Monday, January 25, 2010

പോള്‍ വധം: ഹൈക്കോടതി വിധിയില്‍ തെറ്റിന്റെ പരമ്പര

മുത്തൂറ്റ് പോള്‍ ജോര്‍ജ് വധക്കേസ് സിബിഐ ക്ക് വിട്ടുകൊണ്ടുള്ള ഹൈക്കോടതി വിധിന്യായത്തില്‍ വസ്തുതാപരമായ പിശകുകളുടെ കൂമ്പാരം. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ 38 പേജുള്ള വിധിന്യായത്തില്‍ മുപ്പതിടത്താണ് പിശക്. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ വിധിയില്‍ കേസിലെ അടിസ്ഥാനവസ്തുതപോലും പലഭാഗത്തും തെറ്റായി ആവര്‍ത്തിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട പോളിന്റെ പിതാവോ കേസന്വേഷിച്ച പൊലീസോ ഉന്നയിക്കാത്ത കാര്യങ്ങള്‍ വിധിന്യായത്തില്‍ കടന്നുവന്നതും വിചിത്രം. മധ്യമേഖലാ ഐജി വിന്‍സന്‍ എം പോള്‍ ആലപ്പുഴയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തെക്കുറിച്ചുള്ള പരാമര്‍ശം മുതല്‍ തുടങ്ങുന്നു തെറ്റുകളുടെ പരമ്പര.

* കൊലപാതകം നടന്ന് 24 മണിക്കൂര്‍ തികയുംമുമ്പ് ഐജി വാര്‍ത്താസമ്മേളനം നടത്തിയെന്നാണ് വിധിയുടെ ആറാംപേജില്‍ 14-ാം ഖണ്ഡികയിലെ പരാമര്‍ശം (പേജ് 39ല്‍ 49-ാം ഖണ്ഡികയിലും ഇത് ആവര്‍ത്തിക്കുന്നു). ആഗസ്ത് 22ന് അര്‍ധരാത്രിയിലാണ് പോള്‍ കൊല്ലപ്പെട്ടത്. ഐജി പത്രസമ്മേളനം നടത്തിയത് 24നും.

* പത്രസമ്മേളനം നടത്തുമ്പോള്‍ കുറ്റവാളികളെക്കുറിച്ച് വിവരങ്ങള്‍ കിട്ടിയിരുന്നില്ലെന്നും അന്വേഷണം തുടങ്ങിയിട്ടേയുള്ളുവെന്നും പോസ്റ്റ്മോര്‍ട്ടം നടന്നിരുന്നില്ലെന്നുമാണ് അടുത്ത പരാമര്‍ശം (പേജ് 8, പാര 15). 29-ാം പേജിലും ഇത് ആവര്‍ത്തിക്കുന്നു. 23നു തന്നെ 11 പ്രതികളും പൊലീസ് പിടിയിലായിരുന്നു എന്നതാണ് വസ്തുത. പോസ്റ്റ്മോര്‍ട്ടം നടത്തി 23ന് മൃതദേഹവും വിട്ടുകൊടുത്തിരുന്നു.

* കൊല്ലപ്പെട്ട പോളിനൊപ്പം വാഹനത്തില്‍ യാത്ര ചെയ്തിരുന്നത് മനുവാണ്. ഇത് രാജേഷും ഓംപ്രകാശുമായിരുന്നെന്ന് വിധിയില്‍ പലഭാഗത്തും ആവര്‍ത്തിക്കുന്നു (പേജ് 25, പാര 41).

എഫ്ഐആറിനെ പരാമര്‍ശിക്കുന്ന നിരവധിഭാഗത്ത് ഇത്തരം പിശക് കാണാം. വാഹനത്തിന്റെ കാര്യത്തിലും തെറ്റ് ആവര്‍ത്തിക്കുന്നു.

* സ്കോര്‍പിയോ എന്നതിനുപകരം എന്‍ഡവര്‍ എന്നാണ് ഉപയോഗിക്കുന്നത്.

* മുത്തൂറ്റ് ക്രൂയിസില്‍നിന്ന് പോളിന്റെ വാഹനത്തെ പിന്തുടര്‍ന്ന് എത്തിയ മനുവും ഡ്രൈവര്‍ ഷിബുവും പോള്‍ കുത്തേറ്റ് കിടക്കുന്നത് കണ്ടെന്നാണ് അടുത്ത നിരീക്ഷണം (പേജ് 26, പാര 42). പോളിനൊപ്പം യാത്ര ചെയ്ത മനു മുറിവേറ്റ് സമീപത്ത് ഉണ്ടായിരുന്നു എന്നത് കോടതി കാണാതെ പോയി. ഹര്‍ജിക്കാരന്‍ പോലും നിഷേധിക്കാത്ത കാര്യങ്ങളാണിത്.

* സംഭവസ്ഥലത്ത് ഉണ്ടായിരുന്ന ക്വട്ടേഷന്‍ സംഘത്തിലെ കണ്ടാലറിയാവുന്ന 10-15 പേരില്‍ ആരുടെയും പേര് പറഞ്ഞില്ലെന്ന കുറ്റപ്പെടുത്തലും കോടതി നടത്തി (പേജ് 27, പാര 44). തികച്ചും അപരിചിതരായ ആളുകളെ വീണ്ടും കണ്ടാലറിയുമെന്നല്ലാതെ അവരുടെ പേരു കൂടി ചേര്‍ക്കണമെന്ന പരാമര്‍ശം വിചിത്രമാണ്.

* എന്തെങ്കിലും ആയുധം കണ്ടെടുക്കുകയോ പോസ്റ്റ്മോര്‍ട്ടം നടത്തുകയോ ചെയ്യുംമുമ്പ് എസ് കത്തിയെക്കുറിച്ച് ഐജി പറഞ്ഞത് അത്ഭുതപ്പെടുത്തി എന്നാണ് മറ്റൊരു നിരീക്ഷണം (പേജ്30, പാര 48). ആയുധം കണ്ടെടുത്തില്ല എന്നതുമാത്രമാണ് ശരി. 11 പ്രതികളെ പിടിച്ച് ആദ്യവട്ട ചോദ്യംചെയ്യല്‍ നടത്തി. മനുവിന്റെയും ഷിബുവിന്റെയും മൊഴിയെടുത്തു. പോസ്റ്റ്മോര്‍ട്ടം നടത്തിയ സര്‍ജനുമായി സംസാരിച്ച കാര്യവും പൊലീസ് രേഖയിലുണ്ട്. ആയുധത്തെക്കുറിച്ച് സൂചന കിട്ടിയത് അങ്ങനെയാണ്. പോള്‍ ഓംപ്രകാശുമായി ബന്ധപ്പെട്ടതു സംബന്ധിച്ച് പൊലീസ് കണ്ടെത്തിയ കാര്യങ്ങള്‍ കേസിന്റെ വിശദാംശങ്ങളിലുണ്ട്. എന്നാല്‍ ഇക്കാര്യങ്ങള്‍ അന്വേഷിച്ചില്ലെന്നാണ് പേജ് 52ല്‍ 32-ാം പാരയിലെ പരാമര്‍ശം.

എം എസ് അശോകന്‍ ദേശാഭിമാനി 260110

2 comments:

  1. മുത്തൂറ്റ് പോള്‍ ജോര്‍ജ് വധക്കേസ് സിബിഐ ക്ക് വിട്ടുകൊണ്ടുള്ള ഹൈക്കോടതി വിധിന്യായത്തില്‍ വസ്തുതാപരമായ പിശകുകളുടെ കൂമ്പാരം. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ 38 പേജുള്ള വിധിന്യായത്തില്‍ മുപ്പതിടത്താണ് പിശക്. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ വിധിയില്‍ കേസിലെ അടിസ്ഥാനവസ്തുതപോലും പലഭാഗത്തും തെറ്റായി ആവര്‍ത്തിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട പോളിന്റെ പിതാവോ കേസന്വേഷിച്ച പൊലീസോ ഉന്നയിക്കാത്ത കാര്യങ്ങള്‍ വിധിന്യായത്തില്‍ കടന്നുവന്നതും വിചിത്രം. മധ്യമേഖലാ ഐജി വിന്‍സന്‍ എം പോള്‍ ആലപ്പുഴയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തെക്കുറിച്ചുള്ള പരാമര്‍ശം മുതല്‍ തുടങ്ങുന്നു തെറ്റുകളുടെ പരമ്പര.

    ReplyDelete
  2. ലാവലിന്‍ അഴിമതിയാരോപണം സി.ബി.ഐക്ക് അന്വേഷിക്കാന്‍ വിട്ടുകൊടുത്തുകൊണ്ടുള്ള കേരളാ ഹൈക്കോടതി വിധിയില്‍ എഴുതിവച്ചിരിക്കുന്ന ഒരു സൂപ്പര്‍ ഡ്യൂപ്പര്‍ കണ്ടെത്തല്‍ ഇങ്ങനെ - "Malabar Cancer Center is a nonstarter".... ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ .... തലശ്ശേരീല് പണീത് വച്ചിരിക്കുന്നത് കോഴിക്കൂടോ പട്ടിക്കൂടോ മറ്റോ ആയിരിക്കുമെന്ന് സമാധാനിക്കുക കൈരളീ........!

    ReplyDelete