Friday, January 29, 2010

കോടതികള്‍ ദരിദ്രരെ മറക്കുന്നു: സുപ്രീംകോടതി

ദരിദ്രജനവിഭാഗങ്ങളെ കൂടുതല്‍ ദുരിതത്തിലേക്ക് തള്ളിവിടുന്ന പുത്തന്‍ സാമ്പത്തികനയങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി രാജ്യത്തെ പരമോന്നത കോടതി രംഗത്ത്. ആഗോളവല്‍ക്കരണ- ഉദാരവല്‍ക്കരണ നയങ്ങളുടെ 'ആകര്‍ഷണമന്ത്ര'ങ്ങളെ പിന്തുടരുന്ന വ്യഗ്രതയില്‍ സാധാരണക്കാരോടുള്ള അനുകമ്പ രാജ്യത്തെ എല്ലാ കോടതികള്‍ക്കും നഷ്ടമാകുകയാണെന്ന് സുപ്രീംകോടതി സ്വയംവിമര്‍ശനാത്മകമായി അഭിപ്രായപ്പെട്ടു. തൊഴില്‍തര്‍ക്ക കേസിലെ വിധിന്യായത്തില്‍ ജസ്റ്റിസുമാരായ ജി എസ് സിങ്വി, എ കെ ഗാംഗുലി എന്നിവരടങ്ങിയ ബെഞ്ചാണ് ആഗോളവല്‍ക്കരണത്തിന്റെ ആകര്‍ഷണത്തില്‍ കോടതികള്‍ പാവങ്ങളോടുള്ള നീതി മറക്കുകയാണെന്ന് വിലയിരുത്തിയത്.

ആഗോളവല്‍ക്കരണത്തെ പ്രോത്സാഹിപ്പിക്കാന്‍, ഭരണഘടന മുന്നോട്ടുവയ്ക്കുന്ന അടിസ്ഥാനതത്വങ്ങളില്‍ കോടതികള്‍ വെള്ളം ചേര്‍ത്താല്‍ രാജ്യം ഗുരുതരമായ പ്രതിസന്ധി അഭിമുഖീകരിക്കും. ആഗോളവല്‍ക്കരണത്തിന്റെയും ഉദാരവല്‍ക്കരണത്തിന്റെയും 'ആകര്‍ഷകമായ' മന്ത്രങ്ങള്‍ ജുഡീഷ്യല്‍പ്രക്രിയയുടെ ദിശ നിര്‍ണയിക്കുന്ന വിധത്തില്‍ കാര്യങ്ങള്‍ മാറുന്നു. വ്യവസായ- അസംഘടിത മേഖലയിലെ തൊഴിലാളികളുടെ പ്രശ്നങ്ങളോട് ഉന്നത ന്യായാലയങ്ങള്‍ക്ക് ഒരു അനുകമ്പയുമില്ലെന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. വ്യവസായ തര്‍ക്ക നിയമം പോലെയുള്ള സാമൂഹ്യക്ഷേമ നിയമങ്ങള്‍ വിശകലനം ചെയ്യേണ്ടിവരുന്ന കേസുകളില്‍ കോടതികളുടെ സമീപനത്തില്‍ ചുവടുമാറ്റം പ്രകടമാണ്. ജഡ്ജിമാരില്‍നിന്ന് തൊഴിലാളികള്‍ക്ക് നീതി കിട്ടാത്ത വിധമാണ് ഒട്ടേറെ തൊഴില്‍കേസുകള്‍ അവസാനിക്കുന്നത്. നിയമവിരുദ്ധ പുറന്തള്ളലിനെ ന്യായീകരിച്ച് തൊഴിലുടമകള്‍ മുന്നോട്ടുവയ്ക്കുന്ന വിശദീകരണം ജഡ്ജിമാര്‍ വളരെ പെട്ടെന്ന് സ്വീകരിക്കുകയാണ്. തൊഴിലാളികള്‍ ജോലിചെയ്യുന്ന സാഹചര്യങ്ങള്‍കൂടി വിലയിരുത്തി നിഗമനങ്ങളില്‍ എത്തേണ്ടവരാണ് ജഡ്ജിമാര്‍. നമ്മുടെ ഭരണഘടന പ്രാഥമികമായി സാധാരണ ജനങ്ങള്‍ക്കുവേണ്ടി രൂപപ്പെടുത്തിയതാണ്. ഭരണാധികാരിക്ക് വേണ്ടിയല്ല. ഏറ്റവും താഴെതട്ടിലുള്ളവര്‍ക്കും തെരുവിലുറങ്ങുന്നവര്‍ക്കും അടിമകള്‍ക്കും ഭാരം ചുമക്കുന്നവര്‍ക്കും വേണ്ടിയുള്ളതാണ് ഭരണഘടന- പ്രമുഖ നിയമജ്ഞന്‍ എന്‍ എ പാല്‍ക്കിവാലയെ ഉദ്ധരിച്ച് കോടതി പറഞ്ഞു.

ആഗോളവല്‍ക്കരണത്തിന്റെ കടന്നുവരവോടെ സമൂഹത്തില്‍ സൃഷ്ടിക്കപ്പെട്ട വിള്ളലുകള്‍ മറികടക്കുന്നതിന് പിന്നോക്കവിഭാഗക്കാരുടെ അവകാശ സംരക്ഷണത്തിന് കോടതികള്‍ ശ്രമിക്കണം. ഇത് കോടതികളുടെ ഭരണഘടനാപരമായ ബാധ്യതയാണ്. എല്ലാ വിഭാഗമാളുകള്‍ക്കും നീതിയും സ്വാതന്ത്യ്രവും സമത്വവുമെന്ന വാഗ്ദാനം നിറവേറ്റുമെന്ന് ഉറപ്പുവരുത്തുന്നതില്‍ ജഡ്ജിമാര്‍ക്ക്, പ്രത്യേകിച്ച് ഉന്നതകോടതികളിലെ ജഡ്ജിമാര്‍ക്ക് നിര്‍ണായക പങ്ക് വഹിക്കാനുണ്ട്. ഈ കടമ നിറവേറ്റുന്നതില്‍ ജഡ്ജിമാര്‍ പരാജയപ്പെട്ടാല്‍ ഭരണഘടനാതത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ അവര്‍ പരാജയപ്പെടുകയാണ്- കോടതി പറഞ്ഞു. പഞ്ചാബ് വെയര്‍ഹൌസിങ് കോര്‍പറേഷനില്‍നിന്ന് പുറത്താക്കപ്പെട്ട ഹര്‍ജീന്ദര്‍സിങ് നല്‍കിയ ഹര്‍ജിയിലാണ് ഈ വിലയിരുത്തല്‍. ഹര്‍ജീന്ദറിന് നഷ്ടപരിഹാരം മാത്രം നല്‍കിയാല്‍ മതിയെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. എന്നാല്‍, ഇത് റദ്ദാക്കിയ സുപ്രീംകോടതി അദ്ദേഹത്തെ വീണ്ടും ജോലിയില്‍ പ്രവേശിപ്പിക്കാന്‍ ഉത്തരവിട്ടു.

ദേശാഭിമാനി 290110

1 comment:

  1. ദരിദ്രജനവിഭാഗങ്ങളെ കൂടുതല്‍ ദുരിതത്തിലേക്ക് തള്ളിവിടുന്ന പുത്തന്‍ സാമ്പത്തികനയങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി രാജ്യത്തെ പരമോന്നത കോടതി രംഗത്ത്. ആഗോളവല്‍ക്കരണ- ഉദാരവല്‍ക്കരണ നയങ്ങളുടെ 'ആകര്‍ഷണമന്ത്ര'ങ്ങളെ പിന്തുടരുന്ന വ്യഗ്രതയില്‍ സാധാരണക്കാരോടുള്ള അനുകമ്പ രാജ്യത്തെ എല്ലാ കോടതികള്‍ക്കും നഷ്ടമാകുകയാണെന്ന് സുപ്രീംകോടതി സ്വയംവിമര്‍ശനാത്മകമായി അഭിപ്രായപ്പെട്ടു. തൊഴില്‍തര്‍ക്ക കേസിലെ വിധിന്യായത്തില്‍ ജസ്റ്റിസുമാരായ ജി എസ് സിങ്വി, എ കെ ഗാംഗുലി എന്നിവരടങ്ങിയ ബെഞ്ചാണ് ആഗോളവല്‍ക്കരണത്തിന്റെ ആകര്‍ഷണത്തില്‍ കോടതികള്‍ പാവങ്ങളോടുള്ള നീതി മറക്കുകയാണെന്ന് വിലയിരുത്തിയത്.

    ReplyDelete