ഒരു എംപി എന്ന നിലയില്‍ ശ്രീ. കെ എസ് മനോജിനെ ഏറെ സ്നേഹിച്ചിരുന്നു, ആദരിച്ചിരുന്നു. മനോജിന്റെ രാജി ടിവിയിലൂടെ ആദ്യം കേട്ടപ്പോള്‍ അദ്ദേഹത്തോടു സഹതാപമാണ് തോന്നിയത്. തുടര്‍ന്നു നടക്കാന്‍ സാധ്യതയുള്ള വാദപ്രതിവാദങ്ങളില്‍ ഇടപെടണ്ടാ എന്നും മനസ്സില്‍ കുറിച്ചിട്ടു. അങ്ങനെ നിശബ്ദനായിരിക്കുകയായിരുന്നു. പക്ഷേ, പിന്നീടും മനോജ് മാധ്യമങ്ങളില്‍ നടത്തുന്ന ഇടപെടലുകളും അഭിമുഖങ്ങളും കണ്ടപ്പോള്‍, പ്രതികരിക്കാതെ വയ്യെന്ന സ്ഥിതിയിലെത്തി. തന്നെ അത്യുന്നത സ്ഥാനത്ത് അവരോധിച്ചാദരിച്ചെങ്കിലും പാര്‍ടിയില്‍ തുടരാനോ രാജിവയ്ക്കാനോ ഒരു വ്യക്തി എന്ന നിലയില്‍ മനോജിനു പൂര്‍ണ സ്വാതന്ത്ര്യവും അവകാശവുമുണ്ട്. എന്നാല്‍, അതിപ്പോള്‍, ഇങ്ങനെ ആയിരുന്നോ ചെയ്യേണ്ടിയിരുന്നതെന്ന ചോദ്യമാണ് എന്നെയും സുഹൃത്തുക്കളെയും അലട്ടുന്നത്.
മാര്‍ക്സിസ്റ്റു പാര്‍ടിയിലേക്കു വരാന്‍ പ്രേരിപ്പിച്ചതിനു പിന്നിലെ കാരണങ്ങളും ഇപ്പോള്‍ രാജിവയ്ക്കാന്‍ ഇടയാക്കിയ കാരണങ്ങളും വിലയിരുത്തുമ്പോള്‍, മനോജ് മാര്‍ക്സിസത്തെ അല്‍പ്പംപോലും ഗൌരവത്തോടെ പഠിക്കാന്‍ മെനക്കെട്ടില്ലെന്ന ദുഃഖസത്യം പുറത്തുവരുന്നു. മനോജിനെപ്പോലെ വിദ്യാസമ്പന്നനായ ഒരാള്‍ ഒരു പാര്‍ടിയുടെ അംഗത്വം സ്വീകരിക്കാന്‍ തീരുമാനിക്കുമ്പോള്‍, അതിന്റെ പ്രത്യയശാസ്ത്ര അടിത്തറ എന്തെന്നു നിര്‍ബന്ധമായും പഠിച്ചുകാണുമെന്നായിരുന്നു എന്നെപ്പോലെയുള്ള രാഷ്ട്രീയ അല്‍മേനികളുടെ വിശ്വാസം. അക്കാര്യത്തില്‍ താങ്കള്‍ ഗര്‍ഹണീയമായ അലംഭാവമാണു കാട്ടിയതെന്നു കാണുന്നതില്‍ ദുഃഖവും അമര്‍ഷവുമുണ്ട്. ഞാന്‍ മനസ്സിലാക്കിയിടത്തോളം താങ്കള്‍ എംപി ആയശേഷമാണു സ്വന്തം താല്‍പ്പര്യപ്രകാരം മാര്‍ക്സിസ്റ്റു പാര്‍ടിയില്‍ അംഗത്വമെടുത്തത്. കാര്യകാരണവിവേചനം നടത്താതെ, ആരുടെയെങ്കിലും പ്രേരണയില്‍ അംഗത്വം എടുത്തുപോയതാണെന്നു കരുതുക പ്രയാസം.
പാര്‍ടിയുടെ ഇപ്പോഴത്തെ തെറ്റുതിരുത്തല്‍ രേഖ താങ്കള്‍ക്കു ഒരു പുതിയ വെളിച്ചം പകര്‍ന്നതായി താങ്കള്‍ പ്രസ്താവിച്ചതായി കേട്ടു. മാര്‍ക്സിസത്തിന്റെ അടിസ്ഥാന പ്രത്യയശാസ്ത്രം ഭൌതികമാണ്; വൈരുധ്യാത്മക ഭൌതികവാദത്തില്‍ അടിയുറച്ചതാണ് അത്. അതേസമയം, മാര്‍ക്സിസ്റ്റു പാര്‍ടി തൊഴിലാളിവര്‍ഗത്തിന്റെയും സാമാന്യജനത്തിന്റെയും പാര്‍ടിയാണ്. കഷ്ടപ്പെടുന്ന ജനതയ്ക്ക് മതം എന്താണെന്ന് മാര്‍ക്സിനു നല്ല ബോധ്യമുണ്ടായിരുന്നു. അത് അദ്ദേഹം പറഞ്ഞിട്ടുമുണ്ട്: "മതം മര്‍ദിതരുടെ നിശ്വാസമാണ്. ഹൃദയശൂന്യമായ ലോകത്തിന്റെ ഹൃദയമാണത്; ആത്മാവില്ലാത്ത ലോകത്തിന്റെ ആത്മാവാണത്. അതുപോലെതന്നെ ഉന്മേഷരഹിതമായ സാഹചര്യങ്ങളിലെ ലഹരിയുമാണത്. ജനങ്ങളെ മയക്കുന്ന കറുപ്പുമാണത്.'' അങ്ങനെ മതം തല്‍ക്കാലം ആശ്വാസം നല്‍കും; യഥാര്‍ഥ ജീവല്‍ പ്രശ്നങ്ങള്‍ക്കു പരിഹാരമല്ല താനും. ആത്യന്തികമോചനം തൊഴിലാളിവര്‍ഗത്തിന്റെ സര്‍വതലസ്പര്‍ശിയായ ഉയിര്‍ത്തെഴുന്നേല്‍പ്പിലാണെന്നു വ്യക്തതയുള്ള ഒരു പാര്‍ടിയാണത്. വിശ്വാസവും പ്രത്യയശാസ്ത്രവും തമ്മില്‍ ഉണ്ടെന്നു മനോജ് പറയുന്ന വൈരുധ്യം യഥാര്‍ഥത്തില്‍ ഇല്ല. അതുകൊണ്ടല്ലേ രണ്ടാം വത്തിക്കാന്‍ സുനഹദോസിന്റെ പ്രമാണരേഖകള്‍ തൊട്ടിങ്ങോട്ട് ഇപ്പോഴത്തെ മാര്‍പാപ്പ വരെ മാര്‍ക്സിസ്റ്റ് തത്ത്വചിന്തയുമായി സഹകരിക്കുന്നത്.
ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ ബിഷപ്പുമാര്‍, വൈദികര്‍, കന്യാസ്ത്രീകള്‍ എന്നിവര്‍ക്കെല്ലാം പാര്‍ടി അംഗത്വമുള്ളതു മനോജിനു അറിയില്ലെന്നു കരുതാമോ? കഴിഞ്ഞദിവസം അന്തരിച്ച കമ്യൂണിസ്റ്റ് ആചാര്യന്‍ സ. ജ്യോതിബസു മദര്‍ തെരേസയുടെ പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കുന്നതില്‍ എത്രമാത്രം സഹകരിച്ചിരുന്നുവെന്നും മദര്‍ അതു നന്ദിയോടെ അനുസ്മരിക്കുമായിരുന്നുവെന്നതും ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്. ലോകത്ത് മാര്‍ക്സിസത്തോട് ഏതാണ്ട് അന്ധമായ വിരോധം ഒരുപക്ഷേ കേരള കത്തോലിക്കാ മെത്രാന്‍ സമിതിക്കേ കാണൂ. മനോജിന് അത് ഏറ്റുപിടിക്കേണ്ട കാര്യമുണ്ടായിരുന്നോ?
"പ്രതീക്ഷയര്‍പ്പിച്ച പ്രത്യയശാസ്ത്രം നിരാശപ്പെടുത്തുകയും ആചരിച്ചുപോന്ന വിശ്വാസപ്രമാണങ്ങള്‍ക്കെതിരെ വാളോങ്ങുകയും ചെയ്യുമ്പോള്‍, കപടമായ മുഖംമൂടിയണിഞ്ഞ് രണ്ടിനോടും നീതിപുലര്‍ത്താനാകാതെ മുന്നോട്ടുപോകാന്‍ മനഃസാക്ഷി അനുവദിച്ചില്ല. ആയതിനാല്‍ വിശ്വാസപ്രമാണങ്ങളെ മുറുകെപ്പിടിക്കാന്‍ പ്രത്യയശാസ്ത്രത്തെ ഉപേക്ഷിക്കേണ്ടിവന്നു'' എന്ന മനോജിന്റെ വാക്കുകളില്‍ സ്വയം നീതീകരണത്തിന്റെ വികലമായ ധ്വനിയുണ്ടെങ്കിലും അപഗ്രഥനത്തില്‍ കാതലായ അപാകതയും അശാസ്ത്രീയതയുമുണ്ട് എന്നു പറയേണ്ടിവരുന്നു. യേശുവിന്റെ സഭയും മാര്‍ക്സിന്റെ തൊഴിലാളിവര്‍ഗ പ്രസ്ഥാനവും തമ്മില്‍, മതവും പ്രത്യയശാസ്ത്രവും തമ്മില്‍ വൈരുധ്യമല്ല, കൂടുതലും സമാനതകളാണ് ഉള്ളതെന്നു ചരിത്രം സാക്ഷിക്കുന്നു.
ചില കാര്യങ്ങള്‍ തര്‍ക്കവിഷയവും സംവാദവുമാക്കുന്നതിനു ചരിത്രപ്രാധാന്യമുണ്ട്. പക്ഷേ, മനോജ് ഇളക്കിവിടാന്‍ ശ്രമിച്ച സംവാദത്തിന് അങ്ങനെയൊരു ഉള്‍ക്കാമ്പില്ല. പതിറ്റാണ്ടുകളായി ചര്‍വിതചര്‍വണം ചെയ്ത ഒന്നിനെ വീണ്ടും ചില നിക്ഷിപ്ത താല്‍പ്പര്യത്തിനാണോ എന്നു തോന്നിക്കത്തക്ക രീതിയില്‍ പുറത്തെടുക്കുക ഭൂഷണമല്ലല്ലോ. തിരുത്തല്‍ രേഖയിലൂടെ പാര്‍ടി സഖാക്കള്‍ അവര്‍ ഏറ്റുപിടിച്ച പ്രത്യയശാസ്ത്രത്തോടും തത്ത്വസംഹിതയോടും കൂറുപുലര്‍ത്താനാണ് നിര്‍ദേശിക്കുന്നത്. അതായത് പൊളിറ്റ് ബ്യൂറോ-സെന്‍ട്രല്‍-സംസ്ഥാന-ജില്ലാ കമ്മിറ്റി അംഗങ്ങള്‍, സോണല്‍-ഏരിയ കമ്മിറ്റി അംഗങ്ങള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പൊതുജീവിതത്തിലും സ്വകാര്യജീവിതത്തിലും യഥാര്‍ഥ മാര്‍ക്സിസ്റ്റുകളായി ജീവിക്കണമെന്നതിനു ചില നിബന്ധനകള്‍ പാലിക്കണമെന്നതാണു കരടുരേഖ.
തെറ്റുതിരുത്തല്‍ രേഖ ഭരണഘടനാവിരുദ്ധമെന്നു പറയുന്നത് അസംബന്ധമാണ്. മതേതരത്വം ഭരണഘടനയുടെ ജീവനാഡിയാണ്. സംഘടനാസ്വാതന്ത്ര്യം അതിന്റെ ശക്തിയും. താത്വികമായി മതനിരാസം അടിസ്ഥാന തത്വമായി സ്വീകരിച്ച സംഘടനയ്ക്കും മതസംഘടനകളോടൊപ്പം തന്നെ വളരാനുള്ള പൂര്‍ണ അവകാശമുണ്ട്; അതനുസരിച്ചുള്ള പ്രചാരണം നടത്താനും. എന്നാല്‍, മാര്‍ക്സിസ്റ്റു പാര്‍ടിയുടെ നയങ്ങളില്‍ മതനിരപേക്ഷതയ്ക്കല്ലാതെ മതനിരാസത്തിനു സ്ഥാനമില്ല. അതുകൊണ്ട് തെറ്റുതിരുത്തല്‍ രേഖയില്‍ പ്രമുഖരായ പാര്‍ടി പ്രവര്‍ത്തകര്‍ക്കുള്ള വ്യവസ്ഥകള്‍ ഒരു രീതിയിലും ഭരണഘടനാവിരുദ്ധമല്ല.
ഒരു കാര്യം വ്യക്തമാക്കട്ടെ. ഇങ്ങനെ ഒരു അര്‍ഥശൂന്യ സംവാദം അസ്ഥാനത്തും അസമയത്തും ഉണ്ടാക്കിയതുകൊണ്ട് പാര്‍ടിക്ക് ഒരു നഷ്ടവുമില്ല. അതേസമയം, കഴിഞ്ഞ ആറു വര്‍ഷമായി ജനഹൃദയങ്ങളില്‍ മനോജിനുണ്ടായിരുന്ന ജനകീയ എംപി എന്ന പ്രതിച്ഛായക്കാണു മങ്ങലേറ്റത്. അതിനു കണ്ടെത്തിയ കാരണങ്ങള്‍ തികച്ചും അവിശ്വസനീയമത്രേ! ഒരു മുന്‍ എംപി എന്ന നിലയില്‍ രാജ്യതലസ്ഥാനത്തെ തന്റെ തട്ടകമാക്കാനും ഭരണപരവും അല്ലാത്തതുമായ സൌകര്യങ്ങള്‍ അനുഭവിക്കാനും അനല്‍പ്പമായ ആനുകൂല്യങ്ങള്‍ ആസ്വദിക്കാനും വിപുലമായ സാധ്യതകളെ ഉപയോഗപ്പെടുത്താനും കഴിയുന്ന ഒരാള്‍ മറ്റേതെങ്കിലും ലക്ഷ്യംവച്ചാണെങ്കില്‍ പോലും യുക്തിസഹമെന്നു തോന്നിക്കുന്ന കാരണം കണ്ടെത്താന്‍ ശ്രമിക്കണമായിരുന്നു.
അലോഷ്യസ് ഡി ഫെര്‍ണാണ്ടസ് ദേശാഭിമാനി 250110
ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ ബിഷപ്പുമാര്‍, വൈദികര്‍, കന്യാസ്ത്രീകള്‍ എന്നിവര്‍ക്കെല്ലാം പാര്‍ടി അംഗത്വമുള്ളതു മനോജിനു അറിയില്ലെന്നു കരുതാമോ? കഴിഞ്ഞദിവസം അന്തരിച്ച കമ്യൂണിസ്റ്റ് ആചാര്യന്‍ സ. ജ്യോതിബസു മദര്‍ തെരേസയുടെ പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കുന്നതില്‍ എത്രമാത്രം സഹകരിച്ചിരുന്നുവെന്നും മദര്‍ അതു നന്ദിയോടെ അനുസ്മരിക്കുമായിരുന്നുവെന്നതും ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്. ലോകത്ത് മാര്‍ക്സിസത്തോട് ഏതാണ്ട് അന്ധമായ വിരോധം ഒരുപക്ഷേ കേരള കത്തോലിക്കാ മെത്രാന്‍ സമിതിക്കേ കാണൂ. മനോജിന് അത് ഏറ്റുപിടിക്കേണ്ട കാര്യമുണ്ടായിരുന്നോ?
ReplyDeleteആലപ്പുഴയില്‍ മനൊജ് നിന്നപ്പോള്‍ വോട്ട് ചെയ്തത് തെറ്റായിരുന്നുവെന്നൊരു തോന്നല്‍. പക്ഷേ ഒരു കമ്മ്യൂണിസ്റ്റ്കാരന് അവന്റെ പാര്‍ട്ടി തന്നെയാണ് വലുത്.അപ്പോള്‍ വോട്ട് പാഴായില്ലെന്ന് സമാധാനമുണ്ട്.
ReplyDeleteഅസ്സലായിട്ടുണ്ട്.
എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ആശംസകള്‍..!!
www.tomskonumadam.blogspot.com