്യങ്ങളും ചെലവാക്കുന്നതിനെക്കാള്‍ കുറവാണെങ്കിലും മികവുറ്റ ആരോഗ്യ സംവിധാനത്തിലൂടെ ക്യൂബ ലോകത്തിലെ മറ്റെല്ലാ രാജ്യങ്ങളെയും കവച്ചുവെയ്ക്കുന്നതായി ബിബിസി റിപ്പോര്‍ട്ട്ചെയ്തിരുന്നു. 2000-ല്‍ യു എന്‍ സെക്രട്ടറി ജനറലായിരുന്ന കോഫി അന്നന്‍ പറഞ്ഞത് ഇങ്ങനെയാണ്- "ആരോഗ്യം, വിദ്യാഭ്യാസം, സാക്ഷരത എന്നിങ്ങനെ ശരിയായ മുന്‍ഗണനകള്‍ക്ക് ഊന്നല്‍ നല്‍കുകയാണെങ്കില്‍ പരിമിതമായ വിഭവങ്ങള്‍കൊണ്ടുപോലും ഒരു രാഷ്ട്രത്തിന് എന്തെല്ലാം ചെയ്യാനാകും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ക്യൂബ.'' 2001ല്‍ ലോകബാങ്കിന്റെയും ഐഎംഎഫിന്റെയും വാര്‍ഷിക യോഗത്തില്‍ അന്ന് ലോകബാങ്ക് പ്രസിഡന്റായിരുന്നു ജയിംസ് വുള്‍ഫെന്‍സണും ക്യൂബയുടെ ആരോഗ്യ വിദ്യാഭ്യാസരംഗങ്ങളിലെ നേട്ടങ്ങളെക്കുറിച്ച് പ്രശംസിക്കുകയുണ്ടായി. 2001ല്‍ ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ ഹെല്‍ത്ത് സെലക്ട് കമ്മിറ്റി ക്യൂബ സന്ദര്‍ശിക്കുകയും ക്യൂബന്‍ ആരോഗ്യപരിചരണ സംവിധാനത്തിന്റെ മേന്മകളെക്കുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി പാര്‍ലമെന്റിന് സമര്‍പ്പിക്കുകയുമുണ്ടായി. ബ്രിട്ടനില്‍ സര്‍ക്കാര്‍ പണംമുടക്കി നടപ്പാക്കുന്ന നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസിനെക്കാള്‍ ഏറെ മികവുറ്റതാണ് ക്യൂബയിലെ സംവിധാനം എന്ന് ആ കമ്മിറ്റി റിപ്പോര്‍ട്ട് സംശയാതീതമായി വ്യക്തമാക്കുന്നു. 2007 സെപ്റ്റംബര്‍ 12ന് ബ്രിട്ടനിലെ ഗാര്‍ഡിയന്‍ പത്രം ക്യൂബന്‍ ആരോഗ്യസംവിധാനത്തിന്റെ ഉയര്‍ന്ന ഗുണനിലവാരത്തെക്കുറിച്ച് പ്രസിദ്ധീകരിച്ച ലേഖനവും സവിശേഷ പ്രാധാന്യമര്‍ഹിക്കുന്നതാണ്.
ലക്ഷ്യബോധത്തോടെയുള്ള ആസൂത്രണത്തിന്റെയും 50 വര്‍ഷം നീണ്ട പോരാട്ടത്തിന്റെയും അനന്തരഫലമാണ് ക്യൂബ കൈവരിച്ച ആരോഗ്യരംഗത്തെ മികച്ച നേട്ടങ്ങള്‍. 1960 ആഗസ്റ്റ് 20ന് വൈദ്യശാസ്ത്ര വിദ്യാര്‍ത്ഥികളോടും ആരോഗ്യപ്രവര്‍ത്തകരോടും ചെയ്ത പ്രസംഗത്തില്‍ ചെഗുവേര ആരോഗ്യസേവനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഇങ്ങനെയാണ് സൂചിപ്പിച്ചിരിക്കുന്നത്-"ലോകത്തിലെ ഏറ്റവും ധനികനായ മനുഷ്യന്റെ എല്ലാ സമ്പത്തിനെക്കാളും ദശലക്ഷം മടങ്ങ് അമൂല്യമാണ് ഒരൊറ്റ മനുഷ്യന്റെ ജീവിതമെന്ന് ഞങ്ങള്‍ വിപ്ളവകാലത്ത് തിരിച്ചറിഞ്ഞു... നല്ല വരുമാനം സമ്പാദിച്ചുകൂട്ടുന്നതിനെക്കാള്‍ സഹജീവികളെ സേവിക്കുന്നതാണ് വിശിഷ്ടമായ കടമ എന്ന് വിപ്ളവം ഉദ്ബോധിപ്പിക്കുന്നു. കുന്നുകൂട്ടുന്ന സ്വര്‍ണ്ണത്തെക്കാള്‍ അമൂല്യമാണ്, അനശ്വരമാണ്, ജനങ്ങള്‍ അര്‍പ്പിക്കുന്ന കൃതജ്ഞതയെന്ന് വിപ്ളവം പഠിപ്പിക്കുന്നു.'' (ചെഗുവേര റീഡര്‍ പേജ് 147) അക്കാലത്തുണ്ടായ ഒരനുഭവം സൂചിപ്പിച്ചുകൊണ്ടാണ് ചെ ഇത് ഓര്‍മ്മിപ്പിച്ചത്- "ഏതാനും മാസങ്ങള്‍ക്കുമുമ്പ് ഹവാനയില്‍ പുതുതായി ബിരുദമെടുത്ത ചില ഡോക്ടര്‍മാര്‍ നാട്ടിന്‍പുറങ്ങളില്‍ പോയി ജോലിനോക്കാന്‍ വിസമ്മതിച്ചു; അങ്ങനെ ചെയ്യണമെങ്കില്‍ കൂടുതല്‍ പ്രതിഫലം, അതും മുന്‍കൂറായി, വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു. പഴയ അനുഭവംവെച്ചുനോക്കുമ്പോള്‍ അതില്‍ അസ്വാഭാവികതയൊന്നുമില്ല. പഴയകാലത്തെ കാഴ്ചപ്പാട് അതായിരുന്നു''.
ഇന്ന് ക്യൂബയുടെ നാട്ടിന്‍പുറങ്ങളില്‍ എന്നല്ല, ലോകത്തിന്റെ നാനാകോണുകളില്‍, ദുര്‍ഗമസ്ഥലങ്ങളില്‍, ദുരിതംനിറഞ്ഞ സാഹചര്യങ്ങളില്‍ ആയിരക്കണക്കിന് ക്യൂബന്‍ ഡോക്ടര്‍മാരാണ് ആതുരശുശ്രൂഷയില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. വിപ്ളവത്തിനുമുമ്പ് 1958ല്‍ 1051 ആളുകള്‍ക്ക് ഒരു ഡോക്ടര്‍ എന്ന അനുപാതമാണുണ്ടായിരുന്നത്. വിപ്ളവാനന്തരം, വിപ്ളവക്യൂബയില്‍ പണിയെടുക്കാന്‍ തങ്ങള്‍ക്കാവില്ല എന്നുപറഞ്ഞ് അഭിജാതകുലജാതരായ ഡോക്ടര്‍മാരില്‍ മഹാഭൂരിപക്ഷവും ഭാഗ്യംതേടി അമേരിക്കയിലേക്ക് കുടിയേറി. വിപ്ളവം കൊടുമ്പിരിക്കൊണ്ടിരുന്ന നാളുകളില്‍ 1950-ല്‍ സ്വേഛാധിപതിയായ ബാത്തിസ്റ്റ മെഡിക്കല്‍ സ്കൂള്‍ ഉള്‍പ്പെടെ ഹവാന യൂണിവേഴ്സിറ്റി അടച്ചുപൂട്ടിയിരുന്നു. വിപ്ളവാനന്തരം അത് തുറന്നു പ്രവര്‍ത്തിപ്പിച്ചപ്പോള്‍ ഹവാന മെഡിക്കല്‍ സ്കൂളില്‍ ആകെയുണ്ടായിരുന്ന 161 വൈദ്യശാസ്ത്ര പ്രൊഫസര്‍മാരില്‍ 23 പേര്‍ മാത്രമാണ് തുടര്‍ന്ന് അവിടെ ജോലിചെയ്യാന്‍ സന്നദ്ധരായി ഉണ്ടായിരുന്നത്. മറ്റുള്ളവരെല്ലാം അമേരിക്കയിലേക്ക് കടക്കുകയായിരുന്നു. 1967-ല്‍ ക്യൂബയില്‍ മെഡിക്കല്‍ സ്കൂള്‍ അധ്യാപകര്‍ ഉള്‍പ്പെടെ 3000 ഡോക്ടര്‍മാരാണ് ഉണ്ടായിരുന്നത്-അതായത് 2000 പൌരന്മാര്‍ക്ക് ഒരു ഡോക്ടറുടെ സേവനം ലഭിക്കുന്ന അവസ്ഥയുണ്ടായിരുന്നില്ല. 1975 ആയപ്പോള്‍ മാത്രമാണ് വിപ്ളവത്തിനുമുമ്പുള്ള അനുപാതത്തിലേക്ക് എത്താന്‍ സാധിച്ചത്. ഇന്ന് ക്യൂബയില്‍ ഡോക്ടര്‍മാരുടെ ലഭ്യത ലോകത്ത് മറ്റൊരിടത്തും ഇല്ലാത്തത്ര അധികം ആയിരിക്കുന്നു-2007 ലെ കണക്കുപ്രകാരം 155 പൌരന്മാര്‍ക്ക് ഒരു ഡോക്ടറുടെ സേവനം ലഭിക്കുന്നുണ്ട്. ബ്രിട്ടന്‍ ഉള്‍പ്പെടെ, പശ്ചിമയൂറോപ്പില്‍ ഇത് 330ഉം അമേരിക്കയില്‍ 417ഉം ആണ്. 2007ലെ കണക്കുപ്രകാരം ക്യൂബയില്‍ മൊത്തം 72,417 ഡോക്ടര്‍മാരാണുള്ളത്.
സമഗ്രപൊതു ചികിത്സാപദ്ധതിയിലൂടെ പൊതുജനാരോഗ്യരംഗത്ത് ക്യൂബ വന്‍ മുന്നേറ്റമാണ് നടത്തിയത്. ഈ പദ്ധതിപ്രകാരം ഓരോ അയല്‍ക്കൂട്ടത്തിനും ഒരു ഡോക്ടറുടെയും നേഴ്സിന്റെയും സേവനം ലഭ്യമാക്കിയിരിക്കുന്നു. ഓരോ അയല്‍ക്കൂട്ടത്തിലും 120, 150 കുടുംബങ്ങളാണുള്ളത്. 1984-85ല്‍ ആസൂത്രണംചെയ്ത ഈ പദ്ധതി 2004 ആയപ്പോള്‍ ക്യൂബയില്‍ പൂര്‍ണമായി നടപ്പാക്കി. ഡോക്ടറും നേഴ്സും സ്ഥിരമായി ഓരോ കുടുംബത്തെയും സന്ദര്‍ശിക്കുന്നു. അങ്ങനെ ഓരോ കുടുംബത്തിന്റെയും ഓരോ വ്യക്തിയുടെയും ആരോഗ്യപ്രശ്നങ്ങള്‍ അവര്‍ മനസ്സിലാക്കുന്നു. ഓരോരുത്തരെയും സംബന്ധിച്ച പ്രധാന വിവരങ്ങള്‍ ശേഖരിക്കുകയും രോഗപ്രതിരോധ നടപടികള്‍ക്ക് പ്രാധാന്യം നല്‍കുകയും ചെയ്യുന്നു; നല്ല ആരോഗ്യശീലങ്ങള്‍, ശുചീകരണം എന്നിവയെക്കുറിച്ച് നിരന്തര ബോധവല്‍ക്കരണം നടത്തുന്നു. അത്യാവശ്യംവേണ്ട ചികില്‍സ ഉടനടി ലഭ്യമാക്കുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി ആശുപത്രികളില്‍ പ്രവേശിപ്പിക്കേണ്ടിവരുന്നവരുടെ എണ്ണം ഗണ്യമായി കുറയുന്നു. അതോടൊപ്പം 20,000 മുതല്‍ 40,000 വരെ ആളുകള്‍ അധിവസിക്കുന്ന അയല്‍ക്കൂട്ടങ്ങള്‍ ചേര്‍ത്ത് ഓരോ പോളിക്ളിനിക്കും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ രോഗ പരിശോധനയ്ക്കും രോഗനിര്‍ണയത്തിനും വേണ്ടി അത്യാധുനിക സംവിധാനങ്ങളോടുകൂടിയ ലാബറട്ടറികളും വിവിധ സ്പെഷ്യലിസ്റ്റുകളുടെ സേവനവും ലഭ്യമാണ്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയെ തുടര്‍ന്ന് അവിടെനിന്ന് ലഭിച്ചിരുന്ന സഹായം നിലയ്ക്കുകയും അമേരിക്ക കടുത്ത സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്ന ഘട്ടത്തിലാണ് ക്യൂബ ഈ അഭൂതപൂര്‍വമായ നേട്ടങ്ങള്‍ കൈവരിച്ചത്. അത്യാവശ്യ മരുന്നുകളും ഭക്ഷണ സാധനങ്ങളും ഉള്‍പ്പെടെ ക്യൂബയ്ക്ക് വില്‍ക്കുന്നതിനെ അമേരിക്ക തടഞ്ഞിരുന്നു. ഇപ്പോഴും ഈ ഉപരോധം പൂര്‍ണമായി നീക്കംചെയ്തിട്ടില്ല.
ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്യൂബന്‍ ഡോക്ടര്‍മാരെയും ആരോഗ്യപ്രവര്‍ത്തകരെയും കാണാന്‍ കഴിയും. സാര്‍വദേശീയ സൌഹാര്‍ദ്ദത്തിന്റെയും ഐക്യദാര്‍ഢ്യത്തിന്റെയും ഭാഗമായാണ് ക്യൂബ ഈ ആരോഗ്യപ്രവര്‍ത്തനത്തെ കാണുന്നത്. 81 രാജ്യങ്ങളില്‍ ഏകദേശം 36,500 ക്യൂബന്‍ ഡോക്ടര്‍മാര്‍ ഇന്ന് സേവനം അനുഷ്ഠിക്കുന്നുണ്ട്. "ഓപ്പറേഷന്‍ മിറക്കിള്‍'' എന്ന പരിപാടിയിലൂടെ പത്തുലക്ഷത്തിലേറെ ലാറ്റിന്‍ അമേരിക്കക്കാര്‍ക്ക് കാഴ്ചശക്തി വീണ്ടെടുത്തുകൊടുക്കാന്‍ ക്യൂബയ്ക്ക് കഴിഞ്ഞു. 2004-ല്‍ പാകിസ്ഥാനില്‍ ഭൂകമ്പം ഉണ്ടായപ്പോഴും ഏഷ്യയിലാകെ സുനാമി ഉണ്ടായപ്പോഴും ഏറ്റവും അധികം ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും പാഞ്ഞെത്തിയത് ക്യൂബയില്‍നിന്നാണ്. 2005ല്‍ അമേരിക്കയില്‍ ചുഴലിക്കൊടുങ്കാറ്റ് നാശംവിതച്ചപ്പോള്‍ ക്യൂബയില്‍നിന്ന് ഡോക്ടര്‍മാരുടെ സംഘത്തെ എത്തിക്കാന്‍ ഫിദെല്‍ കാസ്ട്രോ സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും അത് സ്വീകരിക്കാന്‍ അമേരിക്ക സന്നദ്ധമായില്ല.
1963-ല്‍ ക്യൂബന്‍ വിപ്ളവത്തിന്റെ ശൈശവാവസ്ഥയില്‍തന്നെ തങ്ങളുടെ സാര്‍വദേശീയ ദൌത്യം ഉള്‍ക്കൊണ്ടുകൊണ്ട് ക്യൂബ പുതുതായി സ്വാതന്ത്യ്രം പ്രാപിച്ച അള്‍ജീരിയയിലേക്ക് ഡോക്ടര്‍മാരുടെ ആദ്യ സംഘത്തെ അയക്കുകയുണ്ടായി. പിന്നീട് കോംഗോയിലേക്കും അംഗോളയിലേക്കും ക്യൂബന്‍ ആരോഗ്യപ്രവര്‍ത്തകര്‍ 1960കളുടെ ഒടുവിലും 1970കളിലും എത്തിയിരുന്നു. പ്രകൃതിക്ഷോഭങ്ങള്‍ മൂലമുള്ള കെടുതികള്‍ നേരിടുന്നതിന് 1998-ല്‍ ക്യൂബ സമഗ്ര ആരോഗ്യപരിപാടിക്ക് രൂപംനല്‍കി. ഹെയ്ത്തിയിലും ഹോണ്ടുറാസിലും ഗ്വാട്ടിമാലയിലും ചുഴലിക്കൊടുങ്കാറ്റും പ്രളയവും സര്‍വ്വവും തകര്‍ത്ത് ഉറഞ്ഞുതുള്ളിയപ്പോള്‍ അവിടങ്ങളിലെ ജനങ്ങളെ രക്ഷിക്കാനായി ക്യൂബന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ഉടനെത്തിയിരുന്നു.
ഈ രാജ്യങ്ങളിലെ ഓണംകേറാ മൂലകളില്‍ ദുരിതംപേറി കഴിഞ്ഞിരുന്ന പട്ടിണിപ്പാവങ്ങളുടെ രക്ഷയ്ക്കെത്തിയ ക്യൂബന്‍ സംഘം പ്രളയവും ചുഴലിക്കാറ്റും ഒടുങ്ങിയശേഷവും ജനങ്ങളെ സേവിക്കാനായി അവിടെ തുടര്‍ന്നു. ഗ്വാട്ടിമാലയില്‍ കമ്യൂണിസ്റ്റ്വിരുദ്ധ സേന എന്ന ഫാസിസ്റ്റ് സംഘം ക്യൂബന്‍ ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും നേരെ വധഭീഷണി ഉയര്‍ത്തിയിട്ടും അതവഗണിച്ചാണ് അവര്‍ ദരിദ്രരായ ജനങ്ങളെ ശുശ്രൂഷിക്കാനായി അവിടെ കഴിഞ്ഞത്. അമേരിക്കയും ക്യൂബന്‍ സംഘത്തെ പുറത്താക്കാന്‍ ഈ രാജ്യങ്ങള്‍ക്കുമേല്‍ ശക്തമായ സമ്മര്‍ദ്ദംചെലുത്തിയിരുന്നു. ഹെയ്ത്തിയില്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ടിരുന്ന പ്രസിഡന്റ് അരിസ്റ്റെഡിനെ അമേരിക്കന്‍ പിന്തുണയോടെ അട്ടിമറിച്ച് അധികാരത്തിലെത്തിയ ജെറാള്‍ഡ് ലാതോച്ചിന്റെ ഇടക്കാല സര്‍ക്കാരിനുപോലും ക്യൂബന്‍ ആരോഗ്യപ്രവര്‍ത്തകരെ പറഞ്ഞുവിടണമെന്ന അമേരിക്കന്‍ സമ്മര്‍ദ്ദത്തിന് വഴങ്ങാന്‍ കഴിഞ്ഞില്ല. ഹെയ്ത്തിയിലെ ഒരു ശിശുസംരക്ഷണ സ്ഥാപനത്തിന്റെ ഡയറക്ടറായിരുന്ന ഫാദര്‍ ബര്‍ണറ്റ് ചെറി ഡോളിന്റെ വാക്കുകളില്‍ ഇതിന്റെ കാരണം കാണാം-'' ഹെയ്ത്തിയിലെ പല ഉള്‍പ്രദേശങ്ങളിലും ആളുകള്‍ക്ക് ആകെ ആശ്വാസം ക്യൂബന്‍ ഡോക്ടര്‍മാരാണ്; എന്നാല്‍ അവര്‍ക്ക് സര്‍ക്കാരില്‍നിന്ന് ഒരു സഹായവും ലഭിക്കുന്നുമില്ല. വൈദ്യുതി എത്താത്ത, നല്ല പാര്‍പ്പിടമോ ഹോട്ടലുകളോ ഇല്ലാത്ത ഈ ഉള്‍പ്രദേശങ്ങളിലേക്ക് പോകാന്‍ ഹെയ്ത്തിയിലെ ഡോക്ടര്‍മാര്‍ ആരും തയ്യാറാകുന്നുമില്ല''.
2005-ല്‍ അമേരിക്കയുടെ കടുത്ത സമ്മര്‍ദ്ദത്തെതുടര്‍ന്ന് ഹോണ്ടുറാസിലെ സര്‍ക്കാര്‍ ക്യൂബന്‍ ഡോക്ടര്‍മാരെ പുറത്താക്കാന്‍ തീരുമാനിച്ചെങ്കിലും ട്രേഡ്യൂണിയനുകളുടെയും ബഹുജന പ്രസ്ഥാനങ്ങളുടെയും പ്രക്ഷോഭത്തെ തുടര്‍ന്ന് അതില്‍നിന്ന് പിന്തിരിയാന്‍ നിര്‍ബന്ധിതരായി. ക്യൂബന്‍ ആതുരശുശ്രൂഷാ സംഘം ചികിത്സയല്ല കമ്യൂണിസ്റ്റ് ആശയ പ്രചാരണമാണ് നടത്തുന്നത് എന്നാണ് അമേരിക്കയും ഈ രാജ്യങ്ങളിലെ പിന്തിരിപ്പന്‍ ശക്തികളും പ്രചരിപ്പിച്ചിരുന്നത്.
വെനിസ്വേലയില്‍ 1999ല്‍ ഹ്യൂഗോഷാവേസ് അധികാരത്തില്‍ എത്തിയതിനെ തുടര്‍ന്ന് അവിടെ നടപ്പാക്കിയ 'ബാരിയോ അദേന്ദ്രോമിഷന്‍' എന്ന ജനകീയ ആരോഗ്യപദ്ധതി നടപ്പാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്നത് ക്യൂബന്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 2006-ല്‍ 14,000 ഡോക്ടര്‍മാരും ആയിരക്കണക്കിന് പാരാമെഡിക്കല്‍ ജീവനക്കാരും നേഴ്സുമാരും മറ്റുമാണ് വെനിസ്വേലയില്‍ സേവനമനുഷ്ഠിക്കാന്‍ ഉണ്ടായിരുന്നത്. ഈ പ്രവര്‍ത്തനങ്ങളിലൂടെ വെനിസ്വേലയില്‍ 2000നുമുമ്പ് 17,300 ആളുകള്‍ക്ക് ഒരു ഡോക്ടര്‍ മാത്രമുണ്ടായിരുന്നത് 2007 ആയപ്പോള്‍ 3,400 പേര്‍ക്ക് ഒരു ഡോക്ടര്‍ എന്ന അനുപാതത്തില്‍ എത്തിക്കാന്‍ കഴിഞ്ഞു. ക്യൂബയില്‍ എന്നപോലെതന്നെ വെനിസ്വേലയിലും ഓരോ അയല്‍ക്കൂട്ടത്തിലേയും ജനങ്ങളുടെ ആരോഗ്യനിലയെ സംബന്ധിച്ച സര്‍വെ നടത്തി അതില്‍നിന്നു ലഭിച്ച അടിസ്ഥാന വിവരങ്ങളെ ആധാരമാക്കിയുള്ള ചികില്‍സയാണ് നടത്തുന്നത്. അയല്‍ക്കൂട്ട ആരോഗ്യസമിതിയും ക്യൂബന്‍ ഡോക്ടര്‍മാരും ചേര്‍ന്നാണ് ഈ സര്‍വെ നടത്തി അടിസ്ഥാന വിവരങ്ങള്‍ കമ്പൈല്‍ ചെയ്യുന്നത്. 2008ല്‍ ബൊളീവിയയില്‍ ഈവൊ മൊറേത്സ് അധികാരത്തില്‍ എത്തിയതോടെ അവിടെ നടപ്പാക്കാന്‍ ആരംഭിച്ച ആരോഗ്യപദ്ധതികള്‍ക്ക് ക്യൂബന്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കാനായി വെനിസ്വേലയില്‍നിന്ന് ഒരു വിഭാഗം ആരോഗ്യപ്രവര്‍ത്തകരെ ബൊളീവിയയിലേക്ക് അയക്കുകയുമുണ്ടായി.
ദക്ഷിണാഫ്രിക്ക, ഗാസിയ, ഗിനിബിസാവു, മാലി എന്നിവ ഉള്‍പ്പെടെയുള്ള ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഇപ്പോള്‍ രണ്ടായിരത്തിലധികം ക്യൂബന്‍ ഡോക്ടര്‍മാര്‍ പണിയെടുക്കുന്നുണ്ട്. ചെര്‍ണോബില്‍ ആണവോര്‍ജ്ജ പ്ളാന്റ് തകര്‍ന്നതിനെതുടര്‍ന്ന് റഷ്യാ ഉക്രെയ്ന്‍, ബെലാറസ് എന്നിവിടങ്ങളില്‍ രോഗാബാധിതരായ 20,000 കുട്ടികളെയാണ് വിദഗ്ധ ചികിത്സയ്ക്കായി ക്യൂബയില്‍ എത്തിച്ചത്. ഹെല്‍ത്ത് ടൂറിസവും ഔഷധ നിര്‍മ്മാണവും ക്യൂബയുടെ പ്രധാന വരുമാനമാര്‍ഗമായും മാറിയിട്ടുണ്ട്. നേത്രശസ്ത്രക്രിയ, പാര്‍ക്കിന്‍സണ്‍ രോഗം, വിവിധ മസ്തിഷ്ക രോഗങ്ങള്‍, അസ്തിരോഗങ്ങള്‍ എന്നിവയ്ക്കുള്ള വിദഗ്ധ ചികിത്സയ്ക്കായി യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നും കാനഡയില്‍നിന്നും മാത്രമല്ല അമേരിക്കയില്‍നിന്നു പോലും ക്യൂബയില്‍ രോഗികള്‍ എത്തുന്നുണ്ട്-വിദഗ്ധ ചികിത്സ കുറഞ്ഞ ചെലവില്‍ ലഭ്യമാകും എന്നതാണ് ക്യൂബയിലെ പ്രത്യേകത. ഇതോടൊപ്പം ഹവാനയിലെ ലാറ്റിന്‍ അമേരിക്കന്‍ മെഡിക്കല്‍ സ്കൂളിലും മറ്റു സര്‍വ്വകലാശാലകളിലുമായി 100 അമേരിക്കന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉള്‍പ്പെടെ 24000 വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് സൌജന്യമായി വൈദ്യ വിദ്യാഭ്യാസം നല്‍കുന്നുമുണ്ട്. ക്യൂബന്‍ ആരോഗ്യ പഠനത്തിന്റെയും ചികിത്സയുടെയും മറ്റൊരു പ്രത്യേകത ചൈനീസ് പാരമ്പര്യ ചികിത്സാ രീതിയായ അക്യുപങ്ചര്‍ ഉള്‍പ്പെടെ എല്ലാ ചികിത്സാവിധികളും ആധുനിക വൈദ്യശാസ്ത്രത്തോടൊപ്പം പ്രയോജനപ്പെടുത്തുന്നുവെന്നതാണ്.
ഔഷധ നിര്‍മ്മാണത്തിലും പുതിയ വാക്സിനുകള്‍ കണ്ടെത്തുന്നതിലും ക്യൂബയില്‍ നടക്കുന്ന ഗവേഷണങ്ങളും അവര്‍ കൈവരിച്ച നേട്ടങ്ങളും ലോകത്തിന്റെയാകെ ആദരവ് പിടിച്ചെടുക്കുന്നതാണ്. ഹവാനയിലെ സെന്റര്‍ ഓഫ് മോളിക്യുളാര്‍ ഇമ്മ്യൂണോളജി വികസിപ്പിച്ചെടുത്ത നിമോടുസുമാബ് എന്ന ഔഷധം കാന്‍സര്‍ ചികില്‍സയില്‍ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ബാക്ടീരിയ മൂലമുള്ള മെനിഞ്ചൈറ്റിസ് ബി തടയുന്നതിനുള്ള ഒരു വാക്സിന്‍ 1980കളില്‍ ക്യൂബന്‍ ശാസ്ത്രജ്ഞന്മാര്‍ വികസിപ്പിച്ചു. എല്ലാ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളും ഈ വാക്സിന്‍ ഉപയോഗിക്കുന്നുണ്ട്. അമേരിക്കയില്‍ മെനിഞ്ചൈറ്റിസ് ബി രോഗം വ്യാപകമായി പടര്‍ന്നു പിടിച്ചതിനെ തുടര്‍ന്ന് അമേരിക്കയിലെ ട്രഷറി ഡിപ്പാര്‍ട്ട്മെന്റ് 1999ല്‍ അമേരിക്കയിലും മറ്റു രാജ്യങ്ങളിലും ഉപയോഗിക്കുന്നതിന് ഈ വാക്സിന്‍ നിര്‍മ്മിക്കുന്നതിനുള്ള ലൈസന്‍സ് സ്മിത്ത് ക്ളൈന്‍ ബീക്കാം എന്ന അമേരിക്കന്‍ സബ്സിഡിയറി കമ്പനിക്ക് അനുമതിനല്‍കി. 2007 ഏപ്രില്‍ മാസത്തില്‍ ക്യൂബന്‍ ആരോഗ്യമന്ത്രാലയത്തിന്റെ നേതൃത്വത്തിലുള്ള പഠനസംഘം നിഷ്ക്രിയ പോളിയോ വൈറസ് വാക്സിന്‍ ഉഷ്ണമേഖലാ പ്രദേശങ്ങളിലെ കുട്ടികള്‍ക്ക് ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പോളിയോ നിര്‍മ്മാര്‍ജ്ജനം ചെയ്യപ്പെട്ട പ്രദേശങ്ങളില്‍ സജീവ പോളിയോ വൈറസ് വാക്സിന്‍ പ്രയോഗിക്കുന്നതുമൂലം വീണ്ടും കൂടുതല്‍ ഉഗ്രരൂപത്തില്‍ പോളിയോ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. എന്നാല്‍ വാക്സിന്‍ നല്‍കാതിരിക്കുന്നതും അപകടകരമാണ്. ഈ അപകടങ്ങളില്‍നിന്ന് രക്ഷപ്രാപിക്കാന്‍ പ്രയോജനകരമാണ് ഈ പുതിയ കണ്ടെത്തല്‍. പഠനസംഘത്തില്‍ ക്യൂബന്‍ ആരോഗ്യ മന്ത്രാലയത്തിനുപുറമെ, കൌരി ഇന്‍സ്റ്റിറ്റ്യൂട്ട്, യു എസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ & പ്രിവെന്‍ഷന്‍, പാന്‍ അമേരിക്കന്‍ ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍, ലോക ആരോഗ്യസംഘടന എന്നിവയാണുണ്ടായിരുന്നത്.
തികച്ചും പ്രതികൂലമായ സാഹചര്യങ്ങളില്‍, തികഞ്ഞ ലക്ഷ്യബോധത്തോടെയും ആശയപരമായ ദൃഢതയോടെയും ഒരു ജനതയെയാകെ ഉണര്‍ത്തി ഫിദെല്‍കാസ്ട്രോയുടെ നേതൃത്വത്തില്‍ ക്യൂബന്‍ കമ്യൂണിസ്റ്റുപാര്‍ടിയും വിപ്ളവ ഗവണ്‍മെന്റും നടത്തിയ പോരാട്ടത്തിന്റെ മഹനീയ നേട്ടമാണ് ആരോഗ്യരംഗത്ത് ക്യൂബന്‍ ജനത ഇന്ന് അനുഭവിക്കുന്നത്. അതിന്റെ ഗുണഫലം ലോകത്തിനാകെയും ലഭിക്കുന്നു.
ജി വിജയകുമാര്‍ ചിന്ത വാരിക 150110
ആരോഗ്യ സംരക്ഷണവും പരിചരണവും ഓരോ പൌരന്റെയും അവകാശമാണ്.
ReplyDelete